രമ്യ ബിനോയ്
*നിനക്ക്… നഷ്ടപ്രണയിക്ക്…*
“നിന്നെ സ്നേഹിക്കുന്നവർക്കൊക്കെ നിന്നെ നഷ്ടപ്പെടാതിരിക്കാൻ, എന്നെ സ്നേഹിക്കുന്നവർക്കൊക്കെ എന്നെ നഷ്ടപ്പെടാതിരിക്കാൻ” വേണ്ടെന്ന് വെച്ച ആ ഇഷ്ടം… വേണ്ടാന്ന് വയ്ക്കാൻ തോന്നുമ്പോഴൊക്കെ വേണം വേണമെന്ന് തോന്നുന്ന ആ ഇഷ്ടം…
ഓർമയില്ലേ നന്ദിതയെ, രാജീവനെ… എക്കാലത്തെയും പ്രിയപ്പെട്ട കമൽ സിനിമകളിലൊന്നായ മേഘമൽഹാറിൽ നിന്ന് ഇറങ്ങിവന്ന് മലയാളിയുടെ മനസ്സിൽ കൂടുകൂട്ടിയവർ. ഇനിയൊരിക്കലും തിരിച്ചു വരുമെന്ന് ഉറപ്പില്ലാത്ത കളിച്ചങ്ങാതിയെ കാത്തിരുന്ന ശ്രീക്കുട്ടിയും കന്യാകുമാരിയിലെ കൽമണ്ഡപത്തിൽ നിറകണ്ണുകളോടെ തന്നെ യാത്രയാക്കിയ ആ പെൺകുട്ടിയെ ഉള്ളിൽ കൊണ്ടുനടന്ന രാജീവനും. ജന്മങ്ങൾക്കപ്പുറമെങ്ങോ നടന്നതെന്ന മട്ടിൽ ഉള്ളിൽ പേറിയ അവ്യക്ത സ്മൃതികളാകണം ആ പ്രണയത്തെ അത്രമേൽ തീവ്രമാക്കിയതും അതേസമയം വേർപിരിയൽ എന്ന ത്യാഗത്തിൽ എത്തിച്ചതും… അല്ലെങ്കിൽ തന്നെ ഇനിയെന്തിനാണ് അവർ കണ്ടുമുട്ടേണ്ടത്…?
നമുക്കിടയിൽ ആരോരുമറിയാതെ ജീവിക്കാൻ വിധിക്കപ്പെട്ട എത്രയെത്ര നന്ദിതമാരും രാജീവന്മാരുമുണ്ടാകണം. ലോകത്തിനു മുൻപിൽ തികച്ചും സാധാരണമെന്ന മട്ടിൽ ബാഹ്യജീവിതം ജീവിച്ചു തീർക്കേണ്ടി വരുമ്പോഴും ആന്തരികമായി പ്രണയത്തിന്റെ അതിവർഷവും കരിവേനലും അനുഭവിക്കുന്നവർ. അവർ ഒരിക്കലും സമൂഹം അനുശാസിക്കുന്ന അതിരുകൾ വിട്ട് ഇറങ്ങുന്നുണ്ടാവില്ല. ആരുടെയും സ്വാസ്ഥ്യം കവരുന്നുണ്ടാവില്ല, അവരുടേതൊഴിച്ച്.
“എനിക്ക് നിന്നെ നന്നായി അറിയാം, എന്റെ കൈവെള്ള പോലെ” എന്ന് പലരും അവരോട് പറയുമ്പോൾ ആ മുഖത്ത് വിടരുന്ന ചെറുചിരിയുണ്ട്. നിങ്ങളതിനെ വായിക്കുന്നത് ഇങ്ങനെയാവും – സമ്മതത്തിന്റെ, സംതൃപ്തിയുടെ ചിരി. പക്ഷേ, അത് നിസ്സഹായതയുടെ ചിരിയാണ്. ആർക്കും മുന്നിൽ സ്വയം വെളിപ്പെടാനാകാത്തവളുടെ സങ്കടച്ചിരി. നിങ്ങൾക്കൊപ്പം ശ്രുതി ചേർത്തു പാടുമ്പോഴും ഏതൊക്കെയോ സ്വരസ്ഥാനങ്ങൾ അവൾക്ക് പിഴയ്ക്കുന്നുണ്ട്.
ലോക ദൃഷ്ടിയിൽ അവൾ എല്ലാം തികഞ്ഞവളാണ്. ഭൗതികമായി അങ്ങനെയാകും താനും. പക്ഷേ, അവളുടെ ആന്തരസ്ഥലികളിൽ നിറയെ കഠിന വിഷാദങ്ങളാണ്. ഏറ്റവും പ്രിയപ്പെട്ട ഒന്നിനെ എങ്ങോ വച്ചു മറക്കേണ്ടി വന്നവൾ. പിന്നീടൊരിക്കലും തിരഞ്ഞു പോകാൻ കഴിയാത്തവൾ. സത്യത്തിൽ അങ്ങനെയൊരു മടക്കം അവൾ ആഗ്രഹിക്കുന്നുണ്ടോ…?
അറിയില്ല.
പക്ഷേ,
അവൾ മോഹിക്കുന്നുണ്ടാകും, വരും ജന്മങ്ങളിലൊന്നിൽ അവർ ഒന്നിച്ച് ആ കൽമണ്ഡപത്തിൽ വീണ്ടും പോകുമെന്ന്, അവന്റെ തോളിൽ ചാഞ്ഞിരുന്ന് അസ്തമയം കാണുമെന്ന്.