അരോചകമായ തൊഴുതു വണങ്ങലുകൾ

0
591

 

Ranjith Antony എഴുതുന്നു 

അരോചകമായ തൊഴുതു വണങ്ങലുകൾ

ചില അമേരിക്കക്കാർ നമ്മളെ കാണുമ്പൊ കൈകൂപ്പി കുനിഞ്ഞു നിന്ന് “നമഷ്ടേ” എന്ന് പറയും. എന്നിട്ട്‌ “എങ്ങനിണ്ട്”‌ എന്ന മട്ടിൽ നമ്മളെ നോക്കും. അവന്റെ ലോക വിജ്ഞാനത്തിൽ നമ്മൾ ഇമ്പറസ്ഡ്‌ ആയൊ എന്ന് അറിയാനാണു ആ നോട്ടം. എനിക്കിത്‌ കാണുമ്പൊ തമാശ ആണു. ഞാൻ എന്തായാലും ഇത്ര വൃത്തികെട്ട “നമഷ്ടേ” ആരോടും പറഞ്ഞിട്ടില്ല. നമസ്തെ എന്ന് പോലും പറഞ്ഞിട്ടില്ല. നമസ്‌കാരം എന്ന് ബ്രിസ്ക്‌ ആയി തനി മലയാളത്തിൽ പറയാറുണ്ടായിരിക്കും. ഒപ്പം കൈപൊക്കി ഒരു അഭിവാദനവും ഉണ്ടാവും. കൈകുപ്പില്ല എന്ന് നിർബന്ധമാണു. എന്റെ പ്രായത്തിലൊ അതിനു താഴെ ഉള്ള ജനറേഷനിലൊ ഒക്കെ ഉള്ള സാമാന്യം വിവരമുള്ള ആരും ചെയ്യുന്ന കണ്ടിട്ടുമില്ല.

അത്‌ കൊണ്ടു തന്നെ സായിപ്പ്‌ ഇത്‌ ചെയ്യുന്ന കാണുമ്പോൾ ഒരു കൗതുകമാണു തോന്നാറു. എന്റെ മുഖം കാണുമ്പോൾ അവർ നിരാശരാകും. പിന്നെ ഞങ്ങടെ നാട്ടിൽ നമസ്കാരം എന്നാണു പറായാറു എന്നൊക്കെ പറഞ്ഞു സായിപ്പിനെ സമാധാനിപ്പിക്കും.

Ranjith Antony
Ranjith Antony

പഴേ ജോലിയിലെ അവസാന വർഷങ്ങളിൽ ഇൻഡ്യയിലാരുന്നു ഡെവലപ്‌മന്റ്‌ ടീം. 2 മാസം കൂടുമ്പൊ അവിടെ ചെന്ന് മുഖം കാണിക്കണം. ആ സമയത്താണു ആദ്യമായി ഇൻഡ്യയിലൊരു ഫൈവ്‌ സ്റ്റാറിൽ താമസിക്കാൻ പറ്റിയത്‌. അങ്ങനെ അവിടേ ചെന്നപ്പഴാണു ഈ “നമഷ്ടേ” കൾ അരോചകമായി തുടങ്ങിയത്‌. ഹോട്ടലിൽ വന്നിറങ്ങുമ്പോൾ ഡോറിൽ നിൽക്കുന്ന ആളു തൊട്ട്‌ എക്‌സിക്യുട്ടീവ്‌ ഷെഫ്‌ വരെ കൈകൂപ്പി കുനിഞ്ഞ്‌ നിന്ന് നമസ്തെ അടിക്കും. അമേരിക്കയിലൊക്കെ ഷെഫിനു ദൈവത്തിന്റെ സ്ഥാനമാണു. ഭീകരരാണവർ.ഷെഫ്‌ ഒക്കെ നമ്മുടെ മുന്നിൽ കൈകുപ്പി കുനിഞ്ഞു നിക്കുന്നത്‌ കാണുമ്പോൾ വിഷമം തോന്നും. സായിപ്പിന്റെ നമഷ്ടേ മാറി ശുദ്ധമായ നമസ്തേകൾ ആയി എന്ന മാറ്റമുണ്ട്‌ എന്ന് മാത്രം. ആക്ഷനൊക്കെ സെയിം.

താജ്‌, ലീല തുടങ്ങിയ ഇൻഡ്യൻ ബ്രാൻഡ്‌ ഹോട്ടലുകളിൽ ഇതില്ല. ഷെരട്ടൺ, ഹയത്ത്‌, മാരിയറ്റ്‌ തുടങ്ങിയ വിദേശ ബ്രാൻഡുകളിലാണു ഈ അവിഞ്ഞ മര്യാദ രീതി. പിന്നെ ആലോചിച്ചപ്പഴാണു ഇതിന്റെ ഗുട്ടൻസ്‌ പിടികിട്ടിയത്‌. ഇവരുടെ ഒക്കെ ട്രെയിനിംഗ്‌ കരിക്കുലം ഉണ്ടാക്കുന്നത്‌ അമേരിക്കയിൽ ഇരിക്കുന്ന ഏതൊ സായിപ്പാണു. അവനു ഇൻഡ്യയെക്കുറിച്ച്‌ ചില മുന്വിധികൾ ഉണ്ട്‌. അതൊക്കെ ട്രെയിനിംഗിൽ കുത്തിക്കയറ്റിയതാണു. ആത്മാഭിമാനമുള്ള ഒരു ഇൻഡ്യക്കാരനും ദൈനംദിന ജീവിതത്തിൽ ഇത്രയ്ക്ക്‌ കുനിഞ്ഞു താഴാറില്ലെന്ന് സായിപ്പിനു അറിയില്ലല്ലൊ. ഇതൊരു പഴയ ഫ്യൂഡൽ വ്യവസ്ഥയുടെ തിരുശേഷിപ്പുകൾ ആണെന്നതും സായിപ്പിനറിയില്ല. ചെറുപ്പത്തിലെങ്ങാണ്ടു കണ്ട ഒരു സിനിമയിൽ നിന്ന് ആർജ്ജിച്ച ലോക വിജ്ഞാനം വെച്ചാണു കരിക്കുലം ഉണ്ടാക്കുന്നത്‌. അങ്ങനെ ആണു ഈ ഹോട്ടലുകളായ ഹോട്ടൽ മുഴുവനും ഈ താണു വണങ്ങൽ ഒരു കീഴ്‌വഴക്കമായി മാറിയത്‌.

ഈ കൈകൂപ്പി കുനിയുമ്പോൾ അറിയാതെ മുഖത്ത്‌ ഒരു ദൈന്യഭാവം വരും. ഈ ദൈന്യത ആണു എനിക്ക്‌ ഇഷ്ടമില്ലാത്തത്‌. എന്റെ ഹോട്ടലിലെ താമസത്തിനു സൗകര്യം ഒരുക്കുക എന്ന ചുമതലയെ അവർക്കുള്ളു. അല്ലാതെ എന്റെ അഹന്തയെയും ഈഗോയും പരിപോഷിപ്പിക്കണ്ട ബാദ്ധ്യതയൊന്നും അവർക്ക്‌ ഇല്ല. സാധാരണ എന്റെ ജീവിതത്തിൽ എനിക്കു മറ്റുള്ളവരിൽ നിന്ന് ലഭിക്കുന്ന പരിഗണനയിൽ കൂടുതൽ ഒന്നും ഇവരിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല. അതിനാൽ ഈ കുനിഞ്ഞു നിപ്പും കൈകൂപ്പും അലോസരമായാണു എനിക്ക്‌ തോന്നാറു.

രസം എന്താന്നു വെച്ചാൽ, ഇത്രയ്ക്ക്‌ കുനിഞ്ഞു നിപ്പൊന്നും ഇല്ലാത്ത താജ്‌ ഹോട്ടലുകളിലാണു ഏറ്റവും നല്ല സർവ്വീസുകൾ എനിക്ക്‌ കിട്ടിയിരിക്കുന്നത്‌. അവിടങ്ങളിലെ തൊഴിലാളികൾ 10 ഉം 15 ഉം 30 ഉം കൊല്ലമായിട്ട്‌ അവിടെ ജോലി ചെയ്യുന്നവരാണു. ബാക്കി ഇടങ്ങളിൽ നമ്മൾ ഇന്നു കാണുന്നവരെ രണ്ട്‌ മാസം കഴിഞ്ഞു ചെല്ലുമ്പോൾ കാണാറില്ല. ഡോർമ്മാൻ വരെ മാറിയിട്ടുണ്ടാകും. താണുവണങ്ങലില്ലാത്ത ആത്മാഭിമനത്തോടെ ജോലി ചെയ്യുന്നവർ വർഷങ്ങളോളം ഒരേ സ്ഥാപനത്തിൽ ജോലി എടുക്കുന്നു. അതില്ലാത്ത ജോലി സ്ഥലങ്ങളിൽ നിന്ന് ആൾക്കാർ കൊഴിഞ്ഞു പോകുന്നു. എന്നാണു ഞാൻ ഇതിൽ നിന്ന് മനസ്സിലാക്കുന്നത്‌.