I say nothing, not one word, from beginning to end, and neither does he. If it were lawful for a woman to hate her husband, I would hate him as a rapist.
-Philippa Gregory
ഇന്ന് വൈവാഹികത്വം ലൈംഗിക മേൽക്കോയമയ്ക്കും (SEXUAL DOMINANCE) ആണാധികാര വ്യവസ്ഥയുടെ(PATRIARCHAL HEGEMONY) സവിശേഷമായ മേൽക്കോയ്മ സ്ഥാപിക്കാനുമുള്ള ഒരുപാധിയായി പരിണമിക്കുന്ന സാഹചര്യമാണുള്ളത്. ഇഷ്ടാനിഷ്ടങ്ങളുടെ പാരസ്പര്യത്തെ റദ്ദ് ചെയ്ത് കൊണ്ട്, നീണ്ട കാലത്തെ പ്രണയവിവാഹങ്ങളിൽ പോലും അധീശത്വം വിവാഹബന്ധങ്ങൾ ശിഥിലമാകുന്നതിനുള്ള ഒരു കാരണമായി മാറിയിട്ടുണ്ട്. ദാരിദ്ര്യവും നിരക്ഷരതയും
അപക്വമായ ലൈംഗിക ധാരണകളുമാണ് വൈവാഹിക ലൈംഗിക പീഡനത്തിനും വൈവാഹിക ബലാൽസംഗത്തിനും ഇടയാക്കുന്നതെന്ന വാദം ബാലിശമാണ്. അഭ്യസ്തവിദ്യരിലും സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ളവരിലും ഉന്നതഉദ്യോഗസ്ഥരിലും വൈവാഹിക പീഡനങ്ങൾ വർദ്ധിച്ചു വരുന്നതായി പഠനങ്ങളും മറ്റും വെളിപ്പെടുത്തുമ്പോൾ, സാമൂഹിക തട്ടുകൾക്കുപരിയായി ഓരോ മനുഷ്യരിലും കുടികൊള്ളുന്ന പൊതുബോധമാണ് ഇതിന് പിന്നിലെന്ന് സംശയിക്കാവുന്നതാണ്.
ഐ.പി.സി 375ാം വകുപ്പ് പ്രകാരം ഒരു പുരുഷനും സ്ത്രീയും തമ്മിൽ, സ്ത്രീയുടെ സമ്മതമില്ലാതെയോ, അവരുടെ താല്പര്യങ്ങൾക്കെതിരായോ, ബലംപ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ ചതിച്ചോ സമ്മതം നേടിയെടുത്തോ, നടത്തുന്ന നിയമപരമായല്ലാത്ത ലൈംഗികബന്ധമാണ് ബലാത്സംഗം. എന്നാൽ വിവാഹിതരിൽ ഇത്തരം ലൈംഗിക ആരോപണങ്ങൾക്ക് നിയമസാധുതയില്ല എന്നതാണ് വാസ്തവം. യുഎൻ പോപ്പുലേഷൻ ഫണ്ടിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 15 മുതൽ 45 വയസ്സ് വരെ പ്രായമുള്ള 75 ശതമാനം സ്ത്രീകളും ഭർതൃ ബലാൽസംഗത്തിന് ഇരയാവുന്നുണ്ട്. ഇത്തരുണത്തിലാണ് രാഹുൽ റിജി നായർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 2017 ൽ ഇറങ്ങിയ ഒറ്റമുറി വെളിച്ചം എന്ന സിനിമ ഏറ്റവും പ്രസക്തമാകുന്നത്.
കേരളം അധികം ചർച്ച ചെയ്യാത്ത, അഥവാ ചെയ്താൽ തന്നെ ബോധപൂർവം വക്രീകരിക്കപ്പെടുന്ന വൈവാഹിക ബലാൽസംഘമെന്ന വിഷയത്തെയാണ് സിനിമ ആസ്പദമാക്കുന്നത്. വനാതിർത്തിലുള്ള ഒരു ഗ്രാമത്തിലേക്കാണ് അനാഥയായ സുധയെ ചന്ദ്രൻ കല്യാണം കഴിച്ചു കൊണ്ട് വരുന്നത്. എന്നാൽ മുരടനായ അയാൾ ഒരിക്കൽ പോലും അവളോട് സ്നേഹത്തോടെ പെരുമാറിയിട്ടില്ല. അവളുടെ അനാഥത്വം അയാളെ കൂടുതൽ മുരടനും കാർക്കശ്യമുള്ളവനുമാക്കുന്നു.
അയാളുടെ ലൈംഗികത എന്നത് അവളെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുക എന്നതായിരുന്നു. ജനലും കതകുമില്ലാത്ത മുറിയിലെ നിറം മാറുന്ന വൈദ്യുതവിളക്ക് അവളുടെ ഉറക്കം കെടുത്തുന്നു. അവളുടെ നിറപ്പകിട്ടാർന്ന സ്വപ്നങ്ങൾ ആ നിറഭേദങ്ങളിൽ നഷ്ടപ്പെടുന്നു. ജീവിതത്തിലെ പ്രതീക്ഷയുടെ ബിംബങ്ങളെ അപനിർമ്മിച്ചു കൊണ്ട് വളരെ പ്രസക്തമായ ഒരു വിഷയത്തെ കൂടുതൽ ആധികാരികമാകുകയാണ് സംവിധായകൻ. അയാളുടെ ലൈംഗികാതിക്രമത്തിൽ അവൾ വേദനയെടുത്ത് കരയുമ്പോൾ, നിസ്സംഗയായി കിടന്നുറങ്ങുന്ന ചന്ദ്രന്റെ അമ്മ, ഇതൊക്കെ സ്വാഭാവികമാണെന്നും തനിക്ക് ചന്ദ്രന്റെ അച്ഛനിൽ നിന്നും ഇത്തരത്തിൽ പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നും അവളെ ആശ്വസിപ്പിക്കുമ്പോൾ, സമൂഹത്തിന്റെ ഏത് തട്ടിലും പ്രബലമായ പൊതുബോധത്തെയാണ് അവർ അരക്കിട്ടുറപ്പിക്കുന്നത്.
“നീ അവനെ വെറുക്കേം മറ്റും ചെയ്യരുത്. ഒന്നുമില്ലെങ്കിലും നീയൊരു പെണ്ണല്ലേ… ”
എന്നാണ് അവർ അവളോട് പറയുന്നത്.
പെണ്ണെന്നത് സുഖിക്കാനുള്ള ഒരു ചരക്കെന്ന സാമൂഹിക നിർമ്മിതിയുടെ അടയാളപ്പെടുത്തലാണ് അവരുടെ സംഭാഷണം.
എന്താണ് വൈവാഹിക ജീവിതത്തിൽ ഒരു സ്ത്രീ ആഗ്രഹിക്കുന്നത്. അത് സാമൂഹിക-സാമ്പത്തിക ജീവിത സാഹചര്യങ്ങൾക്കനുസൃതമായി വ്യത്യാസപ്പെടുമെങ്കിലും ഭൂരിപക്ഷവും ആഗ്രഹിക്കുന്നത് തുല്യമായ ഒരു പരിഗണന മാത്രമാണ്.
“എന്റെ തന്ത ആരാണെങ്കിലും അയാക്ക് പെണ്ണിനെ സ്നേഹിക്കാനറിയാമായിരുന്നു…… ”
ഒരിക്കൽ വീട്ടിൽ പോകാൻ ആഗ്രഹിക്കുന്ന സുധയോട് അവളുടെ അനാഥത്വത്തെക്കുറിച്ചും അച്ഛൻ ആരാണെന്നറിയാത്ത അവളുടെ നിസ്സഹായതയെയും അയാൾ അപഹസിക്കുമ്പോൾ അവൾ പറയുന്നു. സ്നേഹിക്കപ്പെടുന്ന പെണ്ണാണ് ഏറ്റവും ഭാഗ്യവതിയെന്ന് അവൾ പറയാതെ പറയുന്നു. അയാളുടെ മരണം കാണുമ്പോൾ നിസ്സംഗയാകുന്ന അവൾ, അത്ര നാളും താൻ അനുഭവിച്ച വേദനയെ പ്രേക്ഷകരിലേക്ക് കൊണ്ടുവരികയാണ്. വെളിച്ചവും ഇരുളുമെന്ന വിരുദ്ധ ദ്വന്ദങ്ങളെ പുനർ വ്യാഖ്യാനിക്കുന്ന ഇത്തരം സിനിമാ കാഴ്ചകൾ ആശാവഹം തന്നെയാണ്.