കഴുതകൾ കഴുതകളെ കൊല്ലുമ്പോൾ ചിലർ ചിരിയ്ക്കുന്നുണ്ട്

0
74

രമേഷ് പെരുമ്പിലാവ്

കഴുതകൾ കഴുതകളെ കൊല്ലുമ്പോൾ ചിലർ ചിരിയ്ക്കുന്നുണ്ട്.

രാഷ്ട്രീയത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ സംഭവിക്കുമ്പോൾ എന്തെല്ലാം നാടകങ്ങളാണ് അരങ്ങേറുന്നത്. എല്ലാ നാടകങ്ങൾക്കും ഒരേ സ്വഭാവമാണ്. ഒരേ ഫീലിംഗാണ്. സംഭാഷണങ്ങൾ കാണാപാഠം പഠിച്ച് പറയുന്ന കഥാപാത്രങ്ങൾ. രംഗത്തെ തിരശ്ശീലയുടെ നിറം മാത്രം മാറുന്നു. കൊല്ലപ്പെട്ടവന്റെ രാഷ്ട്രീയം ആഘോഷിക്കപ്പെടുന്നു. ഒരിക്കൽ കൊന്ന് കിട്ടിയാൽ മതി പിന്നെയത് വർഷങ്ങളോളം കൊണ്ടാടും. കൊന്നവന് രാഷ്ട്രീയമില്ലെന്ന് പേർത്തും പേർത്തും ഒരു കൂട്ടർ പറയും. ഉണ്ടെന്ന് മറുകൂട്ടരും. കഴിഞ്ഞ മരണത്തിൽ ഉന്നതർക്കുള്ള പങ്ക് ചോദ്യം ചെയ്തവർ ഇക്കുറി കളം മാറ്റി ചവിട്ടും. ഞങ്ങളൊന്നുമറിഞ്ഞില്ലേ, ഇത് വെറും വ്യക്തി വൈരാഗ്യമെന്ന് നിസാരവൽക്കരിക്കും. മരിച്ചവരുടെ വീടു സന്ദർശനം, അനുശോചനം, പൊതുയോഗം,പന്തം കൊളുത്തി ജാഥ, കല്ലേറ്, ബോംബേറ്, തീയിടൽ, അന്തിച്ചർച്ച, ആരോപണപ്രത്യാരോപണങ്ങൾ, സർവ്വകക്ഷി യോഗം. നേതാക്കാൾ ചിരിച്ച് മറിഞ്ഞ്, കൈ കൊടുത്ത്, ചായ കുടിച്ച് പിരിയും. നേതാക്കൾ പണമുണ്ടാക്കാനും, അണികൾ ആയുധം രാകി മിനുക്കാനും ശ്രദ്ധ കേന്ദ്രീകരിക്കും.

മൂന്നാം നാൾ എല്ലാവരുമത് മറക്കും ഇടയ്ക്കിടയ്ക്ക് മരിച്ചവരുടെ കണെക്കെടുക്കുമ്പോൾ സ്കോർ ബോഡിലെഴുതാൻ ഒരാളുടെ പേരു കൂടിയാവും. രക്തസാക്ഷിയ്ക്ക് നല്ല ഡിമാന്റാണ്. വർഷാവർഷം ആചരണങ്ങളുണ്ടാവും. പുതിയ രക്തസാക്ഷി വരുമ്പോൾ പഴയ രക്തസാക്ഷിയുടെ സ്തൂപം പൂപ്പൽ കേറും.പോയതാർക്ക് മരിച്ചവന്റെ കുടുംബത്തിന്.ഒരച്ചൻ ഇല്ലാതായി, ഒരു മകൻ ഇല്ലാതായി, ഒരു ചേട്ടനോ അനിയനോ ഇല്ലാതായി അത്രമാത്രം.നേതാക്കാൾക്ക്, ലാഭം മാത്രം. ആ പേരിൽ രണ്ട് വോട്ട് കൂടുതൽ കിട്ടാൻ കിണഞ്ഞ് പരിശ്രമിക്കും. ഇതൊക്കെയാണ് സ്ഥിരം നടക്കുന്നത്. അതുകൊണ്ട് ഇപ്പോൾ നിങ്ങൾ നടത്തുന്ന നാടകം, കഴിഞ്ഞു പോയ നാടകത്തിന്റെ (നാണയത്തിന്റെ) മറുവശം മാത്രമാണ്. കോമാളി വേഷം കെട്ടാതിരിക്കുക, അക്രമരാഷ്ട്രീയം എന്നൊരു പേരു തന്നെയുണ്ട്. ആ പേര് മാറ്റി സ്നേഹമാണ് രാഷ്ട്രീയം എന്ന് പഠിപ്പിയ്ക്കാൻ രാഷ്ട്രീയക്കാർക്ക് കഴിയണം. കണ്ണിന് കണ്ണ് കൈയ്യിന് കൈ എന്ന് ആഹ്വാനം ചെയ്യുന്നവരാവരുത് നേതാക്കൾ. കൊല്ലാനും വെട്ടാനും ചാവാനും നടക്കുന്ന അണികളെന്ന കഴുതകൾ ഇതെന്നാണ് പഠിയ്ക്കുക.