ജനസംഖ്യയുടെ പകുതി എങ്കിലും അനധികൃത കുടിയേറ്റക്കാർ ഉണ്ടാകുമെന്നു പ്രചരിപ്പിച്ചു 9000 കോടിയിലേറെ ചിലവഴിച്ചു ഉണ്ടാക്കിയ ആസാം പൗരത്വലിസ്റ്റിലെ കുടിയേറ്റക്കാർ വെറും 1.6%

195

Ranjith Antony

അനുഭവങ്ങൾ പാളിച്ചകൾ

ഡീമോണിറ്റൈസേഷൻ തുടങ്ങിയത് തന്നെ അബദ്ധജഡിലമായ ചില മുൻവിധികളിൽ നിന്നാണ്. ഇൻഡ്യയിൽ തന്നെ നാലു ലക്ഷം കോടി കള്ളപ്പണം ഉണ്ടെന്നായിരുന്നു ഒരു വാദം. ഇനി ഇൻഡ്യയ്ക്ക് പുറത്ത് സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചെത്തിച്ചാൽ ഓരോ പൌരനും 15 ലക്ഷം വെച്ച് വിതരണം നടത്താവുന്നത്ര കള്ളപ്പണം ഉണ്ടാകുമെന്നായിരുന്നു.

എന്നിട്ടെന്തായി.

നാലു ലക്ഷം കോടി കിട്ടിയില്ല. ഇൻഡ്യയ്ക്ക് പുറത്തുള്ള കള്ളപ്പണത്തെ കുറിച്ച് ഇപ്പോൾ മിണ്ടുന്നുമില്ല. അവസാനം കമ്പ്ലീറ്റ് കോഞ്ഞാട്ട ആയി എന്ന് എല്ലാവർക്കും ഉറപ്പായപ്പോൾ നമ്മൾ കേട്ടത്

“ഉഗ്രൻ ഐഡിയ ആയിരുന്നു, ഇമ്പ്ലിമെന്റേഷൻ പാളി പോയി”

രാജ്യമെമ്പാടും NRC എന്ന ഐഡിയയും ഇത് പോലെ കുറേ മുൻവിധികളെ ആശ്രയിച്ചാണ്. ഇൻഡ്യ മുഴുവൻ ബംഗ്ലാദേശിൽ നിന്ന് നുഴഞ്ഞു കയറി എത്തിയിരിക്കുന്ന ഇല്ലീഗൽ ഇമിഗ്രൻസ്സാണെന്നാണ് പറയുന്നത്. ഭാഗ്യത്തിന് ഡീമോണിറ്റൈസേഷൻ പോലല്ല NRC. ഡീമോണിറ്റേസേഷൻ ആവശ്യമാണെന്നൊ, അല്ലെന്നൊ പറയാവുന്ന ഒരു ഡാറ്റ നമുക്കില്ലായിരുന്നു. പക്ഷെ, അമ്പേ പരാജയപ്പെട്ട ഒരു NRC ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്. ആസാമിലെ NRC.

ആസാം NRC ഒന്ന് ഇഴകീറി പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടും. 1600 കോടി ചിലവാക്കി, 50,000 ഉദ്യോഗസ്ഥരുടെ ആറു വർഷത്തെ അദ്ധ്വാനമാണ് NRC. ഇതലെ ആയിരത്തി അറുന്നൂറു കോടി ഗവണ്മെന്റ് ചിലവാണ്. ആസാമിലെ മൂന്ന് കോടി ജനങ്ങൾ രേഖകളുണ്ടാക്കാൻ ആറു വർഷം നെട്ടോട്ടം ഓടിയതിന്റെ അനൌദ്യോകിക കണക്ക് 8000 കോടി ആണെന്ന് പറയപ്പെടുന്നു. ഗവണ്മെന്റ് ചിലവും, പൌരമ്മാരുടെ പോക്കറ്റിൽ നിന്ന് ചിലവായതും കൂടെ കൂട്ടിയാൽ മൊത്തം 9600 കോടി.

ഈ 9600 കോടി മുടക്കിയിട്ട് കിട്ടിയത് 19 ലക്ഷം ഇല്ലീഗൽ ഇമിഗ്രൻസ്സിനെയാണ്. അതിൽ 14 ലക്ഷം പേർ ഹിന്ദുക്കളാണെന്നാണ് അനൌദ്യോകിക കണക്കുകൾ സൂചിപ്പിക്കുന്നത്. അവർ CAA യുടെ ബലത്തിൽ പൌരൻമ്മാരായി മാറും. ബാക്കി ഉള്ള 5 ലക്ഷം പേരെയാണ് ചാക്കിൽ കെട്ടി കൊണ്ട് കളയാൻ കിട്ടിയത്. മൂന്ന് കോടി ജനസംഘ്യയുടെ 1.6% ശതമാനമാണ് ഈ 5 ലക്ഷം പേർ എന്നത്.

ഒരു പരീക്ഷണം നടത്തി അതിനു ലഭിക്കുന്ന റിസൾട്ടിനാണ് ത്രൂപുട്ട്, അല്ലെങ്കിൽ ഗെയിൻ എന്ന് പറയുന്നത്. കറണ്ട് ഉത്പാദിപ്പിക്കുന്ന ഡാമിൽ നിന്ന് നമ്മുടെ വീടുകളിലേയ്ക്ക് എത്തുന്ന വഴിക്ക് പ്രസരണം വഴി നഷ്ടപ്പെടുന്ന കറണ്ടും കിഴിച്ചാണ് നമ്മൾ ഇഫക്ടീവ് ഗെയിൻ കണക്കാക്കുക. അതായത് ഗുണപരമായ ഔട്കം. ആസാമിലെ NRC യുടെ ഗുണപരമായ ഔട്കം എന്നത് 5 ലക്ഷം അനധികൃത കുടിയേറ്റക്കാരാണ്. ഇവരെ കണ്ടെത്താൻ നമുക്ക് ചിലവായത് 9600 കോടി / 5 ലക്ഷം = 1.92 ലക്ഷം. അതായത് ആളൊന്നുക്ക് ഏകദേശം 2 ലക്ഷം രൂപ നമ്മൾ ചിലവാക്കിയാണ് ഈ 1.6% പേരെ കണ്ടെത്തിയതെന്ന് ചുരുക്കം.

ഒന്ന് ആലോചിക്കണം, ബംഗ്ലാദേശുകാർ (ബംഗാളികൾ) കൂട്ടത്തോടെ കുടിയേറി തങ്ങളുടെ ഭാഷയും, സംസ്കാരവും കല്ലു പുല്ലായി പോയേ എന്ന് നിലവിളിച്ചോണ്ടിരുന്ന ആസാമിൽ നിന്നാണ് അഞ്ചു ലക്ഷം പേരെ കണ്ടെത്തിയത്. നെഞ്ചത്തടീം ബഹളോം ഒക്കെ കേട്ടപ്പോൾ ജനസംഖ്യയുടെ പകുതി എങ്കിലും അനധികൃത കുടിയേറ്റക്കാർ ഉണ്ടെന്നാണ് എല്ലാവരും കരുതിയത്. എന്നിട്ടാണ് ഈ 1.6% വും ആയി എത്തിയിരിക്കുന്നത്. ഇവിടെ എടുത്ത് പറയണ്ട കാര്യം. ആസാമിലെ NRC ബി.ജെ.പി ഗവണ്മെന്റിന്റെ ബുദ്ധിയിൽ ഉദിച്ചതല്ല. സുപ്രീം കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ നടന്ന ഒരു പരിപാടിയാണ്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ റെട്ടറിക്കുകളൊ, മുൻവിധികളൊ ഒന്നും സുപ്രീം കോടതിയെ ബാധിച്ചിതായി വിശ്വസിക്കുന്നില്ല. എന്നിട്ടും നമുക്ക് ലഭിച്ച റിസൾട്ടിന്റെ കാര്യമാണ് ഈ പറഞ്ഞത്.

ഇനി ഇൻഡ്യ ഒട്ടുക്ക് NRC നടത്താനുള്ള ചിലവ് ആലോചിച്ചു നോക്കുക. ആസാമിൽ തന്നെ 9600 കോടി ചിലവായി. 6 വർഷവും നഷ്ടപ്പെട്ടു. ഇൻഡ്യ മുഴുവൻ നടത്തുമ്പോൾ 6 വർഷം കൊണ്ട് തീരുമെന്ന് പ്രതീക്ഷിക്കരുത്. ചിലപ്പോൾ പത്തും ഇരുപതും വർഷങ്ങൾ എടുക്കും. ആസാമിൽ നിന്ന് മാത്രം 1.6% മാണ് ലഭിച്ചതെങ്കിൽ രാജ്യമൊട്ടുക്കും നടത്തുമ്പോൾ ഇത് 1 ശതമാനത്തിൽ താഴെ ആയിരിക്കും എന്ന് ഏകദേശം ഉറപ്പാണ്. ആസാമിലെ ചിലവ് ഒരു സൂചികയായി എടുത്താൽ ഇൻഡ്യ ഒട്ടുക്ക് നടത്തുന്നതിന്റെ പണചിലവിലെ പൂജ്യങ്ങളുടെ എണ്ണം കണ്ടിട്ട് തന്നെ തല കറങ്ങുന്നു.

അങ്ങനെ അവസാനം പത്തിരുപത് കൊല്ലം 130 കോടി ജനങ്ങളെ നെട്ടോട്ടം ഓടിച്ച് മൂഞ്ചി തെറ്റി കഴിയുമ്പോൾ നമ്മൾ കേക്കാൻ പോകുന്നത് ഞാൻ ഇപ്പഴേ പ്രവചിക്കാം.

“ഉഗ്രൻ ഐഡിയ ആയിരുന്നു, പക്ഷെ ഇമ്പ്ലിമെന്റേഷൻ പാളി”