സിനിമാപരിചയം
‘മ്യൂസിസെ’
രമേഷ് പെരുമ്പിലാവ്
ഒരു പ്രദേശത്തെ ഏറ്റവും സുന്ദരി പെൺകുട്ടിയായ മിസ്ജിനുമായി (സെഡാ ടോസൻ) വിവാഹം നിശ്ചയിക്കപ്പെടുന്നത്, പ്രത്യേക പരിഗണന ആവശ്യപ്പെടുന്ന ബുദ്ധിമാന്ദ്യമുള്ള യുവാവായ അസീസുമായിട്ടാണ്. (മെർട്ട് തുറക്)
അപ്രതീക്ഷിതമായ സാഹചര്യത്തിൽ മരണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെടുന്നു മിസ്ജിൻ്റെ പിതാവ്. പ്രത്യുപകാരമായി അതിന് കാരണക്കാരനായ അസീസിൻ്റെ പിതാവുമായി ഒരു കോടതിയുടെ മുറ്റത്ത് നിന്നാണ് ഇരുവരുടേയും വിവാഹം ഉറപ്പിക്കുന്നത്. അവനോ അവളോ ഈ ഉടമ്പടി അറിയുന്നില്ല.
മകൻ്റെ പോരായ്മകളും അസുഖകാരണങ്ങളും പറഞ്ഞ്, അസീസിൻ്റെ പിതാവ് വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കുന്നുണ്ടെങ്കിലും പെൺകുട്ടിയുടെ പിതാവ് പിൻമാറാൻ തയ്യാറില്ലായിരുന്നു. തുർക്കിയിലെ ഒരു വിദൂര പർവ്വത സമൂഹത്തിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന അസീസ്
സെറിബ്രൽ പാൾസിയുടെ ലക്ഷണങ്ങളാൽ കഷ്ടപ്പെടുന്ന ഒരു ചെറുപ്പക്കാരനാണ്.
അസീസിന്റെ കൂടെ ജീവിക്കുന്നതും, അവന്റെ കുറവുകൾ കൈകാര്യം ചെയ്യുന്നതും അവളുടെ വിധിയാണെന്ന് എല്ലാവരേയും പോലെ അവളും തീരുമാനിക്കുന്നു. എന്നാൽ തങ്ങൾക്കു ചുറ്റുമുള്ള ദുഷ്ടരും മുൻവിധികളുള്ളവരുമായ ആളുകളുടെ മുന്നിൽ അതിജീവിക്കാനായി പോരാടുമ്പോൾ എങ്ങനെയതിനെ മറികടക്കണമെന്ന് പഠിക്കേണ്ടതുണ്ട്. നമ്മുടെ സമൂഹത്തിൽ ഒരാൾ ജന്മനാ പ്രാപ്തനല്ലായെങ്കിൽ, അവരോട് ഒരു കുടുംബത്തെപ്പോലെ പെരുമാറേണ്ടതുണ്ട്. എല്ലാ സമൂഹത്തിലെ ആളുകൾക്കും ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഈ സിനിമയിൽ നിന്നുള്ള ഏറ്റവും മികച്ച സന്ദേശവും അതാകുന്നു.
“മ്യൂസിസെ” അത്ഭുതം എന്നാണ് അർത്ഥം. മഹ്സുൻ കിർമിസിഗുലിന്റെ (പ്രശസ്തനായ ടർക്കിഷ് ഗായകൻ) സംവിധാനമികവിൻ്റെ സിനിമയാകുന്നു. പ്രതീക്ഷകളില്ലാതെ മറ്റുള്ളവരെ സ്നേഹിക്കുന്ന ആളുകളെക്കുറിച്ചാണ് ഈ സിനിമ പറയുന്നത്. മുപ്പതുവർഷത്തെ സർക്കാർ വാഗ്ദാനങ്ങൾക്ക് ശേഷം, ഗ്രാമത്തിലെ കുട്ടികളെ പഠിപ്പിക്കാൻ അദ്ധ്യാപകനായ മൗലിം മാഹിർ യാത്ര പുറപ്പെടുന്നിടത്താണ്, ഈ സിനിമ തുടങ്ങുന്നത്. സ്കൂൾ പോലുമില്ലാത്ത ഒരിടത്തെ മാഷായി എത്തി ചേരുന്ന ആ മനുഷ്യൻ കുട്ടികൾക്ക് അറിവ് നൽകാൻ അനുഭവിക്കുന്ന ത്യാഗത്തിൻ്റേയും അത് ആ ഗ്രാമത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് മ്യൂസിസെ. കുട്ടികൾ സ്കൂളിൽ പോകണമെന്ന് മാത്രം ആഗ്രഹിക്കുന്ന, അദ്ധ്യാപകനായ ഒരു മനുഷ്യന്റെ ധൈര്യത്തെക്കുറിച്ച്, ഇച്ഛാശക്തിയെ കുറിച്ച് കൂടി ഈ ചലച്ചിത്രം പറയുന്നുണ്ട്. വിദൂര ഗ്രാമത്തിൽ ഒരു സ്കൂൾ നിർമ്മിക്കാൻ മുൻകൈയെടുക്കാനും അദ്ധ്യാപകനായി പ്രവർത്തിക്കാനും തയ്യാറുള്ള അയാൾ അസീസിലും മാറ്റങ്ങൾ കൊണ്ടുവരുന്നു.
അസീസ് തന്റെ കുതിരയുമായി ശരിക്കും അതിശയിപ്പിക്കുന്ന അഭിനയം കാഴ്ചയാക്കുന്നു. തൻ്റെ കുതിരയുമായി വൈകാരിക ബന്ധമുള്ള മനുഷ്യനെ അവതരിപ്പിക്കുന്ന കഥാപാത്രമാണത്. (ഇത് സാധ്യമാക്കാൻ ആ നടൻ കുതിരയുടെ കൂടെ 3 മാസം ജീവിച്ചതായി വായിച്ചിട്ടുണ്ട്)
തമാശയാണെന്ന് തോന്നും വിധമുള്ള സംഭാഷണങ്ങളിലൂടെയാണ് സിനിമയുടെ ആദ്യ പകുതി കടന്നു പോകുന്നത്. രണ്ടാം പകുതിയിൽ, സിനിമ ഒരു വൈകാരിക തലത്തിലേയ്ക്ക് രൂപാന്തരപ്പെടുന്നു, അത് നിങ്ങളെ ഒരിക്കലും മറക്കാനാവാത്ത ഒരു കഥയിലേക്ക് എത്തിക്കുന്നു! എനിക്ക് ഹൃദയമുണ്ട് എന്ന് പറയുന്ന ഒരാൾ തീർച്ചയായും ഈ സിനിമ കണ്ട് കരയും. പരസ്യവാചകം പോലെ ടൺ കണക്കിന് കണ്ണീരും ടൺ കണക്കിന് ചിരിയും കൂട്ടിക്കലത്തി മനോഹരമായി കഥ പറഞ്ഞിരിക്കുന്നു.
തുർക്കിയിലെ സംസ്കാരങ്ങളും ആചാരമര്യാദകളും വേഷവിതാനങ്ങളും പ്രകൃതിയുടെ പല കാലങ്ങളും അവയുടെ മനോഹാരിതയും അറുപതുകളുടെ പശ്ചാതലത്തോട് ഇണങ്ങി ചേർന്ന് കാഴ്ചക്കാർക്ക് വിരുന്നൊരുക്കുന്നു ഈ സിനിമ.തുർക്കിയിലെ ആൺമക്കൾക്ക് വധുവിനെ തേടി ഉമ്മമാർ പോകുന്നതും, അവർക്കിഷ്ടപ്പെട്ട മരുമകളെ മകനായി കൊണ്ടു വരുന്നതുമായ രസകരമായ രംഗം ഈ സിനിമയിലെ ഹൈലൈറ്റാണ്. ആചാരങ്ങളാൽ സമൃദ്ധമായ ആ നടപടിക്രമങ്ങൾ പല പരീക്ഷണങ്ങളിൽ കൂടിയാണ് കടന്നു പോകുന്നത്. എല്ലാത്തിലും വിജയിയായവരെ ഉമ്മമാർ മകൻ്റെ വധുവായി വീട്ടിലേക്ക് കൊണ്ടുവരുന്നു. അതിനു ശേഷം മാത്രമോ മകന്, തൻ്റെ ഭാര്യ ആരെന്ന് അറിയുകയുള്ളു. 1960-കളുടെ പശ്ചാത്തലത്തിൽ, അതിമനോഹരമായ പർവതദൃശ്യങ്ങൾ പശ്ചാത്തലമാക്കിയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പർവ്വതങ്ങൾ മനോഹരം പോലെ കഠിനവുമാണ്, സിനിമയിലെ ഒരു കഥാപാത്രത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ ഗ്രാമവാസികൾ വർഷത്തിൽ എട്ട് മാസം തടവുകാരായി മാറുന്ന ഒരു ഇടം കൂടിയാണ് ഈ പർവ്വതത്തിൻ്റെ അടിവാരം. സിനിമ അവസാനിക്കുമ്പോൾ നാം അതുവരെ കണ്ടതിനെ അപ്പാടെ തലതിരിച്ചിടും വിധം കാര്യങ്ങൾ മാറിമറിയും. അത് കാഴ്ചക്കാരെ എങ്ങനെ മുൾമുനയിൽ നിർത്തുന്നുവെന്നതിൻ്റെ ഉത്തരമാണ്, 2015 ൽ പുറത്തിറങ്ങിയ ഈ സിനിമയുടെ രണ്ടാ ഭാഗം 2019 ൽ റിലീസ് ചെയ്തപ്പോഴും വൻ വിജയമായത്.