ലോക്ഡൗണിൽ പട്ടിണി മാറ്റാൻ 150 രൂപയ്ക്ക് പെൺകുട്ടികൾക്ക് ശരീരം വിൽക്കേണ്ടി വന്നെന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടത്

152

രമേഷ് പെരുമ്പിലാവ്

നമ്മുടെ പെൺ കുരുന്നുകളും ജീവിക്കാൻ വേണ്ടി യുദ്ധം ചെയ്യുകയാണ്

ലോക്ഡൗണിൽ പട്ടിണി മാറ്റാൻ 150 രൂപയ്ക്ക് പെൺകുട്ടികൾക്ക് ശരീരം വിൽക്കേണ്ടി വന്നെന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടത്. രാജ്യം മഹാമാരിയെ നേരിടുമ്പോൾ അധികാരികളുടെ പിടിപ്പുകേടുകൊണ്ടാണ് രാജ്യത്തെ പെൺകുഞ്ഞുങ്ങൾക്ക് സ്വന്തം ശരീരം വിൽപ്പനയ്ക്ക് വെയ്ക്കേണ്ടിവന്നത്. യൂ പി യിലൊരു ഭരണകൂടമുണ്ടോ? യുദ്ധത്തിന് കോപ്പുകൂട്ടുന്ന ഭരണാധിപന്മാർ പട്ടിണിയോട് യുദ്ധം ചെയ്യുന്ന പെൺകുട്ടികളെ കാണുന്നുണ്ടോ.ഉത്തർപ്രദേശിലെ ചിത്രകൂട്ട് ഖനി മേഖലയിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടത്.

ലോക്ഡൗണിൽ മറ്റെല്ലാ വരുമാനമാർഗം അടഞ്ഞതോടെ വിശപ്പടക്കുവാൻ വലഞ്ഞ പെൺകുട്ടികളെ കരാറുകാർ ചൂഷണം ചെയ്യുകയായിരുന്നു. കൊടുപട്ടിണിയിലായ ഖനിത്തൊഴിലാളികളെ ‘രക്ഷിക്കാനെത്തിയ’ ഇടനിലക്കാരാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പകരം ആവശ്യപ്പെട്ടത്. വഴങ്ങിക്കൊടുത്തില്ലെങ്കിൽ ഖനിയിൽ ജോലി നൽകില്ലെന്നും കുന്നിന് മുകളിൽ നിന്ന് വലിച്ചെറിയുമെന്നും പെൺകുഞ്ഞുങ്ങളെ ഭീഷണിപ്പെടുത്തി.

300–400 രൂപയാണ് ഓരോ പെൺകുട്ടിക്കും നൽകാമെന്ന് കരാറുകാർ ഏറ്റിരുന്നത്. പക്ഷേ ഇംഗിതം സാധിച്ച ശേഷം നൽകിയിരുന്നത് 150 രൂപയും. മൂന്ന് മാസമായി പണിയില്ലാതായിട്ടെന്നും ജീവിക്കാൻ എന്തുചെയ്യുമെന്നുമാണ് ഇവർ ദേശീയ മാധ്യമത്തോട് ചോദിച്ചത്.
ഭരണാധികാരികൾക്ക് ഈ ചോദ്യങ്ങൾക്ക് എന്ത് മറുപടിയാണ് കൊടുക്കാനുള്ളത്. സംസ്ഥാന സർക്കാറിനോ കേന്ദ്ര സർക്കാറിനോ ഇത്തരം കാര്യങ്ങളിൽ ഒന്നും ചെയ്യാൻ കഴിയില്ലേ. ഇതാണോ നാം കൊട്ടി ഘോഷിക്കുന്ന ഡിജിറ്റൽ ഇന്ത്യ. ലോകത്തെ നമ്പർ വൺ പ്രധാനമന്ത്രിയുടെ രാജ്യം? ഇന്ത്യയിൽ നമ്പർ വൺ സംസ്ഥാനത്തെ അവസ്ഥ? ലോക് ഡൗൺ പ്രഖ്യാപനങ്ങൾ മാത്രം പോര, രാജ്യത്തെ ജനങ്ങളുടെ ക്ഷേമവും സംരക്ഷിക്കണം.