രാജ്യാന്തര ചലച്ചിത്രമേളയിൽ ഭാവനയെ ക്ഷണിച്ചതും മുഖ്യമന്ത്രിക്കൊപ്പം ഭാവന തിരിതെളിച്ചതും ഒക്കെ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. തീർച്ചയായും ഭാവനയ്ക്ക് കിട്ടിയ അംഗീകരവും ഐക്യദാർഢ്യവും തന്നെയാണ് . എന്നാൽ ഭാവനയെ വേദിയിലേക്ക് ക്ഷണിച്ച മേളയുടെ പ്രധാന ഭാരവാഹി സംവിധായകൻ രഞ്ജിത്തിനെ ചുറ്റിപ്പറ്റി ചില നെഗറ്റിവ് കമന്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്തെന്നാൽ ഭാവനയെ വേദിയിലേക്ക് ക്ഷണിച്ച ഇതേ രഞ്ജിത്ത് തന്നെയല്ലേ ദിലീപിനെ ജയിലിൽ പോയി കണ്ടു പിന്തുണയും അറിയിച്ചതെന്നാണ് പലരുടെയും ചോദ്യം.
എന്നാൽ ഭാവനയെ ക്ഷണിക്കുക എന്നത് തന്റെ തീരുമാനം ആയിരുന്നെന്നാണ് രഞ്ജിത്ത് വെളിപ്പെടുത്തുന്നത്. മുഖ്യമന്ത്രിയോട് ഇക്കാര്യം സംസാരിച്ചിരുന്നു എന്നും മാധ്യമങ്ങളുടെ ശ്രദ്ധ പ്രശ്നമാകാതിരിക്കാൻ വേണ്ടിയാണ് ആ നിമിഷം വരെ മറച്ചുവച്ചതെന്നും രഞ്ജിത്ത് പറയുന്നു. സാമൂഹ്യമാധ്യമങ്ങളിൽ വരുന്ന അഭിപ്രായങ്ങൾ ശ്രദ്ധിക്കാറില്ലെന്നും അതൊരുതരം മനോരോഗം ആണെന്നും അത്തരം തറവാർത്തമാനങ്ങൾ എന്റെകൂടെ വേണ്ട എന്നും തന്റെ സിനിമയിലെ കഥാപാത്രങ്ങളെ വച്ച് തന്നെ വിലയിരുത്തരുത് എന്നും രഞ്ജിത്ത് പറയുന്നു. തനിക്കു സാംസ്കാരികവകുപ്പിന്റെയും സർക്കാരിന്റെയും പിന്തുണയുണ്ടെന്നു ചൂണ്ടിക്കാട്ടാനും രഞ്ജിത്ത് മറന്നില്ല.