കൊറോണക്കാലത്തെ ഒരു ജോലി ദിനം

101

രമേഷ് പെരുമ്പിലാവ്

കൊറോണക്കാലത്തെ  ഒരു ജോലി ദിനം

കഴിഞ്ഞ വാരം ഷിഫ്റ്റ് ഡ്യൂട്ടി കഴിഞ്ഞ് വീക്കിലി ഓഫിലേക്ക് പോരുമ്പോൾ മാനേജർ അടിയന്തിര മീറ്റിംഗ് വിളിച്ചിരുന്നു. അടുത്ത മൂന്ന് നാൾ ഞങ്ങളുടെ ഓപ്പോസിറ്റ് ഷിഫ്റ്റാണ്. അതിനു ശേഷം ശനിയാഴ്ച ഒരു ദിവസം മാത്രമേ ഞങ്ങൾക്ക് ജോലി ഉണ്ടാവുകയുള്ളുയെന്ന് അദ്ദേഹം പറഞ്ഞു. വരാൻ പോകുന്ന രണ്ടാഴ്ചക്കാലം ഹാങ്ഗർ ഷട്ടൗൺ ചെയ്യുകയാണ്. ശനിയാഴ്ച വർക്ക് ഏരിയയിൽ ക്ലീനിംഗ് കാര്യങ്ങളിൽ എല്ലാവരും ശ്രദ്ധ കൊടുക്കണമെന്നും, ലോക്കറുകളും ഡ്രസ്സ് ചെയ്ഞ്ചിംഗ് ക്രൂ റൂമുമെല്ലാം വൃത്തിയാക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തിയിരുന്നു. പെയ്ൻറ് ഹാങ്ഗറിൽ ജോലി ചെയ്യുന്ന ഞങ്ങൾ നൂറ്റി അമ്പതോളം പേരെ ആഡ് ചെയ്ത് മാനേജർ ഒരു വാട്സപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുമെന്നും പറഞ്ഞു. മറ്റു വിവരങ്ങൾ ആ ഗ്രൂപ്പിൽ അപ്ഡേറ്റ് ചെയ്യും എന്നാണ് അറിയിപ്പുണ്ടായിരുന്നത്. പിന്നീട് ആദ്യ അവധി ദിനമായ ബുധനാഴ്ചയാണ് പുതിയ സാഹചര്യം ഉണ്ടാവുന്നത്. വ്യാഴം രാത്രി എട്ടുമുതൽ കടുത്ത നിയന്ത്രണമാണെന്നും ആരും പുറത്തിറങ്ങരുതെന്നും വാർത്തകളിൽ കാണുന്നത്, കേൾക്കുന്നത്. അപ്പോൾ മുതൽ മാനേജർ ഉണ്ടാക്കിയ ഗ്രൂപ്പിൽ സ്റ്റാഫുകൾ സംശയങ്ങളുമായി എത്താൻ തുടങ്ങി.

ഞങ്ങളുടെ എതിർ ഷിഫ്റ്റുകാരാണ് ആദ്യം ചോദ്യങ്ങൾ തുടങ്ങിയത്. ഫ്യുമിഗേഷനും സെറിലൈസേഷനും നടത്തുന്നതിൻ്റെ ഭാഗമായ കടുത്ത നിയന്ത്രണം, എയർപ്പോർട്ടിൽ ജോലിക്ക് വരുന്നവർക്ക് ബാധകമല്ലായെന്നും, ചെക്കിംഗ് ഉണ്ടായാൽ എയർപ്പോർട്ട് വർക്ക് പെർമിറ്റ് കാണിച്ചു കൊടുത്താൽ മതിയെന്നും സ്റ്റാഫ് ട്രാൻസ്പ്പോർട്ടേഷൻ ഉണ്ടായിരിക്കുമെന്നും മാനേജർ എല്ലാവരുടെ ചോദ്യങ്ങൾക്കും ഉത്തരം തന്നിരുന്നു. ആരും പാനിക്ക് ആവേണ്ടത്തില്ലെന്നും കമ്പനി നിങ്ങളുടെ കാര്യത്തിൽ വലിയ ജാഗ്രതയാണ് കാണിക്കുന്നതെന്നും മാനേജർ എല്ലാവരേയും അറിയിച്ചു.
കമ്പനിക്ക് മറ്റെന്തിനേക്കാളും ജോലിക്കാരുടെ സുരക്ഷയും സന്തോഷവുമാണ് പ്രധാനമെന്ന് വർഷങ്ങളുടെ പരിചയത്തിൽ മനസ്സിലാക്കിയിട്ടുള്ളതാണ്. ലോകം മുഴുവൻ വലിയ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്ത കാലങ്ങളിലൊന്നും ഒരു ജോലിക്കാരനെ പോലും കുറയ്ക്കാൻ കമ്പനി തയ്യാറായിട്ടില്ല. എന്നത് എല്ലാവർക്കും അറിയാവുന്ന സത്യവുമാണ്.

ഈ കഴിഞ്ഞ മൂന്ന് അവധി ദിവസങ്ങളിലും ഞങ്ങൾ പുലർത്തേണ്ട ജാഗ്രതയെ കുറിച്ചും വീട്ടിൽ തന്നെ ഇരിക്കേണ്ട ആവശ്യകതയെ കുറിച്ചും മാനേജർ വാട്സപ്പ് ഗ്രൂപ്പിലൂടെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു.
കാലത്ത് ജോലിക്ക് നേരത്തെ പോകേണ്ടതിനാൽ പോലീസ് അനുമതി വാങ്ങാൻ ഞാൻ ‘മൂവ് പെർമിറ്റ് ‘എന്ന ആപ്പിൽ ഡിറ്റെയിൽസ് സബ്മിറ്റ് ചെയ്തിരുന്നു. അഞ്ച് മിനിട്ടു കൊണ്ട് അതിനുള്ള പെർമിറ്റ് എസ് എം എസ് ആയി അയച്ചു തന്നു. പതിവുപോലെ കാലത്ത് മൂന്ന് അമ്പതിന് അലാറം തലയ്ക്കടിച്ചു. അഞ്ച് മിനിട്ടുകഴിഞ്ഞ് മൊബൈൽ റിമൈൻഡർ കുലുക്കിയുണർത്തിയപ്പോൾ എഴുന്നേറ്റ് ഒരു കപ്പ് ചുടുവെള്ളം കുടിച്ച്, പ്രഭാതകൃത്യങ്ങളിലേയ്ക്ക് കടന്നു. നാലേ അമ്പത്തിയഞ്ചിന് ഭക്ഷണമടങ്ങുന്ന ബാഗുമായി പുറത്തിറങ്ങി.  കൈയ്യിൽ ഗ്ലൗസ്സ് ഇട്ടാണ് ഈ ദിനങ്ങളിൽ പുറത്തിറങ്ങാറുള്ളത്. ലിഫ്റ്റ് ഉപയോഗിക്കാനും മറ്റും അത് സുരക്ഷയാണ്. സമയത്തിന് കൃത്യത പാലിക്കുന്നതിന് ഒരു പ്രധാന കാരണം, അഞ്ച് മണിക്ക് പ്രവാസി ഭാരതി റേഡിയോവിൽ വാർത്തകളുണ്ടാവും എന്നതാണ്. വണ്ടി സ്റ്റാർട്ട് ചെയ്ത് കമ്പനിയുടെ പാർക്കിംഗ് വരെ വാർത്ത കേൾക്കാം എന്നത് വലിയ കാര്യമാണ്. ഒരു ദിവസം തുടങ്ങുന്നത് ആ ലോകകാര്യങ്ങൾ കേട്ടുകൊണ്ടാണ്.

സാധാരണ ഈ സമയത്തു പോലും ഓരോ സിഗ്നലിലും നിരവധി വാഹനങ്ങൾ ഉണ്ടാവാറുണ്ടെങ്കിലും ഇന്ന് വീഥിയെല്ലാം വിജനമാണ്. ഒരു ഭരണകൂടം സുരക്ഷയ്ക്കായി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ അവിടെത്തെ അന്തേവാസികൾ എങ്ങനെ അനുസരിക്കുന്നുവെന്നതിന് അറബ് രാജ്യങ്ങൾ ലോകത്തിന് തന്നെ മാതൃകയാണ്. വണ്ടി പാർക്ക് ചെയ്ത് പോലീസ് കാവൽ നില്ക്കുന്ന സ്‌കാനിംഗ് സുരക്ഷാ കവാടത്തിലൂടെയാണ് എയർപ്പോർട്ടിലേക്ക് പ്രവേശിക്കുന്നത്. ഈ ഗേറ്റ് ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കും. പോലീസുകാരെല്ലാം കയ്യുറകളും മാസ്ക്കും ധരിച്ചിട്ടുണ്ട്. ഇപ്പാേൾ ആ കവാടത്തിൽ പുതിയതായി ടെമ്പറേച്ചർ റീഡ് ചെയ്യുന്ന മെഷ്യൻ കൂടി ഘടിപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പ് സെക്യൂരിറ്റിയിലെ രണ്ട് ഉദ്ധ്യോഗസ്ഥരവിടെ പുതിയതായി ജോലി ചെയ്യുന്നുണ്ട്. എല്ലാവരും അതീവ സുരക്ഷാ ജാഗ്രതയോടെ, നിശ്ചിത അകലം പാലിക്കാൻ ഓറഞ്ച് നിറത്തിൽ കള്ളികൾ അടയാളപ്പെടുത്തിയിട്ടുണ്ട് തറയിൽ. സുരക്ഷാ നിയമങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് ഓരോരുത്തരേയും അകത്തേയ്ക്ക് പ്രവേശിപ്പിക്കുന്നത്.
ആറ് മണിക്ക് എല്ലാവരും പെയ്ൻ്റ് ഷോപ്പിലെ മീറ്റിംഗ് സ്ഥലത്ത് ഒത്തുകൂടി. ‘എച്ച്’ ഹാങ്ഗറിലെ ഒരു വിഭാഗമാണ് പെയ്ൻ്റ് ഷോപ്പ്. എ മുതൽ എൽ വരെ പന്ത്രണ്ട് ഹാങ്ഗറുകളാണ് എമിറേറ്റ്സിൻ്റെ എഞ്ചിനീറിംഗ് മെയിൻ്റനൻസ് വിഭാഗത്തിലുള്ളത്. ഓരോ ഹാങ്ഗറിലും ഓരോ എയർഗ്രാഫ്റ്റുകൾ നിർത്തിയിടാനുള്ള സൗകര്യങ്ങളാണ് ഉള്ളത്. അത്തരത്തിൽ വിമാനം എക്സ്റ്റീരിയർ പെയ്ൻ്റ് ചെയ്യുന്നതിനുള്ളതാണ് ഞങ്ങളുടെ ഹാങ്ഗർ. വിമാനത്തിലെ ഇൻ്റീരിയർ പാട്സുകൾ പെയ്ൻ്റ് ചെയ്യുന്നതിനുള്ള ഇടമാണ് പെയ്ൻ്റ് ഷോപ്പ് അഥവാ വർക്ക്ഷോപ്പ്.

ബ്രിട്ടീഷ്കാരനായ ഇയാനും സിംബാവക്കാരായ തബാനിയും, ഫെറായിയും ഫിലിപ്പൈൻ സ്വദേശി റാണ്ടിയുമാണ് ഇന്നത്തെ എഞ്ചിനീയർമാർ. ഇയാൻ കോവിഡ് 19 നുമായി ബന്ധപ്പെട്ട സുരക്ഷാ ബ്രീഫിംഗും നാളെ മുതൽ ജോലി ഉണ്ടായിരിക്കില്ലെന്നും വീട്ടിൽ തന്നെ കഴിഞ്ഞുകൂടേണ്ട പ്രാധാന്യത്തെ കുറിച്ചും വിശദീകരിച്ചു. എല്ലാം ശരിയാവുമെന്നും, ആരും ഭയപ്പെടേണ്ടതില്ലെന്നും രണ്ടാഴ്ച കഴിഞ്ഞാൽ നാം ജോലി പുനരാരംഭിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എല്ലാവർക്കും ഗുഡ് ഡേ ആശംസിച്ച് അദ്ദേഹം തൻ്റെ ക്യാമ്പിനിലേയ്ക്ക് മടങ്ങി. തബാനിയും ഫെറായിയും മറ്റുള്ള ഹാങ്ഗറിലേക്ക് തങ്ങളുടെ പെയിൻ്റ് ടെക്നിഷ്യൻസിനെ കൊണ്ടുപോയപോൾ റാണ്ടി പെയിൻ്റ് ഷോപ്പിൻ്റെ കൺട്രാൾ ഏറ്റെടുത്തു. അന്ന് ചെയ്യേണ്ട ജോലികളുടെ ടാസ്ക് ഓഡറുകളും ഫ്ലോചാർട്ടുകളും തന്നു. കൃത്യം മൂന്ന് മണിക്ക് എല്ലാ ജോലികളും അവസാനിപ്പിച്ച് വർക്ക് ചെയ്യുന്ന ഇടങ്ങൾ ക്ലീനിംഗ് ചെയ്യാൻ ആരംഭിക്കണമെന്നും നിർദ്ദേശിച്ചു. ഞാനും ഫിലിപ്പൈനി ഡേവിഡ് വിലോറിയുമാണ് ഞങ്ങളുടെ വുഡ് ഗ്രൈൻ റിപ്പയറിംഗ് ഏരിയയിലുള്ളത്.ലിറ്റോ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടാത്തതിനാൽ കുറച്ചു നാളായി മറ്റൊരു വിഭാഗത്തിൽ ലൈറ്റ് ഡ്യൂട്ടി ചെയ്യുകയാണ്. സാധാരാണ ഉണ്ടാവാറുള്ള ട്രാൻസ്ഗാഡിൻ്റെ ഹെൽപ്പേഴ്സ് ഒരാഴ്ചയായി വരുന്നില്ല. അതിനാൽ ഞങ്ങൾക്ക് നല്ല വർക്ക് ലോഡുണ്ട്. ചെയ്യുന്ന ജോലികൾ സിസ്റ്റത്തിൽ അപ്ഡേറ്റ് ചെയ്ത് ജോലി തുടങ്ങിയപ്പോൾ റാണ്ടി ഹൈദ്രബാദുകാരൻ ബഷീറിനെ കൂടി ഞങ്ങളുടെ സഹായത്തിന് തന്നു.
ഡേവിഡ് ഡിസൈനിംഗ് ജോലികളിലേക്ക്‌ തിരിഞ്ഞു ചെറിയ എയർ ബ്രഷു കൊണ്ട് ആർട്ടിഫിഷ്യൽ വുഡ് പാർട്സുകളിൽ വന്ന സ്ക്രാച്ചുകളും തേയ്മാനങ്ങളും വരച്ച് ചേർക്കുന്ന ജോലിയാണ് ഞങ്ങളുടേത്.

കഴിഞ്ഞ ദിവസം ചെയ്ത വർക്കുകൾ ക്ലിയർക്കോട്ട് അടിച്ച് ഉണങ്ങിയിരിക്കുന്നത്, ഫൈനൽ ടെച്ച് അപ്പ് നടത്തി പോളീഷ് ചെയ്ത് .റിലീസ് ഏരിയയിലേക്ക് മാറ്റിവെയ്ക്കുന്നതാണ് എൻ്റെ ഇന്നത്തെ ജോലി. അതതിൻ്റെ വിഭാഗങ്ങളിലേക്ക് കടലാസുകൾ ക്ലോസ് ചെയ്ത അയക്കുന്നത് പാക്കിസ്ഥാൻകാരൻ ഫൈസൽ താജും പിലിപ്പൈൻകാരൻ ഏർണിയുമാണ്.ജോലിക്കിടയിൽ പലപ്പോഴും കോവിഡ് വരുത്തിവെച്ച ഭീകരത തന്നെയായിരുന്നു എല്ലാവരുടേയും ആശങ്ക. സിംബാവക്കാരൻ സിബാണ്ടയും ബോംബേക്കാരൻ ലത്തീഫ് ഭായിയും ഇസ്ലാമബാദ് കാരൻ മൻസൂർ ഭായിയും ബംഗ്ലാദേശി ഷിഹാബും ശ്രീലങ്കൻ പ്രിയന്തയും നേപ്പാളി ശരവണനും തിരുവനന്തപുരത്തുകാരൻ ദിനേശേട്ടനും, തമിഴൻ മിസ്ബുള്ളയും പറയുന്നത്, ആശങ്കപ്പെടുന്നത് ഒരേ കാര്യം, ഒരേ സങ്കടങ്ങൾ. നാട്ടിൽ ഇനി എന്ന് പോകാൻ കഴിയുമെന്നാണ് എല്ലാവരുടേയും ചിന്തകൾ.

കൃത്യമായി ജോലിയും ശമ്പളവും ഉള്ളപ്പോൾ പോലും മനുഷ്യരൊക്കെ ലോണും, ക്രെഡിറ്റ് കാർഡും മറ്റ് കട ബാധ്യതകളുമായി കെട്ട് പിണഞ്ഞ് കിടക്കുന്ന കാലമാണ്. അത്തരമൊരവസ്ഥയിൽ ജോലിയ്ക്കെന്തെങ്കിലും സംഭവിച്ചാൽ കിട്ടുന്ന വരുമാനം കൂടി ഇല്ലാതായാൽ എന്തു ചെയ്യുമെന്ന് വലിയ ആശങ്ക പലരും പറയാതെ പറയുന്നുണ്ട്. ഭക്ഷണം കഴിക്കുന്ന സമയത്താണ് മിഥുൻ കേരളത്തിൽ ആദ്യ കോവിഡ് മരണം നടന്ന വാർത്ത പറയുന്നത്. ജോലി സമയത്ത് വാർത്തകളൊന്നും ശ്രദ്ധിക്കാൻ കഴിയാറില്ല. അവനപ്പോൾ 24 ചാനൽ വെച്ചതാണ്. ഒരിക്കലും കേൾക്കരുത്. എന്ന് കരുതിയ ഒരു വാർത്ത. ഇനിയത് ആവർത്തിക്കാതിരിക്കട്ടെ എന്നാണ് അപ്പോൾ മനസ്സിൽ ആഗ്രഹിച്ചത്.
കുബ്ബൂസ് ചൂടാക്കിയതും കേബേജ് തോരനും കൂട്ടി ഭക്ഷണം കഴിച്ച് വന്നപ്പോഴേ ലത്തീഫ് ഭായിയും കർണ്ണാടകക്കാരൻ ആനന്ദ് സ്വാമിയും കോഴിക്കോട്ടുകാരൻ രാമകൃഷ്ണനുമൊക്കെ ക്ലീനിംഗ് കാര്യങ്ങൾ തുടങ്ങിയിരുന്നു. ബർക്കലി എന്നൊരു ക്ലീനിംഗ് കമ്പനിയാണ് എയർപ്പോർട്ടിലെ ക്ലീനിംഗ് കാര്യങ്ങളുടെ ചുമതല. ബംഗാളികളായ മൂസയും ആരിഫുമാണ് പെയിൻ്റ് ഷോപ്പിലെ ക്ലീനേഴ്സ് അവർ എല്ലാ കാര്യങ്ങൾക്കും മുന്നിലുണ്ട്. ഞാനും ബഷീറും കൂടി വുഡ് ഗ്രൈൻ ഏരിയയിലെ ടേബളിലെ പേപ്പർ മാറ്റി പുതിയവ മാസ്കിംഗ് ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചു. മേശയ്ക്ക് കീഴിലും റാക്കിന് മുകളിലും മറ്റും വൃത്തിയാക്കാൻ തുടങ്ങി. ഡേവിഡിൻ്റെ ഡിസൈനിംഗ് തീർന്നിട്ടില്ല.

എഞ്ചിനീയർ ഇയാൻ ഇടയ്ക്ക് വന്ന് എല്ലായിടവും പരിശോധിക്കുന്നുണ്ട്. വേണ്ട നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. റാണ്ടി ഇന്നത്തെ ജോലിയുടെ അപ്പ്ഡേറ്റ്സ് വന്ന് വാങ്ങി. ഇടയ്ക്ക് ഒന്നു രണ്ടു പേരെ മറ്റ് ഹാങ്ഗറുകളിൽ പോയി എടുക്കാൻ റാണ്ടി എന്നെ ക്ലബ്കാറുമായി പറഞ്ഞയച്ചു. വഴിയിൽ കാണുന്ന പരിചയക്കാരെല്ലാം നാളെ മുതൽ വീട്ടിൽ ഇരിക്കേണ്ട പ്രധാന്യം ഓർമ്മപ്പെടുത്തി. ചിലരോടെല്ലാം ഞാനും അതു തന്നെ പറയുന്നുണ്ടായിരുന്നു. അഞ്ചു മണിക്ക് എല്ലാ ജോലികളും ക്ലീനിംഗ് പരിപാടികളും അവസാനിച്ചു. അപ്പോഴാണ് നീതുവിൻ്റെ മെസേജൊക്കെ നോക്കുന്നത്. ഇന്ന് തിരക്കായതിനാൽ ഓൺലൈൻ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. മാസ്ക്ക് ധരിക്കാനും കയ്യുറകൾ ഉപയോഗിക്കാനും ഓർമ്മപ്പെടുത്തുന്നതാണ് നീതുവിൻ്റെ സന്ദേശങ്ങളിലധികവും. നാട്ടിലവർ വീടിനുള്ളിലായതിനാൽ സുരക്ഷിതരാണെന്നും മറ്റുള്ളവരുമായി ഇടപെടുന്ന നിങ്ങളുടെയൊക്കെകാര്യത്തിലാണ് ഭയമെന്നവളുടെ വാക്കുകൾക്ക് സങ്കടത്തിൻ്റെ നനവുണ്ടായിരുന്നു.

ഡ്രസ്സിംഗ് , ലോക്കർ മുറി കൂടി ക്ലീൻ ചെയ്ത് യാത്ര പറഞ്ഞ്‌ പിരിയുമ്പോൾ വീട്ടിൽ ഇരിക്കണമെന്നും ആരും പുറത്തിറങ്ങരുതെന്നും എല്ലാവരും പരസ്പരം ഓർമ്മപ്പെടുത്തുന്നുണ്ടായിരുന്നു. ബർക്കലിയിലെ സൂപ്രവൈസർ ആരിഫിനോട് നാളെ നിങ്ങൾക്കും അവധിയാണോ എന്ന് ചോദിച്ചപ്പോൾ, തങ്ങൾക്ക് നാളെ വന്ന് ഫൈനൽ ക്ലിനിംഗ് ചെയ്യേണ്ടതുണ്ട് എന്ന് എന്നിട്ടേ അറിയുകയുള്ളു ഞങ്ങളുടെ കാര്യം എന്ന് അയാൾ പറഞ്ഞു. ഇയാൻ ഒരിക്കൽ കൂടി എല്ലാവരേയും സുരക്ഷയെ കുറിച്ചു ഓർമ്മിപ്പിച്ചു. എയർക്രാഫ്റ്റ് വാട്സപ്പ് ഗ്രൂപ്പ് ശ്രദ്ധിക്കണമെന്നും ഓർമ്മപ്പെടുത്തി.

ഗേറ്റിൽ ആളുകൾ അകലം പാലിച്ച് ക്യൂ നിൽക്കുന്നുണ്ട്. ചില പരിചയക്കാർ ചിരിച്ച്, വർത്തമാനം പറഞ്ഞ് വിശേഷങ്ങൾ ചോദിച്ചു. ആറു മണി കഴിയാതെ പുറത്തിറങ്ങാൻ പറ്റില്ലെന്ന് സെക്ക്യൂരിറ്റി എല്ലാവരോടും പറയുന്നുണ്ട്. കൃത്യം ആറടിച്ചപ്പോൾ പോലീസ് ഓരോരുത്തരെയായി പുറത്തിറങ്ങാൻ അനുവദിച്ചു. സാനിടെെസർ ഉപയോഗിച്ച് കൈ കഴുകി പാർക്കിംഗിലേക്ക് നടക്കുമ്പോൾ പന്ത്രണ്ട് വർഷമായി ജോലി ചെയ്യുന്ന സ്വന്തം വീടുപോലെയുള്ള ഇടത്തെ ഒന്നുകൂടി തിരിഞ്ഞു നോക്കി. താഴെ വീണപ്പോൾ താങ്ങി നിർത്തി, മറ്റുള്ളവർക്കൊപ്പം നിൽക്കാൻ പ്രാപ്തി തന്നത് ഇവിടമാണ്.
മനസ്സിലൊരു സങ്കടം വന്ന് കണ്ണ് നിറഞ്ഞത് എന്തിനെന്ന് ഇപ്പോഴും ഒരു നിശ്ചയവുമില്ല.