റാമോജി ഫിലിംസിറ്റി സ്ഥാപകൻ റാമോജിറാവു (87) അന്തരിച്ചു.

Saji Abhiramam

തൊട്ടതെല്ലാം പൊന്നാക്കിയ… ലോകശ്രദ്ധ ആകര്‍ഷിച്ച ഹൈദരാബാദ് ഫിലിംസിറ്റി, ഈനാട് പത്രം, ഇടിവി നെറ്റ് വര്‍ക്ക്, രാമദേവി പബ്ലിക് സ്‌കൂള്‍, പ്രിയ ഫുഡ്‌സ്, ഉഷാകിരണ്‍ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂഷന്‍, മാര്‍ഗദര്‍സി ചിറ്റ് ഫണ്ട്, ഡോള്‍ഫിന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, കലാഞ്ജലി എന്നിങ്ങനെ വിവിധ വ്യവസായ സംരംഭങ്ങളുടെ ഉടമയായിരുന്ന ചെറുകുരി രാമോജി റാവു എന്ന രാമോജി റാവു അന്തരിച്ചു. ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച് ഇന്ത്യന്‍ സിനിമയിലും രാഷ്ട്രീയത്തിലുമെല്ലാം വലിയ സ്വാധീനം ചെലുത്തിയ രാമോജി റാവു തൊട്ടതെല്ലാം പൊന്നാക്കിയാണ് ഓര്‍മ്മയാകുന്നത്. ചലച്ചിത്ര നിര്‍മ്മാതാവ്, മാധ്യമ സംരംഭകന്‍, വിദ്യാഭ്യാസ-പത്ര പ്രവര്‍ത്തകന്‍ എന്നിങ്ങനെ പല മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്നു.

മാര്‍ഗദര്‍ശി ചിറ്റ്ഫണ്ട്‌സിലൂടെയായിരുന്നു തുടക്കം. തുടര്‍ന്ന് വ്യത്യസ്തമായ നിരവധി മേഖലകളില്‍ വിജയം നേടിയ അദ്ദേഹം ആന്ധ്രയിലെ ഏറ്റവും വലിയ വ്യവസായ ശൃംഖലയാണ് പടുത്തുയര്‍ത്തിയത്. 1983ലാണ് ചലച്ചിത്ര നിര്‍മാണ കമ്പനിയായ ഉഷാകിരണ്‍ മൂവീസ് സ്ഥാപിക്കുന്നത്. പിന്നീടങ്ങോട്ട് ഈ നിര്‍മാണ കമ്പനിയുടെ ബാനറില്‍ നിരവധി ഹിറ്റുകള്‍ പിറന്നു. തെലുഗു, ഹിന്ദി, മലയാളം, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലായി ഏകദേശം 80 സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. സാമൂഹിക പ്രശ്നങ്ങളെ കേന്ദ്രീകരിച്ചുള്ള ചിത്രങ്ങള്‍ക്കൊപ്പം യുവ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന മികച്ച വിനോദ സിനിമകളും ഉഷാകിരണ്‍ മുവീസിന്റെ ബാനറില്‍ പുറത്തെത്തി.

പിന്നീടാണ് ഫിലിം സിറ്റി എന്ന ആഗ്രഹം മനസ്സില്‍ ഉദിക്കുന്നത്. 1990 കളിലാണ് പ്രാഥമിക ജോലികള്‍ ആരംഭിക്കുന്നത്. ഹൈദരാബാദിലെ വിജയവാഡയിലെ ഹയാത്നഗറില്‍ 1996 -ല്‍ ഫിലിം സിറ്റി തുറന്നു. കാലക്രമേണ 2000 ഏക്കറോളം ഭൂമിയില്‍ അത് പടര്‍ന്നുപന്തലിച്ചു. ലോകത്തെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമായാണ് ഇതറിയപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമായി ഗിന്നസ് റെക്കോഡും സ്വന്തമാക്കി. ഹോളിവുഡിലെ യൂണിവേഴ്സല്‍ സ്റ്റുഡിയോ ആയിരുന്നു റാമോജി റാവുവിന് പ്രചോദനമായത്. ഇന്ത്യയിലെ വിവിധ ഭാഷകളിലായി ആയിരക്കണക്കിന് ചിത്രങ്ങളാണ് അവിടെ പിറന്നത്. 1936 നവംബർ 16ന് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയില്‍ ഒരു കാര്‍ഷിക കുടുംബത്തിൽ ജനിച്ചു. കുട്ടിക്കാലം മുതല്‍ തന്നെ പുതിയ കാര്യങ്ങള്‍ പഠിക്കാനും ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനും കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനും ശ്രദ്ധാലുവായിരുന്ന അദ്ദേഹം വിവിധ വ്യവസായ സംരംഭങ്ങളിലൂടെ നിരവധി പേര്‍ക്ക് പ്രചോദനമായി മാറി.

തെലുഗു സിനിമയില്‍ 4 ഫിലിം ഫെയര്‍ അവാര്‍ഡുകളും ദേശീയ ചലച്ചിത്ര അവാര്‍ഡും നേടി. 2000 ല്‍ പുറത്തിറങ്ങിയ ‘നുവ്വേ കാവാലി’ എന്ന സിനിമയ്ക്കാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. പത്രപ്രവര്‍ത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയില്‍ നല്‍കിയ സംഭാവനകള്‍ക്ക് 2016ല്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.1986 ല്‍ ടി.കൃഷ്ണയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘പകരത്തിന് പകരം’ എന്ന മലയാള ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയാണ്. രമാദേവിയാണ് ഭാര്യ. കിരണ്‍ പ്രഭാകര്‍, ചെറുകുരി സുമന്‍ എന്നിവരാണ് മക്കള്‍. ഇടിവിയിലെ ഷോ നിര്‍മാതാവും സംവിധായകനുമായ ചെറുകുരി സുമന്‍ 2012 രക്താര്‍ബുദത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേ ഇന്ന് രാവിലെ 5 മണിയോടെയായിരുന്നു അന്ത്യം.

You May Also Like

നമ്മുടെ സെൻസർ ബോർഡ്, ഇന്ത്യയിൽ ആയിരിക്കുന്നിടത്തോളം ഇത്രയൊക്കെ കാണാനുള്ള യോഗമേ ഇത്തരം പടങ്ങളിലുള്ളൂ …

Felix Joseph ചതുരം (Malayalam | 2023 | SainaPlay ) എൽദോച്ചായൻ അതി സുന്ദരിയായ…

തന്റെ വളർച്ചയിൽ ലലേട്ടന്റെ കൈത്താങ്ങുണ്ടെന്ന് ഹണിറോസ്

വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന താരമാണ് ഹണി റോസ്…

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

തയ്യാറാക്കിയത് രാജേഷ് ശിവ വിനയ് കൃഷ്ണൻ സംവിധാനം ചെയ്ത സൈക്കോ ത്രില്ലർ ഷോർട്ട് മൂവിയാണ് Men…

ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ 2023 മെയ് 5 മുതൽ ‘കൊറോണ പേപ്പേഴ്‌സ്’ പുതിയ ത്രില്ലർ സ്ട്രീം ചെയ്യും

ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ 2023 മെയ് 5 മുതൽ ‘കൊറോണ പേപ്പേഴ്‌സ്’ പുതിയ ത്രില്ലർ സ്ട്രീം ചെയ്യും…