രാജേഷ് ശിവ

BINEESH. K. BIJU സംവിധാനം ചെയ്ത രാസലീല എന്ന ഷോർട്ട് മൂവി അവതരണരീതി കൊണ്ട് തികച്ചും വ്യത്യസ്തത അർഹിക്കുന്നതാണ്. തികച്ചും റിയലിസ്റ്റിക് ആയ സമീപനം. നമ്മുടെ ചുറ്റും കാണുന്നപോലൊരു സൗഹൃദഗ്രൂപ്പും അവധിദിവസത്തെ ഒത്തുചേരലും വെള്ളമടിയും തന്നെയാണ് കഥയിലുടനീളം എങ്കിലും അവർ സ്വാഭാവിക സംഭാഷണത്തിലൂടെ പറയുന്നകാര്യങ്ങൾ തികച്ചും പ്രസക്തമാണ് എന്ന് പറയാതെ വയ്യ. ഈ മൂവി കാണുമ്പൊൾ നമുക്ക് തീർച്ചയായും ഓർമ്മവരുന്നത് സനൽകുമാർ ശശിധരൻ എന്ന സംവിധായകന്റെ ‘ഒഴിവുദിവസത്തെ കളി’ എന്ന സിനിമയാണ്.

ഡയലോഗുകൾ നാടകീയമായി എഴുതി അവതരിപ്പിക്കാതെ കഥാപാത്രങ്ങളുടെ സ്വാഭാവിക സംസാരത്തിലൂടെ , അവർക്കു സ്വന്തം രീതിയിൽ ഡയലോഗ് അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നായ ഒരു രീതി ഒരു പ്രത്യകമായ ആസ്വാദനമാണ് പകർന്നു നൽകുന്നത്. ശരിക്കും നമ്മുടെ മുന്നിൽ കുറച്ചുപേർ ഇരുന്നു സംസാരിക്കുന്ന ആ ലാഘവത്തോടെ കാണാൻ കഴിയുന്നുണ്ട്. എന്നാലോ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ , അതും ഓരോരുത്തർക്കും സംഭവിച്ച അനുഭവങ്ങൾ ആയി തന്നെ അവർ ചിരിച്ചുല്ലസിച്ചു സംസാരിക്കുന്നുണ്ട്.

സ്ത്രീകളും പെൺകുട്ടികളും മാത്രമാണോ ലൈംഗികപീഡനത്തിന് ഇരയാകുന്നത് ? അല്ല, ആൺകുട്ടികളും ഇരയാകുന്നുണ്ട്. എന്നാൽ പീഡനങ്ങളുടെ ആ ഒരു വശത്തെ  ഇപ്പോഴും വലിയ സീരിയസ് ആയി സമൂഹം എടുക്കാറില്ല. പെണ്കുട്ടികൾക്കെതിരെ സംഭവിക്കുന്നത് മാത്രം ചർച്ചയ്‌ക്കെടുക്കുകയും നീതിനിഷേധങ്ങൾക്കെതിരെ തെരുവിൽ ഇറങ്ങുകയും ചെയുന്നു. ആൺകുട്ടികൾ തങ്ങൾക്കേറ്റ പീഡനം തുറന്നുപറയാനാകാതെ മാനസികപ്രശ്നത്തിൽ പെട്ട് ജീവിക്കേണ്ടിയും വരുന്നു. കൊട്ടിഘോഷിക്കപ്പെടുന്ന മീടു കാമ്പയിനുകൾ പോലും സ്ത്രീകളാണ് ഊർജ്ജസ്വലതയോടെ അവരുടെ തിക്താനുഭവങ്ങൾ പറഞ്ഞിട്ടുളളത്. എന്നാൽ പുരുഷന്മാർ ആരും തുറന്നുപറയുന്നില്ല. നാണക്കേട് തന്നെയാണ് കാരണം.

ആ നാണക്കേടിൽ പോലും ഉണ്ട് ഒരു ലിംഗപരമായ മേധാവിത്വചിന്ത. കാരണം പുരുഷൻ എന്നത് പീഡിപ്പിക്കേണ്ടവൻ ആണെന്നും പീഡിപ്പിക്കപ്പെടേണ്ടവൻ അല്ല എന്നും ഉള്ള ചിന്ത. അപ്പോൾ പിന്നെ പീഡിപ്പിക്കപ്പെട്ടു എന്ന് തുറന്നുപറയാൻ നാണക്കേട് ഉണ്ടാകുക സ്വാഭാവികം . ആ ചിന്തകൾ മാറ്റി തുറന്നുപറയാൻ തയ്യാറായാൽ മാത്രമേ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കൂ.

ഈ സിനിമയിലെ കഥാപാത്രങ്ങൾ അവർക്ക് നേരിട്ട അനുഭവം പറയുമ്പോൾ , ഇങ്ങനെയൊരു റിവ്യൂ എഴുതുന്ന എന്റെ അനുഭവം പറയാതെ പോകുന്നത് മോശമാണ്. അതുകൊണ്ടു ആ കഥകൂടി പറയാം.

Vote for Rasaleela

ഏകദേശം പതിമൂന്നുവർഷം മുമ്പ്, തിരുവനന്തപുരത്തു സ്റ്റാച്യുവിൽ ബസ് കാത്തുനിൽക്കുമ്പോളാണ് ആദ്യമായി ഞാനയാളെ കാണുന്നത്. മുടിമുഴുവൻ നരച്ച, മധ്യവയസ്കനായ ഒരാൾ. ഖദർധാരിയായിരുന്നു. ഒറ്റനോട്ടത്തിൽ തന്നെ ഒരു —-നേതാവെന്ന് മനസിലാകുന്ന, ഒട്ടും ഊർജ്ജസ്വലതയില്ലാത്ത രൂപഭാവങ്ങൾ. ഒരു ഹെൽപ് ചെയ്യുമോന്നു ചോദിച്ചാണ് ഇങ്ങോട്ടു പരിചയപ്പെട്ടത്.  കയ്യിൽ എടുത്താൽപൊങ്ങാത്ത ഒരു പേപ്പർക്കെട്ടുണ്ട്. സഹായാഭ്യർത്ഥന മാനിച്ച് ഞാനാ പേപ്പർക്കെട്ടു താങ്ങിപ്പിടിച്ചു. നമ്മൾ നിൽക്കുന്നതിനരികിൽ തന്നെയുള്ള കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് അയാളുടെ ഓഫീസ്, ഒന്നവിടെ ഇത് കൊണ്ടുവച്ചുതരുമോ എന്ന് അബലനായ അയാൾ ചോദിച്ചപ്പോൾ എന്റെ ലോലമനസലിഞ്ഞു. അതിനെന്താ ചേട്ടാ എന്നുപറഞ്ഞു ആ പാഴ്സലുമായി അയാളെ അനുഗമിച്ചു.

അങ്ങനെ മുകളിലെത്തി ആ പേപ്പർക്കെട്ടിനെ നിലത്തുവയ്ക്കുകയും “എന്നാ ഞാൻ പോട്ടേ ചേട്ടാ” എന്നുചോദിച്ചുകൊണ്ട് തിരികെ പോരാൻ തുടങ്ങുകയും ചെയ്തു. അപ്പോൾ അയ്യാളുടെ അതുവരെയുണ്ടായിരുന്ന മുഖം മാറുന്നതായി ശ്രദ്ധിച്ചു. പതിയ അടുത്തുവന്നു ഒരു സ്ത്രൈണഭാവത്തോടെ കുശലാന്വേഷണം തുടങ്ങിയ നേതാവ് എന്റെ കരതലംഗ്രഹിക്കുകയും അതുവഴി മുകളിലേക്ക് കയറി തോളിലൂടെ യാത്രചെയ്തു നെഞ്ചിൽ പതിയെ രണ്ടു തട്ടുതട്ടുകയും ചെയ്തു. പാമ്പിഴഞ്ഞുകയറുന്ന പ്രതീതിയോടെ വെറുപ്പിന്റെ ഉച്ചകോടിയിലെത്തിയ രൂപമായി ഞാനും മോർഫ് ചെയ്യപ്പെടുകയായിരുന്നു. “നല്ല അടിപ്പൊളി ചെസ്റ്റാണല്ലോ…” എന്ന അയാളുടെ വാചകത്തിൽ, രണ്ടുസെക്കന്റ നേരത്തെ എന്റെ ചിന്ത മുറിയുകയും കാർക്കശ്യത്തോടെ, എന്നാ ശരി ചേട്ടാ എന്നുപറഞ്ഞു പുറത്തേക്കു പോകുകയും ചെയ്തു.

ആദ്യമായി നേരിട്ട ഒരനുഭവം ആയതുകൊണ്ടുതന്നെ അതെന്നിലെന്തോ അസുഖകരമായ ചിന്തകളുണർത്തി. സ്വവർഗ്ഗകാമികളെ അവരുടെ സ്വാതന്ത്ര്യത്തിൽ വിടുന്നു എങ്കിലും, അതും പ്രകൃതിയുടെ ഒരു വികൃതി തന്നെയെങ്കിലും… വ്യക്തിപരമായി ഒരിക്കലും ഉൾക്കൊള്ളാനാകാത്ത ഒരു പ്രവർത്തിയാണ് എനിക്കത്. അയാളെ ആദ്യമായി കണ്ട സ്ഥലം ബസ്റ്റാന്റ് ആയതിനാൽ പിന്നെയും രണ്ടുമൂന്നുതവണ അയാളെ അവിടെവച്ചു കാണാനിടയായി. വലിയ പരിചയഭാവത്തിൽ വന്നു സംസാരിക്കുകയും കൈമുട്ടിനു മുകളിലുള്ള മാംസളമായ ഭാഗത്തിൽ പിടിച്ചു നിൽക്കുകയും ഒരു വിരൽകൊണ്ട് അവിടെ ചിത്രംവരച്ചു തന്റെ ആഗ്രഹം വെളിപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്ന അയാളെ തെറിവിളിക്കാനും തള്ളിമാറ്റാനും ശ്രമിക്കാത്തത് ചുറ്റിനും നിൽക്കുന്ന ആളുകൾ അതറിഞ്ഞാൽ എനിക്ക് നാണക്കേടാകും എന്നതുകൊണ്ടായിരുന്നു. ‘ധൈര്യമുണ്ടെന്നുള്ള പുരുഷന്റെ നാട്യമാണ്‌ പൗരുഷം’ എന്ന് പഞ്ചതന്ത്രത്തിൽ എവിടെയോ വായിച്ചതായി ഓർക്കുന്നു. ആ നാട്യം വളരെയധികം കൊണ്ടുനടക്കുന്ന ഒരാളാണ് ഞാൻ. പോരെങ്കിൽ മുടിഞ്ഞ ദുരഭിമാനബോധവും. ദുർബലനായ ഒരു കിഴവന്റെ മുന്നിൽ എന്റെ ശക്തി ചോർന്നുപോകുന്നോ.. എന്ന് ചിന്തിച്ചു . അപ്പോഴൊക്കെ ബസുകൾ ആയിരുന്നു ഉചിതമായ സമയത്തു കൊണ്ടുനിർത്തി എന്നെ
ആ ഭീരുത്വത്തിൽ നിന്നും കോരിയെടുത്തു കൊണ്ടുപോയി രക്ഷിച്ചിരുന്നത്.

പിന്നെ രണ്ടുമൂന്നുവർഷങ്ങളുടെ ഇടവേള. മുടിഞ്ഞ ഗതാഗതനിയന്ത്രണം ആയിരുന്നു അന്ന്. കുറെ  പുസ്തകങ്ങളുമായി ഞാൻ അതേയിടത്തിൽ ബസുകാത്തുനിന്നു.  ആ മനുഷ്യൻ വീണ്ടും ഒരു രാഷ്ട്രീയ പാർട്ടിയുടെ ഷാളും ചുറ്റി എവിടെനിന്നോ നടന്നെത്തി. പതിവുപോലെ കൈയിൽ സ്പർശിക്കാൻ തുടങ്ങിയപ്പോൾ തന്നെ എന്റെ പ്രതിഷേധംകാരണം അയാൾ പിടിവിട്ടു. എന്തൊക്കെയോ ചോദിച്ചുകൊണ്ടിരുന്നു. ഒരു ഓട്ടോ ഒഴിഞ്ഞു വന്നപ്പോൾ ഞാൻ അതിൽ കയറി. സ്ഥലവും പറഞ്ഞു യാത്ര ആരംഭിക്കവേ എന്നെ ഞെട്ടിച്ചുകൊണ്ട് അയാൾ എന്നെ വഞ്ചൂരിൽ ഇറക്കിയാൽ മതിയെന്ന് പറഞ്ഞുകൊണ്ട് എന്റെ ഓട്ടോയിൽ അധികാരത്തോടെ ചാടിക്കയറി.

ഓട്ടോക്കാരൻ വണ്ടിയെടുത്തു, ഒന്നും പറയാനും കഴിഞ്ഞില്ല. കാരണം, എനിക്ക് അതുവഴി മാത്രമേ പോകാൻ പറ്റൂ എന്ന് ആ രണ്ടുപേർക്കും നന്നായി അറിയാം. വണ്ടിയിൽ കയറിയ നിമിഷം മുതൽ അയാൾ തന്റെ കൈക്രിയകൾ തുടങ്ങി. തുടയിൽ തടവുന്നു , കൈയിൽ വികാരത്തോടെ സ്പർശിക്കുന്നു, തോളിൽ കയ്യിട്ടു നെഞ്ചിൽ സ്പർശിക്കാൻ ശ്രമിക്കുന്നു. ഞാൻ മടിയിൽ ബുക്കുകൾ വച്ചുകൊണ്ട് പ്രതിരോധം തീർത്തതിനാൽ കേന്ദ്രസ്ഥാനം സംരക്ഷിക്കപ്പെട്ടിരുന്നു. ഓട്ടോക്കാരൻ ഇതറിഞ്ഞാൽ വലിയ നാണക്കേടാകും, നേതാവിനെപ്പോലൊരു കുണ്ടനാണ് ഞാനുമെന്നു കരുതും എന്ന ഭയമായിരുന്നു എന്നിൽ. തിരുവനന്തപുരത്തു കുണ്ടൻ എന്ന് പറഞ്ഞാലേ മ്ലേച്ഛഭാവത്തിലാണ് പലരും കാണുന്നത്. അപ്പോൾ അതല്ലാത്ത എന്നെ അതെന്നു ധരിച്ചു ചിന്തിച്ചാലോ. എന്റെ ഭയം അതിന്റെ സീമകൾ ലംഘിക്കവേ വണ്ടി വഞ്ചൂരിലെത്തി. അയാൾ ഒരു ലൈംഗികദാരിദ്ര്യം പിടിച്ച രോഗിയെ പോലെ… ചുണ്ടുകളിൽ തുപ്പൽ നിറച്ചു ഒരു നികൃഷ്ടജീവിയെ പോലെ എന്നോട് ശബ്ദംകുറച്ചു യാചിച്ചുകൊണ്ടിരുന്നു. അയാളെ കാണാൻ ഓഫീസിൽ ഇടയ്ക്കിടയ്ക്ക് ചെല്ലണമെന്നും തനിക്കാരുമില്ലെന്നും സെന്റിമെൻസ് തട്ടിവിട്ടു.  അയാളൊരു ശല്യമായപ്പോൾ വണ്ടിനിർത്താൻ പറഞ്ഞിട്ട് ഞാൻ ഇറങ്ങിനടന്നു.

Vote for Rasaleela

സ്വതവേ തിക്താനുഭവങ്ങൾ നേരിട്ടാൽ കുറച്ചുദിവസം അതിന്റെയൊരു ഹാങ്ങോവർ എന്നിലുണ്ടാകുമായിരുന്നു അന്നൊക്കെ. ആ വിഷയം എന്റെ ചില സുഹൃത്തുക്കളോടൊക്കെ സംസാരിച്ചു. പലർക്കും പറയാനുള്ളത് അവർ നേരിട്ട സമാനമായ കഥകൾ തന്നെയായിരുന്നു. ഡ്രൈവിംഗ് പഠിപ്പിച്ചു കൊണ്ടിരുന്ന മാഷ് ഗിയർ എന്നുകരുതി തന്റെ സാമാനത്തിൽ സ്പർശിച്ച കഥ ഒരുത്തൻ പറഞ്ഞപ്പോൾ ഒരുപാട് ചിരിച്ചതും ഓർക്കുന്നു. ബസിൽ നിൽക്കുമ്പോൾ നീളമുള്ള കുടയുടെ ആഗ്രഹം കൊണ്ട് തന്റെ ലിംഗത്തിൽ സ്പർശിച്ചുകൊണ്ടിരുന്ന മധ്യവയസ്കനെ ഇടിച്ചകാര്യം മറ്റൊരുത്തൻ അയവിറക്കി. ഇങ്ങനെ പലർക്കും അതൊക്കെ തന്നെയായിരുന്നു അനുഭവങ്ങൾ.

കാലമേറെ കഴിഞ്ഞു . അയാളുടെ ചിത്രങ്ങൾ പിന്നീട് പലപ്പോഴും പത്രത്തിൽ കണ്ടു. അപ്പോഴൊക്കെ ഒരുമാതിരി വെറുപ്പാണ് അനുഭവപ്പെട്ടത്. ആ വെറുപ്പുകളുടെ കൂട്ടത്തെ ഖണ്ഡിച്ചത് അയാളുടെ ചരമവാർത്തയായിരുന്നു. ഇന്ന് എവിടെ നിന്നൊക്കെയോ എന്തൊക്കെയോ ആർജ്ജിച്ചു ഒരു ധൈര്യശാലിയായി നിൽക്കുമ്പോൾ ആ സംഭവം ഒരു കോമഡിയായി അനുഭവപ്പെടുന്നു. അയാളുടെ ചരമവാർഷികങ്ങൾ സംഘടിപ്പിക്കുന്ന ഫോട്ടോകൾ പത്രങ്ങളിൽ കാണുമ്പോഴും ഉള്ളിലൊരു ചിരിയാണ്. മാന്യനെന്നു സമൂഹം കരുതി ആദരിക്കുന്ന ആ മനുഷ്യന്റെ കയ്യിലിരുപ്പുകൾ എത്ര പേരറിയുന്നു.

പിൽക്കാലത്തു എഫ്ബിയിൽ ഞാനീ സംഭവം പോസ്റ്റായി ഇട്ടപ്പോൾ തിരുവനന്തപുരത്തുള്ള ചിലർ ചാറ്റിൽ വന്നു ആ നേതാവിന്റെ പേര് സഹിതം പറഞ്ഞിട്ട് ഇയാളെയാണോ താങ്കൾ ഉദ്ദേശിക്കുന്നതെന്ന് ചോദിക്കുകയുണ്ടായി. അപ്പോഴാണ് അവരിൽ നിന്നുമറിയുന്നത്, നേതാവ് നഗരത്തിലെ ഒരു ആസ്ഥാന സ്വവർഗ്ഗപ്രേമി ആയിരുന്നെന്നും അതൊരു പരസ്യമായ രഹസ്യമായിരുന്നെന്നും ഇക്കാര്യത്തിന് അനവധി ചെറുപ്പക്കാർ അയാളുടെ കയ്യിലുണ്ടെന്നും. സ്റ്റാച്യുവിൽ ഇന്നും അതേയിടത്തു ബസ് കാത്തുനിൽക്കുമ്പോൾ, ഒന്നുകൂടി അയാൾ മുന്നിൽവന്നിരുന്നെങ്കിൽ രണ്ടു പെരുക്കാമായിരുന്നു എന്നു വർത്തമാനകാല കൂസലില്ലായ്മകൾ എന്നെ പ്രേരിപ്പിക്കാറില്ല..അയ്യാളെ തികഞ്ഞ സ്നേഹത്തോടെ സംസാരിച്ചു കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കാമായിരുന്നെന്നും ഒരു കൗതുകത്തിനെന്നപോലെ, സ്വവർഗ്ഗരതിയോടുള്ള പ്രണയം എന്നുമുതൽ തുടങ്ങിയെന്നൊക്കെ ചോദിക്കാമായിരുന്നെന്നും തോന്നിപ്പോകുന്നു.

ഒരുമനുഷ്യന്റെ ലൈംഗികദാരിദ്ര്യം ഏതൊരു ദാരിദ്ര്യത്തെക്കാളും ഭീകരം തന്നെയാണ്. സ്ത്രീകളെ കിട്ടാത്തതുകൊണ്ട് സ്വവർഗ്ഗഭോഗികൾ ആകുന്നവരുണ്ട്, ചിലർക്ക് ജനിതകപരമായ താത്പര്യങ്ങൾ കൊണ്ടും. വിഭാര്യന്മാരായ പുരുഷന്മാർ ആണ് കൂടുതലും ഇതിന്റെ പ്രചാരകർ. ഇതിനെ മോശമായ കാര്യമായി കരുതാതെ ഇക്കാര്യത്തിന് സമീപിക്കുന്നവരോട് കാര്യങ്ങൾ തുറന്നുപറയുകയാണ് നാം ചെയ്യേണ്ടത്.

ഈ വിഷയം സ്ത്രീകളുടെ മീടു കാമ്പയിനുകളിൽ അവർ കാണിക്കുന്ന ആർജവം പോലെ തുറന്നുപറയാൻ എനിക്ക് അന്നും ഇന്നും സാധിച്ചിട്ടില്ല. പേരുസഹിതം വെളിപ്പെടുത്താൻ സാധിച്ചിട്ടില്ല.. അവിടെയാണ് ഈ ഷോർട്ട് മൂവിയുടെ പ്രസക്തി

എന്നാൽ അവരുടെ ചർച്ചയിലെ വിഷയങ്ങൾ അവിടെ നിൽക്കട്ടെ… അതെല്ലാം സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ പറയുന്നതുതന്നെ. എന്നാൽ സാമൂഹ്യമായ അവെയർനസുകൾ പറയുമ്പോൾ തന്നെ അവർ മദ്യപിച്ചുകൊണ്ടാണ് അത് സംസാരിക്കുന്നത് . സമൂഹത്തിനു മോശമായ സന്ദേശമാണ് ഇത്തരം മദ്യപാന രംഗങ്ങൾ എന്നതിൽ സംശയമില്ല. അതുപോലെ തന്നെ ഇതിന്റെ തുടക്കത്തിൽ അവർ ഇരിക്കുന്ന അരുവിയിൽ മൂത്രമൊഴിക്കുന്ന ആൾ പറയുന്നുണ്ട് ഇവിടെ പെടുത്താൽ കുഴപ്പമില്ല, അപ്പുറത്തു നിന്നല്ലേ വെള്ളം എടുക്കുന്നതെന്ന് . അപ്പോൾ അവൻ പെടുത്തതിന് ശേഷമുള്ള ഇപ്പുറത്തെ വശത്തെ വെള്ളം എടുക്കുന്നവരോട് പുലർത്താത്ത നീതിയാണ് അവരുടെത്. അതുപോലെ തന്നെ ഇത്രയുമൊക്കെ വാചാലമായി സാമൂഹിക പ്രതിബദ്ധതയോടെ സംസാരിച്ചവർ ക്ളൈമാക്സില് പ്ലാസ്റ്റിക് ഗ്ലാസ്സുകൾ ആ വെള്ളത്തിൽ തന്നെ ഉപേക്ഷിച്ചു പോകുകയാണ്.

ഇതൊക്കെ ബോധപൂർവ്വമുള്ള സീനുകൾ തന്നെയാകാം. അതായതു സംവിധായകന് വ്യക്തമായ മറുപടികൾ ഉണ്ടാകും. ഓരോ തെറ്റുകൾ അറിഞ്ഞോ അറിയാതെയോ ചെയ്തുകൊണ്ടാണ് നമ്മൾ മറ്റു ചില തെറ്റുകളെ പ്രതിരോധിക്കാനും ആ തെറ്റുകൾക്കെതിരെ സന്ദേശങ്ങൾ കൊടുക്കാനും ശ്രമിക്കുന്നത്. നമുക്ക് അത്തരം ആശയക്കുഴപ്പങ്ങൾ എല്ലാം ചേർത്തുകൊണ്ട് സംവിധായകനോട് തന്നെ ചോദിക്കാം അല്ലെ ?

സംവിധായകൻ BINEESH K BIJU ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാനൊരു അക്കൗണ്ടന്റ് ആണ്. ഇപ്പോൾ എറണാകുളത്താണ് വർക്ക് ചെയുന്നത്. സിനിമയിൽ ഒക്കെ വളരെ ഇന്റെറെസ്റ്റ് ആണ്. ഞാനിപ്പോൾ കുറച്ചു ഷോർട്ട് മൂവീസ് ഒക്കെ ചെയ്തു. ഞാൻ ആദ്യമായി ഡയറക്റ്റ് ചെയ്ത ഷോർട്ട് മൂവിയാണ് രാസലീല. അതിനുശേഷം മൂന്നു ഷോർട്ട് മൂവീസ് ചെയ്തു. കുറച്ചു സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി വർക്ക് ചെയ്തു..ഈയിടെ രണ്ടു സിനിമകളിൽ അഭിനയിച്ചു. എനിക്ക് അഭിനയം ആണ് താത്പര്യം. ഡയറക്ഷനോടുള്ള താത്പര്യവും ഉണ്ട്. അതുകൊണ്ടാണ് ഷോർട്ട് മൂവീസ് ഒക്കെ സംവിധാനവും ചെയ്തത്.

അഭിമുഖത്തിന്റെ ശബ്‌ദരേഖ

[zoomsounds_player artistname=”BoolokamTV Interview” songname=”BINEESH K BIJU” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2021/11/RASFINAL.mp3″ thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]

രാസലീലയെ കുറിച്ച്

സിനിമയോട് ഇന്ററസ്റ്റ് ഉള്ള ഞങ്ങളുടെ  ഒരു ടീമിന്റെ ഫസ്റ്റ് വർക്ക് ആണിത്. ഞങ്ങൾ ചെയ്യുന്നൊരു വർക്ക് എല്ലാരും ചെയ്യുന്നപോലെ, അതായതു നമ്മൾ സാധാരണകാണുന്നപോലൊരു ഷോർട്ട് മൂവി ആയിരിക്കാതെ എന്തെങ്കിലും ഒരു വ്യത്യസ്തത കൊണ്ടുവരണം എന്ന് ചിന്തിച്ചിട്ടാണ്  ഈ ഷോർട്ട് ഫിലിം ചെയ്തത്. രാസലീല എന്ന ഷോർട്ട് ഫിലിം കാണുമ്പൊൾ തന്നെ അറിയാം, അത്രയും പേര് അവിടെ ഇരുന്നു മദ്യപിച്ചിട്ടു കഥകൾ പറയുന്ന സമയത്തു സാധാരണ ഒരു

BINEESH K BIJU
BINEESH K BIJU

വ്യക്തി ആ കാടിനകത്തുകൂടെ പോകുന്നു എന്ന് കരുതുക, ആ വ്യക്തിയുടെ മൊബൈലിൽ അദ്ദേഹം അതൊന്നു കാപ്ച്ചർ ചെയ്യാൻ ശ്രമിക്കുമ്പോൾ അദ്ദേഹം ഒരിക്കലും ഒരു മിഡോ വൈഡോ ക്ളോസോ വച്ചായിരിക്കത്തില്ല അത് ഷൂട്ട് ചെയുന്നത്. സാധാരണ ആരാണോ സംസാരിക്കുന്നത് അയാളെ ഫോക്കസ് ചെയ്തു ആയിരിക്കും ക്യാമറ ആംഗിൾ മാറ്റി ചെയുന്നത്.

നമ്മുടെ കൂട്ടുകാരിൽ ഒരാൾ പറഞ്ഞു എന്നാൽ നമുക്ക് അവസാനം അങ്ങനെ ഷൂട്ട് ചെയുന്ന ആളെക്കൂടി കാണിക്കാം എന്ന്. ഫോണ് പിടിച്ചു ഷൂട്ട് ചെയുന്ന രീതിയിൽ, മറ്റൊരാൾക്ക് മനസിലാക്കാൻ വേണ്ടി അങ്ങനെ കാണിക്കാം എന്ന്. എന്നാൽ ഞാൻ കരുതി അങ്ങനെ കാണിക്കുകയാണെങ്കിൽ അതൊരു ക്ളീഷേ ആയി ഫീൽ ചെയ്യും.

രാസലീല കൈകാര്യം ചെയുന്ന വിഷയം ആൺകുട്ടികൾ നേടിരുന്ന സെക്ഷ്വൽ അബ്യുസ് ആണ്. ബിനീഷിനു പറയാനുള്ളത് ?

അബ്യുസ് എന്ന് കേൾക്കുമ്പോൾ എല്ലാരുടെയും മനസ്സിൽ സാധാരണ വരുന്നത് ഒരു പെൺകുട്ടിയെ അബ്യുസ് ചെയുന്നതായിട്ടായിരിക്കും. എന്റെ ഒരു അങ്കിൾ എസ്‌ഐ ആയിരുന്നു. അദ്ദേഹത്തോട് വിളിച്ചു ഒന്നുരണ്ടുകാര്യം ചോദിച്ചു. അതായതു ഇതിലെ നിയമപരമായ വിഷയങ്ങൾ. ഞാൻ ഷോർട്ട് ഫിലിം എന്നൊന്നും പറഞ്ഞില്ല. ഒരു ഡോക്യൂമെന്ററി പോലെ ചെയ്യാൻ എന്നായിരുന്നു പറഞ്ഞത്. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു, ഇതുപോലെ ഒരുപാട് സംഭവങ്ങളുണ്ട്, പക്ഷെ അതൊന്നും അധികം ആരും പെൺകുട്ടികൾക്ക് ഉണ്ടാകുന്ന വിഷയങ്ങളുടെ അത്രയും കാര്യമാക്കാറില്ല, അധികമാരും അറിയുന്നുമില്ല. നമുക്കൊരു ഡ്രമാറ്റിക് ആയതു വേണ്ട ഇതൊരു രണ്ടുമൂന്നുപേർക്കുള്ള അനുഭവകഥയാക്കി അവതരിപ്പിച്ചാൽ മതിയാകും എന്ന് ഞാൻ തീരുമാനിച്ചു . എന്റെ ചില സുഹൃത്തുക്കളുടെ അനുഭവകഥ തന്നെയാണ് ഇതിനുവേണ്ടി എടുത്തത്.

Vote for Rasaleela

ആദ്യത്തെയാൾ പറഞ്ഞൊരു കഥയുണ്ട്, കാമറ മേടിക്കാൻ വേണ്ടി നെഞ്ചത്തെ രോമം കാണിക്കുന്ന ഒരു ഫോട്ടോ അയച്ചുതരാൻ … ആ ഒരു കഥ ശരിക്കും മറ്റൊരാളിന്റെ തന്നെ അനുഭവകഥയാണ്. ആ ആളുമായി സംസാരിച്ചപ്പോൾ കിട്ടിയ ഒരു കഥയാണ്. അങ്ങനെ ഓരോരുത്തർക്കും ഓരോ ടാസ്ക് കൊടുത്തിട്ടു, ഡ്രമാറ്റിക് വേണ്ട നമ്മുടെ ജീവിതത്തിൽ ഇപ്പോൾ എങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുന്ന ആ രീതിയിൽ അവതരിപ്പിച്ചാൽ മതിയാകും. പിന്നെ നമ്മുടെയൊക്കെ സ്വാഭാവിക സംസാരങ്ങളിൽ എല്ലാം ഒരുതരം വിക്കൽ ഉണ്ടാകുമല്ലോ. അത് കട്ട് ചെയ്യണ്ട അതങ്ങനെ തന്നെ പോട്ടെ എന്ന് വച്ചു. ഞങ്ങൾ സുഹൃത്തുക്കൾ എല്ലാം ചേർന്ന് ആലോചിച്ചിട്ടാണ് അങ്ങനെ ചെയ്തത്.

ഇങ്ങനെയൊരു വിഷയം പറയാനുപയോഗിച്ച രീതി വ്യത്യസ്തമാണ്, അതേക്കുറിച്ചു ?

ഇങ്ങനെയൊരു വിഷയം നമ്മൾ പറയുമ്പോൾ നേരിട്ട് വിഷയത്തിലേക്കു വരുന്നത് അസ്വാഭാവികത ആയതിനാൽ ആണ് , മൂവിയുടെ ആദ്യം ഒരാൾ മൂത്രമൊഴിച്ചിട്ടു പോയി ഇരിക്കുന്നതും അയാളുടെ തുട കൊള്ളാമെന്നു കൂട്ടുകാരൻ തമാശയോടെ പറയുന്നതും അതിലൂടെ ആ വിഷയത്തിലേക്കു കടക്കുന്നതും. മാത്രമല്ല അപ്പോൾ മദ്യക്കുപ്പി തന്നെ ശ്രദ്ധിച്ചാൽ അറിയാം, ബോട്ടിൽ തീരാറായി, അതായതു അവർ അവിടെ വന്നിരുന്നിട്ടു കുറെ നേരമായി . അപ്പോഴാണ് ഒരാൾ (ആ വേഷം ചെയ്തത് ഞാൻ തന്നെയാണ് ) മൂത്രമൊഴിക്കുന്നതും കൈലി അല്പം കയറ്റിയിട്ടു അവിടെ വന്നിരിക്കുന്നതും മറ്റൊരാൾ തുട കൊള്ളാമെന്നു പറയുന്നതും ..ഇത് പറയുന്ന സമയത്തു ഞാൻ മറ്റേയാളോട് ചോദിക്കുന്നുണ്ട് നീ ‘ഇന്നതാണോ’ എന്ന്. അങ്ങനെ ചോദിക്കുമ്പോഴാണ് അവൻ പ്രവീൺ എന്ന കഥാപാത്രത്തിന്റെ അനുഭവം പറയുന്നത്. അതിലെ കഥാപാത്രങ്ങളുടെ പേര് എല്ലാം കറക്ട് ആണ്. ആരുടെ പേരും മാറ്റിയിട്ടില്ല.

ഈയൊരു വിഷയം വിമർശനങ്ങൾ നേരിടുമെന്ന് തോന്നിയൊരുന്നോ ?

ഇതിലൊരു പ്രശ്നം തോന്നിയത് എന്താണെന്നു വച്ചാൽ… ഈയൊരു വിഷയം ഇങ്ങനെ അവതരിപ്പിക്കുമ്പോൾ ഞങ്ങളുടെ നാട്ടിൽ ഒരു പ്രശ്നം ആകുമോ എന്നൊരു പേടിയുണ്ടായിരുന്നു. ജനങ്ങൾ ഏതു രീതിയിൽ എടുക്കും എന്നൊരു പേടി. എന്നാൽ ഞങ്ങൾക്ക് നാട്ടിൽ കിട്ടിയത് ഭയങ്കര റെസ്പോൺസ് ആയിരുന്നു. ഫിലിം ഇൻഡസ്ട്രിയിൽ നിന്നും ഒന്നുരണ്ടുപേർ എന്നെ വിളിച്ചു. മമ്മുക്കയുടെ അനുജൻ ഇബ്രാഹിംകുട്ടി ഈ ഷോർട്ട് മൂവി മമ്മുക്കയ്ക്കു അയച്ചുകൊടുത്തു എന്ന് പറഞ്ഞു. അതുപോലെ ‘ഒഴിവുദിവസത്തെ കളി’യിലെ നിസ്തർ അഹമ്മദ് എന്ന ആക്റ്റർ ഒക്കെ ഈ മൂവി ചെയർ ചെയ്തു.

പ്ലാസ്റ്റിക് ബോട്ടിൽസ് കാട്ടിലെ അരുവിയിൽ ഉപേക്ഷിച്ചുപോകുക, മദ്യപാനം ..ഇവയൊക്കെ തന്നെ അവയർനെസ് കൊടുക്കുന്ന ഒരു മൂവിയിൽ നെഗറ്റിവ് അഭിപ്രായങ്ങൾ ഉയരില്ലെ ?

അതിനു വ്യക്തമായ മറുപടി ഉണ്ട് , ഞങ്ങൾ അത് ചെയ്ത സമയത് ഞങ്ങളുടെ കൂട്ടത്തിൽ തന്നെ ഒരു ആശയക്കുഴപ്പം വന്നു. കാരണം ഇതൊരു അവെയർ കൊടുക്കുന്നതല്ലേ..അതിൽ തന്നെ… ഇപ്പൊ ഞാനൊരു എക്‌സാംപിൾ പറയാം. നമ്മൾ പലപ്പോഴും പെണ്ണുങ്ങളുടെ കാര്യം ആണെങ്കിൽ പോലും ഒരുപക്ഷെ നമ്മൾ കൂടുതലും ചർച്ച ചെയുന്നത് നമ്മുടെ സുഹൃത്തുക്കളുടെ ഇടയിൽ മാത്രമായിരിക്കും. മാതാപിതാക്കളുടെയോ സഹോദരങ്ങളുടെയോ റിലേറ്റിവ്‌സിന്റെയോ മുന്നിൽ വച്ച് ചർച്ച ചെയ്യാറില്ല.അതാണ് അങ്ങനെയൊരു സൗഹൃദക്കൂട്ടവും സ്വാഭാവികതയ്ക്ക് മദ്യപാനവും ഒക്കെ വന്നത് .

പ്ലാസ്റ്റിക്ക് ബോട്ടിലിന്റെ ആ വിഷയത്തിൽ അവിടെ വേറൊരു സംഭവം ഉണ്ടായിരുന്നു. അതൊരു മിസ്റ്റേക് ആണ് . അതായതു ആ രണ്ടു ഗ്ലാസ്സുകൾ ഒഴുകിപ്പോകുന്ന സമയത്ത് അവിടെ രണ്ടു ഡയലോഗ് ഉണ്ടായിരുന്നു. ആക്ച്വലി ആ ഡയലോഗ് ഞങ്ങളുടെ കയ്യിൽ നിന്നും മിസ്സായി. പിന്നെ അത് റീ ഷൂട്ട് ചെയ്യാൻ സാധിച്ചതുമില്ല ഞങ്ങൾ എറണാകുളത്തു നിന്നാണ് ബൂം എടുത്തിട്ടു വന്നത്. പിന്നെ ബൂം തിരികെകൊണ്ടു കൊടുത്തു. ഡയലോഗ് മിസ് ആയപ്പോൾ അത് കിട്ടിയിട്ടില്ല. ആ കപ്പുകൾ ഒഴുകിപ്പോകുന്ന സമയത്ത് രണ്ടു ഗ്ലാസ്സുകൾ തട്ടിത്തട്ടി കളിക്കുമ്പോൾ ഈ സമയത്തു ഫ്രണ്ടിൽ കയറിപ്പോകുന്ന രണ്ടുപേരുടെ ഡയലോഗ് ആണ് അവിടെ. “നീ തട്ടിക്കളിച്ചുകൊണ്ടിരിക്കുകയാണോ മുന്നോട്ടുപോകൂ…” എന്ന് പറയുന്ന സമയത്തെ ഷോട്ട് ആണ് ഗ്ളാസുകളുടെ ആ സംഭവം . ഗ്ലാസ്സുകൾ ഒഴുകി തട്ടിത്തട്ടി പോകുമ്പോൾ കൊടുക്കുന്ന ആ ഡയലോഗ് . അതാണ്‌ മിസ് ആയിപ്പോയത്. ഡയലോഗ് പറയുമ്പോൾ ആ ഗ്ലാസ്സുകൾ ആണ് ഫ്രണ്ടിൽ പൊക്കോണ്ടിരിക്കുന്നത്. ആ ഒരു രീതിയിലാണ് ഞങ്ങളവിടെ ഗ്ളാസിനെ എടുത്തിരിക്കുന്നത്.

“ഞാൻ എന്തോ എങ്ങനെയോ ആയിക്കോട്ടെ…പക്ഷെ ഞാൻ പറയുന്നതാണ് റൈറ്റ്സ് എന്നാണു പലരുടെയും ഭാവം ” അതുതന്നെയാണ് ഉദ്ദേശിച്ചതെന്ന് ബിനീഷ്

ഇന്നിപ്പോൾ ഞാൻ വീട്ടിൽ ഇല്ല..യാത്രയിലാണ്. ഞാൻ പത്തനംതിട്ടയ്ക്കു പോകുന്നത് വേറൊരു റൂട്ടിലാണ്. ഞാൻ റിലേറ്റിവിന്റെ വീട്ടിലോട്ടു വന്ന സമയത്തു പോലീസ് എല്ലാരോടും പറയുന്ന സംഭവമുണ്ട്, നമ്മൾ വളവിൽ ഓവർടേക് ചെയ്യരുത് എന്ന് . നമ്മൾ ലൈസൻസ് എടുക്കുമ്പോഴും അവർ അതൊക്കെ പറയാറുണ്ട്. ഇന്ന് ഞാൻ റാന്നിയിൽ നിന്നും പത്തനംതിട്ടയ്ക്കു പോകുന്ന സമയത്ത് റോഡുപണി നടന്നുകൊണ്ടിരിക്കുകയാണ്. മന്ദിരംപടി എന്നൊരു സ്ഥലത്തു വച്ച് ഒരു നല്ല വളവ് വന്നപ്പോൾ…. എന്റെ പിറകിൽ വരികയായിരുന്ന പോലീസ് വണ്ടി കയറിപ്പോയി ഒരു ഓട്ടോയെ ഓവർടേക് ചെയ്തു . നല്ലൊരു വളവാണ്‌. അതായതു അവർ മറ്റുള്ളവരെ ബോധവാന്മാരാക്കുന്നു പക്ഷെ അവർ നിയമം പാലിക്കുന്നില്ല. അവർക്കും നിയമം പാലിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. ഇപ്പോഴത്തെ ഒരു രീതി എന്താന്നുവച്ചാൽ …ഞാൻ എന്തോ എങ്ങനെയോ ആയിക്കോട്ടെ…പക്ഷെ ഞാൻ പറയുന്നതാണ് റൈറ്റ്സ് എന്നാണു പലരുടെയും ഭാവം. നമ്മൾ ഈ മൂവിയിൽ കൊടുത്തിരിക്കുന്ന ഒരു മെസേജ് ആണെങ്കിൽ പോലും ഇതേ രീതിയിൽ തന്നെയാണ് പറയുന്നത് .

ചില കാര്യങ്ങളിൽ ഞങ്ങളുടെ ഭാഗത്തും മിസ്റ്റെക്സ് ആണ് ഉള്ളതെന്ന് ബിനീഷ്

ഞങ്ങളുടെ ഭാഗത്തും മിസ്റ്റെക്സ് ആണ് ഉള്ളത്. ഇതാണ് നമ്മളെ അവിടെ കൊടുത്തിരിക്കുന്ന ആ സംഭവം. എന്നോട് ഒത്തിരിപേർ വിളിച്ചിട്ടു പറഞ്ഞു, നിങ്ങൾ അവിടെ അങ്ങനെ ചെയ്തത് ശരിയായില്ല , എന്തിനാണ് അങ്ങനെ ചെയ്തത് എന്നൊക്കെ.. പിന്നെ ഒരു വെള്ളമടി ഒക്കെ വരുമ്പോൾ അടിച്ചുകഴിഞ്ഞുപോകുമ്പോൾ ആരും അതൊന്നും കത്തിച്ചുകളഞ്ഞിട്ടോ വൃത്തിയാക്കിയിട്ടോ പോകാറില്ല. നമ്മൾ വലിയ കാര്യങ്ങളൊക്കെ പറയും, പക്ഷെ അതിന്റെ പിറകിൽ മറ്റൊരു വശമുണ്ട്, അതായതു നമ്മുടെ ഭാഗത്തും ചില തെറ്റുകൾ ഉണ്ട്. അതാണ് ആ പ്ലാസ്റ്റിക്കിന്റെ കാര്യത്തിലും കുപ്പിയുടെ കാര്യത്തിലും ഒക്കെ സംഭവിക്കുന്നത്. മൂവിയുടെ അവസാനം അവരെയും അതൊന്നും മാറ്റിയിരുന്നില്ല… ഷൂട്ട് കഴിയുമ്പോൾ ആണ് ഞങ്ങൾ എല്ലാം മാറ്റി വൃത്തിയാക്കുന്നത്. മൂവിയിൽ എല്ലാം ബോധപൂർവ്വം തന്നെ ചെയ്തതാണ്. പിന്നെ ആ സ്പോട്ട് എടുത്തത് അങ്ങനെയൊരു ആംപിയൻസ് ക്രിയേറ്റ് ചെയ്യാൻ വേണ്ടിത്തന്നെയാണ്. അതൊരു ഫോറസ്റ്റ് ഏറിയ ആണ്. ഫോറസ്റ്റുകാരുടെ പെർമിഷൻ ഒക്കെ മേടിച്ചിട്ടാണ് ചെയ്തത്. മദ്യപിക്കുന്നത് തെറ്റായ പ്രവണത തന്നെ. പലപ്പോഴും നല്ല വിദ്യാഭ്യാസം ഉള്ള ആൾക്കാരിലും പലതും ഉരുത്തിരിഞ്ഞു വരുന്നത് ആ ഒരു സമയത്തായിരിക്കും. അതുകൊണ്ടാണ് നമ്മൾ ആ ഒരുകാര്യം അവിടെ എടുത്തത്.

Vote for Rasaleela

രാസലീല കഴിഞ്ഞുള്ള പ്രോജക്റ്റുകൾ, അംഗീകാരങ്ങൾ ?

ഞാൻ മൂന്നു ഷോർട്ട് ഫിലിം രാസലീല കഴിഞ്ഞിട്ട് ചെയ്‌തിരുന്നു. ആൾറെഡി അത് കംപ്ലീറ്റ് ചെയ്തിരിക്കുകയാണ്. ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് അല്പം വൈകുന്നതാണ്. സൗത്ത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ നമുക്ക് അംഗീകാരം ലഭിച്ചിരുന്നു. ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം ലഭിച്ചു.

രാസലീലയിൽ നേരിട്ട സാങ്കേതിക വെല്ലുവിളികളെ കുറിച്ച് ബിനീഷ് പറയുന്നു

ഈ മൂവിയിലെ ഒരു പോരായ്മ ആയി തോന്നിയത്, ക്യാമറയുടെ കാര്യത്തില് ആയിരുന്നു. നമുക്ക് വലിയ ഫണ്ട് ഒന്നും ഇല്ലായിരുന്നു . ഞങ്ങളെല്ലാരും പിരിച്ചെടുത്തു ചെയ്തതാണ്. വിഷ്വൽ നോക്കിയാൽ ഞാൻ ഉദ്ദേശിച്ചതിനേക്കാൾ അല്പം മോശമായി. കാരണം ക്യാമറ ഇടയ്ക്കു ചില പ്രശ്നങ്ങൾ ഉണ്ടാക്കി . നമുക്കതിൽ സൗണ്ട് ഒക്കെ നന്നായി നോക്കണം എന്നുണ്ടായിരുന്നു, നമുക്ക് ഒറിജിനാലിറ്റി തന്നെ വേണമായിരുന്നു. ഇപ്പോൾ ഏതു ഷോർട്ട് മൂവി എടുത്താലും അതിന്റെ ത്രെഡും വിഷ്വൽസും ഒക്കെ അടിപൊളി ആയിരിക്കും പക്ഷെ സൗണ്ടിന്റെ കാര്യത്തിൽ ഒരുമാതിരി എല്ലാ ഷോർട്ട് മൂവീസും പോകാറുണ്ട്. നമുക്കിതിൽ നേരെ തിരിച്ചായിരുന്നു. കാരണം ഇതിൽ വലിയ ബഹളങ്ങളോ ഒന്നും ഇല്ലായിരുന്നു, സൈലന്റ് ആയിരിക്കണം ..പക്ഷെ സൈലന്റ് ആയിരുന്നാൽ പോലും ബാക്കിയുള്ള കാര്യങ്ങളെല്ലാം സെറ്റായിരിക്കണം. എന്ന നിലയിലായിരുന്നു നമ്മളെ ഷോർട്ട് ഫിലിമിൽ ബൂം ഒക്കെ വച്ച് ചെയ്തത്.

DIRECTED BY : BINEESH K BIJU

PRODUCED BY : ALEX VARGHESE & SABU PAUL

CAMERA : SACHIN SAJI

EDITOR : AJAY PRATHAP

SYNC SOUND : AATHISS NEV

CONCEPT : MUHAMMED FAHEEM

PUBLICITY DESIGNS : ARUN VIKRAMAN

ASSISTANT DIRECTOR : VYSAKH K SHAJI

ASSISTANT DOP : NIBEESH K BIJU

FEEDBACK 7025249957 , 8075550775

***

Leave a Reply
You May Also Like

മലയാള സിനിമ പ്രേക്ഷകരെ ഞെട്ടിക്കാൻ മറന്നിരിക്കുന്നു

അതേ മലയാള സിനിമ പ്രേക്ഷകരെ ഞെട്ടിക്കാൻ മറന്നിരിക്കുന്നു.. മലയാള പ്രേതസിനിമയിൽ പ്രേക്ഷകനെ ഞെട്ടിക്കാൻ വേണ്ടി ഉണ്ടാക്കി എടുക്കുന്ന seqൽ ഇപ്പോഴും പഴയ ഫോർമാറ്റ്

മിറർ വർക്ക് ചെയ്ത ഗൗണിൽ ഹോട്ട് ലുക്കിൽ ശ്രീദേവിയുടെ മകൾ ജാൻവി

ഹോട് ലുക്കിൽ വീണ്ടും ബോളീവുഡിന്റെ സ്വന്തം ജാൻവി കപൂർ. മിറർ വർക്ക് ചെയ്ത ഗൗണിൽ ആണ്…

നടൻ കാർത്തിയുടെ 27- മത്തെ സിനിമ മെയ്യഴകൻ്റെ റിലീസ് തിയതി അണിയറക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു

നടൻ കാർത്തിയുടെ 27- മത്തെ സിനിമ മെയ്യഴകൻ്റെ റിലീസ് തിയതി അണിയറക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സെപ്റ്റംബർ- 27 നു മെയ്യഴകൻ ലോകമെമ്പാടും റിലീസ് ചെയ്യും

നാട് വിട്ട് പോയി ഡോൺ ആവുന്നതൊക്കെ ഒരിക്കൽ പോലും ചിന്തിക്കാത്ത യുവാക്കൾ വിരളമായിരിക്കും

നമ്മൾ ഈ യുവാക്കൾക്ക് അന്നും ഇന്നും എന്നും ഈ അധോലോകവും ഡോണുകളും ഒക്കെ ഒരു ഹരമാ.. ഒരു തരം ആരാധനയോട് മാത്രമേ നമ്മൾ അതൊക്കെ നോക്കി കാണൂ.. നാട് വിട്ട് പോയി ഡോൺ ആവുന്നതൊക്കെ ഒരിക്കൽ പോലും ചിന്തിക്കാത്ത യുവാക്കൾ വിരളമായിരിക്കും..