പ്രിയപ്പെട്ട രാഹുൽഗാന്ധി താങ്കൾ കൂടി ബിജെപിയിൽ ചേരുക

80
രമേഷ് പെരുമ്പിലാവ്
എത്രയും പ്രിയപ്പെട്ട രാഹുൽ ഗാന്ധി വായിച്ചറിയുവാൻ താങ്കൾക്കും സഹോദരിയ്ക്കും അമ്മയ്ക്കും സുഖം തന്നെയോ. ?
ഞാനിടയ്ക്ക് ഇങ്ങനെ ഒരോ കത്തുകൾ എഴുതാറുണ്ടെങ്കിലും മറുപടിയൊന്നും ലഭിക്കാറില്ല. ലോകസഭ ഇലക്ഷനു മുമ്പാണ് താങ്കൾക്ക് അവസാനമായി കത്തെഴുതിയത്. പിന്നീടുണ്ടായ കാര്യങ്ങളൊക്കെ താങ്കൾക്കും അറിയാലോ.ഇപ്പോൾ ഈ കത്തയക്കുന്നത് ഒരു പ്രധാനപ്പെട്ട കാര്യം ഉണർത്തിക്കാനാണ്. രാജ്യം നേരിടുന്ന വലിയ ആപത്തുകൾ കഴിഞ്ഞ കുറേ വർഷങ്ങളായി താങ്കളുടെ കൺമുന്നിലാണ് നടക്കുന്നത് എന്നതിനാൽ താങ്കളോട് പ്രത്യേകം പറയേണ്ടതില്ലല്ലാേ. താങ്കളും സഹോദരിയും ശ്രമങ്ങളൊരു പാട് നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. എന്ന് മാത്രമല്ല, കൊഴിഞ്ഞ് പോക്ക് നിരന്തരം തുടരുകയാണ്. ഇപ്പോൾ താങ്കളുടെ ഏറ്റവും അടുത്ത സഹപ്രവർത്തകനും മറുകണ്ടം ചാടിയിരിക്കുന്നു.
ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ വായിക്കണേ. കോൺഗ്രസ്സിനെ രക്ഷിക്കാൻ ഇനിയാര് വിചാരിച്ചാലും സാദ്ധ്യമല്ല. കാര്യങ്ങൾ അത്രത്തോളം ‘കൈ’ വിട്ടു പോയിരിക്കുന്നു.
നമുക്ക് ഇനി ചെയ്യാൻ കഴിയുന്ന ഒരു കാര്യം ഇന്ത്യയെ ഒരു വലിയ ആപത്തിൽ നിന്നും രക്ഷിക്കുക എന്നതാണ്. അതിനൊരു വഴി ഞാൻ പറയാം. കേൾക്കുമ്പോൾ കുറച്ച് വിഷമം തോന്നുമെങ്കിലും പിന്നീടത് നല്ലതിനായിരുന്നുവെന്ന് അങ്ങേയ്ക്ക് ബോദ്ധ്യമാവും. താങ്കളുടെ വിശ്വസ്തരും കൂടെ ഉണ്ടായിരുന്ന മിടുക്കന്മാരും ഒട്ടേറെ പേർ ഇപ്പോൾ ബി ജെ പി പാളയത്തിൽ ചേക്കേറിയിരിക്കുന്നു.
താങ്കളുടെ കൂടെയുള്ളവരേക്കാൾ വിശ്വസിക്കാവുന്നവർ ഇപ്പോൾ അവിടെയാണ്. അതു കൊണ്ട് താങ്കളും സഹോദരിയും ബി ജെ പിയിൽ ചേരുക. ‘ഭാരതീയ ജനതാ പാർട്ടി’യല്ലേ അത്. പാളയത്തിൽ കയറി പട നയിക്കുക.
പണ്ട് മോഹൻലാലിൻ്റെ വിയറ്റ്നാം കോളനിയിലെ കൃഷ്ണമൂർത്തിയെ പോലെ, അവിടെ ചേക്കേറി ആ പാർട്ടിയെ നന്നാക്കി എടുക്കാൻ ശ്രമിക്കുക, താങ്കൾക്കത് പറ്റും.അങ്ങനെ ഭാരതീയ ജനങ്ങളുടെ യഥാർത്ഥ പാർട്ടിയവട്ടെ അത്.അതിലൂടെ താങ്കൾക്ക് ഇന്ത്യയെ വീണ്ടെടുക്കാൻ സാധിക്കും. അല്ലാതെ കോൺഗ്രസ്സിനെ വീണ്ടും ഉയർത്തി കൊണ്ടുവരുക ഒട്ടും ശ്രമകരമായ കാര്യമല്ല. ബി ജെ പിയിൽ ഉള്ളവരിൽ ഏറിയകൂറും ഇപ്പോൾ താങ്കളുടെ ഉറ്റവരാണ്, ഒരു കാലത്ത് കൂടെ നിന്നവരാണ്. അവരേയും കൂട്ടുപിടിച്ച് ആ പാർട്ടിയെ ഒന്ന് നന്നാക്കി എടുക്കു. താങ്കൾക്ക് നൂറ് പുണ്യം കിട്ടും. ഭാരതത്തിലെ ജനങ്ങളെല്ലാം താങ്കളെ എന്നും നന്ദിയോടെ ഓർക്കും. ഒരു വലിയ ആപത്തിൽ നിന്നും ഇന്ത്യയേയും അവിടെത്തെ ജനങ്ങളേയും രക്ഷപ്പെടുത്തിയതിൽ.
എന്ന്,
ഒരു അഭ്യുദയകാംക്ഷി
രമേഷ് പെരുമ്പിലാവ്