ഈ കേസിൽ പ്രതിയായ സരിത്തിന്റെ ഫോട്ടോയോ, കുടുംബത്തിന്റെ ഇന്റർവ്യൂവോ, നാട്ടുകാരുടെ അഭിപ്രായമോ ഒരുത്തനും വേണ്ട

271

Ramji Raghavan

സരിത്ത്, സ്വപ്ന സുരേഷ് എന്ന രണ്ടു പേർ ഉൾപ്പെട്ട ഡിപ്ലോമാറ്റിക്ക് ബാഗ്ഗേജ് കേസുമായി ബന്ധപ്പെട്ട വാർത്തകൾ ശ്രദ്ധിക്കുകയായിരുന്നു. അന്വേഷണം അതിന്റെ വഴിയ്ക്ക് തന്നെ പോകട്ടെ. പക്ഷെ പല മാധ്യമങ്ങളും ഇത് പഴയ ISRO ചാരക്കേസു പോലെ മസാല ചേർത്ത് റിപ്പോർട്ട്‌ ചെയ്യുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നു. എന്ത് മാത്രം ഫോക്കസ്സോടെ ഫോളോ ചെയ്യപ്പെടേണ്ട ഒരു കേസാണിത്! രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിച്ചേക്കാവുന്ന, രാജ്യസുരക്ഷാ നടപടിക്രമങ്ങൾ പോലും ഓഡിറ്റ് ചെയ്യപ്പെട്ടേക്കുംവിധം ഗൗരവമുള്ള ഒരു വിഷയമായി ഇതിനെ കാണാൻ പറ്റാത്തതെന്തേ? അദ്‌ഭുതം തോന്നിയ ഒരു കാര്യം, ഈ കേസിൽ പ്രതിയായ സരിത്തിന്റെ ഫോട്ടോയോ, കുടുംബത്തിന്റെ ഇന്റർവ്യൂവോ, നാട്ടുകാരുടെ അഭിപ്രായമോ ഒന്നും ഒരു പട്ടിക്കുറുക്കനും വേണ്ട എന്നതിലാണ്. ആളെ ഒരു മിന്നായം പോലെ എവിടെയോ ഒന്നു കണ്ടു. അത്ര തന്നെ. എല്ലാവർക്കും ഇനിയും പ്രതി ചേർക്കപ്പെട്ടിട്ടില്ലാത്ത സ്വപ്നയെ മതി.

അതിലും അദ്‌ഭുതം തോന്നിയത് സ്വപ്ന സുരേഷിന്റെ ഈ അയൽവാസിയുടെ ഓർമ്മശക്തിയിലാണ്. അഞ്ചു വർഷങ്ങളോളം സ്വപ്നയെ കാണാൻ ആരൊക്കെ എപ്പോഴൊക്കെ ഏതൊക്കെ വണ്ടിയിൽ വന്നു? ആ വണ്ടി എവിടെ നിർത്തി? അതിഥികൾ വരുന്നതിന് എത്ര മിനിറ്റ് മുമ്പ് വീട്ടിൽ സാധങ്ങൾ എത്തി? അതിൽ മദ്യമുണ്ടോ ചിക്കനുണ്ടോ മട്ടനുണ്ടോ? അതിഥികൾ എത്ര സമയം വീട്ടിൽ ചെലവഴിച്ചു? അവർ ആരുടെ കാറിൽ മടങ്ങി? എന്ന് തുടങ്ങി ഇയാൾക്ക് സ്വപ്ന സുരേഷിന്റെ ഫ്‌ളാറ്റിനെ പറ്റി അറിയാത്ത ഒരു കാര്യവുമില്ല. എന്നിട്ട് അവസാനം പറയുന്നു ഇയാളും കൂട്ടരും ഫ്ളാറ്റിന് സെക്യൂരിറ്റിയെ ഏർപ്പാടാക്കിയെന്ന്. അതിന്റെ ആവശ്യമില്ലായിരുന്നു. സെക്യൂരിറ്റി എന്നല്ല cctvയോ പട്ടിയോ പോലും വേണ്ട, ഈ ടൈപ്പ് ഒരെണ്ണം പരിസരത്ത് ഉണ്ടെങ്കിൽ. കേസും പുക്കാറുമൊക്കെ ഇപ്പോൾ വന്നതല്ലേ. ഇയാൾ പറയുന്നത്, ഇതിനൊക്കെ ഒരു വർഷം മുമ്പ് വരെ മുടങ്ങാതെ, ലാഭേച്ഛ കൂടാതെ സാമൂഹിക നന്മയ്ക്കായി അഞ്ചു വർഷങ്ങളോളം ചെയ്തു വന്ന ഒളിഞ്ഞു നോട്ടത്തെ പറ്റിയാണ്. മാധ്യമപ്രവർത്തകൻ ആളുടെ വായിലോട്ടു മൈക്ക് കുത്തിത്തിരുകി അതു മുഴുവൻ കഷ്ടപ്പെട്ട് ഒപ്പിയെടുക്കുന്നുണ്ട്.

ഇവിടെ ബാക്കിയുള്ളോരൊക്കെ കടയിൽ വല്ലതും വാങ്ങാൻ പോയാൽ വല്ലതുമൊക്കെ എങ്ങനെയും മറക്കും. അതു കഴിഞ്ഞു വീട്ടിലെത്തുമ്പോ വാങ്ങിയത് എല്ലാം ഉണ്ടോന്ന് അറിയാൻ ലിസ്റ്റൊക്കെ എടുത്ത് ഒത്തു നോക്കണം. പുസ്തകം വാങ്ങാൻ പോയാൽ ചിലപ്പോൾ വാങ്ങിയത് തന്നെ ഓർക്കാതെ പിന്നെയും വാങ്ങും. അപ്പോഴാ അടുത്ത വീട്ടുകാരുടെ ചരിത്രവും ഭൂമിശാസ്ത്രവും പർച്ചേസ് ലിസ്റ്റും മാത്രം നോക്കാൻ ജീവിതം ഉഴിഞ്ഞു വെച്ചിട്ടുള്ള മഹാന്മാർ. ഈ സ്വപ്ന സുരേഷ് മാത്രമായിരിക്കില്ല, അവിടുത്തെ മറ്റ് വീട്ടുകാരുടെയും മൊത്തം കാര്യങ്ങളും ഇമ്മാതിരി സാദാചാർ ടീംസ് ഹോൾസെയിലായി റെക്കോർഡ് ചെയ്തു വച്ചിട്ടുണ്ടാകും. ഇന്നിപ്പോൾ “കണ്ടോ ഞാൻ പണ്ടേ പറഞ്ഞില്ലേ” എന്ന മട്ടിൽ അവിടുത്തെ ആളുകളുടെയിടയിൽ ഞെളിയുന്നുമുണ്ടാവാം. ഇതിന്റെയിടയ്ക്ക് സ്വന്തം വീട്ടിലെ കാര്യമൊക്കെ അന്വേഷിക്കാൻ നേരം കിട്ടുന്നുണ്ടോ ആവോ! എന്തായാലും ചേട്ടന് ഇനി കുറച്ചു ദിവസം ഷൈൻ ചെയ്യാം. അടുത്ത സെറ്റ് ചാനലുകാരാണെന്നു തോന്നുന്നു പുറകിൽ ക്യാമറയുമായി നിന്നത്.