‘മാവേലി നാടു വാണീടും കാലം മാനുഷരെല്ലാം ഒന്നു പോലെ’

52

രമേഷ് പെരുമ്പിലാവ്

‘മാവേലി നാടു വാണീടും കാലം മാനുഷരെല്ലാം ഒന്നു പോലെ’

കേരളീയ ഭാവുകത്വത്തിന്റെ പ്രതിബിംബമായ ആണ്ടറുതിയാണ് തിരുവോണം. കേരളീയരുടെ ശുഭപ്രതീക്ഷാ ശീലമാണ് അതിന്റെ സത്ത. ഓണം എന്ന അഹ്ലാദം ആരംഭിക്കുന്നത് നിങ്ങളുടേയോ എന്റെയോ കുട്ടിക്കാലം മുതൽക്കല്ല. പണ്ട്, മനുഷ്യ ജീവിതം ഇന്നത്തെക്കാൾ എത്രയോ സന്തോഷകരമായിരുന്നുവെന്ന ഒരു ബോധം കേരളത്തിൽ മാത്രമല്ല സമസ്ത ഭൂഖണ്ഡങ്ങളിലും ഉണ്ടായിരുന്നു. ഒരു മലയിൽ നിന്നും മറ്റൊരു മലയിലേക്ക് പറന്നു പോകുന്ന പക്ഷികളെപ്പോലെയുള്ള ആഹ്ലാദാനുഭൂതികളാണ് വിദുര ഭൂതകാലത്തുനിന്ന് വിദൂര ഭാവിയിലേയ്ക്ക് പറന്നുപോകുന്ന ഓണസ്മരണകൾ. മഹാമാരി താണ്ഡവമാടുന്ന ആസുരകാലത്തും, അവയൊക്കെ അവഗണിച്ച് മനുഷ്യർ ഓണമൊരുക്കാൻ നെട്ടോട്ടമോടുന്നത് തീർച്ചയായും ആ ഭൂതകാലത്തിന്റെ മധുര സ്മരണകളുടെ ഓളങ്ങളിൽ തന്നെയാണ്. മഹാബലിയെ ഭൂമിക്കടിയിലേയ്ക്ക് വാമനൻ ചവിട്ടിതാഴ്ത്തിയെന്ന കഥയ്ക്ക് ഏറെ അർത്ഥതലങ്ങളുണ്ട്. മഹാബലിയുടെ സത്യസന്ധതയും അഹങ്കാരത്യാഗവുമാണ് ഈ കഥയിലെ സത്ത. ലോകജീവിതം ശാന്തസുന്ദരമാവണമെങ്കിൽ മനുഷ്യർ അഹങ്കാരത്തെ പാടെ വെടിയേണ്ടിയിരിക്കുന്നു. അതു സംഭവിക്കുമ്പോഴാണ് “മാവേലി നാടു വാണീടും കാലം മാനുഷരെല്ലാം ഒന്നു പോലെ” എന്ന സ്ഥിതി കൈവരുന്നത്. എല്ലാവർക്കും ഓണാശംസകൾ