കഴിഞ്ഞദിവസം കൊല്ലപ്പെട്ട അഭിമന്യു എസ്എസ്എൽസി പരീക്ഷ എഴുതാൻ ഇരിക്കേണ്ടിയിരുന്ന ഇടം, ഇതുകണ്ട് നിങ്ങൾക്കൊന്നും തോന്നുന്നില്ലേ ?

63

ഇന്നലെയും കൂടി ഒരു കൗമാക്കാരൻ വർഗ്ഗീയ തീവ്രവാദികളുടെ കൊലക്കത്തിക്ക് ഇരയായിരിക്കുന്നു. ഇത് രണ്ടാമത്തെ അഭിമന്യുവാണ് .പകയുടെയും വിദ്വേഷത്തിന്റെയും ആദർശങ്ങളുമായി കുടുംബങ്ങളിലും സമൂഹത്തിലും നിങ്ങളറിയാതെ വളരുന്ന നിങ്ങളുടെ മക്കളെ ഇനിയെങ്കിലും ഒന്ന് ശ്രദ്ധിക്കണം മാതാപിതാക്കളേ . രമ്യ ബിനോയ് സോഷ്യൽ മീഡിയയിൽ എഴുതിയ പോസ്റ്റ് വായിക്കാം. എല്ലാ അമ്മമാരോടും ആണ്. അതുപോര…മക്കളും വായിച്ചിരിക്കണം.

രമ്യ ബിനോയ്

പ്രിയപ്പെട്ട അമ്മമാരേ…
ഓര്‍മയില്ലേ ആ ദിവസങ്ങള്‍… തുന്നിക്കൂട്ടിയ മുറിവിന്റെ കുത്തുന്ന വേദനയുമായി രാവെളുക്കോളം തൊട്ടിലാട്ടിയിരുന്ന ദിവസങ്ങള്‍… വിണ്ടുവിങ്ങിയ മുലക്കണ്ണ് നൊട്ടിനുണഞ്ഞപ്പോള്‍ പ്രാണന്‍ പറിയുന്ന വേദന അനുഭവിച്ചിട്ടും അവന് വിശക്കാതിരിക്കാന്‍ കുഞ്ഞിവായിലേക്ക് അത് വീണ്ടും തിരുകിവച്ചത്, നടുവു പൊട്ടുന്ന വേദനയിലും മുറിയില്‍ അങ്ങോളമിങ്ങോളം നടന്ന് തോളിലിട്ട് അവനെ തട്ടിയുറക്കിയത്, ഇത്തിരി മാമൂട്ടാൻ കാക്കേം പൂച്ചേം അമ്പിളി അമ്മാവനേം കൂട്ടുവിളിച്ചത്, അറിയുന്ന താരാട്ടുപാട്ടുകളെല്ലാം ചേര്‍ത്തുകെട്ടി സംഗീതച്ചങ്ങല തീര്‍ത്തിട്ടും കണ്ണ് മിഴിച്ചു കിടന്ന കള്ളക്കണ്ണനോട് പരിഭവം പറഞ്ഞത്…

അച്ഛന്റെ വിരലില്‍ തൂങ്ങി പള്ളിപ്പെരുന്നാളും ഉത്സവവും തെയ്യവും തിറയും കാണാന്‍ പോയവന്‍. അവിടെക്കിട്ടുന്ന പീപ്പിക്കും കുരങ്ങന്‍ ബലൂണിനും വേണ്ടി വാശിപിടിച്ചവന്‍. അന്തിക്കു വീടണയുന്ന അച്ഛന്റെ കയ്യിലെ പലഹാരപ്പൊതിക്കായി കാത്തുനിന്നവന്‍, ഏട്ടനും അനിയനും പെങ്ങന്മാര്‍ക്കുമൊപ്പം അത് പങ്കിട്ടുകഴിച്ചവന്‍. കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റും ഫുട്ബോളും കളിച്ചവന്‍. വലുതാകുമ്പോ വിമാനത്തില്‍ കയറിപ്പോകുന്നതും വലിയ ജോലി വാങ്ങുന്നതും അമ്മേടേം അച്ഛേടം കഷ്ടപ്പാട് മാറ്റുന്നതും വലിയ വീട് കെട്ടുന്നതും സ്വപ്നം കണ്ടവന്‍.

അവരാണ്, ആ കുഞ്ഞുങ്ങളാണ് രാഷ്ട്രീയക്കാരുടെ കൊലക്കത്തിക്ക് ഇരയാകുന്നത്. രക്തസാക്ഷിയായാലും ബലിദാനിയായാലും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് അതൊരു നേട്ടം മാത്രമാണ്. ഇന്നുവരെ എത്ര നേതാക്കളുടെ മക്കള്‍ കൊല ചെയ്യപ്പെട്ടു… ആരുമില്ല അല്ലേ… അതേ അവര്‍ക്ക് തങ്ങളുടേത് പൊന്‍കുഞ്ഞാണ്. നമ്മുടെ മക്കളൊക്കെ വെറും അണികളും.

കൊല ചെയ്യപ്പെട്ടവനെ വര്‍ഷാവര്‍ഷം അനുസ്മരിക്കും. അവന്‍ കയ്യിലേന്തിയ ചെങ്കൊടിയും മൂവര്‍ണ പതാകയും കാവിക്കൊടിയും പച്ചക്കൊടിയുമൊക്കെ കയ്യിലെടുത്ത് അവര്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യം വിളിക്കും. അവന് വേണ്ടി പടുത്തുയര്‍ത്തിയ (വര്‍ഷത്തിലെ മറ്റു ദിവസങ്ങളില്‍ കാക്കയ്ക്ക് കക്കൂസായ) രക്തസാക്ഷി മണ്ഡപത്തില്‍ അവര്‍ പുഷ്പാര്‍ച്ചന നടത്തും. അവന്റെ വീട്ടുമുറ്റത്ത് വന്ന് അവിടെ നിന്ന് ദീപശിഖ കൊളുത്തും. “ചോരയ്ക്ക് ചോര” എന്ന് വിളിച്ചാര്‍ക്കും.

എല്ലാറ്റിനുമൊടുവില്‍ നിങ്ങള്‍ ബാക്കിയാകും, അവന്റെ അച്ഛനും അമ്മയും. കരഞ്ഞു കരഞ്ഞ് കണ്ണീര്‍ വറ്റിയവര്‍. പാര്‍ട്ടി ചിലപ്പോള്‍ നിങ്ങള്‍ക്ക് മാസാമാസം പണം നല്‍കിയേക്കും, മറ്റു മക്കള്‍ക്ക് തൊഴില്‍ നല്‍കിയേക്കും. പക്ഷേ, പാതിരാത്രി തൊണ്ടയില്‍ കഫം കുറുകി ശ്വാസം കിട്ടാതെ വലയുമ്പോള്‍ ആ നേതാക്കളോ അണികളോ ഇറ്റു വെള്ളം ചൂടാക്കിത്തരില്ല. ജ്വരബാധയില്‍ ഉടൽ വെട്ടിവിറയ്ക്കുമ്പോള്‍ നെറ്റിയില്‍ കൈചേര്‍ത്തുനോക്കി വാരിയെടുത്ത് ആശുപത്രിയിലേക്ക് പായില്ല. മുട്ടുവേദനയാല്‍ മടങ്ങാത്ത കാലുമായി ഒതുക്കിനു താഴെ പകച്ചുനില്‍ക്കുമ്പോള്‍ കൈനീട്ടിത്തരില്ല, കാഴ്ച മങ്ങും കാലത്ത് ഉമ്മറപ്പടിയിലേക്ക് കാലെടുത്തുവയ്ക്കാന്‍ ശ്രമിച്ച് തട്ടിവീഴുമ്പോള്‍ കൈത്താങ്ങാകില്ല. ജീവിതത്തില്‍ ഒറ്റയ്ക്കായിപ്പോയ പെങ്ങളെ “ഏച്ചീ, ഞാനുണ്ട് കൂടെ” എന്ന് ചേര്‍ത്തുപിടിക്കില്ല. ബാങ്കിലെ ജപ്തി നോട്ടിസ് നോക്കി പകച്ചുനില്‍ക്കുന്ന ഏട്ടനോട് “നമ്മക്കിത് വീട്ടാന്നേ” എന്ന് പറയില്ല. മകളുടെ കല്യാണത്തിന് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കാനാകാതെ പരക്കം പായുന്ന അയല്‍ വീട്ടിലെ ചന്ദ്രേട്ടനോട്, മമ്മദിക്കയോട് “നമ്മളില്ലേ ഈടെ” എന്ന് ആശ്വാസം പറയില്ല.
അതുകൊണ്ട് മക്കളെ വളര്‍ത്തുമ്പോള്‍ അവരോട് പറയൂ, എല്ലാ ഇസങ്ങള്‍ക്കും മേലെയാണ് സഹജീവി സ്നേഹമെന്ന്. ‘ഇന്നു ഞാന്‍ നാളെ നീ’ എന്നതാണ് കൊലയുടെ തത്വശാസ്ത്രമെന്ന്. കൊന്നാലും ചത്താലും നഷ്ടം കുടുംബത്തിനു മാത്രമെന്ന്.

രാഷ്ട്രീയ വിശ്വാസം വേണ്ടെന്നല്ല. എന്നല്ല, അരാഷ്ട്രീയവാദം ഒരിക്കലും പ്രോത്സാഹിപ്പിക്കുകയുമരുത്. കാരണം പകരം കടന്നുവരിക മറ്റു ചില തീവ്രവാദങ്ങളാണ്. അതിനാല്‍ തികഞ്ഞ രാഷ്ട്രീയ ബോധ്യങ്ങളോടെ നമ്മുടെ കുഞ്ഞുങ്ങള്‍ വളരട്ടെ. പക്ഷേ, ആര്‍ക്കെതിരെയും കൊലക്കത്തി ഉയര്‍ത്തരുതെന്ന് അവരെ പറഞ്ഞുപഠിപ്പിക്കൂ. അവരുടെ ചെയ്തികളിലെല്ലാം പറ്റുന്നത്ര കാലം നമ്മുടെ കണ്ണ് എത്തട്ടെ. വഴി തെറ്റും മുന്‍പ് പറഞ്ഞുതിരുത്തൂ. അതിന് ഏത് കര്‍ശന മാര്‍ഗവും സ്വീകരിക്കൂ.

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പകരം വീട്ടേണ്ടത് മറ്റൊരു ജീവന്‍ എടുത്തിട്ടല്ല. നിങ്ങളുടെ കുരുന്നുമക്കളുടെ ജീവനെടുത്തവരോട് നിയമത്തിന്റെ വഴിയില്‍ പകരം ചോദിക്കാന്‍ അവര്‍ വിശ്വസിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങളോടു പറയൂ. അവര്‍ക്കു നീതി കിട്ടാനായി സുപ്രീം കോടതി വരെ പോകാന്‍ ആ പ്രസ്ഥാനങ്ങളോട് ആവശ്യപ്പെടൂ. അവിടെയും നീതി ലഭിച്ചില്ലെന്നു തോന്നിയാല്‍ പ്രതികാരം പ്രകൃതിക്കു വിട്ടേക്കൂ. കാവ്യനീതി എന്നൊന്നുണ്ട്. അത് നടപ്പാകുക തന്നെ ചെയ്യും. അതിനായി കാത്തിരിക്കൂ. മറ്റൊരമ്മയുടെ കണ്ണീരില്‍ കഴുകിത്തീര്‍ക്കാനുള്ളതല്ല നിങ്ങളുടെ പുത്രദുഃഖമെന്ന് ഓരോ നേതാവിനോടും അണികളോടും നിങ്ങള്‍ നിവര്‍ന്നുനിന്നു പറയൂ. അശാന്തമായ നാട് ശാന്തിയറിയട്ടെ…

May be an image of sitting and indoor

(ചിത്രത്തിൽ, കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അഭിമന്യു ഇന്നലെ എസ്എസ്എൽസി പരീക്ഷ എഴുതാൻ ഇരിക്കേണ്ടിയിരുന്ന ഇരിപ്പിടം)