മുതൽമുടക്കില്ലാതെ ലാഭം മാത്രമുള്ള കച്ചവടമാണ് രാഷ്ട്രീയം

99

രമേഷ് പെരുമ്പിലാവ്

ലാഭം മാത്രമുള്ള കച്ചവടമാണ് രാഷ്ട്രീയം

രാഷ്ട്രീയം വലിയ കച്ചവടമാണെന്ന് പണ്ടും പറഞ്ഞിട്ടുണ്ട്. അതിൽ മാറ്റമൊന്നുമില്ല. നൂറ് ശതമാനം ലാഭം മാത്രമുള്ള വ്യാപരം. മുതൽ മുടക്ക് ഒട്ടും ഇല്ല താനും. ആയിരങ്ങളിൽ നിന്നും ലക്ഷങ്ങളിലേക്കും കോടികളിലേക്കും ശതകോടികളിലേക്കും രാഷ്ട്രീയക്കാരന്റെ ആസ്തി വർദ്ധിക്കാൻ ഓരോ അഞ്ച് വർഷങ്ങളും ഉപകരിക്കുന്നുണ്ട്. പണം കിട്ടിത്തുടങ്ങുമ്പോൾ കൂടുതൽ കിട്ടാനുള്ള വഴികളേ കുറിച്ചാവും ചിന്ത. അതൊരു ലഹരിയാണ്. ആരേയും ചതിക്കാം. അവിടെ ശത്രുവെന്നേ മിത്രമെന്നാേ രാജ്യമെന്നോയില്ല പണം മാത്രം. അധികാരത്തിന്റെ ഇടനാഴികൾ അത്തരത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. നിയമവും നീതിയും അവർക്കനുകൂലമാണ്. ഒരു രാഷ്ട്രീയ കുറ്റവാളിയും ലോകപ്പിൽ തൂങ്ങി മരിക്കുകയോ, ഉരുട്ടി കൊല ചെയ്യപ്പെടുകയോ ഉണ്ടായിട്ടില്ല.

രാജ്യത്തിനു വേണ്ടി വികസനത്തിനു വേണ്ടി എന്ന് പറയപ്പെടുന്ന എല്ലാ വിഷന്റേയും മിഷന്റേയും അമ്പീഷൻ കമ്മീഷനാണ്. ജീവൻ രക്ഷാ മരുന്നുകളായാലും യുദ്ധവീമാനങ്ങളായാലും അതിലൊരു മാറ്റവുമില്ല. പേമാരിയോ മഹാമാരിയോ പ്രളയമോ ഭൂകമ്പമോ വരുന്നത് ഇത്തരക്കാർക്ക് സ്ഥിരം വീശുന്ന വലകൾക്കപ്പുറം ചാകരയാണ്. ഈയൊരു ലക്ഷ്യത്തിൽ ഇടതെന്നോ വലതെന്നോ മുമ്പെന്നോ പിമ്പെന്നോയില്ല. എല്ലാം ഓരോ തൂവൽ പക്ഷികൾ. അതുകൊണ്ടാണ് മത്സരിക്കാൻ സീറ്റില്ലായെന്ന് പാർട്ടികൾ പറയുമ്പോൾ നേതാക്കൾ പാർട്ടി മാറുന്നതും സ്വന്തമായി പാർട്ടി ഉണ്ടാകുന്നതും. ഒരു പാർട്ടി ഉണ്ടാക്കുകയെന്നാൽ പുതിയ കച്ചവടം തുടങ്ങിയെന്നാണ് അർത്ഥം.

വമ്പൻ സ്രാവുകളായ രാഷ്ട്രീയക്കാരുടെ കൂടെ നീന്തുന്ന ബ്യൂറോക്രസിയെന്നെ ഉദ്ധ്യോഗസ്ഥവൃന്ദമായ ചെറു മീനുകളും ഈ ലക്ഷ്യത്തിൽ രാഷ്ട്രീയക്കാർക്കൊപ്പമുണ്ട്. പൊതുജനമെന്ന മരമണ്ടൻ ജനത, താൻ വിശ്വസിക്കുന്ന പാർട്ടിയുടെ സഹയാത്രികൻ എന്ത് തെറ്റ് ചെയ്താലും അത് താൻ ചെയ്തതെന്ന ഭക്തിയാൽ അതിനെ കണ്ണടച്ച് ന്യായീകരിക്കും. അതിനു വേണ്ടി ആരെയും ഇകഴ്ത്തും, കൊലവിളിക്കും ജനാധിപത്യത്തിൽ ജനങ്ങളാണ് അധികാരികളെന്ന പരമമായ സത്യം പൊതുജനമെന്ന കഴുതകൾക്ക് ഒട്ടും മനസ്സിലായിട്ടില്ല. ജനത്തിന്റെ ആവശ്യങ്ങൾക്കായി ജനങ്ങൾ തെരഞ്ഞെടുത്ത്, കൂലി കൊടുത്ത് ജോലി ചെയ്യുന്ന വെറും വേലക്കാർ മാത്രമാണ് ഈ രാഷ്ട്രീയക്കാർ. വാർഡ് മെമ്പർ, മുഖ്യമന്ത്രി തുടങ്ങി, പ്രധാനമന്ത്രി വരെ അതിന് ഒരു മാറ്റവുമില്ല. പക്ഷേ ഇതൊന്നും ജനത്തിന് അറിയില്ല. അവന്റേത് വെറും ഭക്തി മാത്രമാണ് അതിനായി സ്വന്തം ജീവൻ പോലും അവൻ ബലികഴിക്കും.
ഇതൊന്നും പറഞ്ഞിട്ടും വലിയ കാര്യമില്ല എങ്കിലും പറയാതിരിക്കാനും കഴിയുന്നില്ല