Share The Article

2

ബലാല്‍സംഗം എന്നത് ഇന്ന് നമ്മുടെ ഒരു ദേശീയ പ്രശ്നമായി  മാറിയിരിക്കുന്നു. നിങ്ങള്‍ ഒരുപക്ഷേ അറിഞ്ഞിരിക്കാന്‍ സാധ്യതയില്ലാത്ത ചില ബലാത്സംഗ കാര്യങ്ങള്‍ പറയട്ടെ.  നമ്മുടെ നാട്ടില്‍ നടക്കുന്ന ബലാല്‍ക്കാരങ്ങളുടെ വളരെ കുറഞ്ഞ ഒരു ശതമാനം മാത്രമേ പരാതികളായി പുറത്തു വരാറുള്ളു. പെണ്‍കുട്ടിക്ക് കാര്യമായ അപകടമോ മരണമോ മറ്റോ നടക്കുമ്പോള്‍ ആവും മിക്ക ബലാല്‍ക്കാര കഥകളും പുറത്തു വരിക. ഇങ്ങിനെ സംഭവിക്കുന്നതിന്റെ പ്രധാന കാരണം ബാലാല്‍ക്കാരത്തെ പറ്റി നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില മിഥ്യാ ധാരണകള്‍ ആണ്. ഈ അബദ്ധ ധാരണകള്‍ മൂലം കഴിവതും ബാലാല്‍ക്കാരത്തെക്കുറിച്ച് ആരോടെങ്കിലും പരാതിപ്പെടുവാന്‍ ഇരകളായിത്തീര്‍ന്നവര്‍ മടിക്കുന്നു. തങ്ങളെയാവും ഈ സംഭവത്തില്‍  മറ്റുള്ളവര്‍ കുറ്റപ്പെടുത്തുക എന്ന വിചാരവും അവര്‍ക്കുണ്ടാവും.

ബലാല്‍സംഗത്തെ പറ്റിയുള്ള  പല ധാരണകളും സത്യമല്ല. അവ വളരെ വ്യത്യസ്തമാണ്. ആ മിഥ്യകളും സത്യങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.

മിഥ്യ :  ബലാത്സംഗങ്ങള്‍ ചെയ്യുന്നത് അപരിചിതര്‍ ആയിരിക്കും. അവരുടെ മുഖം കണ്ടാല്‍ അറിയാം അവര്‍ കുഴപ്പക്കാര്‍ ആണെന്ന്.

സത്യം: ബലാല്‍സംഗം ചെയ്യുന്നവരില്‍ കൂടുതലും അടുത്ത് അറിയുന്നവരും ഇരകള്‍ വിശ്വസിക്കുന്നവരും ആയിരിക്കും! അവര്‍ സാധാരണ മനുഷ്യരെ പോലെ ആവും പെരുമാറുക.

മിഥ്യ: ആണുങ്ങള്‍ക്ക് കാമോദ്ദീപനം ഉണ്ടായാല്‍ അവര്‍ക്ക് ലൈഗിക ബന്ധം കൂടിയേ തീരൂ. അപ്പോള്‍ അവര്‍ ആരെയെങ്കിലും ബലാല്‍സംഗം ചെയ്തിരിക്കും.

സത്യം : ആണുങ്ങള്‍ക്ക് കാമോദ്ദീപനം ഉണ്ടാവുമ്പോള്‍ ലൈഗിക ബന്ധം ഉണ്ടായേ തീരൂ എന്നില്ല. സത്യത്തില്‍ ബലാത്സംഗങ്ങള്‍ ലൈംഗിക സുഖത്തിനു വേണ്ടിയല്ല എന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇരയെ ഉപദ്രവിക്കുക, നിയന്ത്രണാധീനമാക്കുക, കരുത്തിന് അടിമപ്പെടുത്തുക എന്നീ കാര്യങ്ങളാണ് അതിനു പിന്നിലെ സൈക്കോളജി. എല്ലാ ആണുങ്ങളും തങ്ങളുടെ ലൈംഗിക കാര്യങ്ങളെ നിയന്ത്രിക്കുവാന്‍ കഴിവുള്ളവര്‍ തന്നെയാണ്.

മിഥ്യ : ആണുങ്ങള്‍ ബലാല്‍സംഗത്തിന് ഇരകളാവില്ല.

സത്യം: ആണുങ്ങള്‍ തങ്ങളെ ആരെങ്കിലും ബലാല്‍സംഗം ചെയ്തു എന്ന് മിക്കവാറും പരാതിപ്പെടാറില്ല എങ്കിലും സത്യം അതല്ല. ആണുങ്ങളും ബലാല്‍സംഗത്തിന് ഇരകള്‍ ആവുന്നുണ്ട്. ആണുങ്ങള്‍ തങ്ങള്‍ ബലാല്‍ക്കാരത്തിനു ഇരയായി എന്ന്  പരാതിപ്പെട്ടാലും മിക്കവാറും ആരും അത് വിശ്വസിക്കുവാന്‍ പോകുന്നില്ല!

മിഥ്യ: സെക്സിയായി വസ്ത്രം ധരിക്കുന്ന സ്ത്രീകളെ ബലാല്‍ക്കാരം ചെയ്യാനുള്ള സാധ്യത കൂടുതലാണ്.

സത്യം: വസ്ത്രധാരണവും ബലാല്‍സംഗവുമായി യാതൊരു ബന്ധവും ഇല്ല. ബലാല്‍സംഗം ലൈംഗിക ആകര്‍ഷണം കൊണ്ട് സംഭവിക്കുന്ന ഒരു കാര്യമല്ല. അതില്‍ ബലപ്രയോഗവും ഒരു വ്യക്തിയെ തന്റെ നിയന്ത്രനാധീനതയില്‍ വരുത്തുക എന്ന വികാരവും  ആണ് അടങ്ങിയിരിക്കുന്നത്. ശരീരം മറയ്കുന്ന രീതിയില്‍ വസ്ത്രം ധരിക്കുന്ന സ്ത്രീകളും ബലാല്‍ക്കാരത്തിനു വിധേയരാവുന്നുണ്ട്. വസ്ത്ര ധാരണവും ബലാല്‍ക്കാര ചിന്തയും തമ്മിലുള്ള ബന്ധം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. അല്‍പ വസ്ത്രധാരിണികള്‍ ആയ സ്ത്രീകള്‍ മിക്ക രാജ്യങ്ങളിലും ഒരു സ്ഥിരം കാഴ്ചയാണ്. ഈ വാദം ശരിയാണെങ്കില്‍ ലോകം മുഴുവന്‍ പരക്കെ ബലാത്സംഗങ്ങള്‍ ഉണ്ടായേനെ. ബലാല്‍ക്കാരം ഒരു ക്രൈം ആണ്.  ലൈഗിക സംതൃപ്തി അതിന്റെ ഉദ്ദേശമല്ല.

മിഥ്യ : സ്ത്രീകള്‍ ആളുകളെ കുടുക്കുവാനായി ബലാല്‍ക്കാരം നടത്തി എന്ന് വെറുതെ ആരോപണം നടത്താറുണ്ട്‌.

സത്യം: അത് വളരെ ചുരുക്കമാണ്. അധികം ബാലാല്‍ക്കാരങ്ങളും സാധാരണയായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല എന്നതാണ് സത്യം.

മിഥ്യ : ബലാല്‍ക്കാരം നടക്കുമ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെങ്കില്‍ അത് ബലാല്‍സംഗം ആവുന്നില്ല.

സത്യം: ചില ബലാല്‍ക്കാരങ്ങളില്‍ ഇരകള്‍ക്ക് മുറിവുകള്‍ കാണില്ല. എതിര്‍ത്താല്‍ സ്വന്തം രക്ഷ അപകടത്തിലാവും എന്ന് മനസ്സിലാക്കുന്നത് കൊണ്ടാവാം ഇത്. എതിര്‍ക്കുന്നവര്‍ക്ക്  ചിലപ്പോള്‍ സാരമായ മുറിവുകള്‍ ഉണ്ടാകാം.

മിഥ്യ: ബലാല്‍ക്കാരത്തിനു ഇരയാവുന്ന സ്ത്രീകളുടെ സ്വഭാവം “ശരിയാവാന്‍” ഇടയില്ല.

സത്യം: ഇന്നത്തെ ലോകത്തിലെ ഒരുപാട്  സ്ത്രീകള്‍ക്ക്  തങ്ങള്‍ വിശ്വസിക്കുന്ന പലരില്‍ നിന്നും ലൈഗിക ആക്രമണം അപ്രതീക്ഷിതമായി ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. അവയൊക്കെ ബാലാല്‍ക്കാരത്തില്‍ അവസാനിക്കുന്നില്ല എന്നേയുള്ളു. നമ്മള്‍ അറിയുന്ന പലര്‍ക്കും ഒരുപക്ഷേ അങ്ങിനെയുള്ള ചില അനുഭവങ്ങള്‍ ഉണ്ടായിരുന്നെന്നിരിക്കാം. ബലാല്‍സംഗത്തിന് സെക്സുമായി ഒരു ബന്ധവും ഇല്ല. സെക്സ് ആയുധമാക്കിക്കൊണ്ട് നടത്തുന്ന ഒരു തരം ആക്രമണമാണ് ബലാല്‍സംഗം.

മിഥ്യ : എല്ലാ പുരുഷന്മാരും വേണമെങ്കില്‍ ബലാല്‍സംഗം ചെയ്യാം.

സത്യം: എല്ലാ പുരുഷന്മാരും ഒരിക്കലും ബലാല്‍സംഗം ചെയ്യില്ല. ബലാല്‍സംഗം തടയുന്നതിന് പുരുഷന്മാര്‍ക്ക് പലതും ചെയ്യുവാന്‍ കഴിയും എന്നതാണ് സത്യം.