ലോക് ഡൗണും പ്രവാസജീവിതവും

48
Ramesh Perumpilavu
മൂന്നോ നാലോ അപൂർവ്വമായി അഞ്ചോ പേരുള്ള ഒരു വീട്ടിൽ കഴിയുന്ന നാട്ടുകാരെ… കൂട്ടുകാരെ… എന്ത് വീർപ്പുമുട്ടലാണ് ഈ ലോക് ഡൗൺ കാലത്ത് നിങ്ങളനുഭവിക്കുന്നത്. നിങ്ങളുടെ കൂടെയുള്ളത് ആരാണ്? നിങ്ങളുടെ അച്ഛൻ, അമ്മ, ഭാര്യ, മക്കൾ, സഹോദരങ്ങൾ ഇത്രയും വേണ്ടപ്പെട്ടവരായ മനുഷ്യരുടെ കൂടെ കുറച്ചു നാൾ ഒരു മഹാമാരിയെ ചെറുക്കാൻ, സ്വന്തം വീടിനെ, നാടിനെ, സംസ്ഥാനത്തെ, രാജ്യത്തെ, ഈ ലോകത്തെ തന്നെ രക്ഷിക്കാൻ വേണ്ടിയാണ് ഈ വീട്ടിലിരുപ്പ് എന്ന് എന്തുകൊണ്ട് നിങ്ങളിൽ ചിലർക്ക് മനസ്സിലാവുന്നില്ല.
സ്വന്തം വീടിനെ കണ്ടു മടുത്ത്, സഹിക്കാൻ പറ്റാതെ, വീർപ്പുമുട്ടി ബൈക്കെടുത്ത്, കാറെടുത്ത്, പോലീസിനെ പറ്റിച്ച്, ആരോഗ്യ വിദഗ്ദ്ധരുടെ കണ്ണ് വെട്ടിച്ച് നിങ്ങളെന്ത് സന്തോഷമാണ് നേടുന്നത്. നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ എന്തൊക്കെ ചെയ്യാൻ കഴിയും? എത്ര മുറികളുള്ള വീടാണ് നിങ്ങളുടേത്? ചുമ്മാ ഒറ്റയ്ക്ക് ഒരു മുറിയിൽ കിടക്കാം, ഹാളിൽ വന്നിരുന്ന് ടിവി കാണാം, ഉമ്മറത്തിരുന്ന് പത്രം വായിക്കാം, മുറ്റത്തൂടെ വെറുതെ നടക്കാം, ടെറസ്സിൽ കയറി ചുമ്മാ ആകാശവീക്ഷണം നടത്താം.
മുഖ്യമന്ത്രി പറഞ്ഞതുപോലെ, പറമ്പോ പാടമോ ഉണ്ടെങ്കിൽ പച്ചക്കറി ഉണ്ടാക്കാം, അടുക്കളയിൽ കയറി വീട്ടുകാരിയെ സഹായിക്കാം. അങ്ങനെ എന്തെല്ലാം കാര്യങ്ങളുണ്ട് ചെയ്ത് സമയത്തെ മറികടക്കാൻ.
നിങ്ങളെ പോലെ ഇത്തരം സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു കൂട്ടരുണ്ട് ഞങ്ങൾ പ്രവാസികൾ. പത്തും പതിനഞ്ചും പേർ ഒരു ഫ്ലാറ്റിൽ കഴിയുന്നവർ. പല സ്ഥലങ്ങളിലുള്ളവർ. തൃശൂർക്കാരനും കണ്ണൂർക്കാരനും, തിരുവനന്തപുരത്തുകാരനും, തമിഴനും തെലുങ്കനും ബംഗാളിയും, നേപ്പാളിയും പാക്കിസ്ഥാനിയും ഈ ഫ്ലാറ്റുകളിൽ ഒന്നിച്ചുണ്ടാവും. ചിലർക്ക് ഒറ്റ കട്ടിൽ, മറ്റു ചിലർക്ക് രണ്ടു നിലയും അതിലും ബുദ്ധിമുട്ടുള്ളവർക്ക് മൂന്ന് നിലയും ഉള്ള കട്ടിലുകൾ. ഓരോ അന്തേവാസിക്കും ഈ കട്ടിൽ മാത്രമാണ് സ്വന്തം. ഓരോ ബാച്ചിലർ മുറികളും ആശുപത്രികളെ പോലെയാണ്. കിടപ്പ് രോഗികളെ പോലെ സദാസമയവും അവൻ/അവൾ ആ കട്ടിലിൽ ഒരു രോഗിയെ പോലെ കിടക്കുകയാണ്.
മുകളിൽ കിടക്കുന്നവൻ തിരിയുമ്പോൾ, ഇളകുമ്പോൾ താഴെയുള്ളവനും ഇളകണം. മുകളിലുള്ളവന് മൂത്രമൊഴിക്കാൻ താഴെ ഇറങ്ങണമെങ്കിൽ താഴെയുള്ളവനും ഉറക്കം ഞെട്ടണം. മറ്റൊരാളുടെ കീഴ്ശ്വാസം പോലും സഹിച്ച് കിടക്കണം. ഒരാൾ ചുമയ്ക്കുന്നതു പോലും കരുതലോടെയാണ് മറ്റവന് ശല്ല്യമാവരുതെന്ന് കരുതി. പ്രിയമുള്ളവരോട് ഫോണിലൂടെ കൊച്ചുവർത്തമാനം പറയുന്നതു പോലും സ്വകാര്യമായിട്ടാണ്.
പതിനഞ്ച് പേർക്ക് ഒന്നര ടോയ്ലെറ്റാണ് കണക്ക്. സിനിമയിലും കോമഡി പരിപാടികളിലുമൊക്കെ കക്കൂസിൽ പോകാൻ പറ്റാതെ പുറത്ത് ക്യൂ നിൽക്കുന്നവൻ്റെ നവരസങ്ങൾ കണ്ട് നാം ചിരിക്കാറില്ലേ? ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി കണ്ണിൽ നിന്നും വെള്ളം വരാറില്ലേ. പക്ഷേ അങ്ങനെ ഒരസ്ഥയിൽ ടോയ്‌ലറ്റിൻ്റെ വാതിലിനു പുറത്ത് കാവൽ നില്ക്കുന്നവൻ്റെ കണ്ണിൽ നിന്നും വെള്ളം വരുന്നത്, ചിരി വന്നിട്ടല്ല, അവൻ്റെ ഗതികേട് ഓർത്തിട്ടാ.
ഇതെഴുതുമ്പോൾ എനിക്ക് ചുറ്റും പത്തു പേരുണ്ട്. ഇനിയും രണ്ടാഴ്ചയോ അതിൽ കൂടുതലോ ഒരു രോഗിയെ പോലെ കട്ടിലിൽ കിടന്ന് മൊബൈലിൽ കുത്തി സമയം കളയേണ്ടവർ. അവർക്ക് പോകാൻ വിശാലമായ തൊടിയോ മുറ്റമോ ടെറസ്സോ ഇല്ല. അസുഖമുള്ളവരുണ്ട്. സ്ഥിരമായി പ്രഷറിനും ഷുഗറിനും കൊളസ്ട്രോളിനും മരുന്നു കഴിക്കുന്നവർ. ചികിത്സയുടെ ഭാഗമായ നടത്തത്തിനു പോലും പുറത്ത് പോകാൻ ഭയമാണ് മിക്കവർക്കും.
ഇക്കൂട്ടത്തിൽ ഇന്നും ജോലിക്ക് പോകുന്നവരുണ്ട്. അവർ പോകുന്ന വഴിയിൽ ആരെയൊക്കെ കാണുന്നു, അവരിൽ രോഗികളുണ്ടാവുമോ എന്നൊക്കെ ആധി റൂമിൽ ഇരിക്കുന്നവർക്കും ഉണ്ട്.
റൂമിൽ എങ്ങും പോകാതെ ഇരുന്നാൽ പോലും വൈറസ് വരില്ലെന്ന് ഉറപ്പില്ലാത്തവരാണ് ഞങ്ങൾ. ഇങ്ങനെയൊക്കെയാവണം ഞങ്ങളിൽ പലർക്കും അസുഖം പിടിപെട്ടതും. ആരും മനപ്പൂർവ്വം വാങ്ങിക്കൂട്ടി പെട്ടിയിലാക്കി നാട്ടിൽ കൊണ്ടുവന്ന് വിതരണം ചെയ്തതല്ല.
ഇത്രയൊക്കെ പറഞ്ഞത് ഞങ്ങളുടെ അവസ്ഥയിൽ പേടിച്ചിട്ടല്ല. നാടിൻ്റെ അവസ്ഥയിൽ ആകുലപ്പെട്ടാണ്, നിങ്ങളെ വീട്ടിൽ ഇരുത്താൻ വേണ്ടിയാണ്. നമ്മുടെ നാടിൻ്റെ അതിജീവനത്തിന് വേണ്ടിയാണ്.
നിങ്ങൾ പേടിക്കേണ്ടതില്ല ഞങ്ങളിനി അടുത്തൊന്നും നാട്ടിൽ വരുന്നില്ല. എല്ലാമൊന്ന് ആറിത്തണുക്കട്ടെ. ഞങ്ങൾ കാത്തിരിക്കാം. കുറച്ചു നാൾ കൂടി എല്ലാവരും ക്ഷമയോടെ വീട്ടിൽ ഇരിക്കുക. മറ്റുവഴികളില്ല. മഹാമാരി ഒഴിഞ്ഞു പോകട്ടെ. നിത്യവും രോഗികളുടെ എണ്ണം കൂടുന്നത് വലിയ ആശങ്കയാണ് എല്ലാവരിലും ഉണ്ടാക്കുന്നത്.
Advertisements