വാവയുടെ വയറിളക്കം ഒരു നാടിനെ നടുക്കിയ കഥ, ഇതൊരു വല്ലാത്ത കഥയാണ്
{spoiler warning}
NaVas എഴുതിയ റിവ്യൂ
-രണ്ട്-
Irritable Bowel Syndrome (ഇടയ്ക്കിടെ കക്കൂസിൽ പോകണമെന്നുള്ള ശക്തമായ തോന്നൽ- ചിലർക്ക് ഇളകിപ്പോകും. ചിലരുടെ ആ തോന്നൽ മാത്രം പോകും. വയറു വേദന ചിലപ്പോൾ അസഹനീയവുമായിരിക്കും. കൂടുതൽ അറിയാൻ യുട്യൂബിൽ തിരയുക) എന്ന അസുഖത്താൽ ബുദ്ധിമുട്ടുന്ന മനിതനാണ് വാവയെന്ന വിളിപ്പേരുള്ള ശൈലേന്ദ്ര കുമാർ. ഒരിക്കൽ പുലർച്ചെ നാലുമണിക്കു ജോഗിങ്ങിനെന്നും പറഞ്ഞു മറ്റൊരു പരിപാടിക്കു വീട്ടിൽനിന്നും ഇറങ്ങിയ വാവക്കു IBS അഥവാ കക്കൂസിൽ പോകാൻ മുട്ടി. സാഹചര്യം മോശമായപ്പോൾ അവൻ മുസ്ലീംപള്ളിയിലെ കക്കൂസിലേക്കു ഓടിക്കയറി. ഒരു IBS കാരൻ തന്റെ മുന്നിൽ കാണുന്ന കക്കൂസ് പള്ളിയുടെതാണോ അമ്പലത്തിന്റെയാണോ എന്നൊന്നും ചിന്തിക്കില്ലെന്നു Ross and Wilson അവരുടെ Anatomy and Physiology in Health and illness എന്ന പുസ്തകത്തിൽ (4th എഡിഷൻ) പറയുന്നുണ്ട്. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുമെന്നതാണ് അവന്റെ ഒരേയൊരു കാഴ്ചപ്പാട്. പണ്ടാരോ പറഞ്ഞതും “മുട്ടുവിൻ തുറക്കപ്പെടും” എന്നല്ലേ.
സുബ്ഹി നമസ്ക്കാരത്തിനു ബാങ്കു വിളിക്കാൻ എണീറ്റ മുക്രി കക്കൂസിൽ ആളുണ്ടെന്നു മനസ്സിലാക്കുന്നു. അകത്തുള്ളത് ആരാണെന്നു പലവട്ടം മുക്രിയും സഹായിയും മാറിമാറി ചോദിച്ചെങ്കിലും അവർക്ക് മറുപടി കിട്ടിയില്ല. കാരണം വാവ നന്നായി ഭയന്നു തുടങ്ങിയിരുന്നു. കഷ്ടകാലത്തിനു അവന്റെ മൊബൈലിലേക്ക് ഒരു കാൾ വന്നു. റിങ്ടോൺ ഒരു ഹിന്ദു ഭക്തിഗാനം ആയിരുന്നു. അതുകേട്ട തീവ്രചിന്താഗതിക്കാരനായ മുക്രി തന്റെ ആളുകളെ വിളിച്ചു കൂട്ടുന്നു. ഓടിച്ചാടി എത്തിയ മുസ്ലീങ്ങൾ പള്ളിയുടെ കക്കൂസ് വളഞ്ഞു. താൻ ആരാണെന്നു വെളിപ്പെടുത്താൻ സാധിക്കാതെ പുറത്തു നിന്നുള്ള ചോദ്യങ്ങൾക്കു മറുപടിയായി ഒരക്ഷരം പോലും ഉരിയാടാൻ ആകാതെ മണിക്കൂറുകൾ കക്കൂസിൽ ഇരിക്കേണ്ടി വന്ന വാവയുടെ ചിന്തകൾ എത്രദൂരം സഞ്ചരിച്ചു കാണും. വാതിൽ ചവിട്ടി പൊളിക്കുമെന്ന ഘട്ടത്തിൽ മോഷൻ തടസ്സപ്പെട്ടു ക്ലോസറ്റിനു മുകളിൽ ഇരുന്നിരുന്ന വാവ സ്ലോമോഷനിൽ തന്നെ പുറത്തേക്ക് ഇറങ്ങി. ഇത്രയും ഗതികെട്ടവൻ വേറെ ഉണ്ടോന്നു ഞാൻ ചോദിച്ചു പോകുകയാണ് സൂർത്തുക്കളെ..
ഒരു അന്യമതസ്ഥനെ മുസ്ലീം കക്കൂസിൽ കണ്ട എല്ലാവരും പകച്ചു പോകുന്നു. കൂട്ടം ചേർന്നു ചോദ്യം ചെയ്യൽ ആരംഭിച്ചു. പള്ളി തകർക്കാൻ വന്ന ഹിന്ദുതീവ്രവാദിയായി അവർ വാവയെ ചിത്രീകരിച്ചു. ഹൈഡാസ്പസ് യുദ്ധത്തിൽ അലക്സാണ്ടർ ചക്രവർത്തിയോടു പടവെട്ടിയ പുരൂരവസ്സിന്റെ പടനായകൻ ആയിരുന്ന വെട്ടിച്ചിറ ബാപ്പൂട്ടിയുടെ “വെട്ടു തടുക്കാം എന്നാൽ മുട്ടു തടുക്കാനാകില്ല” എന്ന Quotes ഉദ്ധരിച്ചുകൊണ്ടു തന്റെ നിരപരാധിത്വം തെളിയിക്കാൻ വാവ ശ്രമിച്ചെങ്കിലും ഒരാളും അവനെ വിശ്വസിച്ചില്ല. വർഷങ്ങളായി കടുത്ത constipation ൽ ജീവിക്കുന്ന മുക്രി ഇങ്ങനെയൊരു അസുഖം ഈ ലോകത്തു തന്നെ ഇല്ലെന്നു തറപ്പിച്ചു പറഞ്ഞു. നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്കു വെറും കെട്ടുകഥകൾ മാത്രമാണെന്നു ബെന്യാമിൻ പറഞ്ഞതെത്ര ശരിയാണ്. അങ്ങനെ ഒരു കയ്യാങ്കളിക്കു ശേഷം സമുദായ നേതാവ് മിഷ്ടർ മുജീബ് പോലീസിനെ വിളിച്ചു വരുത്തി. പോലീസ് വാവയെ അറസ്റ്റ് ചെയ്തു നീക്കി. കക്കൂസിൽ നിന്നും ഇറങ്ങിയ വാവ നേരെ ജയിലിൽ കയറി. കഷ്ടം; Irritable bowel syndrome ഉള്ളോനു വേണ്ടി സംസാരിക്കാൻ ആ നാട്ടിൽ ആരും തന്നെ ഉണ്ടായില്ല..
കുറച്ചു ദിവസങ്ങൾക്കു ശേഷം റിമാന്റിൽ ഇറങ്ങുന്ന വാവയെ കാത്തു ജയിലിനു പുറത്തു കാവിക്കൊടി പിടിച്ചു അവർ നിൽപ്പുണ്ടായിരുന്നു. അവനെ ജയിലിൽ അടച്ചപ്പോൾ നാട്ടിൽ പ്രതിഷേധ സമരങ്ങളും ഹർത്താലും നടത്തിയവർ. തൽക്കാലത്തേക്കു ചാണകത്തിലെ പിടിവിട്ടു ഗോമാതാവിന് സമാധാനവും നൽകി കെജിപി എന്ന സംഘടന വാവയുടെ അപ്പിക്കേസ് ഏറ്റെടുക്കുന്നു. സ്റ്റേറ്റ് കമ്മിറ്റി അംഗം പൂജ്യനീയനായ മോഹൻജിയുടെ നേതൃത്വത്തിൽ വാവക്ക് വമ്പിച്ച സ്വീകരണം നൽകുന്നു. വെറും വാവയായിരുന്നവനെ കെജിപി രാജ്യസ്നേഹി ശൈലെന്തർ വാവാജി ആക്കി മാറ്റി. സംഘടനക്കു വേണ്ടി ശത്രുവിന്റെ കോട്ടക്കൊത്തളങ്ങൾ കീഴടക്കിയവനാണ് വാവാജിയെന്നു ലോക്കൽ മെമ്പർ നളിനൻ പുകഴ്ത്തി. ആർഷ ഭാരത രക്തം സിരകളിൽ പേറുന്ന വാവാജി എന്ന വീരനെ കെജിപിയുടെ സൂര്യശോഭയാർന്ന വിളക്കായി ആ ദിവസം മോഹൻജി പ്രഖ്യാപിച്ചു.
സ്ഥിതിഗതികൾ വഷളായി. വാവയുടെ ഗ്രാമം നിന്നു കത്താൻ പോന്ന സ്ഥിതിയിലുമായി. ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന സൈനബയുടെ വീട്ടുകാർ പോലും വാവയുടെ കുടുംബത്തെ അവഗണിച്ചു. അവരുടെ മോളുടെ നിക്കാഹിനു പോലും ക്ഷണിച്ചില്ല. കലികയറിയ വാവയുടെ അമ്മ അവന്റെ IBS നെ പ്രാകി. സുഹൃത്തായ ഷാജഹാന്റെ വീട്ടിൽ എത്തിയ വാവയെ അവന്റെ ഉമ്മ ഇനി വീട്ടിലേക്കു വന്നേക്കരുതെന്നു അപേക്ഷിച്ചു. ചുരുക്കി പറഞ്ഞാൽ വാവയെ നാട്ടുകാരും കൂട്ടുകാരും ഒറ്റപ്പെടുത്തി. അവന്റെ ഓട്ടോ ആരും വിളിക്കാതെയായി. തമിഴ്‌നാട്ടിൽ പോയി ഓട്ടോ ഓടിച്ചു ജീവിക്കാൻ ഒരു സുഹൃത്ത് അവനെ ഉപദേശിക്കുന്ന കാഴ്ച്ച നിറകണ്ണുകളോടെ അല്ലാതെ നമുക്ക് കാണാൻ കഴിയില്ല.
അമ്മയോടു പറഞ്ഞേക്ക് ഞാൻ എല്ലാവർക്കുമുള്ള ഫുഡ് പാർസൽ കൊണ്ടുവരാം നമുക്കിന്നു ‘തകർക്കണം’ എന്നു അനിയത്തിയോടു ഫോണിൽ സംസാരിച്ചുകൊണ്ടു മുസ്ലീം ഹോട്ടലിൽ കയറിയ വാവയെ ഏതോ അജണ്ടയുടെ ഭാഗമായി ഹോട്ടൽ തകർക്കാൻ എത്തിയതാണെന്നു സംശയിച്ചു മുസ്ലീങ്ങൾ കയ്യേറ്റം ചെയ്യുന്നു. ചിലർ അവനെ പിന്തുടരുന്നു. ബാറിൽ പോയാൽ പോലും സമാധാനം കിട്ടാത്ത അവസ്ഥ. സ്വീകരണം ഒരുക്കിയ സംഘടന തന്നെ ഒരു ബലിദാനി ആക്കുമെന്നു വരെ അവനിൽ സംശയം ഉണർത്തി. ചിന്തകൾ അതിരു താണ്ടിയപ്പോൾ വാവക്ക് സ്വന്തം വീട്ടിൽ പോലും കിടന്നുറങ്ങാൻ കഴിയാതെ വന്നു.
ഒടുവിൽ നാട്ടുകാരോട് സത്യം പറയാൻ വാവ തീരുമാനിക്കുന്നു. മൈക്ക് കെട്ടിയ ജീപ്പിൽ വന്നിറങ്ങിയ വാവയെ തീവ്ര മുസ്ലീം ഹിന്ദു ടീംസ് തടയുന്നു. വിഷയത്തിൽ നാട്ടുകാർ പ്രത്യേകിച്ചും ഒരു കൂട്ടം ചെറുപ്പക്കാർ ഇടപെടുന്നു. കൂട്ടത്തല്ലു നടക്കുന്നു. വർഗീയ വിഷം ചീറ്റുന്ന സകലരെയും പിള്ളേര് മടലുവെട്ടി അടിച്ചു കണ്ടം വഴി ഓടിക്കുന്നിടത്തു സിനിമ അവസാനിക്കുകയാണ്. കാണുക.. അഭിപ്രായം രേഖപ്പെടുത്തുക.
***