അമേരിക്കൻ രാഷ്ട്രീയം എന്ന ഉണ്ടമ്പൊരി

0
102

Ranjith Antony

അമേരിക്കൻ രാഷ്ട്രീയം എന്ന ഉണ്ടമ്പൊരി

ജീവിതത്തിന്റെ 90% വും അപ്പൊളിറ്റിക്കലായാണ് ജീവിച്ചത്. രാഷ്ട്രീയവും, രാഷ്ട്രീയക്കാരുമായി ഒരു ബന്ധവുമില്ലായിരുന്നു. ഞാനും കുട്ട്യോളും തട്ടാനും എന്നൊരു ലൈനിലായിരുന്നു ജീവിതം. അതിനാൽ കേരള/ഇൻഡ്യ രാഷ്ട്രീയമെന്നല്ല, ഞാൻ ജീവിക്കുന്ന അമേരിക്കയിലെ രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലായിരുന്നു. 2008 – 2010 സമയത്ത് എപ്പോഴോ തലയ്ക്കകത്ത് ഒരു സ്വിച്ച് ഓണായി. ഇനി ഇൻഡ്യയിലേയ്ക്കും, എന്റെ പ്രിയപ്പെട്ട പാലക്കാട്ടേയ്ക്കും ഒരു തിരിച്ച് പോക്കില്ല എന്ന് തീരുമാനമായ കാലഘട്ടമായിരുന്നു അത്. എന്റെ മക്കളും, അവരുടെ മക്കളും ഈ രാജ്യത്ത് തന്നെ ജീവിക്കണ്ടി വരും എന്നൊരു തിരിച്ചറിവ് ഉണ്ടായ സമയമാണത്.

ഞാൻ ജീവിക്കുന്ന ചുറ്റുപാടുകളിലേയ്ക്ക് ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയത് അങ്ങനെയാണ്. എന്റെ മക്കളെ ഈ രാജ്യം സ്വീകരിക്കുമൊ എന്നൊരൊറ്റ ആകുലതയെ എനിക്കുള്ളു. അതിനുതകുന്ന ഒരു രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക ചുറ്റുപാട് ഇവിടെ ലഭ്യമാണൊ എന്ന് മാത്രമേ ഞാൻ തിരഞ്ഞുള്ളു. അങ്ങനെയാണ് അമേരിക്കൻ പൊളിറ്റിക്സ് ശ്രദ്ധിച്ചു തുടങ്ങുന്നത്.

എന്നെ ഏറ്റവുമധികം കുഴക്കിയത്, ഈ ഡെമൊക്രാറ്റ്സ്, റിപ്പബ്ലിക്കൻസ് എന്ന രണ്ട് പാർട്ടികളെ എങ്ങനെ നാട്ടിലെ ഇടത് പക്ഷം, വലത് പക്ഷം എന്ന കള്ളിയിൽ ഉൾക്കൊള്ളിക്കാം പറ്റും എന്നതാണ്. എന്റെ മൊത്തം കുടുംബവും കോണ്ഗ്രസ്സാണല്ലൊ. അതിനാൽ അമേരിക്കയിലെ കോണ്ഗ്രസ്സ് ഏതാന്ന് കണ്ട് പിടിച്ചാൽ അതിനകത്ത് കയറി നിന്നാൽ പരിപാടി എളുപ്പമായി.
സംഗതി എളുപ്പമല്ല എന്ന് ഉടനെ മനസ്സിലായി. ഇതേ കണ്ഫ്യൂഷൻ നാട്ടിലിരുന്ന് അമേരിക്കൻ പത്രം വായിക്കുന്നവർക്കും ഉണ്ടാകുമെന്ന് മനസ്സിലായി. ഫേസ്ബുക്കിൽ ഞാൻ എഴുതുന്ന പോസ്റ്റുകൾക്ക് ചുവട്ടിൽ വരുന്ന കമന്റുകളും അത് ശരി വെയ്ക്കുന്നുണ്ട്.

അങ്ങനെ കണ്ഫ്യൂഷൻ അടിക്കുന്നവർക്ക് ഒരു ചെറിയ ട്യൂട്ടോറിയൽ രണ്ട് തരം വിചാരധാരയാണ് അമേരിക്കൻ പൊളിറ്റിക്സിനെ നയിക്കുന്നത്. ഒന്ന്, ലിബറൽ ചിന്താ രീതി. രണ്ട്, യാതാസ്ഥിഥിക ചിന്താ രീതി. ലിബറൽസ്സും കണ്സർവേറ്റീവ്സും എന്ന് വിളിക്കും.
ലിബറൽസ് വിശ്വസിക്കുന്നത് മനുഷ്യരെല്ലാം നൻമ നിറഞ്ഞവരാണ്. പക്ഷെ, സമൂഹവും വ്യവസ്ഥിഥിയും അസമത്വം നിറഞ്ഞതാണ്. ശക്തമായ ഒരു വ്യവസ്ഥിഥിയുടെ സഹായം ഉണ്ടെങ്കിലെ ഈ അസമത്വം തുടച്ചു നീക്കാനൊക്കു. അങ്ങനെ എല്ലാവർക്കും തുല്യ നീതി, തുല്യ അവസരങ്ങൾ ഉണ്ടാക്കി കൊടുക്കാൻ വലിയ ഒരു ഗവണ്മെന്റും, വിഭവങ്ങളിൽ മേലുള്ള റെഗുലേഷനും ഒക്കെ വേണം. ഗവണ്മെന്റ് ഇടപെടലില്ലെങ്കിൽ കളിക്കളത്തിലെ ഭീമൻമ്മാർ കുഞ്ഞു കളിക്കാരെ വളരാൻ അനുവദിക്കില്ല. അവർക്ക് മനുഷ്യ ജീവിതത്തിന്റെ ഫുൾ പൊട്ടെൻഷ്യൽ കൈവരിക്കാനൊക്കില്ല. മാത്രമല്ല, വിദ്യാഭ്യാസം, ആരോഗ്യം എന്നത് ഒരു അവകാശമാണ്. ആ മനുഷ്യവകാശങ്ങൾ ഉറപ്പിക്കുക എന്നത് ഗവണ്മെന്റിന്റെ ലക്ഷ്യവുമാണ്.

കണ്സർവ്വേറ്റീവ്സ് വിശ്വസിക്കുന്നത്, എല്ലാ മനുഷ്യരും കുറവുകളോടെയാണ് ജനിക്കുന്നത്. അവൻ അത്യദ്ധ്വാനം ചെയ്ത് അവന്റെ ജീവിതത്തിന്റെ ഫുൾ പൊട്ടൻഷ്യലിലേയ്ക്ക് എത്തണ്ടത് അവന്റെ ഉത്തരവാദിത്വമാണ്. സമൂഹവും, വ്യവസ്ഥിഥിയും ഒക്കെ തുല്യ നീതിയും, തുല്യ അവസരങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. വ്യവസ്ഥിഥിയിലും സമൂഹത്തിലും അങ്ങനെ അസമത്വങ്ങളൊന്നുമില്ല. അതുണ്ടെന്ന് പരാതിപ്പെടുന്നത് മനുഷ്യന്റെ അന്തർലീനിയമായ മടി കാരണമാണ്. കളിക്കളത്തിലെ എത്ര കുഞ്ഞൻ കളിക്കാരാണെങ്കിലും അവർ സ്വയം അടിച്ചടിച്ച് ഭീമൻമ്മാരെ കീഴ്പ്പെടുത്തണം. കളിയിലെ നിയമങ്ങളൊക്കെ നിങ്ങൾക്ക് തന്നെ തിരഞ്ഞെടുക്കാം. കാരണം ഗവണ്മെന്റും, റെഗുലേഷനുകളൊന്നുമില്ല. എല്ലാ വിഭവങ്ങളിലേയ്ക്കും എല്ലാവർക്കും തുല്യ അവകാശമാണ്. അവ ഉപയോഗിച്ച് ജീവിതത്തിന്റെ ഫുൾ പൊട്ടെൻഷ്യൽ കൈവരിക്കാൻ അവനവൻ തന്നെ ശ്രമിക്കണം. വിദ്യാഭ്യാസം, ആരോഗ്യം എന്നത് അവകാശമൊന്നുമല്ല, അതും നേടിയെടുക്കാൻ സ്വയം അദ്ധ്വാനിക്കണം.

നിലവിൽ, ലിബറൽസ് എന്നാൽ ഡെമൊക്രാറ്റിക് പാർട്ടി. കണ്സർവ്വേറ്റീവ്സ് എന്നാൽ റിപ്പബ്ലിക്കൻ പാർട്ടി. റിപ്പബ്ലിക്കൻ പാർട്ടിക്ക് GOP എന്നും പേരുണ്ട്. Grand old party എന്നതിന്റെ ചുരുക്കെഴുത്ത്.എല്ലാം ഓകെ. നമ്മുടെ ധാർമ്മിക മൂല്യങ്ങളോട് അടുത്ത് നിൽക്കുന്ന ഒരു പാർട്ടിയെ അങ്ങ് തിരഞ്ഞെടുത്താൽ മതി. ഒറ്റ പ്രശ്നം. ചരിത്രം വായിക്കരുത്. വായിച്ചാൽ കമ്പ്ലീറ്റ് ചുറ്റിപ്പോകും.
കാരണം, 1860 തൊട്ട് 1912 (ലേശം കൂടെ നീട്ടിയാൽ 1960) വരെ റിപ്പബ്ലിക്കൻസ്സായിരുന്നു ലിബറൽസ്. ഡെമോക്രാറ്റ്സ് എന്നാൽ വംശ വെറിയമ്മാരും, മനുഷ്യ വിരുദ്ധരും ഒക്കെ ആയിരുന്നു. അബ്രഹാം ലിങ്കണ് റിപ്പബ്ലിക്കൻ ആയിരുന്നു. കറുത്തവർഗ്ഗക്കാരായ അടിമകൾക്ക് മോചനം, അവർക്ക് വോട്ടവകാശം ഒക്കെ നൽകിയത് റിപ്പബ്ലിക്കൻ പാർട്ടിയായിരുന്നു. അമേരിക്കയുടെ വടക്ക് ഭാഗത്തുള്ള (ന്യുയോർക്ക് ഒക്കെ ഇതിൽ പെടും) വിദ്യാസമ്പന്നരുടെ ഒരു പാർട്ടിയായിരുന്നു റിപ്പബ്ലിക്കൻസ്. തെക്കുള്ള പരുത്തികൃഷി മുതലാളികളുടെ, വിദ്യാഭ്യാസം കുറഞ്ഞവരഉടെ പാർട്ടിയായിരുന്നു ഡെമോക്രാറ്റിക് പാർട്ടി. വൈറ്റ് സുപ്രമിസ്റ്റുകളായ കെ.കെ.കെ യുടെ ആദ്യ പതിപ്പ് തുടങ്ങുന്നത് ഡെമോക്രാറ്റിക് പാർട്ടിയുടെ സപ്പോർട്ടോടാണ്.

1912 ൽ തിയഡോർ റൂസ്വെൽറ്റ് പാർട്ടി വിട്ട് ബുൾ മൂസ് പാർട്ടി ഉണ്ടാക്കുന്നു. മൂപ്പർക്ക് മൂന്നാം തവണയും പ്രസിഡന്റാകാൻ റിപ്പബ്ലിക്കൻ പാർട്ടി ടിക്കറ്റ് നിഷേധിച്ചതാണ് കാരണം. അതോടെ റിപ്പബ്ലിക്കൻ പാർട്ടിയിലെ ലിബറലുകളും, പ്രോഗ്രസ്സീവുകളും റൂസ്‌‌വെൽറ്റിനൊപ്പം പോയി. ബുൾ മൂസ് പാർട്ടിക്ക് വലിയ വേരോട്ടം കിട്ടിയില്ല. അവർ ഇലക്ഷന് തോൽക്കുകയും ചെയ്തു. അതോടെ റൂസ്‌‌വെൽറ്റിനൊപ്പം പോയ റിപ്പബ്ലിക്കൻ ലിബറലുകൾ ഡെമോക്രാറ്റിക് പാർട്ടിയിൽ ചേക്കേറി.

ഇങ്ങനെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നിറങ്ങി വന്ന ലിബറലുകൾ തങ്ങൾ ചെന്ന് കയറിയ ഡെമോക്രാറ്റിക് പാർട്ടിയിൽ പിടി മുറുക്കി. പതിയെ ഒരു സൈദ്ധാന്തിക തലത്തിൽ തന്നെ പാർട്ടിയിലൊരു ഷിഫ്റ്റ് ഉണ്ടായി. ലിബറലുകൾ ഇറങ്ങി പോയപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിയിൽ അവശേഷിച്ചത് ചില തീപ്പൊരി പിന്തിരിപ്പൻമ്മാരായിരുന്നു. അങ്ങനെ 1960 കളൊക്കെ ആയപ്പോൾ റിപ്പബ്ലിക്കൻസ്സ് യാതാസ്ഥിഥികരും, ഡെമോക്രാറ്റിക് പാർട്ടി ലിബറലുകളുമായി മാറി. ഡെമോക്രാറ്റിക് ലിബറലുകളിലെ ഏകദേശം ആദ്യ കാലഘട്ടത്തിലെ പ്രസിഡന്റാണ് കെന്നഡി. അതിനു ശേഷം ലിൻഡൻ ബി ജോണ്സണും. ഇവരു രണ്ടു പേരുമാണ് സിവിൽ റൈറ്റ്സ് ആക്ടും (മാർട്ടിൻ ലൂതർ കിങ്), വോട്ടിങ് ആക്ടും ഒക്കെ കൊണ്ട് വന്നത്.

ഇതൊക്കെ ചരിത്രം. ഇനിയും കണ്ഫ്യൂഷനടിക്കുന്നവർക്ക് എളുപ്പം മനസ്സിലാക്കാൻ, റീഗൻ, ബുഷ്, ട്രമ്പ് ഒക്കെ റിപ്പബ്ലിക്കൻ പാർട്ടി. ക്ലിന്റണ്, ഒബാമ, ബേർണി സാൻഡേഴ്സ്, ബൈഡൻ, കമലാ ഹാരിസ് ഒക്കെ ഡെമൊക്രാറ്റിക് പാർട്ടി.
പറഞ്ഞ് വന്നത്, ഈ ഉണ്ടം പൊരി പൊളിച്ച് അകത്തേയ്ക്ക് കടന്നാൽ പശപശപ്പും ഒട്ടിപ്പിടത്തവും, വേവാത്ത മാവും ഒക്കെ കാണും. പക്ഷെ അടിസ്ഥാനപരമായി റിപ്പബ്ലിക്കൻ പാർട്ടിയായാലും, ഡെമോക്രാറ്റിക് പാർട്ടി ആയാലും മനുഷ്യരുടെ രാഷ്ട്രീയമാണ് സംസാരിക്കുന്നത്. ജീവന്റെ ഉന്നമനം തന്നെയാണ് ഈ രണ്ട് രാഷ്ട്രീയത്തിന്റെയും ലക്ഷ്യം. മാർഗ്ഗം മാത്രമേ വത്യാസമുള്ളു.