പെട്രോൾ വിലയെകുറിച്ച് അദ്ദേഹം ബബ്ബബ്ബ പറഞ്ഞതല്ല, നിങ്ങൾക്ക് മനസിലാകാഞ്ഞിട്ടാ

0
176
Rasheed Meethalepura
മന്ത്രിയുടെ വാക്കുകളെ വല്ലാതെ കളിയാക്കുന്നവർ കാര്യമറിയാതെയാണ് ട്രോളുന്നത്. സാധാരണ ക്രൂഡ് ഓയിൽ വില കൂടുമ്പോൾ ഇവിടെ പെട്രോൾ വില കൂടും. അങ്ങിനെ നോക്കിയാൽ ക്രൂഡ് ഓയിൽ വില കുറയുമ്പോൾ ഇവിടെ പെട്രോൾ വില കുറയുകയല്ലേ വേണ്ടത് എന്നാണ് ചില നിഷ്കളങ്കരുടെ ചോദ്യം.അവിടെയാണ് തെറ്റുന്നത്.. എക്കണോമിസ്ക് അറിയാത്തതിൻ്റെ കുഴപ്പം. സിമ്പിളായി പറഞ്ഞ് തരാം.
അതായത്, നമ്മളിപ്പൊ 1000 വീപ്പ ക്രൂഡ് ഓയിൽ വാങ്ങാനായിരിക്കും കപ്പലും വിളിച്ചോണ്ട് പോകുന്നത്. കായി എണ്ണിക്കൊടുത്തതിന് ശേഷം മൊയ്തീനേ ഇവരുടെ വണ്ടിയിൽ ഒരു 1500 വീപ്പ കയറ്റിക്കൊട് എന്ന് പറയുമ്പോഴായിരിക്കും വില കുറഞ്ഞ വിവരം നമ്മൾ അറിയുന്നത്.
എന്ത് ചെയ്യും ? നമ്മളുടെ കപ്പലിൽ ആയിരം വീപ്പ മാത്രേ കൊള്ളൂ. പിന്നെ 500 വീപ്പകയറ്റാൻ ഒരു കപ്പല് കൂടി ഓട്ടം വിളിക്കേണ്ടി വരും. അവിടെ ചിലവ് കൂടിയാ..?പിന്നെ അത് നാട്ടിലെത്തിച്ചാ 500 വീപ്പ ഇറക്കുന്നതിന് ഇറക്ക് കൂലി വേറെ കൊടുക്കണം.. പിന്നേം കൂടിയാ..?
സാധരണ ലോഡിറക്കി തിരിച്ച് പോകുമ്പൊ ഒരു കപ്പലിൻ്റെ ഡ്രൈവർക്ക് ചായ പ്പൈസ എന്ന പേരിൽ എന്തെങ്കിലും കൊടുക്കാറുണ്ട്. ഇതിപ്പൊ രണ്ടാൾക്ക് ചായപ്പൈസ കൊടുക്കണം.. (ചായപ്പൈസ ഡോളറിൽ മാത്രേ പഹയൻമാർ വാങ്ങൂ..) വീണ്ടും ചിലവ് കൂടിയാ..? പിന്നെ ഈ അധികമുള്ള വീപ്പ ഇറക്കി വെക്കാൻ ഗോഡൗണിൽ സ്ഥലം കാണില്ല. അപ്പൊ തൽക്കാലം രണ്ട് കടമുറി വാടകക്ക് എടുക്കേണ്ടി വരും.. വീണ്ടും ചിലവ് കൂടിയാ.. ? അതാ പറഞ്ഞേ.വില കുറയുന്നതിനനസരിച്ച് ചരക്ക് കൂടും. അതനുസരിച്ച് ട്രാൻസ്പോർട്ടേഷൻ എക്സ്പൻസും കൂടും… u=mp2 എന്നാണ് ഇതിനെ സാമ്പത്തിക വിദഗ്ദർ വിളിക്കാർ (U ഊളയും Mമുരളിയേയും P പൊട്ടത്തരത്തേയും സൂചിപ്പിക്കുന്നു.)
സത്യത്തിൽ വലിയ നഷ്ടമാണ്.. എന്നിട്ടും മൂന്ന് രൂപ മാത്രമാണ് കേന്ദ്രം കുട്ടിയത് . ചായ പ്പൈസ പോലും അതിൽ നിന്ന് കിട്ടില്ല.
അപ്പൊ ചിലർക്ക് സംശയം ഉണ്ടാകാം. അങ്ങിനെങ്കിൽ ഒരു കപ്പലിൽ കൊള്ളുന്ന ചരക്ക് മാത്രം വാങ്ങിയാൽ പോരെ എന്ന്. അത് പറ്റില്ല. കാരണം, അങ്ങിനെ വാങ്ങിയാൽ തിരിച്ച് ബാക്കി തരേണ്ട തുക അവർ നാണയമായിട്ടാണ് തരിക. ഈ നാണയങ്ങൾ തിരിച്ച് ഇന്ത്യയിൽ എത്തിച്ചാൽ ഇവിടെ രൂക്ഷമായ നാണയപ്പെരുപ്പം ഉണ്ടാകും.നാണയപ്പെരുപ്പം ഉണ്ടായാൽ അറിയാല്ലോ ബുദ്ധിമുട്ട്.നമ്മുടെ പോക്കറ്റിൽ നിന്നും ഉരുണ്ട് വീഴുന്ന നാണയം പൊറുക്കിയെടുക്കാൻ മാത്രേ നേരം കാണൂ. അപ്പൊ ഇതൊക്കെ ഒഴിവാക്കാൻ വേണ്ടിയാണ് നഷ്ടം സഹിച്ചും ചെറിയ തോതിൽ വില കൂട്ടുന്നത്. വിമർശിക്കുന്നവർ ഇതും കൂടി മനസ്സിലാക്കുക.. എന്നിട്ട് വിമർശിക്കുക.