Raseena Raz
കോവിഡ് പശ്ചാത്തലത്തിൽ,ഒരു ഫാക്ടറിക്കകത്തു പരിമിത സാഹചര്യത്തിൽ ജീവിക്കുന്ന ദമ്പതികളുടെ കഥയാണ് അറിയിപ്പ്. വളരെ റിയലിസ്റ്റിക് ആയി പറയുന്ന കഥ ചിലയിടങ്ങളിൽ വേഗതകുറവ് കൊണ്ട് ബോറടിപ്പിക്കുന്നുണ്ടങ്കിലും നല്ല സസ്പെൻസ് നിലനിർത്തി കൊണ്ട് പോവുന്നുണ്ട് .ഐ എഫ് എഫ് കെ യിൽ പ്രദർശിപ്പിച്ചിരുന്ന ഈ ചിത്രം ഇപ്പോൾ നെറ്ഫ്ലിക്സിലും കാണാം.
ശ്രദ്ധേയമായി തോന്നിയ പല രംഗങ്ങൾ ഉണ്ട് സിനിമയിൽ, അതിലൊന്ന് എടുത്തെഴുതുന്നു. സിനിമ കാണുമ്പോൾ സസ്പെൻസ് നഷ്ടപെടും എന്നുള്ളവർ തുടർന്ന് വായിക്കരുത്.
ഭാര്യയെ മറ്റൊരു പുരുഷനോടൊപ്പം സെക്സ് വീഡിയോയിൽ കണ്ടപ്പോൾ ആദ്യം അത് വിശ്വസിക്കാതിരുന്ന ഭർത്താവ് പിന്നീട് സംശയിച്ചു തുടങ്ങുകയും അതിന്റെ അരിശം തീർക്കാൻ ആ വീഡിയോയിൽ കണ്ടത് പോലെ ഭാര്യയെ കൊണ്ട് കിടപ്പറയിൽ ചെയ്യിക്കുകയും ചെയ്യുന്ന ഒരു രംഗം ഉണ്ട്.
കണ്ടു തീർന്നപ്പോഴേക്കും വല്ലാതെ ഭയന്ന് പോയി. അസ്വസ്ഥത കൊണ്ട് സിനിമകാണുന്നത് നിർത്തി, ഒരു ഗ്യാപ് എടുത്താണ് ബാക്കി കണ്ടത്. ആ രംഗം നടക്കുമ്പോൾ തന്നെ ഭർത്താവ് സംശയിക്കുന്നുണ്ട് എന്ന് ഭാര്യ മനസിലാക്കിയിട്ടില്ല!!! അരിശം തീർക്കൽ ആണ് നടക്കുന്നത് എന്ന് അവർക്ക് അറിഞ്ഞും കൂടാ!!
ഭർത്താവിന്റെ ബന്ധുക്കളോട് കയർത്തതിനു, ടൂർ പോയപ്പോൾ കുഞ്ഞുങ്ങളുടെ ഉടുപ്പ് എടുത്തത് എണ്ണം കുറഞ്ഞുപോയതിനു തുടങ്ങി പല പല കാരണങ്ങൾക്ക് ഭാര്യമാരെ കിടപ്പറയിൽ റേപ്പ് ചെയ്യുന്ന ഭർത്താക്കന്മാരെ അറിയാം.സെക്സ് ചെയ്ത് കഴിഞ്ഞിട്ട് നിന്റെ കഴപ്പ് തീർന്നില്ലേടി എന്ന് മുറുമുറുക്കുന്നവരുണ്ട്, ഇന്നലെ കിട്ടിയത് പോരെ എന്ന് തലേ ദിവസത്തെ സെക്സ് നെ കുറിച്ച് സൂചിക്കുന്നവരും ഉണ്ട്. ഇവിടെ ഒന്നും ഭർത്താവ് വില്ലനല്ല! മൂപ്പര് അങ്ങിനെ ഒരു ടൈപ്പാ എന്നാണ് മിക്കപ്പോഴും ആ സംസാരമൊക്കെ അവസാനിക്കാറുള്ളത്.
അറിയിപ്പ് ടീമിന് നന്ദി. സ്ത്രീകൾക്കിടയിലെ പരിവേദനം പറച്ചിലായി ഒടുങ്ങുന്ന ഈ ടൈപ്പ് ആണുങ്ങളെ സ്ക്രീനിൽ കാണിച്ചു തന്നതിന്. അതും ഒരു കാലത്തെ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബനിലൂടെ.