കോടതി കയറിയ “നെജിൽ മാസ്ക്”:36 കോടി രൂപയ്ക്ക് ലേലം ചെയ്ത അത്യപൂർവ്വ മുഖംമൂടി

Balakrishnanunni TN

പേരും, മേൽവിലാസവും വെളിപ്പെടുത്താൻ താൽപ്പര്യം പ്രകടിപ്പിക്കാത്ത, ഫ്രാൻസിലെ വൃദ്ധ ദമ്പതികൾ, തങ്ങളുടെ പഴയ വീട് വൃത്തിയാക്കുന്നതിനിടെ ലഭിച്ച ഒരു പുരാതന മാസ്ക്, 2021-ൽ ഒരു പുരാവസ്തു ഡീലർക്ക് 13000 രൂപയ്ക്ക് വിറ്റിരുന്നു. ഡീലറാകട്ടെ 6 മാസങ്ങൾക്ക് ശേഷം ഈ മാസ്ക് വിൽപ്പനയ്ക്കായി ലേലത്തിൽ പ്രദർശിപ്പിച്ചപ്പോൾ 36 കോടിയിലേറെ രൂപയ്ക്ക് അത് വിറ്റു പോകുകയും ചെയ്തു.

ഇതേ തുടർന്ന് തങ്ങൾ പറ്റിക്കപ്പെട്ടെന്നും, യഥാർത്ഥ മൂല്യം തങ്ങൾക്ക് കിട്ടണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് മാസ്കിൻ്റെ യഥാർത്ഥ മൂല്യം തിരിച്ചറിഞ്ഞ ആ വൃദ്ധ ദമ്പതികൾ.
മാസ്ക് വില്പന സംബന്ധിച്ച് കോടതിയിൽ എത്തിയ ഈ അത്യപൂർവ്വ കേസ് പരിഗണിക്കവെ, ലേലത്തിൽ പങ്കെടുത്ത മദ്ധ്യ ആഫ്രിക്കൻ രാജ്യമായ ഗബോണീസ് റിപ്പബ്ലിക്കൻ (Gabonese Republic) ഗവൺമെൻ്റിൻ്റെ പ്രതിനിധികൾ ആ അത്യപൂർവ്വ മാസ്ക് തങ്ങളുടെ രാജ്യത്തിന് കൈമാറണം എന്ന അവകാശ വാദം ഉന്നയിച്ചതോടെ, നാടകീയ രംഗങ്ങളാണത്രെ ഫ്രഞ്ച് കോടതിയിൽ അരങ്ങേറിയത്.

2020-ൽ ഫ്രഞ്ച് സർക്കാർ സെനഗലിൽ നിന്നും, ബെനിനിൽ നിന്നും ഉള്ള പുരാവസ്തുക്കൾ തിരികെ നൽകാനായി എടുത്ത തീരുമാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഗബോണീസ് റിപ്പബ്ലിക്കൻ ഗവൺമെൻ്റിൻ്റെ പ്രതിനിധികൾ ഇത്തരം ഒരു ആവശ്യം കോടതിയിൽ ഉന്നയിച്ചത്.ആ വൃദ്ധ ദമ്പതികൾ പുരാവസ്തു ഡീലർക്ക് വിറ്റത് വെറുമൊരു സാധാരണ മാസ്ക് ആയിരുന്നില്ല. മദ്ധ്യ ആഫ്രിക്കയിലെ ഫാങ് (Fang) എന്ന അപൂർവ്വ രഹസ്യ സമൂഹം തങ്ങളുടെ ആചാരങ്ങളിലും, ശുദ്ധീകരണ ചടങ്ങുകളിലും ഉപയോഗിച്ചിരുന്ന നെജിൽ മുഖംമൂടി (Ngil Mask) ആയിരുന്നു അത്. സമാനമായ 10 മാസ്കുകൾ മാത്രമേ ഫെങ് ആചാര്യന്മാർ നിർമ്മിച്ചിട്ടുള്ളൂ എന്നതിനാലാണ് ഇതൊരു അത്യപൂർവ്വമായ പുരാവസ്തു ആയത്.

ആഫ്രിക്കയിലെ കൊളോണിയൽ ഗവർണറായിരുന്ന, ഈ ദമ്പതികളിലെ ഭർത്താവിൻ്റെ മുത്തച്ഛനായ റെനെ-വിക്ടർ ഫോർനിയർ 20-ആം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ, ഗബോണീസ് റിപ്പബ്ലിക്ക് എന്ന മദ്ധ്യ ആഫ്രിക്കൻ രാജ്യത്തിൽ നിന്നും ഫ്രാൻസിലേക്ക് കടത്തി കൊണ്ടു വന്ന പുരാവസ്തുക്കളുടെ കൂട്ടത്തിൽ ഉൾപ്പെട്ടതായിരുന്നു ഈ നെജിൽ മുഖംമൂടി.തലമുറകൾ കൈമാറിയപ്പോഴും, ഈ മുഖംമൂടിയുടെ പ്രാധാന്യം മാത്രം കൈമാറിയില്ല എന്നതിനാൽ ഈ മുഖംമൂടി കേവലം ഒരു പുരാവസ്തു മാത്രമായി വീട്ടിൽ അവശേഷിക്കുകയായിരുന്നു. ഇതിൻ്റെ യാതൊരു വിധ ചരിത്രപരമായ പ്രാധാന്യത്തേയും കുറിച്ച് അറിയാതെ ആണ് വൃദ്ധ ദമ്പതികൾ ഈ മുഖംമൂടിയെ ഡീലർക്ക് വിറ്റത്.

1917-ലെ ചില അജ്ഞാതമായ സാഹചര്യങ്ങളിൽ ഫൊർണിയർ സ്വന്തമാക്കിയ തങ്ങളുടെ പൈതൃക സ്വത്തായ ഈ മാസ്ക് രാജ്യത്തിന് തിരിച്ച് തരണം എന്നാണ് ഗബോണീസ് റിപ്പബ്ലിക്കിൻ്റെ വാദം. ഇത് രാജ്യത്തിൻ്റെ സമ്പത്താണെന്നും അവർ വാദമുയർത്തി. ഫ്രാൻസിലേയ്ക്ക് കടത്തപ്പെട്ടതായി കരുതപ്പെടുന്ന ഉദ്ദേശം 90000 വരുന്ന ആഫ്രിക്കൻ പുരാവസ്തുക്കളിലെ ഭൂരിഭാഗവും, കോളോണിയൽ കാലത്ത് സബ്-സഹാറൻ ആഫ്രിക്കയിൽ നിന്നുമാണ് ഫ്രാൻസ് സ്വന്തമാക്കിയത്.മാസ്കിൻ്റെ വില്പന സംബന്ധിച്ച കേസ് അന്താരാഷ്ട്രാ പ്രധാന്യം കൈവരിച്ചതോടെ വില്പന റദ്ദാക്കാനും, കേസ് ഡിസംബറിലേക്ക് മാറ്റിവയ്ക്കാനും ആണ് ഫ്രഞ്ച് കോടതി ഉത്തരവിട്ടിരിക്കുന്നത്.

News Credit: Angelique Chrisafis/The Guardian, 31 Oct 2023.
Image: The ‘Ngil’ mask, made by the Fang people of Gabon, was sold at auction in Montpellier, France, for €4.2m in March 2022. Credit: Pascal Guyot/AFP/Getty Images.

You May Also Like

എന്താണ് കംഗാരൂ കോടതി ?

എന്താണ് കംഗാരൂ കോടതി (kangaroo Court )? അറിവ് തേടുന്ന പാവം പ്രവാസി ഒരു സംഘടനയിലോ…

കഴുതമാംസം അനുവദനീയമോ ? ഗുണത്തേക്കാളേറേ ദോഷങ്ങൾ

കഴുതകളെ കശാപ്പുചെയ്യുന്നതിനുള്ള ഒരു അറവുശാലയ്ക്കും ഇന്ത്യയിൽ നിയമ സാധുതയില്ല. കഴുതയുടെ മാംസം കരുത്തും പൗരുഷവും വർധിപ്പിക്കുമെന്നുമാണ് കഴുത ഇറച്ചി പ്രേമികളുടെ അവകാശവാദം.

ഗ്രാഫീന്‍ വിപ്ലവം വൈദ്യുത വിളക്കും കടന്ന് അപ്പുറത്തേക്ക്

ഗ്രാഫീന്‍ ബള്‍ബുകള്‍ സാബുജോസ് (ഫേസ്ബുക്കിൽ എഴുതിയത് ) അതിചാലക ഗ്രാഫീന്‍ കോട്ടിംഗ് ഉള്ള എല്‍.ഇ.ഡി ഫിലമെന്റ്.…

അപ്രതീക്ഷിത ചെലവുകൾ ഒഴിവാക്കാൻ നിങ്ങളുടെ ഇരുചക്രവാഹനങ്ങൾ ശരിയായി പരിപാലിക്കുന്നതിനുള്ള ചില ടിപ്പുകൾ

ബൈക്ക് പരിപാലിക്കുന്നതിനുള്ള നുറുങ്ങുകൾ ബൈക്ക് പരിപാലിക്കുന്നതിനുള്ള നുറുങ്ങുകൾ: നമ്മൾ ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിൻ്റെ…