‘തെറ്റു ചെയ്യാത്തവരായി ആരുമില്ല ഗോപൂ ‘എന്ന ആപ്തവാക്യം ജീവിതത്തിൽ നൽകിയ ആത്മവിശ്വാസം ചെറുതല്ല

0
773

രജിത് ലീല രവീന്ദ്രൻ

മഹേഷിന്റെ പ്രതികാരം സിനിമയിൽ മഹേഷിന്റെ ചാച്ചൻ സുഹൃത്തായ ബേബിയോട് “എടാ ഓച്ചിറ അമ്പലത്തിലെ ഉത്സവത്തിന് നമ്മൾ കാബറെ കാണാൻ പോയത് ഓർക്കുന്നുണ്ടോ” എന്ന് ചോദിക്കുന്നുണ്ട്. പി ജി ക്ക് പഠിക്കുമ്പോൾ കാര്യവട്ടം മെൻസ് ഹോസ്റ്റലിൽ ഉണ്ടായിരുന്ന ഞങ്ങൾ കൂട്ടുകാർ കണ്ടുമുട്ടുമ്പോൾ പലപ്പോളും ചോദിക്കുന്നതും ഇതുപോലൊരു ചോദ്യമാണ്, “എടാ നമ്മൾ കിന്നാരത്തുമ്പികൾ കാണാൻ കഴക്കൂട്ടം മഹാദേവയിൽ പോയത് നീയോർക്കുന്നുണ്ടോ”.

Video Kinnarathumbikal Full Movie-Climax Part 6 - Kinnara ...കിന്നാരത്തുമ്പികൾ എന്ന സിനിമ റിലീസ് ചെയ്തിട്ട് കഴിഞ്ഞ മാർച്ചിൽ 20 വർഷം കഴിഞ്ഞെന്ന് ഇപ്പോളാണ് അറിഞ്ഞത്. ഞങ്ങൾ കേരള യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ ഒന്നാം വർഷ എം എ ക്ക് പഠിക്കുമ്പോളാണ് റിലീസ്. സ്ത്രീകളും, കുട്ടികളും സിനിമ കാണാൻ തിയേറ്ററിൽ വരാതിരുന്നിട്ടും ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു കിന്നാരത്തുമ്പികൾ. ഹോസ്റ്റലിൽ ഞങ്ങളുടെ കളി ചിരി തമാശകളെ വക്രിച്ച ചിരിയാൽ പരിഹസിച്ചു ആധ്യാത്മിക മേഖലയിൽ വ്യാപരിച്ച സ്വാമി എന്ന് എല്ലാവരും വിളിച്ചിരുന്നൊരു സീനിയർ ഉണ്ടായിരുന്നു. സിനിമ കാണാൻ ഓരോ ദിവസങ്ങളിൽ പോയവരും സ്വാമി തിയേറ്ററിൽ നിൽക്കുന്നത് കണ്ടെന്നു സാക്ഷ്യപ്പെടുത്തുകയും, നാലോ അഞ്ചോ ദിവസത്തെ തുടർച്ചയായ ഈ സിനിമ കാണലിന് ശേഷം അദ്ദേഹത്തിന് ബോധോദയം ഉണ്ടാവുകയും, ആധ്യാത്മിക മേഖലയിൽ നിന്ന് സ്വയം വിരമിക്കുകയു മാണുണ്ടായത്. എങ്കിലും സ്വാമി എന്ന പേര് ആളുകൾ മാറ്റിയില്ല, കിന്നാരസ്വാമികൾ എന്നാക്കി പരിഷ്കരിച്ചു എന്ന് മാത്രം.

സജ്ജൻ, ജയ് ഡീ വാൻ എന്നീ സംവിധായകർ അണിയിച്ചൊരുക്കി കൊണ്ടിരുന്ന അക്കാലത്തെ അഡൾട് ഒൺലി സിനിമകൾ പോലെയായിരുന്നില്ല കിന്നാരത്തുമ്പികൾ. ഒരേ കഥയും, മോശം പ്രിന്റും, വേറെവിടെയും കേൾക്കാത്ത തരത്തിലുള്ള പശ്ചാത്തല സംഗീതവും ഉണ്ടായിരുന്ന സജ്ജൻ, ജയ് ഡി വാൻ സിനിമകളിൽ നിന്നുള്ള വ്യക്തമായ തിരിച്ചു നടത്തമായിരുന്നു കിന്നാരത്തുമ്പികൾ. മേക്കിങ്ങിൽ പ്രൊഫഷണലിസം കൊണ്ടു വന്നു. അതുവരെ ഇത്തരം സിനിമകളെ തിരസ്കരിച്ചിരുന്ന മുഖ്യധാരാ മാധ്യമങ്ങൾക്ക് കിന്നാരത്തുമ്പിയെ കാണാതിരിക്കാൻ ആവുമായിരുന്നില്ല. ഈ സിനിമക്കും മുമ്പ് മിസ്സ്‌ ഷക്കീല എന്ന് പേരുള്ള സിനിമ വന്നിരുന്നെങ്കിൽ പോലും ഷക്കീല എന്ന നടി പ്രസിദ്ധയാകുന്നത് കിന്നാരത്തുമ്പികളിലൂടെയാണ്.

രാജസേനനെയും, തുളസി ദാസിനെയും പോലുള്ള സംവിധായകർ അവരുടെ കരിയറിന്റെ ആദ്യകാലത്തു ഇത്തരം സിനിമകൾ സംവിധാനം ചെയ്തിരുന്നെങ്കിലും അവർക്കൊന്നും അപ്രശസ്തനായ ആർ ജെ പ്രസാദ് എന്ന സംവിധായകന്റെ വിജയം കൈവരിക്കാൻ സാധിച്ചിരുന്നില്ല. ഹിന്ദിയിൽ മർഡർ പോലുള്ള സിനിമകളുമായി മല്ലിക ഷെരാവത്തൊക്കെ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പാണ് കേരളത്തിൽ ഷക്കീല തരംഗമുണ്ടാവുന്നത്.

ബി ക്ലാസ്സ്‌, സി ക്ലാസ്സ്‌ തീയേറ്ററുകളിൽ നിറഞ്ഞോടിയ സിനിമ ടി വി ചാനലിൽ വരിക പോലും ചെയ്തു. എം എ ഇക്കണോമിക്സ് പ്രൊജക്റ്റ്‌ ഡിസ്സെർറ്റേഷൻ ആയി ഞങ്ങളുടെ സീനിയർ ആയ പെൺകുട്ടി പഠിച്ചത് ആ വർഷം പുറത്തിറങ്ങിയ സിനിമകളായ നരസിംഹവും, കിന്നാരത്തുമ്പികളും അടിസ്ഥാനമാക്കി സിനിമ പ്രൊഡക്ഷൻ കോസ്റ്റിനെ പറ്റിയായിരുന്നു.
ഇരുപതാം വയസ്സിൽ, യൗവനത്തിന്റെ പുഷ്കല കാലത്ത് കണ്ട കിന്നാരത്തുമ്പികളെ പറ്റി ചോദിക്കുമ്പോൾ മഹേഷിന്റെ പ്രതികാരത്തിലെ ആർട്ടിസ്റ്റ് ബേബിയെ പോലെ ‘മറക്കാൻ പറ്റുമോ’ എന്നുള്ള മറുപടി തന്നെ പറയേണ്ടി വരും. ‘തെറ്റു ചെയ്യാത്തവരായി ആരുമില്ല ഗോപൂ ‘എന്ന ആപ്തവാക്യം ജീവിതത്തിൽ നൽകിയ ആത്മവിശ്വാസം ചെറുതല്ല താനും 😀