കൊച്ചു കൊച്ചു പ്രാർത്ഥനകളുടെ മെഴുകുതിരി വെളിച്ചങ്ങൾ, കപ്പേള

65

Ramesh Perumpilavu

കൊച്ചു കൊച്ചു പ്രാർത്ഥനകളുടെ മെഴുകുതിരി വെളിച്ചങ്ങൾ, കപ്പേള

നടനും സംവിധായകനുമായ മുഹമ്മദ് മുസ്തഫയാണ് ‘കപ്പേള’ എന്ന സിനിമയുടെ സംവിധായകൻ. ശ്രീനാഥ് ഭാസി അവതരിപ്പിച്ച റോയിയുടെ കൂട്ടുകാരനായി സംവിധായകനും ഈ ചിത്രത്തിൽ ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ‘ഐൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പരാമർശം നേടിയ നടനാണ് മുഹമ്മദ് മുസ്തഫ. അമൃത ടിവിയിലെ ബെസ്റ്റ് ആക്ടർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മുസ്തഫ ശ്രദ്ധേയനാവുന്നത്.

ജീവിതം എപ്പോൾ വേണമെങ്കിലും തകിടം മറിയാം. പ്രതീക്ഷിക്കുന്നതു പോലെയല്ല അത് പലപ്പോഴും സഞ്ചരിക്കുന്നത്. അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന പ്രതിസന്ധികളും അഴിഞ്ഞു വീഴുന്ന മുഖമൂടികളും ജീവിതത്തെ സങ്കീർണമാക്കും. അതിനെ മറികടന്നാല്‍ കൂടുതൽ കരുത്തോടെയും പ്രതീക്ഷയോടെയും വീണ്ടും മുന്നോട്ടു പോകാം. അന്ന ബെൻ അവതരിപ്പിക്കുന്ന നായിക ജെസി, ശ്രീനാഥ് ഭാസിയുടെ റോയ്, റോഷൻ മാത്യു അവതരിപ്പിക്കുന്ന ഓട്ടോക്കാരൻ വിഷ്ണു തുടങ്ങിയ കേന്ദ്ര കഥാപാത്രങ്ങളിലൂടെയാണ് ‘കപ്പേളയുടെ കഥ ചുറ്റിത്തിരിയുന്നത്
തയ്യൽ ജോലി ചെയ്യുന്ന ജെസിയുടെ അമ്മയ്ക്ക് വേണ്ടി ബ്ലൗസിന്റെ അളവ് ചോദിച്ച് ഉഷ എന്ന സ്ത്രീയെ ജെസി വിളിക്കുമ്പോൾ തെറ്റിപ്പോകുന്ന ഒരക്കം ഒരു പെൺകുട്ടിയുടെ ജീവിതത്തെ ഏതൊക്കെ വഴികളിലൂടെ സഞ്ചരിപ്പിക്കുന്നുവെന്ന് കാണിച്ചു തരുന്നു കപ്പേള.

പെൺകുട്ടികൾ വളർന്നു വരുമ്പോൾ എത്ര ശ്രദ്ധയോടെ ജാഗ്രതയോടെ ജീവിക്കണം ഒരച്ഛൻ എന്നത്, ജെസിയുടെ അച്ഛൻ പുറമേ പ്രകടിപ്പിക്കുന്ന ദേഷ്യത്തിലൂടെ കൃത്യമായി പറയുന്നത്, കാഴ്ചക്കാരന് ഒരച്ഛൻ ഇങ്ങനെയൊക്കെ പെരുമാറേണ്ടതുണ്ടോയെന്ന് തോന്നാം. പക്ഷേ അച്ഛന്റെ ചിന്തകളിലൂടെയാണ് കാലം സഞ്ചരിക്കുന്നതെന്ന് സിനിമ പറയുന്നു.പൂവർമല എന്ന മലയോരഗ്രാമത്തിലാണ് ജെസി, ചാച്ചനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം ജീവിക്കുന്നത്. നമ്പർ തെറ്റി പോകുന്ന ഒരു ഫോൺ കോൾ ഓട്ടോറിക്ഷ ഡ്രൈവറായ ‌വിഷ്ണുവിലേക്ക് (റോഷൻ മാത്യു) അവളെ അടുപ്പിക്കുന്നു. നേരിട്ടു കാണാതെ ഇരുവരും പ്രണയിക്കുന്നു. പ്രണയകാലത്തെ ഒരു പെൺകുട്ടിയുടെ ജീവിതം അത്ഭുതപ്പെടുത്തുന്ന സ്വാഭാവിക ഭാവങ്ങളോടെ രഹസ്യാത്മകതയോടെ, അന്ന ബെൻ അവിസ്മരണീയമായി അവതരിപ്പിക്കുന്ന നിരവധി മുഹൂർത്തങ്ങൾ ഈ ചിത്രത്തിലുണ്ട്.

Kappela' review: A perspective-altering drama- The New Indian Expressഇതിനിടയിൽ ജെസിക്ക് ഗ്രാമത്തിലെ സമ്പന്നനായ ബെന്നിയുടെ (സുധി കോപ്പ) വിവാഹാലോചന വരുന്നു. തന്റെ സമ്മതം പോലുമില്ലാതെ വിവാഹം നടക്കുമെന്ന് ജെസി ഭയപ്പെടുന്നു. നൂറ് മെഴുകുതിരി കത്തിക്കാമെന്ന പ്രാർത്ഥനയിൽ ജെസിയുടെ വിവാഹം തൽക്കാലം മുടങ്ങുന്നുണ്ടെങ്കിലും ബെന്നിയുടെ അമ്മ സമ്മതിക്കുന്നതോടെ ജെസി വിഷ്ണുവിനെ തേടി കോഴിക്കോട്ടേയ്ക്ക് യാത്ര പോകുന്നു.സിനിമ തുടങ്ങുന്നത് കോഴിക്കോട്ടേയ്ക്ക് യാത്ര പുറപ്പെട്ട വണ്ടിയിൽ ജെസി ഇരിക്കുമ്പോഴാണെങ്കിലും, കഥ പറയുന്ന സംവിധായകന്റെ മികവ് ഫ്ലാഷ് ബാക്കിലേക്ക് കാഴചയെ കൊണ്ടുപോകുന്നു. ലക്ഷ്മി എന്ന കൂട്ടുകാരിയായി അഭിനയിച്ച നിൽജ കെ ബേബിയും തന്റെ ചെറിയ വേഷത്തിലൂടെ, തൊട്ട വീട്ടിലെ കുട്ടിയെ ഹൃദ്യമായി അവതരിപ്പിച്ചു. കോഴിക്കോടെത്തുമ്പോൾ സംഭവിക്കുന്ന ചില ആകസ്മിതയിൽ ജെസിയുടെ യാത്രയ്ക്ക് എന്ത് സംഭവിച്ചുവെന്ന് കാഴ്ചക്കാരന് ഉദ്ദ്വേഗമുണ്ടാക്കി മറ്റൊരാളുടെ ജീവിതത്തിലേക്ക് ക്യാമറ തിരിച്ചു വെച്ചത് എന്തിനെന്ന് ചിന്തിച്ചു പോകും നാം. കാരണം അതുവരെ കാണാത്തവരുടേതു കൂടിയാവുന്നു പിന്നീട് സിനിമ.

‌റോയ് എന്ന ബിരുദ്ധധാരിയുടെ (ശ്രീനാഥ് ഭാസി) അരാജകമെന്ന് തോന്നിക്കുന്ന ജീവിതവും അവന്റെ ചുറ്റുവട്ടങ്ങളും സിനിമയിൽ നിറയുന്നു. സങ്കീർണതയും ആകാംക്ഷയും നിറയുന്ന തലത്തിലേക്ക് സിനിമ ഇവിടെ ഗതി മാറുന്നു. സംഘർഷങ്ങളിലൂടെയും സങ്കീർണതകളിലൂടെയും സിനിമ കടന്നു പോകുമ്പോൾ പ്രേക്ഷകന്റെ നെഞ്ചിടിപ്പു വർദ്ധിപ്പിക്കുകയും ആശയക്കുഴപ്പം അനുഭവപ്പെടുകയും ചെയ്യും. ജെസിക്കും വിഷ്ണുവിനും എന്തു സംഭവിച്ചുവെന്ന് കാഴ്ചക്കാർ കൺഫ്യൂഷനാവുമ്പോൾ
അപ്രതീക്ഷമായ ട്വിസ്റ്റിലൂടെ കഥ വിഷ്ണുവിനെ കാണാൻ വരുന്ന ജെസിയുടെ വർത്തമാന കാലത്തിലേക്ക് വീണ്ടും വരുന്നു.
സംവിധായകന്റെ മേക്കിംഗ് മികവ് വെളിപ്പെടുത്തുന്നതാണ് കഥയിലെ ട്വിസ്റ്റുകൾ

സസ്പൻസുള്ള സിനിമയുടെ കഥാഗതി ചിത്രത്തിൽ നിലനിർത്താൻ കഴിഞ്ഞുവെന്നത് തന്നെയാണ് കപ്പേളയുടെ ഹൈലൈറ്റ്. തന്റെ ഏതു ചെറിയ കാര്യത്തിനും കപ്പേളയിലക്ക് പ്രാർത്ഥിക്കാൻ പോകുന്ന ജെസി, കല്യാണം മുടക്കാൻ നൂറ് മെഴുകുതിരി കത്തിച്ചുവെങ്കിൽ, സിനിമയുടെ അവസാനം ഒരു മെഴുകുതിരി കത്തിച്ച കപ്പേളയുടെ ദൃശ്യത്തിൽ സിനിമ അവസാനിക്കുന്നു. കോഴിക്കോട് പോയ ജെസിക്ക് എന്ത് പറ്റിയെന്ന് പറയില്ല, കണ്ടറിയുക.

എങ്കിലും കടൽ കാണാനുള്ള ജെസിയുടെ ആഗ്രഹം സാദ്ധ്യമാവുമ്പോൾ കടലോളം തന്നെ കണ്ണുനീർ നിറയുന്ന സീൻ അന്ന ബെൻ അവതരിപ്പിക്കുമ്പോൾ ചിരപരിചിതമായ ഒരഭിനേത്രിയുടെ ഭാവം മുഖത്ത് പ്രതിഫലിക്കുന്നത് കാണാം.
അഭിനയരംഗത്തു നിന്നു സംവിധാനരംഗത്തേയ്ക്ക് എത്തുമ്പോൾ മുഹമ്മദ് മുസ്തഫ പ്രകടിപ്പിക്കുന്ന മികവ് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. നവാഗതന്റെ പതർച്ചകളില്ലാതെ സിനിമയെ ഗംഭീരമായി സമീപിച്ചിരിക്കുന്നു. വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിൽ നിന്നുള്ളവരെ ഒരിടത്തേയ്ക്ക് എത്തിക്കുന്ന സിനിമയുടെ ക്രാഫ്റ്റ് പ്രശംസനീയമാണ്.

സിനിമയെ മുന്നിൽ നിന്നു നയിക്കുന്ന മറ്റൊരു പ്രധാന ഘടകം അന്ന ബെന്നിന്റെ പ്രകടനമാണ്. നിഷ്കളങ്കയായ നാട്ടിൻപുറത്തുകാരി ജെസിയെ അന്ന മികച്ചതാക്കി. സിനിമയിലെ സങ്കീർണമായ കഥാപാത്രമാണ് വിഷ്ണു. റോഷൻ ആ വേഷം ശ്രദ്ധേയോടെ അവതരിപ്പിച്ചിരിക്കുന്നു. ശ്രീനാഥ് ഭാസിയുടെ റോയ് പരുക്കനാണ്. തല്ലാനും കൊല്ലാനും മടിയില്ലാത്തവൻ. കെട്ടഴിഞ്ഞ ജീവിതം നയിക്കുന്നയാൾ. റോയ് ആരാണ് എന്ന് പെരുമാറ്റമോ, ജീവിതരീതിയോ മുൻനിർത്തി തീരുമാനിക്കാനാവില്ല. അതിനുള്ള അവസരം റോയ് നൽകുന്നില്ല എന്നത് ശ്രീനാഥ് ഭാസിയുടെ ഗംഭീര പ്രകടനത്തിന്റെ ഫലമാണ്. ഇതുവരെ നാം കാണാത്ത ഒരു അഭിനയ തലം ശ്രീനാഥ് ഈ ചിത്രത്തിലൂടെ പ്രകടിപ്പിക്കുന്നുണ്ട്. സുധി കോപ്പ, നിഷ സാരംഗ്, ജെയിംസ്, തൻവി എന്നിവരും തന്മയത്വത്തോടെ തങ്ങളുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നു.

ജിംഷി ഖാലിദിന്റെ ഛായാഗ്രഹണമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ഗ്രാമീണ ജീവിതവും സൗന്ദര്യവും ഒപ്പിയെടുക്കുന്ന ഫ്രെയിമുകൾ പലതും തീയറ്റർ വിട്ടിറങ്ങിയാലും പ്രേക്ഷകന്റെ മനസ്സിൽ നിറഞ്ഞു നിൽക്കും. കഥാഗതിയോടു ചേർന്നുള്ള സുഷിൻ ശ്യാമിന്റെ സംഗീതവും ശ്രദ്ധേയമാണ്.കഥാസ് അൺടോൾഡിന്റെ ബാനറിൽ വിഷ്ണു വേണുവാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് നൗഫൽ അബ്ദുള്ളയാണ്. ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല സിനിമയെന്ന നീതുവിന്റെ കോപ്ലിമെന്റാണ് സിനിമ കാണാനുള്ള പ്രചോദനം.
രമേഷ് പെരുമ്പിലാവ്

Advertisements