വരവേൽപ്പ് സിനിമയിലെ മുരളീധരൻ നാട്ടിൽ പോയ കാലമല്ല

60

രമേഷ് പെരുമ്പിലാവ്

വരവേൽപ്പ് സിനിമയിലെ മുരളീധരൻ നാട്ടിൽ പോയ കാലമല്ല

പ്രവാസം അതിൻ്റെ മറ്റൊരു പ്രധാന ഘട്ടത്തിലേക്ക് കടക്കുന്നു. ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ വരാനുള്ളത് വലിയ ദുരന്തമാണ്. ഇതു വരെ ഉണ്ടായ വരവേൽപ്പായിരിക്കില്ല ഇനി നമ്മളെ കാത്തിരിക്കുന്നത്.
സ്വയം കരുതലില്ലാതെ ജീവിച്ച സ്വപ്നജീവികളായിരുന്നു പ്രവാസികളെന്ന് അവരിൽ തൊണ്ണൂറ് ശതമാനം വരുന്ന മനുഷ്യരുടെ സീറോ ബാങ്ക് ബാലൻസ് തെളിയിക്കുന്നു. ബാങ്ക് ലോൺ, ക്രെഡിറ്റ് കാർഡ്, കാർലോൺ, തുടങ്ങി നിരവധി കെട്ടുപാടുകളിൽ ഓരോരുത്തരും പണ്ടേ ലോക്ക് ഡൗൺ ആയതാണ്.

ഒരു എ ടി എം മെഷ്യൻ പോലെ പ്രവാസിയെ ഉപയോഗിച്ച ഒരു വലിയ നിരയുണ്ടായിരുന്നു. മനുഷ്യത്വം എന്ന അവൻ്റെ പാസ് വേഡ് എല്ലാവർക്കും കാണാപാഠം ആയിരുന്നു. അവൻ, അവൾ എല്ലാവർക്കും പ്രിയപ്പെട്ടവൻ ആയിരുന്നു. വീട്ടുകാർക്ക്, കൂട്ടുകാർക്ക്, പാർട്ടിക്കാർക്ക്, സംഘടനകൾക്ക്, ക്ലബ്ബുകൾക്ക്, ബാങ്കുകൾക്ക്, ഇൻഷ്യുറൻസ് കമ്പനികൾക്ക് തുടങ്ങി ഇനിയും ഒട്ടേറെ പേർക്ക് അവൻ പ്രിയ മിത്രം. എന്തിനും ഏതിനും പ്രവാസിയുടെ സമ്മതം ആദ്യം. നീ പറയുമ്പോലെ ചെയ്യാമെന്ന് ഒന്നടങ്കം അവൻ്റെ (അവളുടെ) മുന്നിൽ ആവശ്യങ്ങളുടെ നീണ്ട നിര തുടർന്ന് പോന്നു.

“അതേയ്.. വീടൊന്ന് പുതുക്കിപ്പണിയണം അടുക്കളയിൽ ഗ്രാനൈറ്റ് ഇടണം, മുറ്റത്ത് ഇഷ്ടിക വിരിയ്ക്കണം. എൻ്റെ വളകളൊക്കെയൊന്ന് മാറ്റിയെടുക്കണം.”
“എടി മോളെ… അനിയത്തിയ്ക്ക് ഒരു കല്ല്യാണം ശരിയായിട്ടുണ്ട്. ഒരു ഇരുപത്തിയഞ്ച് പവനെങ്കിലും കൊടുക്കണം. അതും കൂടി കഴിഞ്ഞിട്ട് നിൻ്റെ കല്ല്യാണക്കാര്യം നോക്കണം. നിൻ്റെ കാര്യത്തിൽ അമ്മയ്ക്ക് പേടിയില്ല. ഇതങ്ങ്ട് കഴിഞ്ഞാൽ ഒരു സമാധാനായി. ”
“ഉപ്പാ എൻ്റെ ടൂ വീലർ നാശായി. എനിക്കൊരു സ്പോർട്ട്സ് ബൈക്ക് വാങ്ങാൻ പൈസ അയച്ചു തരണം. പിന്നെ ഉപ്പ വരുമ്പോൾ ഐഫോൺ 12 വാങ്ങിവരണം”
“ഏട്ടാ എനിക്ക് മെഡിസിന് പോണം. ബാഗ്ലൂരിലാണ് അഡ്മിഷൻ കിട്ടിയത്. താമസം അവിടെ ഹോസ്റ്റലിലാണ്. വാടക കൂടുതലാണ് എന്നാലും സേയ്ഫാണ് ഏട്ടാ. കൂടെ പഠിച്ച ഷെഹിയും ജാസ്മിനും ഒന്നിച്ചുണ്ട്. ”
“അമ്മേ എൻ്റെ ടാബ് വർക്ക് ചെയ്യുന്നില്ല. ആരെങ്കിലും വരുമ്പോൾ എനിക്കൊരു പുതിയ ടാബ് കൊടുത്തയക്കണം ട്ടാ. എൻ്റെ ടാബ് നന്നാക്കിയിട്ട് ഞാൻ ചിഞ്ചുമോൾക്ക് കൊടുക്കാം. അമ്മേ ഉമ്മാ…”
“അനക്ക് എന്തിനാടാ ഇപ്പോൾ വീട്, ഓനല്ലേ പണിയൊന്നും ഇല്ലാതെ തേരാ പാരാ നടക്കുന്നത്. വീട് അവൻ്റെ പേരിൽ ആണെങ്കിലേ ഈ കല്ല്യാണം ശരിയാവുള്ളൂയെന്ന് ബ്രോക്കർ ഉറപ്പിച്ച് പറഞ്ഞതാ. അനക്ക് ഒരു പത്ത് സെൻ്റ് വാങ്ങി വേറെ വീട് വെയ്ക്കാലോ ഇനിയും ”
“ഇമ്മടെ മഹല്ലിലെ പള്ളിയൊന്ന് പുതുക്കി പണിയാൻ ഒരു വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കീട്ടുണ്ട്. ഇരുപത്തിയഞ്ച് ലക്ഷം മതിയാവും. അന്നെയൊക്കെ കണ്ടിട്ടാണ് ഞാൻ വാക്ക് പറഞ്ഞത്. നീയും കൂട്ടുകാരും കൂടി വേണ്ടത് ചെയ്യണം”
“നാട്ടിലാകെ പ്രശ്നാ.. അമ്പലത്തിലൊരു പ്രശ്നം വെച്ചു. പുനരുദ്ധാരണം നടത്തണം. നടപ്പുര പണിയണം. വിഗ്രഹം പുന:പ്രതിഷ്ഠ വേണ്ടി വരും. ഒരു ഊട്ടുപുരയും ആലോചനയുണ്ട്. ഇമ്മ്ടെ ആളുക്കാരോടൊക്കെ പറഞ്ഞ് ഒരു പത്ത് ലക്ഷേങ്കിലും നീ അവ്ടെന്ന് സ്വരൂപിക്കണം. ”
”ഇക്കുറി ഇടവകേലെ പള്ളിപ്പെരുന്നാൾ ഇമ്മയ്ക്ക് തകർക്കണം. ഗാനമേളയും മിമിക്രിയും ബുക്ക് ചെയ്തിട്ടുണ്ട്. അതിന് മുമ്പ് മദ്ബഹ ഒന്ന് മോടിപിടിപ്പിക്കണം. മറയൊക്കെ മാറ്റണം. കർത്താവിൻ്റെ പൊന്നിൻകുരിശ് നിറം മങ്ങിയത് സ്വർണ്ണം പൂശണം. നിൻ്റെ അമ്മച്ചിയോട് പറഞ്ഞിട്ടുണ്ട് ഒന്ന് ഉൽസാഹിക്കണം.”
“ടാ മച്ചു.. ക്ലബ്ബിൻ്റെ ഇരുപത്തിയഞ്ചാം വാർഷികാണ്. അതിനോടനുബന്ധിച്ച് പാവപ്പെട്ട അഞ്ച് പെൺകുട്ടികളെ വിവാഹം കഴിച്ചു കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒരാളുടെ കല്ല്യാണച്ചിലവ് നീയെടുക്കണം. നമ്മുടെ പ്രയത്നം കൊണ്ട് കല്ല്യാണിയേടത്തിയുടെ ഓപ്പറേഷൻ ഭംഗിയായി നടന്നു. എല്ലാവരും നിന്നോടും ഫ്രണ്ട്സിനോടും നന്ദി പറഞ്ഞിട്ടുണ്ട് ”

കമ്പനിയിലെ അവൻ്റെ പത്ത് മണിക്കൂർ ജോലിയെ കുറിച്ചോ, അഞ്ഞൂറ് പേര് താമസിക്കുന്ന ക്യാമ്പിനെ കുറിച്ചോ അവനാരോടും പറഞ്ഞില്ല. റൂമിലെ പത്ത് പേർക്ക് മാത്രം അറിയാവുന്ന പൊള്ളുന്ന സത്യങ്ങൾ.. അതിൽ പല രാജ്യത്തുള്ളവർവരെയുണ്ടാവും.
അലാറത്തിൻ്റെ തലയ്ക്കടിയേറ്റ് ഇഷ്ടമില്ലാതെ ഉണരുന്ന ദിനങ്ങൾ.കട്ടൻ ചായ കുടിച്ച് ജോലിക്ക് ഇറങ്ങുന്ന പ്രഭാതം. ഉണക്ക കുബ്ബൂസോ, ചോറോ തലേനാൾ വെച്ച കറി ചൂടാക്കി ഉച്ചഭക്ഷണം.വില കുറഞ്ഞ മദ്യം കഴിച്ച് എല്ലാം മറക്കാൻ ശ്രമിച്ചുറങ്ങുന്ന രാത്രികൾ. വല്ലതും രുചിയോടെ കഴിക്കുന്നതോ, മതി വരുവോളം ഉറങ്ങുന്നതോ അവധി ദിനങ്ങളിൽ മാത്രമാണ്.
അസുഖങ്ങൾ നിരവധിയുണ്ട് ഓരോരുത്തർക്കും. ചിലവുകളെ കുറിച്ചോർത്ത് ഡോക്ടറെ കാണാനോ മരുന്നു കഴിക്കാനോ ഏറിയ പേരും ശ്രമിക്കില്ല. പെനഡോളും, പാരസ്റ്റ മോളും, വിക്സും, അമൃതാഞ്ജനുമാണവൻ്റെ ഡോക്ടർമാർ.

മാറി മാറി വരുന്ന സർക്കാറുകൾ അവരെ നാടിൻ്റെ നട്ടെല്ലെന്നും, നാരായവേരെന്നും, സാമ്പത്തിക ഭടന്മാരെന്നും പുകഴ്ത്തി പോന്നു. സിനിമാക്കാർക്കും, സാഹിത്യകാരന്മാർക്കും അവർ വേദിയൊരുക്കി വിരുന്നൊരുക്കി. വന്നവർ വന്നവർ പാടിപുകഴ്ത്തിയപ്പോൾ അട്ടം താങ്ങുന്ന പല്ലി താനാണെന്ന് ഓരോ പ്രവാസിയും അഹങ്കാരം കൊണ്ടു. അവൻ്റെ ആഹ്ലാദ പ്രകമ്പനങ്ങൾ പൊട്ടക്കിണറ്റിലെ തവളരോദനം മാത്രമായിരുന്നു. കുളത്തിന് പുറത്ത് കടന്നില്ല ഒരു മൂളൽ പോലും.ഇപ്പോൾ ഇതാ നാട്ടിൽ പോലും പോകാൻ കഴിയാത്തവണ്ണം അവനും അവളും നെഞ്ചുരുകിയിരിക്കുന്നു. ഭരണകൂടമോ, കോടതിയോ പോലും അവരെ നാട്ടിലേക്ക് കൊണ്ടുവരാനൊരു തീരുമാനം കൈക്കൊള്ളാനാവാതെ ഉഴറുന്നു.താമസിയാതെ തിരിച്ചുപോക്കിന് കളമൊരുങ്ങുമെന്ന് പ്രത്യാശിക്കാം. എന്നാലും നിങ്ങൾ (നമ്മൾ) ആഗ്രഹിക്കുന്നൊരു വരവേൽപ്പ് ആരും പ്രതീക്ഷിക്കരുത്.