മുതലാളിത്തത്തോട് സന്ധിയില്ലെന്നു പ്രഖ്യാപിച്ച മാർക്സ് കടംവാങ്ങിയിരുന്നത് “കുത്തക മുതലാളി“ ഫിലിപ്സിൽ നിന്നും

68

രഞ്ജിത് രവീന്ദ്രൻ

ഇരട്ട നിലപാടുകളും കാപട്യവും കുതന്ത്രങ്ങളും മനുഷ്യത്വത്തിന് നിരക്കത്ത പ്രവർത്തികളും എക്കാലത്തും കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖമുദ്രയാണ്. അതിന്റെ തുടക്കം തേടിപ്പോയാൽ ചെന്നു നിൽക്കുന്നത് അവരുടെ ജനിതക ഘടനയിലും; അതായത് കാൾ മാക്സ് എന്ന ഹിപ്പൊക്രാറ്റുകളുടെ മിശിഹായിൽ. ഇതൊന്നും മാത്രമല്ല സാഹിത്യ മോഷണം മുതൽ കടുത്ത വംശീയത വരെ പലതും കാൾ മാക്സിനെ കമ്യൂണിസത്തിന്റെ പിതാവാകാൻ സർവാർത്മനാ യോഗ്യനാക്കുന്നു.

തുടങ്ങേണ്ടത് ഹെലൻ ദെമത്ത് എന്ന സ്ത്രീയിലാണ്. കാൾ മാക്സിന്റെ തൊഴിലാളിവർഗത്തെ പറ്റിയുള്ള സർവ്വ പ്രഭാഷണങ്ങളും വെറും കാപട്യമാണ് എന്നറിയാൻ ഈ ഒരൊറ്റ പേര് മതിയാവും. ജീവിതകാലം മുഴുവൻ കാൾമാക്സിന്റെ അടിമയായി ജീവിക്കെണ്ടിവന്ന സ്ത്രീയാണവർ എന്നു പറഞ്ഞാൽ തെറ്റില്ല. കാൾമാക്സും ഭാര്യയും താമസിക്കുന്ന വീട്ടിൽ ജോലിക്കായി എത്തിയ ഹെലന് ശംബളമായി യാതൊന്നും കിട്ടിയിരുന്നില്ല എന്നറിയുമ്പോളാണ് അയാളുടെ തൊഴിലാളി സ്നേഹത്തിന്റെ ആഴം ബോധ്യമാകുക.
അവിടെയും നിന്നില്ല കാൾമാക്സ് ആ സ്ത്രീയോടു കാട്ടിയ മനുഷ്യത്വ രഹിതമായ പ്രവർത്തികൾ. മാക്സിൽ നിന്നും ഗർഭം ധരിക്കേണ്ടിവന്ന ആ സ്ത്രീയെയും അവർക്കുണ്ടായ കുട്ടിയേയും തന്റെ “പ്രവാചക ജീവിതത്തിൽ” കളങ്കമുണ്ടാകാതെ കാൾമാക്സ് മാറ്റിനിർത്തി. ഗർഭത്തിന്റെ ഉത്തരവാദിത്തം ഏംഗൽസിൽ കെട്ടിവച്ചു. ഹെലൻ ദെമത്തിനെ കാണാൻ വല്ലപ്പോളും മാത്രം അനുവദിക്കപ്പെട്ട സ്വന്തം മകനെ, “ഹെന്രി ഫെഡറിക് ദെമത്തിനെ” വീടിന്റെ മുൻവാതിലിൽ കൂടി കടന്നുവരുന്നതിൽ നിന്നും അയാൾ വിലക്കി. അടുക്കള വാതിലിൽ കൂടി മാത്രമായിരുന്നു സ്വന്തം അമ്മയെ കാണാൻ വരാൻ അയാൾക്ക് കമ്യൂണിസ്റ്റ് മിശിഹ അനുവാദം നൽകിയത്.

ഒരു തൊഴിലാളി സ്ത്രീയെ ജീവിതകാലം മുഴുവൻ കൂലി നൽകാതെ പണിയെടുപ്പിക്കുകയും അവരെ ലൈംഗീകമായി ചൂഷണം ചെയ്യുകയും അവരോടും അവരുടെ മകനോടും മനുഷ്യത്വം തൊട്ടുതീണ്ടാത്ത രീതിയിൽ പെരുമാറുകയും ചെയ്യുന്നതിന്നിടയിൽ മുതലാളിത്ത വർഗത്തിന്റെ ചൂഷണത്തെപറ്റി പ്രസംഗിക്കുവാൻ കാൾമാക്സ് സമയം കണ്ടെത്തി എന്നതാണ് അയാളെ ആദ്യ കമ്യൂണിസ്റ്റാക്കുന്നത്.
മറ്റുള്ളവരുടെ ചൂഷണം ചെയ്തു എങ്ങനെ ജീവിക്കാം എന്ന കാര്യത്തിൽ ഒരു പാഠപുസ്തകമാണ് കാൾമാക്സ്. ഹെന്രി ഫെഡറിക് ദെമത്തിന്റെ പിതൃത്തം ഏംഗൽസിൽ കെട്ടിവച്ചത് പോലെ ഏംഗൽസിന്റെ എഴുത്തുകളുടെ പിതൃത്തം സ്വന്തമാക്കാൻ കാൾമാക്സിനു യാതൊരു മടിയുമില്ലായിരുന്നു. 1852-62 കാലത്ത് ന്യുയോർക്ക് ഡെയ്ലി റ്റ്രബ്യൂണലിൽ കാൾമാക്സിന്റെ പേരിൽ അച്ചടിച്ച് വന്ന(പ്രതിഫലം പറ്റി തന്നെ) പല ലേഖനങ്ങളും എഴുതിയത് ഏംഗൽസായിരുന്നു. പക്ഷെ അവയുടെ ക്രഡിറ്റും പണവും ക്രിത്യമായും സ്വന്തമാക്കാൻ കാൾമാക്സിനു യാതൊരു മടിയുമില്ലായിരുന്നു. കേരളത്തിൽ പലപ്പോളും കമ്മികൾ പ്രതിസ്ഥാനത്ത് നിൽക്കുന്ന സാഹിത്യ മോഷണങ്ങൾ കാണുമ്പോൾ നമുക്ക് ഊഹിക്കാം അതിന്റെ യഥാർഥ മാതൃക ആരാണ് എന്നത്.

കാൾമാക്സിനു മുതലാളിത്തത്തോടുള്ള നിലപാടെന്താണ് എന്നൊന്നു നോക്കാം. മുതലാളിത്തത്തോട് സന്ധിയില്ല എന്ന് പലതവണ പ്രഖ്യാപിച്ച കാൾമാക്സ് മിക്കപ്പോളും പണം കടം വാങ്ങിയിരുന്നത് അടുത്ത ബന്ധുവും “കുത്തക മുതലാളിയുമായ“ ഫിലിപ്സിൽ നിന്നാണ്(ഫിലിപ്സ് കംബനി സ്ഥാപകൻ). പലപ്പോളും കാൾമാക്സ് അവിടെ എത്തി ദിവസങ്ങൾ താമസിക്കുകയും ചെയ്തിരുന്നു. ഒരു പക്ഷെ അത് അയാളുടെ വ്യക്തിപരമായ കാര്യമാണ് എന്ന് പറഞ്ഞ് തള്ളിക്കളയാം. പക്ഷെ സ്റ്റോക്ക് മാർക്കറ്റിൽ പലതവണ ഭാഗ്യം പരീക്ഷിക്കാൻ കാൾമാക്സ് ഇറങ്ങിപ്പുറപ്പെട്ടു എന്നറിയുമ്പോൾ മാത്രമാണ് കാൾമാക്സിനു വ്യക്തിപരമായി മുതലാളിത്തത്തോടുള്ള നിലപാട് വ്യക്തമാകുന്നത്. അതെ, മുതലാളിത്തത്തിന്റെ ശ്രീകോവിലിൽ, കുത്തക മുതലാളിമാർക്കൊപ്പം അതിന്റെ പ്രസാദം ഭക്ഷിച്ച സമയത്താണ് ആയാൾ ചൂഷകരെ പറ്റി പ്രസംഗിച്ചത്. ഫിലിപ്സിനു 1864 ജൂൺ 25 നു എഴുതിയ കത്തിൽ താൻ എങ്ങനെയാണ് സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപത്തിൽ നിന്നും £400 ഉണ്ടാക്കിയത് എന്നു കാൾമാക്സ് പറയുന്നു!

ഡബിൾ സ്റ്റാന്റുകളും മനുഷ്യത്വമില്ലായ്മയും മാത്രമല്ല, ഉന്നത നിലയിലുള്ള വംശീയതയും വൈറ്റ്/ആര്യൻ സുപ്രീമസി ചിന്ത കൂടി അയാൾക്കുണ്ടായിരുന്നു. മാക്സിന്റെയും ഏംഗൽസിന്റെയും രചനകൾ നോക്കിയാൽ ആര്യൻ റേസ് ഉദാത്തവും സിവിലൈസ്ഡും ആണ് എന്നും മറ്റുള്ളവർ അവർക്ക് താഴെയാണ് എന്നും ഉള്ള പരാമർശം കാണാം. കറുത്തവരെയും, അറബികളെയും മെക്സിക്കരെയും ഭാരതീയരേയും വംശീയമായി അപഹസിക്കുന്നതും കാണാം. തൊഴിലാളിവർഗ സർവാധിപത്യത്തെ പറ്റി വാചാലനായ കാൾമാക്സ് അടിമത്തത്തെ കണ്ടത് “മറ്റൊരു സാമ്പത്തീക വിഭാഗമായാണ്“. ഏംഗൽസ് എഴുതി “ആര്യൻ ജനതയുടെ സുപീരിയോരിറ്റിക്ക് കാരണം പാലിന്റെയും ഇറച്ചിയുടെയും ഉപയോഗമാവാം” 1830 ഇൽ അൾജീരിയയുടെ മേൽ ഫ്രാൻസ് നടത്തിയ കടന്നുകയറ്റവും മെക്സിക്കൻ സിറ്റികൾ അമേരിക്ക പിടിച്ചടക്കിയതും നാഗരികതയുടെ പുരോഗതിക്കാണ് എന്ന് മാക്സ് എഴുതി. സംസ്കാരവും ചരിത്രവുമില്ലാത്ത ഇൻഡ്യക്കാരെ ഉദാത്തരായ ഇംഗ്ലീഷുകാർ അതൊക്കെ പഠിപ്പിക്കും എന്നും പ്രത്യാശിച്ചു. നാസികൾ ജൂതന്മാരെ വേട്ടയാടാനും കൂട്ടക്കൊല നടത്താനും ഉപയോഗിച്ച പ്രധാന ആയുധമായിരുന്നു “ജൂത മനോഭാവം” അഥവാ ജൂവിഷ് മൈൻഡ്സെറ്റ്. കാൾമാക്സ് പലപ്പോളും ഇതേ വാക്കും മനോഭാവവും വച്ചുപുലർത്തി.

1882 ഇൽ എംഗൽസിനു എഴുതിയ കത്തിൽ കാൾമാക്സ് ഫെർഡിനാണ്ഡ് ലാസല്ലെയെ പറ്റി പറയുന്നു “ആ നീഗ്രൊ ലാസല്ല, ഭാഗ്യത്തിനു ഈ മാസം പോയി. ഒരു കാര്യം എനിക്കിപ്പോൾ ഉറപ്പായി, അയാളുടെ തലയുടെ രൂപം കൊണ്ടും തലമുടികൊണ്ടും പണ്ട് മോശക്കൊപ്പം പോയ നീഗ്രോകളുടെ പിന്തലമുറക്കാരനാണയാൾ. ഇപ്പോൾ അയാളുടെ നീഗ്രോ ഗുണവും ജൂത ഗൂണവും ചേർന്ന് ഒരു അപരിചിതമായ ഉത്പന്നമായിരിക്കുന്നു”. (യഥാർഥത്തിൽ ജർമ്മൻ ഭാഷയിൽ നീഗ്രോയിക്ക് സമാനമായ ഒരു വാക്കില്ല, എന്നിരുന്നാലും തന്റെ ജർമ്മൻ എഴുത്തിൽ “നിഗർ” എന്ന ഇംഗ്ലീഷ് വാക്ക് അതിന്റെ നെഗറ്റീവ് അർഥത്തിൽ തന്നെ ഉപയോഗിക്കാൻ മാക്സ് ശ്രമിച്ചു എന്നു കൂടി മനസ്സിലാക്കണം ഇവിടെ). എംഗൽസിനും ഇതേ അഭിപ്രായം തന്നെയായിരുന്നു എന്നു കാണാം “നീഗ്രോ എന്ന നിലയിൽ അയാൾ ബാക്കി മനുഷ്യരേക്കാൾ കുറേ കൂടി മൃഗങ്ങൾക്ക് അടുത്താണ്” എന്നാണ് എംഗൽസ് ഒരിക്കൽ എഴുതിയത്.

ഇനി ശ്രദ്ധിക്കേണ്ടത് കമ്യൂണിസത്തിന്റെ അടിസ്ഥാന സ്വഭാവം എന്തായിരുന്നു എന്നതാണ്. മാക്സ് എഴുതി “നമ്മൾ അധികാരത്തിൽ വന്നാൽ ഇവിടെ 1793 ആവർത്തിക്കപ്പെടും, നമ്മുടെ ഭരണം വന്നാൽ ജനങ്ങളുടെ പ്രതികാരം അണപൊട്ടൂം, 1793 തന്നെ മറന്നുപോകുന്ന രീതിയിൽ” 1793 ലെ ഫ്രഞ്ച് വിപ്ലവവും അതിനു ഷേഷം അരങ്ങേറിയ കൂട്ടക്കൊലകളുമാണ് ഇവിടെ കാൾമാക്സ് പറയുന്നത്. വീണ്ടും അയാൾ എഴുതി “പഴയ സമൂഹത്തിലെ കൊലപാതക മരണവേദനകളും പുതിയ സമൂഹത്തിന്റെ രക്തരൂക്ഷിതമായ ജനന തൊണ്ടകളും ചുരുക്കാനും ലളിതമാക്കാനും ഏകാഗ്രമാക്കാനും ഒരേയൊരു മാർഗ്ഗമേയുള്ളൂ, ആ വഴി വിപ്ലവ ഭീകരതയാണ്”

കാസ്ട്രോയും ചെഗുവേരയും സ്റ്റാലിനും മാവോയും നടപ്പിലാക്കിയതൊക്കെ എന്താണ് എന്നറിയാൻ മറ്റെങ്ങും പോകേണ്ടാ, കാൾമാക്സ് തന്റെ വാക്കുകളിലൂടെ പറഞ്ഞുവച്ച വിപ്ലവ ഭീകരത അവരുടെ പ്രവർത്തിയിലൂടെ നടപ്പിലായി അത്ര തന്നെ. തീവ്രതകുറഞ്ഞ പീഡനമെന്നും മറ്റും ലേബലടിച്ച് സ്ത്രീവിരുദ്ധത കമ്യൂണിസ്റ്റ് പാർട്ടിക്ക് നടപ്പിലാക്കാൻ കഴിയുന്നതും അതിന്റെ ജീനിന്റെ കൊണം കൊണ്ടാണ്. കുത്തക കംബനികളിലും അമേരിക്കൻ മുതലാളിത്തത്തിന്റെ ശീതളഛായയിലും അമർന്നിരുന്നു ലോകതൊഴിലാളിവർഗത്തിനു വേണ്ടി പേജു കണക്കിനു എഴുതിവിടുന്നവരുടെയും മാതൃക മറ്റാരുമല്ല, അവരുടെ മിശിഹ കാൾമാക്സ് തന്നെയാണ്.