ഇപ്പോൾ കുറേകൂടി സുന്ദരനായി

0
225

രമേഷ് പെരുമ്പിലാവ്

അഭിനയ ജീവിതത്തിന്റെ
അമ്പത് വർഷങ്ങൾ പിന്നിടുന്ന
മമ്മൂട്ടിയ്ക്ക് ആശംസകൾ


ഞാൻ ആദ്യമായി കണ്ട മമ്മൂട്ടി ചിത്രം സ്ഫാേടനം ആയിരുന്നു. എട്ടോ ഒമ്പതോ വയസ്സുള്ളപ്പോൾ പെരുമ്പിലാവ് ചന്തയിലെ സൈനാ ടാക്കീസിൽ നിന്ന്. മനോഹരേട്ടന് സൈനയിൽ ടിക്കറ്റ് ചീന്തുന്ന ജോലിയുണ്ടായിരുന്ന കാലമാണ്. അമ്മ പണി മാറ്റി വന്ന്, ചോറും കറിയും തയ്യാറാക്കിയാൽ മനോഹരേട്ടനത് കൊണ്ടു കൊടുക്കണം. ഞാനും സുരേഷേട്ടനുമാണ് ചന്തയിലേയ്ക്ക് പോകുന്നത്. ഞങ്ങൾ രണ്ടും ചെറിയ കുട്ടികൾ ആയതിനാൽ മനാേഹരേട്ടൻ മിക്കവാറും പറയും, നിങ്ങൾ സിനിമാകൊട്ടകയിൽ കയറിയിരുന്നോ ഫസ്റ്റ് വിട്ട് പോകുന്നവരുടെ കൂടെ വീട്ടിൽ പോകാം എന്ന് (ഈ കാര്യം മുമ്പ് എഴുതിയിട്ടുള്ളതാണ്) അങ്ങനെ ഒരാഴ്ച രണ്ടാേ മൂന്നോ പ്രാവശ്യം കണ്ട സിനിമയാണ് സ്ഫോടനം.

സുകുമാരനും സോമനും പിന്നെയൊരു പുതിയ നടനും എന്നൊക്കെയാണന്ന് ഞങ്ങൾ കൂട്ടുകാരോടൊക്കെ പറഞ്ഞത് മമ്മൂട്ടിയെ കുറിച്ച്. സ്ഫോടനം, പിജി വിശ്വംഭരൻ ജയനെ നായകനാക്കി ഷൂട്ടിംഗ് തുടങ്ങിയതാണെങ്കിലും ജയന്റെ മരണത്തിന് ശേഷം പിന്നീട് നായകനായത് സുകുമാരൻ ആയിരുന്നു. സുകുമാരന്റെ കഥാപാത്രം മമ്മുട്ടിയ്ക്കും കിട്ടി എന്നാണ് അക്കാലത്ത് പറഞ്ഞ് കേട്ട കഥകൾ. പേര് മാറ്റിയതുപോലെ തന്നെ മമ്മൂട്ടിയ്ക്ക് ഡബ്ബ് ചെയ്തതും മറ്റാരോ ആണ് ഈ ചിത്രത്തിൽ.
“അങ്ങും കൂടി തുടങ്ങി വെച്ച ഈ ചിത്രം ഞങ്ങൾ പൂർത്തിയാക്കുന്നുവെന്ന്”

ജയന്റെ ഫോട്ടോ വെച്ച് ആദരാഞ്ജലി പറഞ്ഞു കൊണ്ടാണ് സിനിമ തുടങ്ങുന്നത്
മമ്മൂട്ടിയുടേത് മുഴുനീളെ വേഷമാണ്. നായിക ഷീലയുടെ അനിയനായ തങ്കപ്പൻ എന്ന കഥാപാത്രം. സിനിമ തുടങ്ങി അഞ്ചു മിനിട്ട് കഴിയുമ്പോൾ മമ്മൂട്ടി ഒരു ബീഡിയ്ക്ക് തീ കൊളുത്തുന്നതും സുകുമാരന് ബീഡി കൊടുക്കുന്നതുമായ ആദ്യ ഷോട്ടിലാണ് മമ്മൂട്ടിയെ കാണിക്കുന്നത്. പടം കഴിയുന്നതിന് പത്തു മിനിട്ടിന് മുമ്പ്, സുകുമാരനുമൊന്നിച്ച് ജയിൽ ചാടി രക്ഷപ്പെടുമ്പോൾ പോലീസുകരനായ ഉമ്മറിന്റെ വെടിയേറ്റ് മമ്മൂട്ടി മരിക്കുന്നു.

ചകിരി തല്ലുകയും കയർ പിരിക്കുകയും ചെയ്യുന്ന തൊഴിലാളികളുടെ ജീവിതം ചിത്രീകരിച്ച സിനിമയാണ് സ്ഫോടനം. അവരിലെ പ്രധാനികൾ സുകുമാരനും ഷീലയും മമ്മൂട്ടിയുമാണ്. സോമന്റെ തൊഴിലാളി നേതാവ് ഒരു പ്രധാന കഥാപ്രാത്രമാണ്. പതിവുപോലെ ബാലൻ കെ നായർ മുതലാളിയും. കയറിപ്പിടിക്കൽ, ബലാൽസംഘം, ഒളിസേവ, കൂലി കൊടുക്കാതിരിക്കൽ, സമരം, ഗുണ്ടകളെ ഇറക്കി സ്റ്റണ്ട്, വീടൊഴിപ്പിക്കൽ തുടങ്ങിയ കലാപരിപാടികൾ സ്വാഭാവികം. സിനിമയിലെ ആദ്യ സ്റ്റണ്ട് മമ്മൂട്ടിയും ബാലൻ കെ നായരും കൂടിയാണ്. ഷീലയെ കയറിപ്പിടിച്ചതിന് മമ്മൂട്ടി ചോദിക്കാൻ ചെല്ലുന്നതാണ്.

വള കിലുക്കം കേൾക്കണല്ലോ
ആരാരോ പോണതാരോ
കരയോടു കളി പറയും
കായൽചിറ്റലകളാണേ
എന്റെ പെണ്ണിൻ വള കിലുക്കം
എങ്ങാനും കേട്ടതുണ്ടോ
കയറു പിരിക്കും പെണ്ണാളല്ലോ
കൈ നിറയെ വളകളില്ലല്ലോ.

എന്ന പാട്ട് പാടുന്നത് മമ്മൂട്ടിയും സീമയും ഷീലയും സുകുമാരനുമൊക്കെ ചേർന്നാണ്.
വിജയചിത്ര കമ്പൈൻസിന്റെ ബാനറിൽ ഷെറീഫ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത സ്ഫോടനത്തിൽ സുകുമാരൻ, സോമൻ, ഷീല, കെ. പി. ഉമ്മർ, രവികുമാർ, സീമ, പപ്പു, മാള, ജഗതി, കവിയൂർ പൊന്നമ്മ തുടങ്ങിയ വലിയ താരനിരയുണ്ട്. 1981 ലെ വിഷുക്കാലത്താണ് സ്ഫോടനം പ്രദർശനത്തിനെത്തിയത്.

സുകുമാരൻ‌ വേഷമിട്ട ഗോപി എന്ന കഥാപാത്രത്തിന്റെ ഉറ്റ സുഹൃത്താണ് തങ്കപ്പൻ. ആ കഥാപാത്രം അവതരിപ്പിച്ചത് സജിൻ എന്ന പേരുള്ള ഒരു നടൻ ആയിരുന്നു. തന്റെ പേര് കൊള്ളില്ല എന്ന് കരുതി ഒരു പുതുമയ്ക്ക് വേണ്ടി സാക്ഷാൽ മമ്മൂട്ടി തന്റെ ആറാമത്തെ ചിത്രത്തിൽ തനിക്ക് തന്നെ ഇട്ട പേരാണ് സജിൻ എന്നത്. എന്നാൽ ആ ഒരൊറ്റ സിനിമയോടെ സജിൻ എന്ന നാമം പൂട്ടിക്കെട്ടിയ മമ്മൂട്ടി, മമ്മൂട്ടിയായി തന്നെ പിന്നീടുള്ള ചിത്രങ്ങളിൽ തിരിച്ചെത്തി.

കാർകുഴലിൽ പൂവു ചൂടിയ
കറുത്ത പെണ്ണേ
വാർ തിങ്കൾ പൂവു ചൂടിയ
കറുത്ത പെണ്ണേ
ഇതിലേ വാ തോണി തുഴഞ്ഞിതിലേ വാ
ഇവിടത്തെ കടവത്തെ കൈത പൂത്തു.
……………………………………………………………..
നഷ്ടപ്പെടുവാനില്ലൊന്നും ഈ കൈവിലങ്ങുകളല്ലാതെ
കൈവിലങ്ങുകളല്ലാതെ
കിട്ടാനുണ്ടൊരു ലോകം നമ്മളെ
നമ്മൾ ഭരിക്കും ലോകം
നമ്മൾ ഭരിക്കും ലോകം.
……………………………………….
മാരി മാരി പൂമാരി
മാനം പെയ്തു പൂമാരി
മാനത്തെ കാവിലെയമ്മേ
മാണിക്യത്തേരില് വായോ
ഏഴേഴും മലതാണ്ടി അഴകേഴും കുടയാക്കി
എഴുന്നെള്ളൂ ദേവി നീ എഴുന്നെള്ളൂ
………………………………………………………..
തുടങ്ങിയ മനോഹരമായ പാട്ടുകളും നിറയെ സ്റ്റണ്ടുമുള്ള ഈ ചിത്രം അക്കാലത്തെ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു. ഒരു സിനിമ കണ്ടു എന്ന് പറഞ്ഞാൽ എത്ര പാട്ടുണ്ട്, എത്ര അടിയുണ്ട് എന്നാണ് ആദ്യം പലരും ചോദിയ്ക്കുക അന്നൊക്കെ.സ്ഫോടനത്തിലെ മമ്മൂട്ടിയും ഇന്നത്തെ മമ്മൂട്ടിയും തമ്മിൽ പ്രായത്തിൽ വലിയ വ്യത്യാസമൊന്നുമില്ല. ഇപ്പോൾ കുറേകൂടി സുന്ദരനായി എന്ന് വേണമെങ്കിൽ പറയാം. അന്നത്തെ ഒമ്പതു വയസ്സുകാരന് എന്തായാലും മമ്മൂട്ടിയേക്കാൾ പ്രായമായി.

NB. മമ്മൂട്ടി മരിക്കും എന്ന സിനിമയുടെ സസ്പൻസ് പറഞ്ഞതിൽ ക്ഷമിക്കുക 🙂