കലാപം എന്നത് മനുഷ്യരെ മൃഗങ്ങളാക്കുന്ന ദുരവസ്ഥയാണ്

0
96

Rasheedudheen Alpatta

കലാപം എന്നത് മനുഷ്യരെ മൃഗങ്ങളാക്കുന്ന ദുരവസ്ഥയാണ്

കര്‍വാല്‍ നഗറിലേക്കുള്ള വഴിയില്‍ ദൂരെ നിന്നേ പുക ഉയരുന്നത് കണ്ടാണ് രണ്ടും കല്‍പ്പിച്ച് കാര്‍ അങ്ങോട്ടു തിരിച്ചത്. മനോരമയുടെ ഹരിതയും എല്‍ദോയും ഞങ്ങളോടൊപ്പമുണ്ട്. അവിടമപ്പാടെ പുക വിഴുങ്ങിയതു കൊണ്ട് എന്താണ് കത്തിയമരുന്നതെന്ന് കാണാന്‍ കഴിയുമായിരുന്നില്ല. പുകയുടെ കട്ടിമതിലിനൂള്ളിലൂടെ ഹിന്ദുസ്ഥാന്‍ പെട്രേളിയത്തിന്റെ ബോര്‍ഡു മാത്രം കാണാനാവുമായിരുന്നു. അവിടെയുള്ള ഓവര്‍ബ്രിഡ്ജിനു മുകളില്‍ വണ്ടി നിര്‍ത്തി രംഗം ഷൂട്ടു ചെയ്യുന്നതിനിടെ ഒരാള്‍ ബൈക്കില്‍ വന്ന് വേഗം രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടതോടെ ഞങ്ങള്‍ പിന്‍വാങ്ങി. പിന്നെയാണ് അറിഞ്ഞത് ഞങ്ങള്‍ ഷൂട്ടു ചെയ്തു കൊണ്ടിരുന്ന പാലത്തിനു താഴെ സംഘ്പരിവാറിന്റെ വലിയൊരു സംഘം, അവരുടെ എണ്ണം അഞ്ഞുറില്‍ കുറയില്ലായിരുന്നു, വടിവാളും പെട്രോള്‍ ബോംബും ലാത്തികളുമൊക്കെയായി നില്‍പ്പുണ്ടായിരുന്നു എന്നും കത്തിയമരുന്നുണ്ടായിരുന്നത് പെട്രോള്‍ പമ്പിനോടു ചേര്‍ന്ന ഒരു മസ്ജിദും മുസ്‌ലിം ചേരിയുമായിരുന്നെന്നും. ഈ സ്ഥലത്ത് ഷൂട്ട് ചെയ്തതിനാണ് എന്‍.ഡി.ടി.വി ലേഖകന്‍ അരവിന്ദ് ഗുണശേഖരയെ ജനക്കൂട്ടം മാരകമായി ആക്രമിച്ചത്. ഞങ്ങള്‍ തലനാരിഴക്കു രക്ഷപ്പെട്ടു എന്നു മാത്രം. അമിത് ഷാ എന്ന ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട ആഭ്യന്തരമന്ത്രിയുടെ മൂക്കിന് ചുവടെ, തലസ്ഥാന നഗരിയിലാണ് പട്ടാപ്പകല്‍ ഇതൊക്കെ അരങ്ങേറുന്നുണ്ടായിരുന്നത്.

ഭീകരാവസ്ഥയായിരുന്നു വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ ഉടനീളം. പോലിസ് കെട്ടിയടച്ച വഴികളിലൂടെ കാല്‍നടയായി വേണം ജാഫറാബാദ് മറികടന്ന് മൗജ്പൂരിലെത്താന്‍. സംഘ്പരിവാറും പോലിസും ചേര്‍ന്ന് കത്തിച്ച കടകളും ദര്‍ഗയും മറ്റും കാണാനായി മുമ്പോട്ടു പോകാന്‍ ശ്രമിച്ചപ്പോഴാണ് മുസ്‌ലിം ജനക്കൂട്ടത്തിന്റെ രോഷം എന്താണെന്ന് അറിഞ്ഞത്. മൗജ്പൂരിലേക്കുള്ള വഴി തടസ്സപ്പെടുത്തി പോലിസിന്റെ വലിയ ബറ്റാലിയന്‍ തന്നെ കാവല്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ക്കു മുമ്പിലിട്ടാണ് ജനക്കൂട്ടം എന്നെയും ക്യാമറാമാന്‍ ശാഫിയെയും വളഞ്ഞുപിടിച്ചത്. മാധ്യമലോകം ഇന്നെത്തിപ്പെട്ട ദുരവസ്ഥയോടുള്ള സ്വാഭാവികമായ പ്രതികരണം മാത്രമായിരുന്നു അത്. ആര്‍.എസ്.എസിന്റെയും സംഘ്പരിവാറിന്റെയും ക്രിമിനലുകള്‍ റോഡു നിറഞ്ഞ് വിളയാടുന്ന മൗജ്പൂരിലേക്ക് പോകുന്നതിനു പകരം ജനങ്ങള്‍ ശാന്തരായി സമരം ചെയ്യുന്ന ജാഫറാബാദില്‍ എന്തിനു വന്നു എന്നായിരുന്നു അവരുടെ ചോദ്യം. സി.എ.എ വിരുദ്ധ സമരത്തെ കുറിച്ച് നുണക്കഥകള്‍ പടച്ചുണ്ടാക്കുന്ന, കലാപം ആരു തുടങ്ങിയെന്ന ചോദ്യം ചോദിച്ച് അതില്‍ വെട്ടിയും തിരുകിക്കയറ്റിയും കൃത്രിമമായ ഉത്തരങ്ങള്‍ പടച്ചുണ്ടാക്കുന്ന ദല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകരെ ജനം പരമപുഛത്തോടെയാണ് ജാഫറാബാദില്‍ നോക്കിക്കാണുന്നുണ്ടായിരുന്നത്.

അമിത്ഷായുടെ ചെരിപ്പ് തിന്ന് ജീവിക്കുന്ന മാധ്യമ മുതലാളിമാര്‍ക്കായി ഗണ്‍മൈക്കും പിടിച്ചെത്തുന്ന ഈ കൂലിപ്പടയാളികള്‍ക്കു കിട്ടേണ്ടത് ജനം എനിക്കു തന്നുവെന്നു മാത്രം. ആള്‍ക്കൂട്ടത്തില്‍ ചിലരെ കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴേക്കും അടുത്ത കൂട്ടര്‍ ദേഹത്തു കൈവെച്ചിട്ടുണ്ടാകും. ഞാന്‍ പറയുന്നതൊന്നും അവര്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. മീഡിയയോട് സമരക്കാര്‍ ഇങ്ങനെ പൊരുമാറരുതെന്നും മീഡിയ എന്തായാലും നമ്മള്‍ മര്യാദ കാണിക്കണമെന്നും ആക്രോശിച്ച് ഏതാനും ചെറുപ്പക്കാര്‍ രംഗത്തെത്തുകയും എനിക്കു ചുറ്റും കൈവലയം തീര്‍ത്ത് ആള്‍ക്കൂട്ടത്തില്‍ നിന്നും പുറത്തേക്കു കൊണ്ടുവരികയുമാണ് ചെയ്തത്. പൂര്‍ണമായും ബഹളത്തില്‍ നിന്നും പുറത്തു കടന്ന സമയത്ത് അത്രയും നേരം കൈയ്യും കെട്ടി നോക്കി നിന്ന പോലീസുകാരില്‍ ചിലര്‍ ഓടി അടുത്തെത്തി, മീഡിയയെ മര്‍ദ്ദിക്കരുത്… സര്‍ താങ്കള്‍ ഞങ്ങളുടെ വണ്ടിയില്‍ കേറിക്കോളൂ, പുറത്തെത്തിക്കാം എന്ന വാഗ്ദാനവുമായി. അവരുടെ വാഹനത്തില്‍ കേറുന്നതിലും നല്ലത് റോഡില്‍ ജനക്കൂട്ടത്തിന്റെ അടിയും കൊണ്ട് നില്‍ക്കലാണെന്ന് തോന്നിയതു കൊണ്ട് കയറിയില്ല. പിന്നീട് ഈ ചെറുപ്പക്കാരില്‍ ഒരാള്‍ ബൈക്കുമായിട്ടെത്തി എന്നെ റോഡിനു പുറത്തെത്തിക്കുകയാണ് ചെയ്തത്. ജനക്കൂട്ടം ഉന്താനും തള്ളാനും തുടങ്ങിയപ്പോള്‍ തന്നെ ഇതേ ചെറുപ്പക്കാര്‍ ശാഫിയെ രക്ഷപ്പെടുത്തിയിരുന്നു. മുസ്‌ലിം സമൂഹത്തിന് മാധ്യമങ്ങളെയോ പോലിസിനെയോ ഭരണകൂടത്തെയോ കേജരിവാളിനെയോ അവരവരെ തന്നെയോ വിശ്വാസമില്ലാതായ ഭീകരാവസ്ഥയായിരുന്നു അത്.