രമേഷ് വാലിയിൽ
ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, തിങ്കളാഴ്ച്ച നിശ്ചയം ഇപ്പോഴിതാ ജയ ജയ ജയ ജയ ഹേ. സമൂഹത്തിൽ ഇന്നും നിറഞ്ഞാടുന്ന പിന്തിരിപ്പൻ സിദ്ധാന്തങ്ങൾക്ക് ഈ സിനിമ ഉച്ചാടനം നിർവ്വഹിക്കു മെന്ന കാര്യത്തിൽ തർക്കമില്ല. ഹാസ്യത്തിൽ പൊതിഞ്ഞ് സമൂഹ്യ വിമർശനം നടത്തുന്നു എന്ന വ്യാജേന വന്ന ശ്രീനി – സത്യൻ സിനിമകൾ പോലെയല്ല ഈ സിനിമ, തലയണമന്ത്രമെന്ന സിനിമയിൽ എല്ലാ കുറ്റങ്ങളും ഉർവ്വശിയുടെ കഥാപാത്രത്തിലേക്ക് ചാർത്തി കൊടുത്ത് രക്ഷപ്പെടുന്ന , അവളെ ഒറ്റപ്പെടുത്തുന്ന രീതി ഓർമ്മിക്കുക.ഇതിൽ ഹാസ്യമെന്നത് കേവലമായ ചിരി ഉണർത്തുന്ന ഒന്നല്ല, നിങ്ങളും ഞാനുമൊക്കെ ഈ സിനിമ കണ്ട് ചിരിക്കുന്നുണ്ടെങ്കിൽ നമ്മുടെ ഉള്ളിൽ തന്നെ രൂഢമൂലമായി കിടക്കുന്നതിനെതിരായ സ്വയം വിമർശനത്തിന്റെ കാഹളങ്ങൾ തന്നെയാണ്.
സ്ത്രീയുടെ സ്വാതന്ത്രത്തെ പറ്റി കവലയിൽ സധൈര്യം പ്രസംഗിക്കുന്ന ഏതൊരു പുരോഗമന വാദിക്കും ഈ സിനിമ ചികിൽസ നിർദ്ദേശിക്കുന്നുണ്ട്.അജു വർഗ്ഗീസിന്റെ പരിഷ്ക്കാരിയും, പുരോഗമനവാദിയുമായ കഥാപാത്രം പുറത്തുവിടുന്ന സ്ത്രീ വിരുദ്ധതയുടെ വ്യാപ്തി എത്രയെന്ന് തിട്ടപ്പെടുത്തുക തന്നെ പ്രയാസം.സ്ത്രീ മറ്റൊരു വീട്ടിൽ ജീവിക്കേണ്ടവളാണ് അതിനവളെ ഒരുക്കുക എന്നതിൽ കവിഞ്ഞ് ഒരു ദൗത്യവും നിർവ്വഹിക്കാനില്ലാത്ത മാതാപിതാക്കൾ. തുടർന്നുള്ള ജീവിതം നയിക്കേണ്ട വീട് കല്യാണ ദിവസം മാത്രം കാണുന്ന സ്ത്രീ,മറ്റുള്ളവർ ചേർന്ന് തീരുമാനിക്കപ്പെട്ട കളത്തിലെ പാവ മാത്രമായി തീരുന്ന അവസ്ഥ, ഇന്നും പെണ്ണുകാണൽ എന്നതിൽ നിന്ന് മാറി, ജീവിക്കേണ്ട വീട് മുമ്പേ കാണാൻ സ്വാതന്ത്രമില്ലാത്ത സ്ത്രീ, ഇവിടെ സക്കറിയയുടെ ഒരു കഥ ഓർമ്മിക്കുകയാണ്, കല്യാണം കഴിഞ്ഞു ചെല്ലുന്ന വീടിന്റെ ആകുലതകൾ പങ്ക് വെക്കുന്ന ഒരു കഥഅവിടെ ജനാലകൾ തുറന്നിട്ടാണോ ഉറങ്ങുക ?കറി തേങ്ങയരച്ചു വെക്കുമോ?ഉറക്കെ സംസാരിത്താൻ പറ്റുമോ?പാട്ട് കേൾക്കാൻ പറ്റുമോ?മൂളി പാട്ട് പാടാൻ പറ്റുമോ?മഴ കൊള്ളാൻ പറ്റുമോ ?രാത്രി പുറത്ത് ലൈറ്റ് ഇടുമോ?അകത്ത് ബാത്ത്റൂമുണ്ടോ ?കിടക്കവിരികൾ ആഴ്ച്ചയിലൊരിക്കൽ അലക്കുമോ?കടുക് പൊട്ടിക്കുമോ ?…തുടങ്ങി നൂറായിരം ആകുലതകൾ പങ്കു വെക്കുന്ന കഥ .നമ്മുക്ക് പുരോഗമനമെന്നു പറഞ്ഞാൽ
M N വിജയൻ മാഷ് പറഞ്ഞപ്പോലെ, പുരോഗമനത്തിന്റെ ചെരുപ്പ് പുറത്ത് വെച്ച് വീട്ടിൽ കയറുന്ന അവസ്ഥയാണ്,പുരോഗമനമെല്ലാം പുറത്ത് , അകത്ത് , സമൂഹം നടതള്ളിയ എല്ലാത്തിനേയും പുൽകുന്ന പ്രത്യേക തരം പുരോഗമനം.അടുത്തിടെ സുഹുർത്ത് നല്ലോണം പഠിക്കുന്ന മകൾക്ക് നല്ല മിക്സഡ് കോളേജിൽ സീറ്റ് തരായിട്ടും അവിടെ ചേർക്കാതെ പെൺകുട്ടികൾ മാത്രമുള്ള മാനേജ്മെന്റ് കോളേജിൽ ഡിഗ്രിക്ക് ചേർത്തു , അതിനെ പറ്റി ചോദിച്ചപ്പോൾ പറഞ്ഞത് : “പെൺകുട്ടികളുടെ അച്ഛൻ മാരുടെ വേദന നിനക്ക് അറിയില്ല ….”
അതെന്താ ആൺ കുടിയുടെ അച്ഛന് ഒരു വേദനയും, പെൺകുട്ടിയുടെ അച്ഛന് വേറെ ഒരു വേദനയുമാണോ ?. ഈ സിനിമയിൽ കോടതി സീനിൽ സ്ത്രീക്ക് ഉണ്ടായിരിക്കേണ്ടതിനെ പറ്റി പരാമർശിക്കപ്പെടുന്ന ഭാഗമുണ്ട് , അതിൽ സ്ത്രീക്ക് സംസ്കാരം ഉണ്ടായിരിക്കണം എന്ന് പറയുന്നിടത്ത് മജിസ്ട്രേട്ട് ചോദിക്കുന്നുണ്ട്. ” അപ്പോൾ പുരുഷന് സംസ്കാരം വേണ്ടേ ” എന്ന്.ഈ സിനിമ കണ്ട് നിങ്ങൾക്കു തീരുമാനിക്കാം . സംസ്കാരം ആർക്കൊക്കെ വേണമെന്ന് .ഒരു കാര്യം കൂടി പറയട്ടെ,ഈ സിനിമ കണ്ട് നിങ്ങൾ ചിരിക്കുന്നില്ലെങ്കിൽ നിങ്ങൾ കറതീർന്ന പുരോഗമന വാദിയാണ്, തീർച്ച