Women
അങ്ങനെയൊരു “സാഹസ”ത്തിന് തയ്യാറായതിൻ്റെ പേരിൽ സമൂഹം ചാർത്തിത്തന്ന പട്ടങ്ങൾ, വിചാരണകൾ….
അമ്മയിൽ നിന്ന് പ്രതീക്ഷിച്ചതിലും നേർവിപരീതമായ അനുഭവമുണ്ടായപ്പോൾ ശരിക്കും ആണ്ടു പോയത് ഒരു നിലയില്ലാക്കയത്തിലേക്കാണ്. കടുത്ത വൈകാരിക സമ്മർദ്ദങ്ങളിലൂടെ കടന്നുപോയ മകളെ
2,758 total views, 5 views today

Rashmi Ramachandran ന്റെ സോഷ്യൽ മീഡിയ കുറിപ്പ്
ജീവിതത്തിലിന്നേ വരെ ഞാൻ കണ്ടിട്ടുള്ളവരിൽ വെച്ച് എന്നെ ഏറ്റവുമധികം അത്ഭുതപ്പെടുത്തിയ സ്ത്രീ എൻ്റെ അമ്മമ്മയാണെന്ന് മുമ്പൊരിക്കൽ എഴുതിയിട്ടുണ്ട്. ഞാൻ ഏറ്റവും ആരാധനയോടെ കണ്ടിട്ടുള്ളതും ഏറ്റവും സ്നേഹിച്ചിട്ടുള്ളതും ഒപ്പം വെറുത്തിട്ടുള്ളതും അവരെത്തന്നെയാണ്. കണ്ടുമുട്ടുമ്പോഴൊക്കെ പരസ്പരം പോരുകോഴികളെപ്പോലെ കൊത്തിപ്പിരിയുമെങ്കിലും ഉറപ്പാണ്, അത്രയും സ്ട്രോങ്ങ് ആയ മറ്റൊരു മനുഷ്യനേയും ഞാനിന്നേ വരെ കണ്ടുമുട്ടിയിട്ടില്ല.
ആദ്യ വിവാഹബന്ധത്തിൽ നിന്ന് ഇറങ്ങി വരാൻ തീരുമാനമെടുത്തപ്പോൾ അമ്മ നെഞ്ചത്തടിച്ചു, നിലവിളിച്ചു, അവസാന നിമിഷം വരെയും പിന്തിരിപ്പിക്കാൻ തന്നെ ശ്രമിച്ചു. വർഷങ്ങൾക്കു മുമ്പ് എല്ലാവരെയും ധിക്കരിച്ച് മറ്റൊരു ജാതിയിൽപ്പെട്ട എൻ്റെ അച്ഛനോടൊപ്പം ജീവിതം തുടങ്ങാൻ ധൈര്യം കാണിച്ച അമ്മ! അതേ ധൈര്യത്തോടെ എനിക്കൊപ്പം നിൽക്കുമെന്ന് ഞാൻ കരുതിയ എൻ്റെ അമ്മ.
അമ്മയിൽ നിന്ന് പ്രതീക്ഷിച്ചതിലും നേർവിപരീതമായ അനുഭവമുണ്ടായപ്പോൾ ശരിക്കും ആണ്ടു പോയത് ഒരു നിലയില്ലാക്കയത്തിലേക്കാണ്. കടുത്ത വൈകാരിക സമ്മർദ്ദങ്ങളിലൂടെ കടന്നുപോയ മകളെ ഒരിക്കലെങ്കിലും ചേർത്തു പിടിക്കാനോ നിനക്ക് ഞാനുണ്ടെന്ന് ഒരു നോക്കാൽ പോലും ആശ്വസിപ്പിക്കാനോ തയ്യാറായില്ല, അമ്മ. “അച്ഛനില്ലാത്ത കുട്ടിയെ ഞാൻ വളർത്തി വഷളാക്കിയെന്ന് എല്ലാവരും പറയില്ലേ? നിൻ്റെ സകല വാശിക്കും ഞാൻ കൂട്ടുനിൽക്കുകയാണെന്ന് എന്നെയല്ലേ കുറ്റപ്പെടുത്തുക?” അങ്ങനെയങ്ങനെ അമ്മയുടെ ആവലാതികളുടെ പട്ടിക നീണ്ടു. അപ്പോഴൊക്കെ അമ്മ സമൂഹത്തെക്കുറിച്ചു മാത്രം ചിന്തിച്ചു, പേടിച്ചു (അമ്മമ്മ പറയുന്നതുപോലെ, “അവനോൻ്റെ ഒരു മുറം വെച്ചിട്ട് മറ്റുള്ളോരുടെ അര മുറത്തിന് കുറ്റം കണ്ടു പിടിക്കുന്ന” അതേ സൊസൈറ്റിയെ. ജോജിയിലെ ഡയലോഗൊക്കെ അമ്മമ്മ അന്നേ വിട്ടതാ!).
അന്നനുഭവിച്ച മെൻ്റൽ ട്രോമ വിവരിക്കാൻ വാക്കുകളില്ല. ഇത്രയും വർഷങ്ങൾക്കു ശേഷവും ഇടയ്ക്കൊക്കെ അതിലേക്ക് വീണു പോകാറുണ്ട്. എത്രയോ നാളുകൾ, വർഷങ്ങൾ തന്നെ ആലോചിച്ചൊടുവിൽ ഇനി മുന്നോട്ടു പോകാനാവില്ലെന്നു പൂർണ്ണ ബോദ്ധ്യം വന്ന ശേഷമാണ് ഡിവോഴ്സ് എന്ന തീരുമാനത്തിലേക്കെത്തിയത്. അതും മ്യൂച്ച്വലാവുകയാണെങ്കിൽ പരമാവധി ബഹളങ്ങളൊഴിവാക്കി പ്രതിപക്ഷ ബഹുമാനം നിലനിർത്തിക്കൊണ്ടു തന്നെ ഒഴിഞ്ഞു പോകാമെന്നതിനാൽ അതിനായി പിന്നെയും കാത്തു നിന്നു. അതിനു ശേഷം നേരിടേണ്ടി വന്ന പരീക്ഷണങ്ങളെക്കുറിച്ച് എങ്ങനെയെഴുതാനാണ്! അന്നുവരെ അടക്കവും ഒതുക്കവുമുള്ള, “കുടുംബത്തിൽ പിറന്ന” പെണ്ണ് എത്ര പെട്ടെന്നാണ് നാട്ടുകാരുടെ കണ്ണിൽ വഴിപിഴച്ചവളായത്! ആരുകേട്ടു? ആരു കണ്ടു? എന്ന ചോദ്യങ്ങൾക്കൊന്നും ഉത്തരമുണ്ടായില്ലെങ്കിലും “ആരോ എപ്പഴോ ആരോടോ പറഞ്ഞ” എത്രയെത്ര കഥകളാണ് കാറ്റിൽ പാറി നടന്നത്! നിലവിട്ട് അലറിക്കരഞ്ഞ രാത്രികളിൽ, ചത്തു കളഞ്ഞാലോ എന്ന് തോന്നിയ നിമിഷങ്ങളിൽ ഫോണിൻ്റെ മറുപുറത്ത് “ഞാനുണ്ട് ഞാനുണ്ടെ”ന്ന് ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്ന കൂട്ടുകാരിയും കഴുത്തിൽ ആശ്വസിപ്പിക്കാനെന്നോണം ചുറ്റിപ്പിടിക്കുന്ന രണ്ടു കുഞ്ഞിക്കൈകളും മാത്രമായിരുന്നു കൂട്ട്. (ഒരിക്കലും പ്രതീക്ഷിക്കാത്ത ചിലരും ആശ്വാസമേകാനും കൂട്ടിനു വരാനും തയ്യാറായിരുന്നു, മറ്റാരുമറിയരുതെന്നു മാത്രം! അവരുടെയൊക്കെ മുഖം കാണുമ്പോൾ ഇപ്പോഴും ഓക്കാനം വരും).
പക്ഷേ എന്നെ ഞെട്ടിച്ചത് അമ്മമ്മയുടെ പ്രതികരണമാണ്. കേസ് കോടതിയിലെത്തിയ ശേഷമാണ് അമ്മമ്മ സംഗതിയറിയുന്നത്. “ഒരു തരത്തിലും ഒത്തുപോകാൻ പറ്റില്ലേ?” എന്നൊരൊറ്റച്ചോദ്യമേ ചോദിച്ചുള്ളൂ. ഇല്ലെന്നുത്തരം കിട്ടിയപ്പോൾ ഒരു നിമിഷം പോലും ചിന്തിച്ചില്ല, പിന്നീട് ചോദ്യം ചെയ്യലോ കാര്യകാരണങ്ങൾ ചികയലോ ഉണ്ടായില്ല. കയ്യിൽ മുറുകെപ്പിടിച്ച് അളന്നു മുറിച്ചൊരു വാക്കു മാത്രം. “ദെൻ, ലെറ്റ് ഹിം ഗോ”. പിന്നീട്, മറ്റൊരു ജീവിതം തെരഞ്ഞെടുക്കാൻ തീരുമാനിച്ചപ്പോഴും മറ്റുള്ളവരെപ്പോലെ ആശങ്കപ്പെടുകയോ ചോദ്യോത്തര പംക്തികളാൽ ശ്വാസം മുട്ടിക്കുകയോ ചെയ്യാതെ “കൺഗ്രാറ്റ്സ്, യുവർ ലൈഫ് ഈസ് യുവർ ഡിസിഷൻ” എന്നു പറയാനും അമ്മമ്മ മാത്രമേ ഉണ്ടായുള്ളൂ ❤
ഒരിക്കലും ഒത്തു പോകാൻ കഴിയാത്തത്രയും ശ്വാസം മുട്ടിക്കുന്ന വിവാഹബന്ധത്തിൽ നിന്ന് (സ്വർണ്ണവും പണവും വീട്ടുകാരും ഒന്നുമല്ലാതെയും രണ്ടു വ്യക്തികൾക്ക് ഒരുമിച്ചുള്ള ജീവിതം ദുസ്സഹമാക്കുന്ന മറ്റൊരുപാട് കാരണങ്ങളുമുണ്ടാകാം) ഇറങ്ങി വരാൻ നമ്മുടെ പെൺകുട്ടികളെ പഠിപ്പിക്കണമെന്നൊക്കെ പറയാൻ എളുപ്പമാണ്. അങ്ങനെയൊരു “സാഹസ”ത്തിന് തയ്യാറായതിൻ്റെ പേരിൽ സമൂഹം ചാർത്തിത്തന്ന പട്ടങ്ങൾ, വിചാരണകൾ, ഊഹാപോഹങ്ങൾ… അവയൊന്നും ഇതുവരെയും മറന്നിട്ടില്ലാത്ത, മരണം വരെയും മറക്കുകയില്ലാത്ത ഒരുവളെ സംബന്ധിച്ച് പക്ഷേ, അത് കേൾക്കുന്നതു തന്നെ വലിയ തമാശയാണ്.
2,759 total views, 6 views today