അംഗൻവാടി പരാമർശത്തിൽ ശ്രീനിവാസൻ പറഞ്ഞതിലെന്താണ് തെറ്റെന്ന് വാദിക്കുന്നവരുണ്ട് !

57

Rashmi Ramachandran

“അംഗൻവാടി പരാമർശത്തിൽ നടൻ ശ്രീനിവാസൻ പറഞ്ഞതിലെന്താണ് തെറ്റ്?” എന്ന മട്ടിലുള്ള ചില പോസ്റ്റുകളും കണ്ടു.

അത്യാവശ്യം തറ-പറയും ഏബീസീഡിയും പിന്നെ കുറേ പാട്ടുകളും കഥകളും മോശമല്ലാത്ത രീതിയിൽ ജനറൽ നോളജുമൊക്കെ കുട്ടികൾക്ക് പകർന്നു കൊടുക്കുന്നുണ്ടെങ്കിലും അംഗൻവാടി വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനമല്ല. അത് സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ്. അതു കൊണ്ടു തന്നെ വിദേശ രാജ്യങ്ങളിലെ സൈക്കോളജി പഠിച്ച അധ്യാപകരെയും അംഗൻവാടി ജീവനക്കാരെയും താരതമ്യപ്പെടുത്തിയുള്ള ശ്രീനിയേട്ടന്റെ പരാമർശം മോശമായിപ്പോയി എന്നു തന്നെയാണഭിപ്രായം. പിറന്നു വീഴുമ്പോൾ തുടങ്ങി സ്കൂൾ പ്രായമെത്തുന്നതിന് തൊട്ടുമുമ്പുവരെയുള്ള കുഞ്ഞുങ്ങളുടെ ആരോഗ്യ പരിപാലനത്തിനാണ് അംഗൻവാടികളിൽ മുൻതൂക്കം, വിദ്യാഭ്യാസത്തിനല്ല.

ഇതിനു പുറമേ അതതു പ്രദേശത്തെ ഗർഭിണികൾക്കും പ്രായമായവർക്കും കൗമാരപ്രായക്കാർക്കും പോഷകാഹാര ലഭ്യത ഉറപ്പു വരുത്തുകയെന്നതും അവരുടെ ചുമതലയാണ്. ആരോഗ്യ വകുപ്പുമായി ചേർന്ന് കുഞ്ഞുങ്ങൾക്ക് പോളിയോ വാക്സിൻ നൽകൽ, കൗമാര പ്രായത്തിലുള്ള കുട്ടികളുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളെ സംബന്ധിച്ച് ക്ലാസ്സുകൾ സംഘടിപ്പിക്കൽ, പലതരം സെൻസസുകൾ എടുക്കൽ, പകർച്ചവ്യാധികളെപ്പറ്റിയുള്ള ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കൽ തുടങ്ങി മന്തു നിവാരണത്തിന്റെ ഗുളികകൾ വിതരണം ചെയ്യൽ വരെ എണ്ണിയാൽ തീരാത്ത ചുമതലകൾ ഭംഗിയായി നിർവ്വഹിക്കുന്ന അംഗൻവാടി ടീച്ചർമാരെയും ആയമാരെയും നേരിട്ട് അറിയാം. അതിനിടയിലാണ് അംഗൻവാടിയിലെത്തുന്ന കുഞ്ഞുങ്ങൾക്ക് പതിനൊന്ന് മണിക്ക് ഭക്ഷണം, ഒരുമണിക്ക് ഭക്ഷണം, ശേഷം നിശ്ചിത സമയം ഉറക്കം, ഉണർന്നെഴുന്നേറ്റാൽ മൂന്നരയ്ക്ക് മുമ്പ് പിന്നെയും ഭക്ഷണം, അതിനിടയിലിത്തിരി സമയം പാട്ടും കളിയും ഇടയ്ക്കൽപ്പം ലോക കാര്യങ്ങളും പറഞ്ഞു കൊടുത്ത് വൈകീട്ട് അമ്മയെത്തും വരെ കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കുന്നത്. ശ്രീനിയേട്ടന്റെ ഭാഷയിൽ “കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലാത്ത” ആ “ഏതൊക്കെയോ” സ്ത്രീകൾ ഗ്രാമങ്ങളുടെ സ്പന്ദനമറിഞ്ഞവരാണ്.

അക്കാദമിക് തലത്തിനുമപ്പുറം ക്ഷമയും സഹനശക്തിയുമാണ് അവരുടെ കയ്യിലെ ബിരുദം. ജീവിതത്തിലൊരിക്കലെങ്കിലും ഏതെങ്കിലുമൊരംഗൻവാടി സന്ദർശിച്ചിരുന്നെങ്കിൽ തുച്ഛമായ വേതനത്തിന് അവരീ സമൂഹത്തിന് നൽകുന്ന സേവനമെത്ര വലുതാണെന്ന് അദ്ദേഹത്തിന് മനസ്സിലായേനേ! നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ എപ്പോഴും ഇഷ്ടം. വസ്തുതകൾ കൃത്യമായി മനസ്സിലാക്കി സംസാരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നെങ്കിൽ…

Advertisements