എല്ലാ രാഷ്ട്രീയവും മറന്ന് യാഥാർത്ഥ്യങ്ങളെ കുറിച്ച് മാത്രം സംസാരിക്കേണ്ട സമയമാണിത്

39

Ramesh Perumpilavu

എല്ലാ രാഷ്ട്രീയവും മറന്ന് യാഥാർത്ഥ്യങ്ങളെ കുറിച്ച് മാത്രം സംസാരിക്കേണ്ട സമയമാണിത്

പ്രവാസികളോടാണ് പറയാനുള്ളത്. എന്തെങ്കിലും ചെറിയ ജോലിയെങ്കിലും ഉണ്ടെങ്കിൽ ഇപ്പോൾ നിങ്ങൾ നിൽക്കുന്ന ഇടത്ത് പിടിച്ച് നിൽക്കേണ്ട അവസരമാണ്. ജോലി പോയവർ മറ്റു ജോലികളിൽ കയറാൻ പറ്റാത്തതിനാൽ നാട്ടിൽ പോകട്ടെ. അവർക്ക് പോകാനുള്ള സൗകര്യം ഒരുക്കി കൊടുക്കുക.

കേരളം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അനുദിനം പോസ്റ്ററ്റീവ് കേസുകൾ കൂടുകയാണ്. വിദേശത്തു നിന്നും അതിൽ കൂടുതൽ അന്യ സംസ്ഥാനത്തു നിന്നും വരുന്നവരിലൂടെയുമാണ് അസുഖത്തിന്റെ തോത് വർദ്ധിക്കുന്നത്.
വിമാനത്തിലായാലും ട്രെയിനിലായാലും ബസ്സിലായാലും അസുഖമുള്ളവരുടെ കൂടെ യാത്ര ചെയ്യുമ്പോൾ വൈറസ് പകരുക സ്വാഭാവികമാണ്. അത്തരം സാഹചര്യം ഇല്ലാതാക്കാൻ ആർക്കും കഴിയുന്നില്ല. പലർക്കും അതൊക്കെ അറിയാമെങ്കിലും തങ്ങളുടെ കക്ഷി രാഷ്ട്രീയത്തിന്റെ ചട്ടക്കൂടിനപ്പുറത്തേയ്ക്ക് വായ തുറക്കാൻ ആരും ശ്രമിക്കില്ല.

കോവിഡ് ലോകം മുഴുവന്‍ ഉണ്ടെന്നും അതിന്റെ ആഘാതം സമൂഹത്തിന്റെ എല്ലാ കോണിലും ഉള്ളവരേയും നേരിട്ടു ബാധിക്കുമെന്നും നമുക്കറിയാമെങ്കിലും,മറ്റൊരു തരത്തിൽ ഇതേറ്റവും കൂടുതൽ ആഘാതമേൽപ്പിക്കുന്നത് കേരളത്തെ ആയിരിക്കും. ഗള്‍ഫ് മേഖലയില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നത് ജനലക്ഷങ്ങളാണ്. കേരളത്തിലേക്കുള്ള പ്രവാസി പണത്തിന്റെ ഒഴുക്കുണ്ടായിരുന്നത് നിലയ്ക്കുകയാണ്. അത് കേരളത്തിന്റെ നിര്‍മ്മാണ രംഗത്തെയും സാരമായി ബാധിക്കും. പ്രവാസിപ്പണത്തിന്റെ വരവ് കുറയുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും അവതാളത്തിലാക്കും.

കേരളത്തെ നിലനിർത്തി പോന്നതിൽ ഒരു രാഷ്ടീയ പാർട്ടികൾക്കും പങ്കില്ലായെന്ന് പറയാൻ പ്രവാസികൾക്ക് ആരേയും ഭയപ്പെടേണ്ട കാര്യമില്ല. അത് പ്രവാസിയുടെ വരുമാനത്തിൽ നിന്നുകൊണ്ട് മാത്രമാണ് ഊറ്റം കൊണ്ടിരുന്നതാണ്.ലോകം കോവിഡിനോടൊപ്പം ജീവിക്കാൻ ശീലിക്കുകയാണ് യു.എ.ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ജീവിതം സാധാരണ ഗതിയിലേക്ക് കൊണ്ടുവരുവാൻ ശ്രമിക്കുമ്പോൾ, കേരളം കോവിഡ് പോസറ്റീവ് കേസുകളുടെ എണ്ണത്താൽ നട്ടംതിരിയുന്ന സ്ഥിതിയിലേക്കാണ് പോകുന്നത്. അത്രയധികം ആളുകൾ കേരളത്തിലേക്ക് എങ്ങനെയെങ്കിലും എത്തിപ്പെടാൻ ഏതെങ്കിലും വഴികളിലൂടെ ശ്രമിക്കുകയാണ്.

അത്തരമൊരു സാഹചര്യത്തിലാണ് പറയുന്നത് ഏന്തെങ്കിലും ഒരു കച്ചിത്തുരുമ്പ് കയ്യിലുണ്ടെങ്കിൽ അത് ഉപേക്ഷിച്ച് ഇപ്പോൾ നാട്ടിലേക്ക് കയറി പോകരുത്. ചാർട്ടഡ് ഫ്ലൈറ്റ് പോകുന്നുണ്ട്’ കൂട്ടുകാരനൊക്കെയുള്ള സംഘടനയാണ് ഒന്നു ശ്രമിച്ചു നോക്കാം കിട്ടിയാൽ ഊട്ടി എന്ന രീതിയിൽ, ഉള്ള ജോലിയും കളഞ്ഞ് പോകരുത്. ചാർട്ടഡ് ഫ്ലൈറ്റിൽ എങ്ങനെയെങ്കിലും ഒരു സീറ്റ് തരപ്പെടുന്നതാവരുത് നമ്മുടെ തിരിച്ചു പോക്കിന്റെ മാനദണ്ഡം. കേരളം സ്വർഗ്ഗമോ പറുദീസയോ അല്ല. അസുഖക്കാർ കൂടി വരുന്തോറും കേരളമൊരു ദുരന്തമുഖത്തേയ്ക്കാണ് സഞ്ചരിക്കുകയെന്ന് ഓർമ്മയുണ്ടാകുന്നത് നല്ലതാണ്.

അവിടെ ഒന്നും എടുത്തു വെച്ചിട്ടില്ല നിങ്ങൾക്ക് , നിങ്ങൾ തന്നെയാണ് നിങ്ങളുടേയും കുടുംബത്തിന്റേയും വരുമാന ശ്രോതസെങ്കിൽ രണ്ടാമതൊന്നു കൂടി ആലോചിച്ച് തീരുമാനം എടുക്കുക. പ്രായമായവരും മറ്റസുഖമുള്ളവരും സ്ത്രീകളും കുട്ടികളും, അത്യാവശ്യക്കാരും പോകട്ടെ. മഴയും പ്രളയവുമെന്ന ഭീകരത വരാനിനി ഒന്നോ രണ്ടോ മാസം മതി. കേരളത്തിന്റെ അവസ്ഥയെയത് രൂക്ഷമാക്കും.

ജോലിയുള്ളവർ ഇത് ഒരു തിരിച്ചറിവിന്റേയും തയ്യാറെടുപ്പിന്റേയും സമയമായി കണ്ട് അലർട്ട് ആയി ഇരിക്കാൻ ശ്രമിക്കുക. ബാദ്ധ്യതകൾ ഓരോന്നും അവസാനിപ്പിച്ച് സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാൻ പാകപ്പെടുകയാണ് വേണ്ടത്.
രമേഷ് പെരുമ്പിലാവ്