തിരസ്കൃതരായവരെ കണ്ടിട്ടുണ്ടോ ? ഇനിയൊരു തിരിച്ചു വരവില്ലെന്ന മട്ടില്‍ ഓര്‍മകളില്‍ സ്വയം നഷ്ടമായവര്‍

37

രമ്യ ബിനോയ്

തിരസ്കൃതര്‍ക്കൊരു സുവിശേഷം

തിരസ്കൃതരായവരെ കണ്ടിട്ടുണ്ടോ… ഇനിയൊരു തിരിച്ചു വരവില്ലെന്ന മട്ടില്‍ ഓര്‍മകളില്‍ സ്വയം നഷ്ടമായവര്‍. അവരുടെ കൃഷ്ണമണികള്‍ എപ്പോഴും എന്തിനെയോ തിരഞ്ഞ് ഉഴറിക്കൊണ്ടിരിക്കും. വിരലുകള്‍, നഷ്ടമായ ഏതോ സ്പര്‍ശത്തിന്‍റെ ഓര്‍മയില്‍ വിറച്ചുകൊണ്ടിരിക്കും. സംസാരിച്ചു തുടങ്ങിയാലോ എവിടെയൊക്കെയോ തടഞ്ഞുവീണ്… മുഴുമിപ്പിക്കാനാകാതെ… ശ്വാസകോശം പോലും അവരോട് പിണങ്ങി പ്രാണവായു മുട്ടിക്കും… ‘മറന്നു കളയൂ’ എന്നു സാന്ത്വനിപ്പിക്കാന്‍ എത്രയോ എളുപ്പമാണ്. പക്ഷേ അനുഭവിക്കുന്നവനോ…?

മുറിഞ്ഞുപോയത് പ്രണയബന്ധം തന്നെയാവണമെന്നില്ല. സൗഹൃദമോ, കുടുംബ ബന്ധങ്ങളോ ഒക്കെയാകാം. പക്ഷേ, ആഴത്തില്‍ വേരോടിയ ബന്ധമാണതെങ്കില്‍ അത്രയെളുപ്പം നോവാറുവതെങ്ങനെ…
“എനിക്ക് ആവുന്നില്ല ചേച്ചീ…” എന്നൊരു കരച്ചിലാണ് ഈയിടെ പല ദിവസങ്ങളിലും പ്രഭാതങ്ങളിൽ എന്നെ വാട്സാപ്പിൽ കാത്തിരിക്കുന്നത്. ഉന്നയിക്കാന്‍ ഒരു വാഗ്ദാനം പോലും നല്‍കാതിരുന്ന ഒരാളെ കാത്തിരുന്ന ഒരു പെണ്‍കുട്ടി. ഒടുവില്‍ അയാള്‍ക്ക് താന്‍ ആരുമല്ലെന്നു തിരിച്ചറിയുന്നതിന്‍റെ തകര്‍ച്ച. ഞാനും അനുഭവിച്ചിട്ടുണ്ട് ചില ബന്ധങ്ങളില്‍നിന്ന് അത്തരം തിരിച്ചടികള്‍. “നിന്‍റെ കണ്ണീരോ, ഉടഞ്ഞുതകരലോ എനിക്ക് ഒരു പ്രശ്നമേയല്ല, നിനക്ക് ഒരു പ്രശ്നമുണ്ടായാല്‍ ഞാനവിടെ ഉണ്ടാകുമെന്നേ കരുതേണ്ട” എന്നൊക്കെ ഏറ്റവും ഭംഗിയായി വാക്കുകളില്ലാതെ പറഞ്ഞു തന്ന ചിലര്‍. അതില്‍ സുഹൃത്തുക്കളുണ്ട്, ബന്ധുക്കളുണ്ട്, ഉറ്റവരുമുണ്ട്.

ആ തിരിച്ചറിവിന് നമ്മള്‍ കൊടുക്കേണ്ടി വരുന്നത് വലിയ വിലയാണ്. ഉറക്കം നമ്മളോട് ശത്രുത പ്രഖ്യാപിച്ച് അകന്നു നില്‍ക്കും. ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം പോലും പച്ചവെള്ളം പോലെ രുചിഭേദമില്ലാത്തതാകും. ഹാരി പോട്ടര്‍ പരമ്പരയിലെ അസ്കബന്‍ ജയിലിലെ കാവൽക്കാരായ ഡിമന്‍റര്‍ എന്ന സത്വങ്ങള്‍ ഒരാളില്‍ നിന്ന് സ്നേഹത്തിന്‍റെ, സന്തോഷത്തിന്‍റേതായ എല്ലാ ഓര്‍മകളും വലിച്ചെടുക്കുന്നവരാണ്. അതു പോലെ ഓര്‍മകളില്‍ നിന്ന് സന്തോഷത്തിന്‍റേതായ പൊട്ടും പൊടിയും പോലും തുടച്ചുനീക്കപ്പെട്ട് ഏറ്റവും മോശം നിമിഷങ്ങള്‍ മാത്രം വന്നു നിറയും. നമ്മള്‍ക്കു നേരെ 916 ശുദ്ധിയുള്ള സ്നേഹം വച്ചുനീട്ടുന്നവരെ കാണാതെ, പ്രകടനപരതയിലെ മിടുക്ക് കൊണ്ട് സ്നേഹിക്കുന്നുവെന്ന് നമ്മളെ തെറ്റിദ്ധരിപ്പിച്ച് വഴിയില്‍ ഉപേക്ഷിച്ചു പോയവരിലേക്ക് മാത്രം കണ്ണും മനസ്സും നീളും.

പക്ഷേ, എന്നേക്കുമായി നാമവിടെ തറഞ്ഞുപോകേണ്ടതില്ല. ശിലയായ് മാറിയാല്‍ പാദസ്പര്‍ശത്താല്‍ ഉയിര്‍പ്പിക്കാന്‍ ആരും വരാനില്ലെന്ന തിരിച്ചറിവാണ് ആദ്യമുണ്ടാകേണ്ടത്. ചുറ്റും നില്‍ക്കുന്നവരില്‍ ആരെങ്കിലും ചിലപ്പോള്‍ നമുക്കായ് സഹായഹസ്തം നീട്ടിയേക്കാം. കേള്‍ക്കാനൊരു കാതോ, നമുക്ക് നേര്‍ക്ക് വിരിയാനൊരു ചിരിയോ, ആര്‍ദ്രമായൊരു കരസ്പര്‍ശമോ പോലും ഈ നേരത്ത് വിലപിടിപ്പുള്ളതാണ്. ആ വിരല്‍തുമ്പില്‍ പിടിച്ച് എഴുന്നേല്‍ക്കാന്‍ ഒരു ശ്രമം നടത്തുക.
മുട്ടുകുത്തി ഇരിക്കാനെങ്കിലും ആയാല്‍ പാതി വിജയിച്ചു. ആ ഇരിപ്പില്‍ നന്നായൊന്നു കരഞ്ഞുതീര്‍ക്കാം. ഉള്ളില്‍ കെട്ടിക്കിടന്നതെല്ലാം ഒഴുകിപ്പോട്ടെ. അവിടെയിരുന്ന് തന്നെ ഒരു തിരിഞ്ഞുനോട്ടം നടത്താം. ഇല്ലാതായത് ഒരു പാഴ്ചെടിയാണ്. പക്ഷേ, അതിനു വെള്ളവും വളവും നല്‍കാനുള്ള ശ്രമത്തില്‍ നാം സ്വയമറിയാതെ നഷ്ടമാക്കിയ ചിലതില്ലേ… എന്തൊക്കെയാണവ… ഇഷ്ടമുള്ള ചില കൂട്ടുകെട്ടുകള്‍, ഹോബികള്‍, സാമ്പത്തികമായ ചില നേട്ടങ്ങള്‍, സര്‍വോപരി ‘ മീ ടൈം’ (me time _ അങ്ങനെയും ഒന്നുണ്ടല്ലോ…. എനിക്കു മാത്രമായി ഞാന്‍ കണ്ടെത്തുന്ന ചില നേരങ്ങള്‍)… അങ്ങനെ എന്തെല്ലാം നാം നഷ്ടപ്പെടുത്തിയിരിക്കുന്നു. അവ ഒന്നൊന്നായി തിരികെ പിടിക്കാന്‍ ശ്രമിക്കണം.

പ്രണയം തകര്‍ന്നിരിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ അടുത്ത ഒരു വര്‍ഷം ജീവിതം അടച്ചിടുകയല്ല, തുറന്നിടുകയാണ് വേണ്ടത് . കാരണം, ഒരാളിലേക്കു ചുരുങ്ങി നാം നഷ്ടമാക്കിയ സൗഹൃദങ്ങളുടെ, ബന്ധങ്ങളുടെ വീണ്ടെടുപ്പും ആഘോഷവും തുടങ്ങാം. ദീര്‍ഘകാലം അവഗണിച്ചതിന്‍റെ ചെറിയ ചില പരുക്കുകള്‍ അവിടെയൊക്കെയുമുണ്ടാകും. സ്നേഹവും കരുതലും നല്‍കിയാല്‍ വീണ്ടും തഴയ്ക്കാത്ത ഏതു ബന്ധമാണുള്ളത്… നമുക്കുവേണ്ടി, നമ്മുടെ ഉള്ളിലെ താപം ശമിപ്പിക്കുന്നതിനായി പെയ്യാന്‍ ഒരുപാട് മഴക്കാറുകള്‍ അവരുടെയൊക്കെ പക്കലുണ്ടാകും.

അവനവനോടുള്ള മുഴുവന്‍ മതിപ്പും ഇല്ലാതാക്കിയാണ് ചില ബന്ധങ്ങള്‍ അസ്തമിക്കുക. അതോടെ “എന്നെ കൊള്ളാഞ്ഞിട്ടാണ്” എന്നു സ്വയം വിധിയെഴുതുകയായി. എന്തിനാണ് ഈ ആത്മപീഡനം… അവനവനെ സ്നേഹിക്കൂ… അത്തരക്കാരെ മാത്രമേ മറ്റുള്ളവരും സ്നേഹിക്കൂ… സ്വന്തം ശരീരത്തെയും മനസ്സിനെയും മുറിപ്പെടുത്തുന്ന എല്ലാ ശീലങ്ങളും ഉപേക്ഷിച്ചു കളയൂ. ” ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി” എന്നു പാടാനല്ലാതെ അത്തരമൊരു ജന്മം ഉറപ്പാക്കാന്‍ ആര്‍ക്കും ആവില്ല. അപ്പോള്‍ പിന്നെ കിട്ടിയ ജന്മം എന്തിനാണ് ഉടച്ചുകളയുന്നത്… ഈയൊരു തീരം വിട്ടാല്‍ മഞ്ഞോ മഴയോ മരങ്ങളോ സ്നേഹിക്കുന്ന മുഖങ്ങളോ നിറങ്ങളോ കൂടെയുണ്ടാകുമെന്ന് എന്താണ് ഉറപ്പ്…

മനസ്സില്‍ പച്ചപ്പ് നിറഞ്ഞു നില്‍ക്കാന്‍ ഏറ്റം പറ്റിയ മാര്‍ഗമാണ് ചുറ്റിനും പുതുമുളകള്‍ അക്ഷരാര്‍ഥത്തില്‍ നിറയ്ക്കുന്നത്. മുറ്റത്തോ, പറമ്പിലോ ഇതു രണ്ടുമില്ലെങ്കില്‍ വരാന്തയിലോ ബാല്‍ക്കണിയിലോ സ്റ്റെയര്‍കേസിന്‍റെ ലാന്‍ഡിങ്ങിലോ എങ്കിലും പത്തു ചട്ടി വച്ച് ചെടികൾ നട്ട് പച്ചപ്പ് നിറയ്ക്കൂ. അതിലെ പുതുമുളയും പൂക്കളും ജീവിതത്തിന് വീണ്ടും ഹരിതാഭ നല്‍കും. ഇഷ്ടപ്പെട്ട പാട്ടുകളും പുസ്തകങ്ങളും ഇരുള്‍ വഴിയിലെ വിളക്കുകാലുകളാണ്.

പടിയിറങ്ങിപ്പോയവര്‍ക്കു പിന്നാലെ പിന്‍വിളിയുമായി അലയുന്നത് വ്യര്‍ഥമെന്നു ബോധ്യമുണ്ടെങ്കില്‍ പിന്നെ ആ വഴി പോകുന്നതെന്തിന്… അയാള്‍ക്ക് നിങ്ങളോട് പുച്ഛം മാത്രമാകും പിന്നീട് ഉണ്ടാവുക. തുറക്കാത്ത ആ വാതിലില്‍ ഓരോ തവണയും മുട്ടുമ്പോള്‍ അത് ഇരട്ടിയാകുകയേ ഉള്ളൂ. അയാളുടെ വാട്സാപ് സ്റ്റാറ്റസോ ഫെയ്സ്ബുക്ക് പോസ്റ്റുകളോ നോക്കി തനിക്കായി സ്നേഹത്തരി ബാക്കിയുണ്ടോ എന്നു ചികയാതിരിക്കുക. അതില്‍ ചിലതൊക്കെ തനിക്കു വേണ്ടിക്കൂടിയാണ് എന്ന തോന്നല്‍ മനസ്സിന്‍റെ ഒരു കള്ളത്തരം മാത്രമാണ്. തനിക്കു വേണ്ടിയല്ല എന്ന് അറിയുമ്പോഴും ” ഇല്ല… അങ്ങനെ ആവില്ല ഇനിയുമെന്തൊക്കെയോ ബാക്കിയുണ്ടെ”ന്ന മായക്കല്‍പ്പനയില്‍ സ്വയം വിഡ്ഢിയാക്കുന്നതെന്തിന്… റഫീഖ് അഹമ്മദ് എഴുതിയതു പോലെ പ്രണയമില്ലാതെയായ നാള്‍ സകലതും തിരികെ ഏല്‍പ്പിച്ചു പിന്‍മടങ്ങുക തന്നെയാണ് വേണ്ടത്…

പിരിഞ്ഞുപോയവരോടുള്ള കൊടിയ വെറുപ്പാണ് അടുത്ത ഘട്ടം. അതും ഒരു തരം സ്നേഹം തന്നെ. ഏറ്റവും പ്രിയപ്പെട്ട ഒന്നിനോടാകും പലപ്പോഴും ഏറ്റം വെറുപ്പ് തോന്നുക. അത് പോലും അവരുടെ ജയമാണ്. അതിനാല്‍ അതിനെയും അതിജീവിക്കുക. ഞാന്‍ ചിലപ്പോഴൊക്കെ പ്രയോഗിക്കുന്ന ഒരു തന്ത്രമുണ്ട്. ചിലരെ അങ്ങ് സുതാര്യരാക്കും. അതായത് അവര്‍ നമ്മുടെ പരിസരത്തുണ്ടെന്ന് അറിയാത്തതു പോലെ കടന്നുപോകുക. ജയിച്ചുവെന്ന മട്ടില്‍ അവര്‍ നമ്മുടെ മുന്നില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ നമ്മളെ ഒരു തരത്തിലും ബാധിക്കാതിരിക്കുന്ന ആ ഘട്ടത്തില്‍ നാം പൂര്‍ണമായി ജയിച്ചു തുടങ്ങുന്നു.
മദ്യവിമുക്തരായവരുടെ കൂട്ടായ്മയായ ആല്‍ക്കഹോളിക് അനോനിമസ് മദ്യപരെ അതിനോടുള്ള ആസക്തിയില്‍നിന്നു പിന്തിരിപ്പിക്കാന്‍ കണ്ടെത്തിയ ഒരു മാര്‍ഗമുണ്ട്. ഓരോ ദിവസവും ഒരു തീരുമാനമെടുക്കുക, ഇന്നൊരു ദിവസം ഞാന്‍ മദ്യമുക്തനായിരിക്കുമെന്ന്. ഇതേ ടെക്നിക് നമുക്കും സ്വീകരിക്കാവുന്നതേയുള്ളു. ഇന്നൊരു ദിവസം ഞാന്‍ സന്തോഷവതിയായിരിക്കുമെന്ന്. അതേ… ഇന്നൊരു ദിവസത്തിന്‍റെ കാര്യം ഇപ്പോള്‍ ചിന്തിക്കുക. അപ്പോള്‍ എത്രയോ ലഘുവായി മാറി കാര്യങ്ങള്‍.

ഒന്നു മാത്രം എപ്പോഴും ഓര്‍ക്കുക. നിങ്ങളുടെ സന്തോഷം നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്. എപ്പോഴും കരയുന്ന കുഞ്ഞിനോട് അമ്മയ്ക്കു പോലും നീരസമേ തോന്നൂ. അതിനാല്‍ കരച്ചിലുകാരി എന്ന കുറ്റപ്പേര് മായ്ച്ചു കളയേണ്ടത് അവനവനോടുള്ള ചുമതലയാണ്. ഇല പൊഴിച്ച മരങ്ങള്‍ വീണ്ടും തളിരിടും പോലെ ജീവിതം വീണ്ടും പച്ചിലത്തഴപ്പേന്തും. പിന്നെ വസന്തം അകലെയല്ല…