Ranjana Venu
ചന്ദ്രലേഖ എന്ന ബ്രഹ്മാണ്ഡ പടം
1948 ഇൽ 40 ലക്ഷം മുതൽമുടക്കി എടുത്ത ഈ പടത്തിന്റെ ഇന്നത്തെ മതിപ്പുവില എത്ര ഉണ്ടാകും. ഇന്നത്തെ ഭാഷയിൽ ബ്രഹ്മാണ്ഡചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ഈ സിനിമ ഇന്ത്യൻ സിനിമ ലോകത്തിൽ എന്നെന്നും ഉയർത്തി കാണിക്കുവാൻ തക്ക നിലവാരം ഉള്ളതാണ് . തെന്നിന്ത്യൻ സിനിമകളെ ബോളിവുഡിന് പരിചയപ്പെടുത്തുന്നതിലും ഈ സിനിമ നിർണായക പങ്കു വഹിച്ചു
ആനന്ദ വികടൻ എന്ന തമിഴ് വാരികയെ നഷ്ടത്തിൽ നിന്നും രക്ഷപ്പെടുത്തിയ എസ് എസ് വാസൻ എന്ന പ്രതിഭയുടെ കയ്യൊപ്പിൽ പിറന്ന പടം .(ആനന്ദവികടൻ ഇന്നും തമിഴിലെ ഏറ്റവും പഴയ വരികയെന്ന പേര് നിലനിർത്തുന്നു) .
സുബ്രഹ്മണ്യം ശ്രീനിവാസൻ 40 ലക്ഷം രൂപ ബഡ്ജറ്റിൽ നിർമ്മാണവും സംവിധാനം നിർവഹിച്ച പടം. ചന്ദ്രലേഖ ഇന്ത്യൻ സിനിമയുടെ നാഴിക കല്ലായി മാറിയത് ചരിത്രം. ഏകദേശം 5 വർഷം എടുത്തു ഈ ചിത്രം പുറത്തു വരാൻ.
George W. M. Reynolds’ യുടെ Robert Macaire എന്ന നോവലിലെ ഒരു കഥയെ ആസ്പദമാക്കിയാണ് ചന്ദ്രലേഖ നിർമ്മിച്ചത് . നിർമ്മാണ ചെലവ് തമിഴിൽ നിന്ന് ലഭിക്കാതിരുന്നപ്പോൾ ഹിന്ദിയിലേക്ക് പുനർനിർമ്മിച്ചു അവിടെ സൂപ്പർ ഹിറ്റ് ആയി ഓടി . ഹിന്ദി സിനിമ അന്നോളം കണ്ടിട്ടില്ലാത്ത സെറ്റ് ആണ് ഈ ചിത്രത്തിൽ വാസൻ ഒരുക്കിയിരുന്നത് . ഇന്ത്യൻ സിനിമയിലെ ഏറ്റവും ചിലവേറിയ സിനിമകളിൽ ഒന്നായി ചന്ദ്രലേഖ.
ചന്ദ്രലേഖ എന്ന നർത്തകിയുടെയും രണ്ടു രാജകുമാരന്മാരുടെയും കഥയാണ് ഇതു . രാജ്യത്തിനും നർത്തകിക്കും വേണ്ടിയുള്ള പോരാട്ടമാണ് കഥ . മൂത്ത രാജകുമാരനെ ഗുഹക്കകത്തു നിന്ന് സർക്കസ്സ് മൃഗങ്ങളുടെയും ആൾക്കാരുടെയും സഹായത്താൽ രക്ഷിക്കുന്ന ചന്ദ്രലേഖ അതിനു വിലയായി സർക്കസ് ചെയ്യേണ്ടി വരുന്നു . ഒരു മുഴുവൻ സർക്കസ്സും ഏതാണ്ട് മൂന്നു മണിക്കൂർ ദൈർഘ്യം ഉള്ള ഈ പടത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് . ചാരന്മാർ ചന്ദ്രലേഖയെ പിടിക്കാൻ ശ്രമിക്കുന്നതും അവരിൽ നിന്നുള്ള പലായനങ്ങളും ആണ് പിന്നീട് . പാട്ടുകൾ, നൃത്തങ്ങൾ എന്നിവക്ക് യാതൊരു കുറവും ഇല്ല .
സിനിമയുടെ മൂർദ്ധന്യം എന്ന് പറയുന്നത് ഒരു പെരുമ്പറ നൃത്തമാണ്. ക്ലൈമാക്സിലെ മാസങ്ങളോളം നീണ്ട പരിശീലനം വേണ്ടി വന്ന ഈ പെരുമ്പറ നൃത്തത്തിന് മാത്രം അഞ്ചു ലക്ഷം രൂപയാണ് ചിലവഴിച്ചത്. ട്രോജൻ കുതിരക്കകത്തു പടയാളികളെ ഒളിപ്പിച്ചത് പോലെ പെരുമ്പറകൾക്കുള്ളിൽ പടയാളികൾ ഒളിച്ചിരുന്ന് കോട്ടയ്ക്കുള്ളിൽ പ്രവേശിക്കുന്നു.രാജ്യത്തെയും നർത്തകിയെയും രക്ഷിക്കുന്നു. രാജകുമാരനും നർത്തകിയും പ്രജകളെ അഭിവാദ്യം ചെയ്യുന്നതോടെ സിനിമ അവസാനിക്കുന്നു .
എടുത്തു പറയേണ്ട ഒരു കാര്യം സ്ത്രീകഥാപാത്രത്തിനും പുരുഷ കഥാപാത്രത്തിനും തുല്യ പ്രാധാന്യം കൊടുത്ത ഒരു പടമാണ് എന്നതാണ് .പിന്നീടെപ്പോഴോ ആണ് തമിഴ് സിനിമയിൽ സ്ത്രീകൾ പുരുഷന്മാരിലും കീഴെ ആയി ചിത്രീകരിക്കപ്പെട്ടതു .
ആദ്യത്തെ മുഴുവൻ പേജ് ന്യൂസ്പേപ്പർ പരസ്യം കൊടുത്ത ഖ്യാതിയും ചന്ദ്രലേഖക്ക് സ്വന്തം. ജാപ്പനീസ് ഭാഷയിലേക്കു മൊഴിമാറ്റം നടത്തിയ ആദ്യത്തെ തമിഴ് പടം , അവിടെ റിലീസ് ആയ രണ്ടാമത്തെ ഇന്ത്യൻ സിനിമ, സ്റ്റുഡിയോ തൊഴിലാളികൾക്ക് ബോണസ് കൊടുത്ത ലോകത്തെ ആദ്യ സ്ഥാപനം . ഏകദേശം രണ്ടു കോടി രൂപ വരുമാനം ഉണ്ടാക്കിയ പടം എന്നിങ്ങനെ ചന്ദ്രലേഖക്കുള്ള വിശേഷണങ്ങൾ നീളുന്നു .
video