ജൂണിലെ സ്കൂളുകൾ കുട്ടികളെ തേടി വഴി നടക്കുമ്പോൾ

0
113

രമേഷ് പെരുമ്പിലാവ്

ജൂണിലെ സ്കൂളുകൾ കുട്ടികളെ തേടി വഴി നടക്കുമ്പോൾ

കാലത്ത് എട്ടിനേ കുളിച്ച് കുറി തൊട്ട് വരാന്തയിലെ ചാരുകസേരയിൽ ഇരിക്കുന്നതാ ചാത്താര്ടെ സ്കൂള്. ആളനക്കമില്ലാതെ കിടക്കുന്ന ഇടം പാേലെ മുറ്റമാകെ മാവിൻ കരിയിലകളും ചീഞ്ഞുണങ്ങി കറുത്ത മാങ്ങകളും തെങ്ങോലകളും ഉണങ്ങിയ തേങ്ങകളും ചിതറിക്കിടക്കുന്നുണ്ട്. സമയം പത്ത് കഴിഞ്ഞപ്പോൾ ചാത്തുവാരുടെ പള്ളിക്കൂടത്തിന് ശ്വാസം മുട്ടി ഒന്നും പറയാണ്ട് കുട്ട്യോള് ഇറങ്ങി പോയിട്ട് മാസം കുറേ ആയി. ഇന്ന് വരുംന്ന് തന്നെ വിചാരിച്ചിരുന്നു. ചാത്താര്ടെ സ്കൂളിൻ്റെ ആധിയിലേക്ക് പടിഞ്ഞാറ് നിന്നൊരു മഴ കോരിച്ചൊരിഞ്ഞു. ഇടിവെട്ടി, മാനം കറുത്തിരുണ്ടു, കാറ്റ് വീശി, ഒരു കരിയോല മുറ്റത്ത് വീണ് പിടഞ്ഞു.
“ൻ്റെ കുട്ട്യോള് മഴയത്ത് നിക്കണ്ടാവും” ന്ന്
പറഞ്ഞ് ഗേറ്റിലേക്ക് നോക്കി അനക്കമറ്റ് നിൽക്കുന്ന ഇരുമ്പ് മണിയുടെ ചുവട്ടിൽ നിന്ന് നീളൻ കുടയെടുത്ത്, തോർത്ത് തോളത്തിട്ട് ചാത്താര്ടെ സ്കൂള് മഴമുറ്റത്തേയ്ക്കിറങ്ങി. അപ്പോൾ ചാത്താര്ടെ സ്കൂളിൻ്റെ മുഖത്ത് ഈച്ഛര വാര്യരെ പോലെ ഒരച്ഛൻ്റെ വെപ്രാളവും ആധിയും ഉണ്ടായിരുന്നു.
“ആരെങ്കിലും വന്നാൽ ,എവിടെ പോയീന്ന് പറയണം, എത്ര മണിക്കാ തിരിച്ച് വരാ”
മുറ്റം കടന്നതും സ്കൂൾ ബെല്ലിൻ്റെ ചോദ്യം ഒരു കൂട്ടമണി പോലെ ചാത്താര്ടെ ചെവിയിൽ മുഴങ്ങി.
പടികടന്ന് വലത്തോട്ട് കുത്തനേയുള്ള ഇറക്കത്തിലേക്ക് നടന്ന ചാത്താര്ടെ സ്കൂളിനെ ആരോ വിളിച്ചതു പോലെ തോന്നിയപ്പോൾ മുപ്പര് കേറ്റത്തേയ്ക്ക് തിരിഞ്ഞു നോക്കി. പരപ്പിലെ മുക്കവല കടന്ന് പാറപ്പുറം സ്കൂൾ പൊട്ടിത്തെറിച്ച ഒരു വലിയ പാറക്കല്ല് കണക്കെ തെറിച്ച് തെറിച്ച് വരുന്നുണ്ട്, ചാത്താര്ടെ സ്കൂളിൻ്റെ ഒപ്പമെത്താൻ. “വാ വാ ” യെന്ന് ചാത്താര്ടെ സ്കൂൾ മാടി വിളിച്ചുകെണ്ട് താഴേക്ക് നടന്നു.
അടുത്തെത്തിയപ്പോൾ പാറപ്പുറം സ്കൂൾ പറഞ്ഞു:
“എരുമപ്പെട്ടിക്ക് പോണോന്ന് ആകുലപ്പെട്ട് നിൽക്കുമ്പോഴാ ചാത്താര് പോകുന്നത് കണ്ടത്. ഞാനും ഉണ്ട് കൂടെ.
കുട്ട്യോളെ കാണാണ്ട് ഒരു എരിപൊരിസഞ്ചാരം ”
താഴത്തെ മരമില്ലും കല്ല്യാണമണ്ഡപവും ചായമക്കാനിയും അനാദിക്കടയും ചില വീടുകളും ഒന്നടങ്കം ചോദിച്ചു “എവ്ട്ക്കാ ചത്താരും പാറപ്പുറോം കൂടി പോണത് ”
മഴയുടെ കനപ്പിൻ
ചോദ്യങ്ങളൊന്നും ചെവികൊള്ളാതെ അമ്പലം കടന്ന് പാടം പിന്നിട്ട് കേറ്റത്തെ തിരിവ് നോക്കി നടന്നു രണ്ടാളും. കേറ്റത്ത് കോതര സ്കൂളും ഒരംഗണവാടിയും രണ്ട് മദ്രസ്സയും അവരെ കാത്തെന്ന വിധം നിന്നിരുന്നു. അവരുടെ മുഖങ്ങളും ആധികൊണ്ട് നിറഞ്ഞിരുന്നു.
ചാത്താരെ കണ്ട സന്തോഷമോ ആശ്വാസമോ എന്തെന്നറിയാതെ കോതര പറഞ്ഞു: “അവിടെം കുഞ്ഞുങ്ങൾ വന്നില്ല. അതാണ് ഞാൻ ഇറങ്ങിപ്പുറപ്പെട്ടത് ”
മറുപടിയൊന്നും പറയാതെ ചാത്താര് ഇടത്തോട്ട് നടന്നു.
എല്ലാവരും കൂടി ഒരു ജാഥ പോലെ പോണത് കണ്ട് ശിവൻ്റെ അമ്പലവും കസ്തുർബാ കേന്ദ്രവും പറങ്കിമാവിൻ കുന്നും എന്തോ പറഞ്ഞു തമ്മിൽ നോക്കി നിന്ന് വെടുവീർപ്പിട്ടു. അടുത്ത ഇറക്കത്തിൻ്റെ മൂലയിൽ വൈക്കം മുഹമ്മദ് ബഷീറിനെ പോലെ കാല് പിന്നോട്ട് മടക്കി മരത്തണലിലിരുന്ന വായനശാല അണ്ഡകടാഹം മുഴുവൻ ഇളകി വരുന്നത് കണ്ട് തൻ്റെ ഗ്രാമഫോണിൻ്റെ ശബ്ദം താഴ്ത്തിവെച്ച്, ചാത്താർക്ക് നമസ്ക്കാരം പറഞ്ഞു.
കലുങ്ക് കടന്ന് സെൻ്റെറിലേക്ക് എത്താറായപ്പോൾ ട്രാൻസ്ഫോമറും നിവർന്ന് നിന്ന് ചോദിച്ചു
“എവ്ട്ക്കാ എല്ലാരും കൂടി പോണത്”
ട്രാൻസ്ഫോമറിൻ്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് സെൻ്ററിലെ പീടിക മുറിയാണ്.
“ജൂൺ ഒന്നല്ലേ കുട്ട്യോളെ തേടി ഇറങ്ങ്യേതാവും”.
“അതെ കുട്ട്യോള് ബസ് കയറാൻ വരാറില്ല ഇപ്പോഴെന്ന് ” ബസ് സ്റ്റോപ്പും കൂട്ടിച്ചേർത്തു.
പള്ളിക്കുളത്ത്ന്ന് വന്ന സ്കുളും മദ്രസയും അംഗണവാടിയും അവരുടെ ഒപ്പം കൂടി. കോളനിയിൽ നിന്നും ഒരംഗണവാടി വരുന്നുണ്ടെന്ന് ജാഥ നോക്കി നിന്ന ഒരു പെട്ടിക്കട വിളിച്ചുകൂവി. എല്ലാവരുടെ മുഖത്തും, മക്കളെ കാണാത്ത ആധി ഉണ്ടായിരുന്നു. ചാത്താര്ടെ സ്കൂള് മുന്നിൽ തന്നെ അവരെ നയിച്ചുകൊണ്ട് നടന്നു. തെക്കു നിന്നൊരു ഊക്കൻ ഇടിവെട്ടിയപ്പോൾ അഗണവാടികൾ ഞെട്ടിവിറച്ചു.
മഴയപ്പോഴും കനത്തു പെയ്യുന്നുണ്ടായിരുന്നു.
കല്ല്യാണമണ്ഡത്തിൻ്റെ മുറ്റത്ത് കുറച്ച് ഇരുന്നിട്ട് പോകാമെന്ന് അംഗണവാടികളിൽ ചിലർക്ക് തോന്നിയെങ്കിലും, ചാത്താരും പാറപ്പുറവും പളളിക്കുളവും കോതരയുമൊക്കെ ഒരേ നടത്തം തുടരുന്നതിനാൽ അവരും പിറകെ കൂടി. കോടതിപ്പടീന്ന് ഒരംഗണവാടിയും റേഷൻ കടേടെ മുക്ക്ന്ന് ഒരു മദ്രസ്സയും ഒരംഗണവാടിയും അവർക്കൊപ്പം അണിനിരന്നു. വഴിയിലെങ്ങും തങ്ങളുടെ കുഞ്ഞുങ്ങളെ കാണാത്തതിൽ ഏവരും അസ്വസ്ഥരായിരുന്നു.
ഇരട്ടക്കുളങ്ങര ക്ഷേത്രം, മുന്നിൽ പരന്ന് കിടക്കുന്ന പാടത്തിനോട് ചോദിച്ചു:
“എവിടെയ്ക്കാ എല്ലാവരും കൂടി പോണത് ”
എനിക്കറിയില്ലെന്ന് പാടം പച്ചച്ച് മലർന്നു കിടന്ന് ആകാശം നോക്കി. പാടത്തിന് നടുക്കുള്ള കുണ്ടുകുളത്തിലെ പൊത്തിലിരുന്ന് മക്കാച്ചിത്തവള, സാമൂഹിക അകലം പാലിച്ച് അങ്ങേ പൊത്തിലിരിക്കുന്ന നീർക്കോലിയോടും അതേ ചോദ്യം ചോദിച്ചു.
“ഈ വഴി ഇപ്പോൾ ആരും വരാറില്ലാന്ന് നിനക്കും അറിയണതല്ലേ, എനിക്കറിയില്ല എന്താ കാര്യമെന്ന് ” വിശപ്പ് സഹിക്കവയ്യാതെ നീർക്കോലി തല ഉള്ളിലോട്ട് വലിച്ചു.
വൈദ്യരുടെ കേറ്റം കയറിയ ജാഥയോട് അപ്പുവേട്ടൻ്റെ ചായക്കടയിൽ തൂങ്ങിക്കിടന്നാടിയ പഴക്കുല പറഞ്ഞു: “എനിക്കറിയായിരുന്നു ഇക്കുറി കുട്ട്യോള് വരില്ലാന്ന്. പഴയ കാലമൊക്കെ മാറീര്ക്കണു”
അമ്പലത്തിൻ്റെ കിഴക്കോറത്തൂടെ ഗ്രാമീണ വായനശാലയുടെ ഗ്രൗണ്ടിൽ എത്തിയപ്പോൾ വാപ്പുക്കാൻ്റെ പീടിക മുറിയിൽ നിന്നൊരു അംഗണവാടി റോഡിലേക്ക് എടുത്തു ചാടിയത് കണ്ട് പോസ്റ്റാഫീസ് ചിരിച്ചു. ഗോപാലേട്ടൻ്റെ ചായക്കടയുടെ മുന്നിലേക്ക് ഇറങ്ങി നിൽക്കണ ആൽത്തറ സ്കൂൾ ഞാനും വരുന്നേയെന്ന് പറഞ്ഞാണ് ജാഥയുടെ ഇടയിൽ കയറിയത്.
ആൽത്തറ സ്കൂളിന് പിന്നാലെ പള്ളിയിൽ നിന്നൊരു മദ്രസ്സയും ഓടി വന്നു. വരി വരിയായ് അവരിങ്ങനെ പോകുന്നത് നോക്കി നിന്ന നെഹ്റു ക്ലബ്ബിലേക്ക് അംഗണവാടികൾ കൈവീശി റ്റാറ്റാ പറഞ്ഞു. നെഹ്രു ക്ലബ്ബ് റോസപ്പൂവ് എടുത്ത് നീട്ടിയെങ്കിലും അംഗണവാടികൾ അത് കാണാത്തതിനാൽ നെല്ലു കുത്തു കമ്പനിയ്ക്ക് സങ്കടം വന്നു.
അയ്യപ്പൻകാവിൽ നിന്നും മോളും കുന്നിൽ നിന്നും ധൃതിപ്പെട്ട് ഓടി വന്നെത്തി നിൽക്കുന്ന രണ്ടംഗണവാടികളോട്
ആലിൻ തൈ പറഞ്ഞു: “പേടിക്കണ്ടാ ചാത്താരും കൂട്ടരും പോയിട്ടില്ല പള്ളി കഴിഞ്ഞ് തിരിവിലെത്തിയതേയുള്ളു.”
ആനക്കലിൽ നിന്നും എളുപ്പത്തിന് പാടം മുറിച്ച് കടന്നു വന്ന ഒരു അംഗണവാടിയും, കോളനിയിൽ നിന്ന് ഓടിയെത്തിയ ഒരെണ്ണവും കൂടി
പുത്തൻ കുളത്ത് നിന്നും ജാഥയുടെ ഭാഗമായി. സ്കൂളുകൾക്ക് ഹൈവേ റോഡിലേക്ക് കടക്കാൻ ധന്യക്കുട്ടിയെന്നും നീതു മോളെന്നും കപാലിയെന്നും ടിൻറുമോനെന്നും ഉണ്ണിക്കുട്ടനെന്നും രാവണപ്രഭുവെന്നും ദുബായ് എന്നും പേരുള്ള ഓട്ടോറിക്ഷകൾ ഒതുങ്ങിക്കൊടുത്ത് വഴിയൊരുക്കി.
ഒരു വലിയ കാവിനെ പോലെ ഉറഞ്ഞു തുള്ളിയാണ് മാവിൻ തോപ്പിൽ നിന്നും ചൂള മരത്തിൻ്റെ വേരിറങ്ങി അക്കിക്കാവ് സ്കുൾ എന്തിനും പോന്നൊരു തൻ്റേടിയെ പോലെ ജാഥയിലേക്ക് കയറി വന്നത്. താഴത്തെ അക്കിക്കാവിൽ നിന്നും വാട്ടർ ടാങ്ക് കടന്ന് പുണ്യാളത്തിയുടെ മുഖമുള്ള പെൺകോളേജും, ഈ നാടൊരു ഭ്രാന്താലയമാണെന്ന ഭാവത്തോടെ കോച്ചിംഗ് സെൻ്റെറും വെളുക്കെ ചിരിച്ചൊരു പല്ലൻകോളേജും ജാഥയിലേക്ക് വന്നു ചേർന്നു.
പെരുമ്പിലാവ് സെൻ്റെറിൽ നിന്നും ചറ പറാ ഇംഗ്ലീഷ് പറഞ്ഞൊരു സായിപ്പൻ സ്കൂളും കമ്പ്യൂട്ടർ കോളേജും വിമൻസ് ക്യാമ്പസും കയറി വരുന്നത് കണ്ട്, പെട്രോൾ പമ്പും പുക്കളുടെ കെട്ടിടവും പള്ളിയും നോക്കി നിന്നു. “അങ്ങ് ദൂരെ നിന്ന് കൊരട്ടിക്കര സ്കൂളും കടവല്ലൂർ ഹൈസ്കൂളും അന്യോന്യം എന്തോ പറഞ്ഞ് വരുന്നുണ്ടെന്ന്” കാനറ ബാങ്ക്, തട്ടിൻപുറത്ത് നിന്ന് കൈച്ചൂണ്ടി കാണിച്ചു.
ചാത്താര്ടെ സ്കൂള് എല്ലാവരും പിറകെ ഉണ്ടെന്ന് ഉറപ്പു വരുത്തി പഴഞ്ഞി വഴിയിലൂടെ മുന്നോട്ട് മുന്നോട്ട് നടന്നുകൊണ്ടിരുന്നു. വലിയ ബഹളം കേട്ട് ടെലിഫോൺ എക്സ്ഞ്ചേഞ്ചും മരമില്ലും ഹൈവേ ടീ സ്റ്റാളും കൽത്തയും ചിന്നൂസ് മെഡിക്കൽസും മാർവൽ പ്രിൻറിംഗും വഴിയിലേക്ക് എത്തി നോക്കി. മഴയപ്പോൾ കുറഞ്ഞു വന്നിരുന്നു. അയ്യപ്പൻകാവിൽ നിന്നും വന്ന അംഗണവാടിയൊരു പാട്ട് പാടിയപ്പോൾ മറ്റംഗണവാടികൾ ഏറ്റുവാടി.
“അംഗണവാടിയിലെ ടീച്ചറേ
ചക്കരത്തേനൂറും മക്കളേ
പഠിച്ചു പഠിച്ചു ബോറടിച്ചു
കളിച്ചു കളിച്ചു കറങ്ങീടാം
പഠിച്ചു പഠിച്ചു ബോറടിച്ചു
കളിച്ചു കളിച്ചു കറങ്ങീടാം
അയ്യോ പറ്റില്ല തീരെ പറ്റില്ല
ABCDEFG
HIJKLMN
OPQRST
UVWXYZ”
പഞ്ചായത്ത് ഗ്രൗണ്ടാണ് ചാത്താര്ടെ ലക്ഷ്യം. പ്രായത്തിൽ അവശതയിൽ ചാത്താര് വല്ലാതെ കിതയ്ക്കുന്നുണ്ട് ഈ നടത്തത്തിൽ.
പഞ്ചായത്ത് ഗ്രൗണ്ടിൽ അപ്പോഴേക്കും കരിക്കാട് സ്കൂളും ചുറ്റുമുള്ള പേരറിയാത്ത മറ്റനവധി സ്കൂളുകളും മദ്രസ്സകളും അംഗണവാടികളും വന്ന് നിറഞ്ഞിരുന്നു.
അപ്പോൾ ഗ്രാമപഞ്ചായത്ത് തൻ്റെ നരച്ച മുടിയൊതുക്കിവെച്ചൊരു അമ്മയുടെ ഭാവത്തോടെ ഗ്രൗണ്ടിലേക്ക് ഇറങ്ങി വന്നു എല്ലാവരേയും അഭിവാദ്യം ചെയ്തു, വന്ന കാര്യം തിരക്കി. ചാത്താരാണ് സങ്കടം പറഞ്ഞത്. കുട്ടികൾ വന്നില്ല, അവർക്കെന്ത് പറ്റിയെന്നറിയാനാണ് ഞങ്ങൾ ഇത്രേടം വരെ വന്നത്.
പഞ്ചായത്ത് എല്ലാവർക്കും കുടിയ്ക്കാൻ നാരങ്ങവെള്ളം കൊടുത്തു. അംഗണവാടികൾക്ക് പ്രത്യേകം കരുതിയ മിട്ടായികളും.
കുട്ടികൾക്കൊന്നും പറ്റിയിട്ടില്ല അവരൊക്കെ സുരക്ഷിതരാണെന്ന് പറഞ്ഞ് പഞ്ചായത്ത് അവരുടെ ശ്രദ്ധയെ പത്തോളം തിരശ്ശീല കണക്ക് വലിപ്പമുള്ള ഓഡിറ്റോറിയത്തിൻ്റെ പുറംചുമരിലേക്ക് വിരൽ ചൂണ്ടിക്കാണിച്ചു മഴയൊതുങ്ങിയ ഇരുണ്ട ആകാശത്തിനു താഴെ തങ്ങളുടെ സ്കൂളുകളിൽ പഠിയ്ക്കുന്ന പല കുരുന്നുകളും, അവരവരുടെ വീട്ടിലെ കമ്പ്യൂട്ടറിനും ലാപ്ടോപ്പിനും മൊബൈലിനും മുന്നിലിരുന്ന് പഠിക്കുന്ന നിരവധി ചിത്രങ്ങൾ കണ്ട് സ്കൂളുകൾക്ക് കണ്ണ് നിറഞ്ഞു.
“ഉടനെയവരൊക്കെ നിങ്ങളെ തേടി വരും.
അടുത്ത മഴ വരും മുമ്പ് എല്ലാവരും പിരിഞ്ഞു പൊയ്ക്കോളു എന്ന് പഞ്ചായത്ത് അവരെ ആശ്വാസിപ്പിച്ച് ചിരിച്ചു.” പഞ്ചായത്തിനപ്പോൾ ശൈലജ ടീച്ചറുടെ മുഖഛായയാണെന്ന് ജാഥ കൂടി വന്നവരിൽ ചിലർക്ക് തോന്നി.
എന്നാ നമുക്ക് പോകാമെന്ന് ചാത്താരുടെ സ്കൂൾ തോളത്തെ തോർത്തുമുണ്ട് വീശി ഇറങ്ങി നടന്നു. പിന്നാലെ മറ്റുള്ളവരും പല വഴിയേ നടക്കാൻ തുടങ്ങി. മഴയപ്പോഴേയ്ക്കും പൊട്ടിപ്പുറപ്പെട്ടിരുന്നു. ജൂൺ ഒന്ന് അല്ലേ, മഴയ്ക്ക് എങ്ങനെ പെയ്യാതിരിക്കാനാവും.
എന്നാലും കുട്ടികളൊക്കെ വീട്ടിലാണെല്ലോയെന്ന് സ്കൂളുകൾ ആശ്വസിച്ചു.