നാലാം ക്ലാസ്സിൽ പഠിയ്ക്കുന്ന കുട്ടിയെ അദ്ധ്യാപകനും കോടതിയും പോലീസും ചേർന്ന് തോൽപ്പിച്ചു

54

രമേഷ് പെരുമ്പിലാവ്

നാലാം ക്ലാസ്സിൽ പഠിയ്ക്കുന്ന കുട്ടിയെ അദ്ധ്യാപകനും കോടതിയും പോലീസും ചേർന്ന് തോൽപ്പിച്ചു

പാനൂർ പാലത്തായിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ റിമാൻഡിലായ അദ്ധ്യാപകന് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നുവെന്ന വാർത്ത കേട്ടത് അത്യന്തം വിഷമത്തോടെയാണ്. ബി.ജെ.പി. പ്രാദേശികനേതാവ് കൂടിയായ കടവത്തൂർ മുണ്ടത്തോട്ടെ കുറുങ്ങാട്ട് കുനിയിൽ കെ. പദ്മരാജനാണ് പ്രതിയായ അദ്ധ്യാപകൻ. പ്രതിക്കെതിരെ പോക്സോ ചുമത്താതിരുന്നത് വെറും സാങ്കേതികമായ ന്യായങ്ങൾ പറഞ്ഞു കൊണ്ടാണ് മാത്രമാണ്.
പ്രതി പത്മരാജന്‍ കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയതായി തെളിഞ്ഞിട്ടും മാതാവിന്റെ പരാതിയില്‍ കേസ് അന്വേഷിക്കാന്‍ പോലിസ് തയ്യാറായില്ല എന്ന് മാത്രമല്ല, പോക്‌സോ വകുപ്പ് ഒഴിവാക്കി ദുര്‍ബലമായ ജുവനൈല്‍ ജസ്റ്റിസ് ആക്ട് ചാര്‍ത്തി ജാമ്യത്തിന് വഴിയൊരുക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കോടതി ജാമ്യം അനുവദിച്ചു. ഫലത്തില്‍ വളരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയതിനാല്‍ പ്രതിക്ക് നിലവിലെ കേസില്‍നിന്ന് വളരെ എളുപ്പത്തില്‍ രക്ഷപ്പെടാം.

പതിനൊന്ന് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടി ഒരു വലിയ കോടതി മുറിയിലെ മുതിർന്ന മനുഷ്യർക്കിടയിൽ വക്കീലിന്റേയും ജഡ്ജിയുടേയും ചോദ്യ ശരങ്ങൾക്കിടയിൽ തന്റെ സംഭ്രമത്താലോ, ഓർമ്മപ്പിശകാലാേ പേടിയാലോ പറഞ്ഞ കാര്യങ്ങളുടെ പിശകിന്റെ മറവിൽ പ്രതിയ്ക്ക് ജാമ്യം കിട്ടിയെന്നാണ് പോലീസ് ഭാഷ്യം. ജാമ്യം നൽകിയ ജഡ്ജിയും ഒരു പെണ്ണായിരുന്നുവെത്രേ. കുട്ടി പറഞ്ഞു: മാഷ് ടോയ്ലെറ്റിന്റെ വാതിൽ കുറ്റിയിട്ടുവെന്ന്.ഒരു വർഷമായി ടോയ്ലെറ്റ് വാതിലിന് കുറ്റിയില്ലായെന്ന് മൊഴിയിലെ പഴുത്
കുട്ടി പറഞ്ഞു: മാഷ് മുണ്ടഴിച്ച് തന്റെ വായ കെട്ടി നഗ്ന ചിത്രം എടുത്ത് തിരിച്ചു പോയിയെന്ന്. തിരിച്ചു പോകുമ്പോൾ മാഷ് മുണ്ട് അഴിച്ചെടുത്തു ഉടുത്തുവെന്ന് കുട്ടി പറഞ്ഞില്ല എന്ന് മറ്റൊരു പഴുത്.

എടുത്ത ചിത്രങ്ങൾക്കോ അത് അയച്ചതിനോ തെളിവില്ല. മൊബെെലിൽ അതൊന്നും കാണാനിലത്രേ.പീഡിപ്പിച്ചുവെന്ന് പറയുന്ന സമയത്ത് ഫോണിൽ സംസാരിച്ചതിന് തെളിവുണ്ട് അതിനാൽ പീഡനം നടന്നിട്ടില്ലായെന്ന് മറ്റൊരു തെളിവിലെ പഴുത്
കുട്ടി പറഞ്ഞ ദിവസങ്ങിലൊന്നും ടവർ ലൊക്കേഷനിൽ മാഷ് ഇല്ലായെന്ന് മറ്റൊരു പഴുത്. കുട്ടിയുമായി ഒലീവ് ഹോട്ടലിൽ പോയിയെന്ന് കുട്ടി പറയുന്നു. സിസി ക്യാമറയിൽ ഇല്ലെന്ന് പഴുത്. ആരാധനാലത്തിൽ 12:30 ന് പോയെന്ന് കുട്ടിയുടെ മൊഴി. ഏത് ആരാധനാലയം ആ സമയം തുറക്കുമെന്ന് തെളിവിലെ പഴുത്. പ്രതി അതിക്രൂരനായ അദ്ധ്യാപകനാണെന്ന് ഐപിഎസ് ഉദ്യോഗസ്ഥൻ തന്നെ സമ്മതിക്കുന്നു. തികഞ്ഞ വർഗ്ഗീയ വാദിയും കുട്ടികളെ ക്രൂരമായി ശിക്ഷിക്കുന്നവൻ ആണെന്നും ഒരിക്കലും ഒരദ്ധ്യാപനായി ഇരിക്കാൻ യോഗ്യതയില്ലാത്തവനെന്നും പോലീസിന് അറിയാം. പക്ഷേ ശിക്ഷിക്കാൻ വകുപ്പില്ല, തെളിവില്ല, നിയമമില്ല.അതിനർത്ഥം പ്രതി പത്മരാജൻ കുട്ടിയെ പലവട്ടം പീഡിപ്പിച്ച കുറ്റക്കാരനാണെന്ന് സ്കൂൾ അധികൃതർക്കും പോലീസിനും കോടതിയ്ക്കും അറിയാം പക്ഷേ നാലാം ക്ലാസ്സിൽ പഠിക്കുന്നകുട്ടി പറഞ്ഞ മൊഴിയിലെ വൈരുദ്ധ്യത്താൽ ഞങ്ങൾ നിയമജ്ഞർ പ്രതിയെ നൈസായി വെറുതെ വിടുന്നു.
ഇത് പല കാലങ്ങളിൽ ഈ വിഷയത്തിൽ നടക്കുന്ന നാടകങ്ങളാണ്. സിസ്റ്റർ അഭയ കേസു മുതൽ അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ല. തന്നെ പീഡിപ്പിച്ചുവെന്ന് ഇരയായ സൂര്യനെല്ലിയിലെ കുട്ടി പറഞ്ഞാലും കന്യാസ്ത്രീ പറഞ്ഞാലും പാലത്തായിലെ ഇര പറഞ്ഞാലും പോലീസോ കോടതിയോ തെളിവായി സ്വീകരിക്കില്ല. ടവർ ലൊക്കേഷൻ ഒത്തുവരണം എന്നാലേ തെളിവ് ശരിയാകുകയുള്ളു.

പോലീസിന്റെ ഭാഗത്തു നിന്നും വലിയ അലംഭാവം ഈ കേസിൽ തുടക്കം മുതലേ ഉണ്ടായത് ചർച്ചയായതാണ്. നമുക്ക് ചർച്ചകൾ മാത്രമേ ഉള്ളു. ആഭ്യന്തര മന്ത്രിയ്ക്കു കൂടി വീഴ്ച സംഭവിച്ചിട്ടുണ്ട് ഈ കേസിൽ. തന്റെ വകുപ്പ് കൈകാര്യം ചെയ്യാൻ സമയം കിട്ടുന്നില്ലായെങ്കിൽ അത് പ്രാപ്തിയുള്ളവരെ ഏല്പിക്കാൻ മുഖ്യമന്ത്രി ശ്രമിക്കണം. പറയാതെ വയ്യാ ആഭ്യന്തര വകുപ്പ് ഒരു വലിയ പരാജയമാണ്.