ഒരർദ്ധരാത്രി ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും പിന്നീട് കൂടെ കൂടെയത് നീട്ടുകയും അല്ലാതെ ഇന്ത്യാമഹാരാജ്യത്തെ ഭരണാധികാരികൾ രാജ്യത്തെ ജനങ്ങളുടെ സുരക്ഷക്കായി എന്താണ് ചെയ്തത്. കോവിഡ് 19 എന്ന മഹാമാരിയുടെ പേര് പറഞ്ഞ് ഇന്ത്യയെ മുറിച്ച് വിൽക്കുകയാണ്. ഈ സാമ്പത്തിക ക്രൈസ്സസ് ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. കഴിഞ്ഞ അഞ്ചാറ് വർഷത്തെ പിടിപ്പുകേടിൻ്റെ ഫലം മാത്രമാണ്. വെറുപ്പിൻ്റെ രാഷ്ട്രീയം നടപ്പിൽ വരുത്തുക എന്നതല്ലാതെ മറ്റെന്താണ് ഇക്കൂട്ടരുടെ സംഭാവന ഈ രാജ്യത്തിന്.
രാജ്യം മുഴു പട്ടിണിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയിലൊക്കെ കാര്യങ്ങൾ അതീവ ഗുരുതരമാണ്. പതിനായിരങ്ങൾക്കാണ് ജോലി നഷ്ടപ്പെടുന്നത്. ലോക്ക് ഡൗൺ നിയമങ്ങളെ കാറ്റിൽ പറത്തി പട്ടിണി പാവങ്ങളായ സാധു മനുഷ്യരെ, സാമൂഹിക അകലം ഒട്ടും പാലിക്കാതെ ജോലി ചെയ്യിക്കുന്നതറിഞ്ഞ് ജില്ല മെഡിക്കൽ ഓഫീസർ ലേബർ ക്യാമ്പുകളിൽ ചെന്ന് പ്രസംഗം നടത്തിയിരുന്നത് വാർത്തയായിരുന്നു.രോഗം പടരുന്ന ഭീതി കാരണം ജോലിക്ക് വരാൻ കഴിയുകയില്ല എന്ന് പറയുന്ന സ്ഥിരം ജോലിക്കാരെ പിരിച്ചുവിടുകയാണ്. എല്ലാവരും ജോലിയ്ക്ക് പോകണമെന്നും ഇൻഡസ്ട്രി നശിച്ചാൽ രാജ്യത്ത് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടും എന്നുമൊക്കെയാണ് ലോക്ക് ഡൗണിന്റെ ആദ്യ നാളുകളിലെ പ്രചരിപ്പിച്ചിരുന്നത്. അക്കാരണത്താൽ പല പോസറ്റീവ് കേസുകളും മൂടിവെയ്ക്കപ്പെട്ടുവെന്നതാണ് സത്യം.
കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയത്ര സൗകര്യം പോലും ഇല്ലാത്തതാണ് മഹാരാഷ്ട്രയിലെ ഉപജില്ലാ ആശുപത്രികൾ എന്നതാണ് പരിതാപകരം.ആധാർ കാർഡിലെ നമ്പർ നോക്കി കോവിഡ് രോഗിയല്ലയെന്ന് സർട്ടിഫിക്കറ്റ് കൊടുക്കുന്നു. എന്തെങ്കിലും പരിശോധന നടത്തിയല്ല ഇങ്ങനെയൊരു വിലയിരുത്തൽ നടത്തുന്നത്. ആ സാക്ഷിപത്രം ജനങ്ങൾ സംസ്ഥാനത്തിൻ്റെ അതിർത്തി കടക്കാൻ ഉപയോഗിക്കുന്നു. മഹാമാരി പടർന്നു പിടിക്കാൻ ഇതിൽപ്പരം മറ്റെന്ത് കാരണങ്ങൾ വേണം.ചുട്ടുപൊള്ളുന്ന വെയിലത്ത് ടാറിട്ട റോഡിലൂടെ ചെരുപ്പുകൾ പോലുമില്ലാതെ കുഞ്ഞുകുട്ടികളടങ്ങുന്ന കുടുംബം വിയർത്തൊലിച്ച് നടന്നു നീങ്ങുന്ന കാഴ്ച മുംബൈ-അഹമ്മദാബാദ് ദേശീയപാതയിൽ പലയിടത്തും കാണാം. കയ്യിലൊതുങ്ങുന്ന ഭാണ്ഡങ്ങളും തൂക്കി കുട്ടികളെയും ഒക്കത്തിരുത്തി നാട്ടിലെത്താൻ ഏതെങ്കിലും വാഹന ഡ്രൈവറുടെ കാരുണ്യത്തിന് വഴിയോരത്ത് നിൽക്കുന്ന കുടുംബങ്ങളുമുണ്ട് പാതയിലുടനീളം. രാത്രി വഴിയിൽ കാണുന്ന കടത്തിണ്ണകളിൽ കുറച്ചുനേരം ഉറങ്ങിയ ശേഷം വീണ്ടും നടക്കുകയാണ്. കൊടുംചൂടിൽ വഴിയോരത്തെ മരത്തണലിൽ വിശ്രമിക്കുന്നവരെയും കാണാം.
പറക്കമുറ്റാത്ത രണ്ട് കുട്ടികളെയും ഗർഭിണിയായ ഭാര്യയെയും സൈക്കിളിൽ ഇരുത്തി വസായിൽ നിന്നു ഭിവണ്ടിയിൽ എത്തി സൈക്കിൾ ഉപേക്ഷിച്ച ശേഷം ആളുകളെ കുത്തിനിറച്ച ട്രക്കിൽ യുപിയിലേക്ക് തന്റെ ഒരു സുഹൃത്ത് പോയ കാര്യം കാൽനടക്കാരനായ ഒരാൾ പറയുന്നത് കേട്ടു. ഇതുപോലെ ആയിരക്കണക്കിന് കുടുംബങ്ങൾ. മുബൈയിൽ നിന്നും രാജ്യത്തിൻ്റെ പല ഭാഗങ്ങളിലേക്ക് തങ്ങളേക്കാൾ നീളമുള്ള ഊന്നുവടികളുമായി നടന്നു പോകുന്ന മനുഷ്യരുടെ കാഴ്ചകൾ കാണാം. ഇക്കൂട്ടത്തിൽ വൃദ്ധർ മുതൽ കൈക്കുഞ്ഞുങ്ങൾ വരെയുണ്ട്. പത്തും അമ്പതും നൂറും കിലോമീറ്റർ നടക്കുകയാണ്. പലരുടേയും കാലുകൾ വെന്തിരിക്കുന്നു, വിണ്ട് പൊട്ടി ചോരയൊലിക്കുന്നു.
പാതയോരത്തെ കുടിവെള്ള കിണറുകളും പൈപ്പുകളുമാണ് ജീവൻ നിലനിർത്തുന്നത്.
ഗ്രാമവാസികളായ സാധാരണ മനുഷ്യർ ദയ തോന്നി നൽക്കുന്ന ബിസ്ക്കറ്റും ഭക്ഷണപ്പൊതികളും മറ്റുമാണ് ആകെ ആശ്രയം. ഇത് മഹാരാഷ്ട്രയിലെ മാത്രം പ്രശ്നമല്ല. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇതേ അവസ്ഥ തന്നെയാണ്.
യാത്രയ്ക്കിടെ അതിഥിത്തൊഴിലാളികൾ ഔറംഗാബാദിൽ ട്രെയിൻ കയറി മരിച്ചതിനു പിന്നാലെ, പലായനം ചെയ്യുന്നവരോടുള്ള സമീപനത്തിൽ സംസ്ഥാന സർക്കാർ അയവു വരുത്തിയിരിക്കുകയാണ്. ജോലിയും വരുമാനവും നിലച്ചതിനാൽ പിടിച്ചു നിൽക്കാൻ കഴിയാത്തതിനാലാണ് സ്വന്തം നാട്ടിലേക്കു തിരിച്ചുപോകുന്നതെന്നാണ് ഇവർ പറയുന്നത്. അതിഥിത്തൊഴിലാളികൾ നാട്ടിലേക്കു കൂട്ടമായി പോകുന്നതു മുംബൈ-ആഗ്ര ദേശീയപാതയിൽ പതിവു കാഴ്ചയാണെന്നു പരിസരവാസികളും സാക്ഷ്യപ്പെടുത്തുന്നു.ഇതൊക്കെയാണ് ഇന്ത്യൻ ജനത അനുഭവിക്കുന്ന ദുരിതങ്ങൾ. ഇതിൽ എവിടെയാണ് കേന്ദ്ര സർക്കാറിൻ്റെ ഇടപെടലുകൾ ഉള്ളത്. ഈ പാവങ്ങളെ സഹായിച്ചാണോ രാജ്യം കടത്തിലായത്.
കോവിഡിനെ പ്രതിരോധിക്കാൻ എന്ത് കരുതലാണ് ലോക്ക് ഡൗൺപ്രഖ്യാപനം എന്ന പ്രഹസനം അല്ലാതെ മോഡി എന്ന ലോക നായകൻ ചെയ്തത്. ഘട്ട ഘട്ടമായി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് നടന്നു കാലു പൊള്ളിയവന് ഏതെങ്കിലും തരത്തിൽ ഉപകരിക്കുമോ.പൊതുമേഖലാ സ്ഥാപനങ്ങൾ ഒരു രാജ്യത്തിൻ്റെ നെടുംതൂണുകളാണ്. അവയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനു പകരം വൻകിട കോർപ്പറേറ്റുകൾക്ക് ആദായ വിൽപ്പന നടത്തുകയല്ല ഒരു ഇച്ഛാശക്തിയുള്ള ഭരണംകൂടം ചെയ്യേണ്ടത്.പ്രകൃതി വാതകങ്ങൾ, വാർത്താവിനിമയ പ്രതിരോധ മേഖലകൾ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ ഏതു മേഖലകളിലും കോർപ്പറേറ്റുകളുടെ ആധിപത്യമാണ്. ഇന്ത്യൻ ജനതയെ കൊള്ളയടിക്കാൻ സർക്കാർ തലത്തിലുള്ള ഏജൻസികളാണ് ഈ കോർപ്പറേറ്റുകൾ. കട്ടുമുടിച്ചവർക്ക് തങ്ങൾക്കാവുന്നതെല്ലാം സ്വരുക്കൂട്ടി മറ്റൊരു രാജ്യത്തേയ്ക്ക് കടന്നു കളയാൻ ഭരണകൂടം തന്നെ അവസരം ഒരുക്കുന്നു.രാജ്യം കട്ടുമുടിച്ചെന്ന് ഘോരം ഘോരം പ്രസംഗിച്ചവർ ഭരണത്തിൽ വന്നപ്പോൾ രാജ്യത്തെ ഘട്ടം ഘട്ടമായി തൂക്കി വിൽക്കുന്നു.