സുപ്രീം കോടതി പറഞ്ഞതിലൊന്നും ആരും ഭയപ്പെടേണ്ടതില്ല

50

രമേഷ് പെരുമ്പിലാവ്

പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുവാനുള്ള ഒരുക്കങ്ങൾക്ക് സാവകാശം വേണമായിരിക്കും.കേരളത്തിലടക്കം ലക്ഷക്കണക്കിന് പ്രവാസികളാണ് ഗൾഫു രാജ്യങ്ങളിലുള്ളത്. ഏറ്റവും കൂടുതൽ പ്രവാസികളെ സ്വീകരിക്കേണ്ടി വരുക കേരളത്തിനായിരിക്കും. തിരിച്ചു വരുന്നവരെ മൂന്നോ നാലോ ആഴ്ചയും, അസുഖം കണ്ടെത്തുന്നവരെ അതിനു ശേഷവും നിരീക്ഷണത്തിൽ വെയ്ക്കാൻ വലിയ സന്നാഹങ്ങൾ തന്നെ സജ്ജീകരിക്കേണ്ടതുണ്ട്. അതുകൊണ്ടാവണം തീരുമാനം വൈകുന്നത്. താമസിയാതെ ഉചിതമായ തീരുമാനം അധികാരികൾ കൈക്കൊള്ളുമെന്ന് നമുക്ക് പ്രത്യാശിക്കാം.

കേരളം തങ്ങളുടെ സംസ്ഥാനത്തുള്ള പ്രവാസികളെ കോററ്റൈയിൻ ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. കേരളത്തിലെ നിരവധി സംഘടകളും അതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് എന്നതൊരു മികച്ച ചുവടുവെപ്പാണ്.  പക്ഷേ, കേരളത്തെ പോലെയല്ല മറ്റ് സംസ്ഥാനങ്ങളുടെ അവസ്ഥ. കേന്ദ്രത്തിൽ ഇത്തരം മാനുഷിക കാര്യങ്ങളിൽ ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ ഇല്ല എന്നതാണ് തീരുമാനങ്ങൾ വൈകുന്നത്. പ്രത്യേകിച്ച് മുടക്കുമുതലുകളില്ലാത്ത പ്രഖ്യാപനങ്ങൾ മാത്രമാണ് കേന്ദ്രം ലോക്ക് ഡൗൺ നടപ്പാക്കിയതു മുതൽ പറഞ്ഞു വരുന്നത്.

സുപ്രീം കോടതി പറഞ്ഞതിലൊന്നും ആരും ഭയപ്പെടേണ്ടതില്ല. കുറച്ചു കാലമായി കേന്ദ്രം പറയുന്നതിനെ അതേ വണ്ണം അനുകരിക്കുന്ന ഒരു ബഞ്ചാണ് സുപ്രീം കോടതിയിൽ ഇക്കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് നാമൊക്കെ കണ്ടതാണ്. പ്രവാസി സഹോദരങ്ങൾ ഭയചകിതരാവാതിരിക്കാൻ വാർത്താ മാദ്ധ്യമങ്ങൾ ജാഗ്രത പാലിക്കണം. മാദ്ധ്യമങ്ങൾ ഓരോരുത്തരും തങ്ങളായിരിക്കണം ഏറ്റവും പേടിപ്പെടുത്തുന്ന വാർത്തകൾ ആദ്യം പുറത്ത് വിടേണ്ടവർ എന്ന വിധമുള്ള മത്സരം നിർത്തണം.
കെ.എം.സി.സി. ഇൻകാസ് പോലുള്ളവരുടെ നേതൃത്വത്തിൽ ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചു നടക്കുന്ന ആരോഗ്യ- സുരക്ഷാ ബോധവൽക്കരണവും, നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് അസുഖബാധിതരെ പുനരധിവസിക്കുന്ന പ്രവർത്തനങ്ങളും ഏറെ ശ്ലാഘനീയമാണ്. നാട്ടിലേക്ക് ആദ്യം പോകേണ്ടവരുടെ ലിസ്റ്റും തയ്യാറാക്കാനുള്ള തയ്യാറെടുപ്പകൾ വേണം. അംഗീകാരമുള്ള സംഘടനകളിലൂടെ കൂടുതൽ പേരെ ഇക്കൂട്ടത്തിൻ്റെ ഭാഗമാക്കാൻ ശ്രമിക്കണം.

എത്രയും പെട്ടെന്ന് നാട്ടിലേക്ക് അടിയന്തിരമായി പോകേണ്ടവരുടെ കാര്യങ്ങൾക്ക് ഒരു തീരുമാനം ഉണ്ടാകും എന്ന് തന്നെ നമുക്ക് ആശിക്കാം. കൂട്ടരെ ധൈര്യം കൈവിടാതിരിക്കുക. ആരോഗ്യ സംരക്ഷകരുടെ നിർദ്ദേശ പ്രകാരം സുരക്ഷിതരായി ഇരിക്കാൻ ശ്രദ്ധിക്കുക.
നമുക്ക് ആരുടേയും ഔദാര്യത്തിന് വേണ്ടി കൈ നീട്ടേണ്ടതില്ല. നാം അതിജീവിക്കുക തന്നെ ചെയ്യും. അതിനു വേണ്ടത്, നമുക്ക് മുമ്പ് ഇല്ലാതിരുന്ന, നാം മുമ്പ് ശീലിച്ചിട്ടില്ലായിരുന്ന, നാം ഒരിക്കലും ചിന്തിക്കാതിരുന്ന സ്വയം കരുതലാണ് വേണ്ടത്.