രതിനിർവൃതിയുടെ അവകാശികൾ

726

രതിനിർവൃതിയുടെ അവകാശികൾ

(നിങ്ങള്‍ വിവാഹിതനോ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന ആളോ ആണെങ്കില്‍ തീര്‍ച്ചയായും ഈ പോസ്റ്റ്‌ മനസ്സിരുത്തി വായിക്കുകയും ആലോചിക്കുകയും ചെയ്യുക. പ്രവര്‍ത്തി പിന്നാലെ ഉണ്ടായിക്കോളും)

(മഹിഷാസുരന്‍ എഴുതുന്നു )

ഇതിഹാസങ്ങളോ, പുരാണങ്ങളോ, ഉപനിത്തുകളോ മറ്റു പുരാതന ലൈംഗികശാസ്ത്ര ഗ്രന്ഥങ്ങളോ പരിശോധിച്ചാൽ മൈഥുനത്തിൽ‍ സ്ത്രീക്കും പുരുഷനും തുല്യപങ്കാളിത്തം വേണമെന്ന് നിഷ്ക്കർഷിക്കുന്നു. ലൈംഗിക ശരീരഘടനയിലും ലൈംഗികപ്രക്രിയയിലും ലൈംഗികാനന്ദചക്രത്തിലും വൈജാത്യങ്ങളുണ്ടെങ്കിലും അതിന്റെ ആത്യന്തിക സാഫല്യം സ്ത്രീയിലും പുരുഷനിലും ഒന്നാണ്; രതിമൂര്‍ച്ഛ. ആത്മസാക്ഷാത്ക്കാരമെന്നതുപോലെ രതിമൂർച്ഛയും ഓരോ മനുഷ്യന്റെയും ജന്മാവകാശമാണ്. ഇണകളിൽ‍ ഏതെങ്കിലുമൊരാൾക്കത് നിഷേധിക്കപ്പെടുന്നത് അധാർമ്മികതയാണെന്നും ഉദ്ഘോഷിക്കുന്നു.

രതിക്രീഡയിലെ സ്ത്രീപുരുഷസമത്വത്തെ വേദങ്ങൾ‍ വിശദമാക്കുന്നുണ്ട്. ഭാര്യയെ പ്രാപിക്കുന്നതിനു മുമ്പായി അവളെ സ്തുതിക്കണമെന്നാണ് ഋഗ്വേദം അനുശാസിക്കുന്നത്. വാക്കുകൾ വേണമെന്നില്ല, പ്രാരംഭബാഹ്യലീലകൾ, പൂർവ്വരതി ചുംബനാലിംഗനാദികൾ ഒക്കെ ഈ സ്തുതിയിൽ ഉൾപ്പെടും. സംഭോഗകർമ്മത്തെ ഒരു യജ്ഞമായാണ് ബൃഹദാരണ്യകോപനിഷത്ത്, ഖിലകാണ്ഡത്തിൽ‍ വിശദീകരിക്കുന്നത്.

“യോഷാവാ അഗ്നിർ‍ ഗൗതമഃ തസ്യാഉപസ്ഥമേവ സമിത്, ലോമാനി ധൂമഃ യോനിരർച്ചിഃ,
യദന്തഃ കരോതി തേപിംഗാരാഃ, അഭിനന്ദാ, വിസ്ഫുലിംഗാഃ തസ്മിന്നേത സ്മിന്നഗ്നൗ
ദേവാ രേതോ ജുഹ്വതിഃ തസ്യാ ആഹുതൈ്യ പുരുഷഃ സംഭവതിഃ സ ജീവതി യാവജ്ജീവതി”

അർത്ഥം – സ്ത്രീ തന്നെയാണ് അഗ്നി. അവളുടെ ഉപസ്ഥം തന്നെയാണ് ചമത. രോമം ധൂമമാണ്. യോനിയാണ് ജ്വാല. ഉള്ളിൽ‍ ചെയ്യുന്നത് (സംയോഗം) തീക്കട്ടയാണ്. അതിൽ‍ നിന്നുള്ള ആനന്ദം തീപ്പൊരികളാണ്. ഈ അഗ്നിയിൽ‍ ദേവന്മാർ‍ രേതസ്സിനെ ഹോമിക്കുന്നു. ആ ആഹുതിയിൽ‍ നിന്നു പുരുഷന്മാർ‍ ജനിക്കുന്നു. കർ‍മ്മശേഷിയുള്ളതുവരെ അവന്‍ ജീവിച്ചിരിക്കുന്നു. അനന്തരം മരിക്കുന്നു.

രതിക്രീഡയുടെ നിഗൂഢരഹസ്യം മന്ത്രങ്ങളിൽ‍ ആവാഹിക്കുവാന്‍ ഉപനിഷത്ത് എഴുതിയ ഋഷിക്ക് ശങ്കയില്ലായിരുന്നുവെങ്കിലും ഇതിന്റെ വ്യാഖ്യാതാക്കളായ പല പണ്ഡിതന്മാരും ഈഭാഗം ഒഴിവാക്കാനാണ് ശ്രമിച്ചത്. എന്നാൽ‍ ശുദ്ധവേദാന്തിയായ ശ്രീ ശങ്കരാചാര്യർ‍ ഈ മന്ത്രത്തെ അർ‍ത്ഥശങ്കയില്ലാത്തവണ്ണം വിശദീകരിക്കുകതന്നെ ചെയ്തു.

പ്രാണാപന്മാരെയാണ് ഇവിടെ ദേവന്മാർ‍ എന്നപദം സൂചിപ്പിക്കുന്നത്. ആഹാരത്തെ വായിൽ‍നിന്ന് ദഹനേന്ദ്രിയത്തിലേക്ക് കൊണ്ടുപോകുന്നത് പ്രാണനാണ്. ദഹനാനന്തരം വരുന്ന മലമൂത്രാദികൾ‍ പിന്തള്ളുന്നത് അപാനനാണ്. പുരുഷന്റെ ശുക്ലവും ലിംഗത്തിൽ‍ നിന്ന് അപാനനാലാണ് വിസർ‍ജിക്കപ്പെടുന്നത്. സ്ത്രീയുടെ യോനിയിലിരിക്കുന്ന പ്രാണൻ‍ അതിനെ സ്വീകരിച്ച് ഗർ‍ഭപാത്രത്തിൽ‍ എത്തിക്കുന്നു.

മൈഥുനത്തെ യജ്ഞമായി പരിഗണിക്കുന്ന ഉപനിഷത്ത് ഋഷിയുടെ സഹജാവബോധം അത്യുജ്വലമാണ്. ഇക്ഷണത്തിൽ‍ ജീവിക്കുന്നതാണ് തപസ്. രണ്ടോ അതിലധികംപേരോ ചേർ‍ന്ന് തപസ്സുചെയ്യുന്നതാണ് യജ്ഞം. ആത്മസംയോഗത്തിലൂടെ സുഖദുഃഖാദി ദൈവതങ്ങൾ‍ക്കതീതരായി നിർ‍വ്വാണാനുഭൂതി കരഗതമാകുന്നതാണ് യജ്ഞത്തിന്റെ ഫലസിദ്ധി. യോനിയെ ജ്വാലയായും മൈഥുനത്തെ തീക്കട്ടയായും വിശേഷിപ്പിക്കുന്ന ഋഷി രതിക്രീഡ വീര്യാദികളെ ശമിപ്പിക്കുന്നതിനു കാരണമാകുന്നതായി പറഞ്ഞിരിക്കുന്നു.

സംഭോഗവേളയിൽ‍ സ്ത്രീപുരുഷന്മാരുടെ ശരീരത്തില്‍ ഒട്ടേറെ വൈദ്യുത രാസതരംഗങ്ങളുണ്ടാകുന്നുവെന്ന ആധുനിക ലൈംഗികശാസ്ത്രത്തിന്റെ വെളിപാടുകൾ‍ ഉപനിഷത്തിന്റെ ഗൂഢാവബോധത്തെ അടിവരയിടുന്നു. സ്ത്രീയുടെ യോനിയെ യജ്ഞകുണ്ഡമായി കരുതിയ ഋഷി, സ്ത്രീയുടെ ലൈംഗീകാനുഭവത്തെയും സൂക്ഷ്മാനുസന്ധാനം ചെയ്തിരുന്നതായി കാണാം. പുരുഷന്റെ ലൈംഗികപ്രക്രിയ ഒരു നദീപ്രവാഹത്തിനു തുല്യമാണെങ്കിൽ‍ സ്ത്രീയുടേത് ചുഴിയും മലരും പോലെയാണ്. അത് നിമ്‌ന്നോന്നതഭാവം പ്രദര്‍ശിപ്പിക്കുന്നതാണ്. രതിക്രീഢയില്‍ സ്ത്രീയും പുരുഷനും മാനസികമായും ശാരീരികമായും പരസ്പരമറിഞ്ഞ് സാമ്യഭാവം പൂകേണ്ടതെങ്ങനെയെന്ന് സമഗ്രമായി തന്നെ വിശദമാക്കുന്നു.

മിഥുനങ്ങളുടെ സംയോഗമാണ് മൈഥുനം. ജീവജാലങ്ങൾ‍ക്കെല്ലാം ഊര്‍ജ്ജമേകുന്ന സൂര്യദേവന്റെ തേജസ്സിനെ ധ്യാനിച്ചുകൊണ്ടാണ് ഉപനിഷത്ത് മിഥുനങ്ങൾ‍‍ മൈഥുനത്തിനു തയ്യാറെടുക്കുന്നത്. ഉപനിഷത്ത് സംയോഗത്തിന്റെ തയ്യാറെടുപ്പിനായി നിർ‍ദ്ദേശിക്കുന്ന മന്ത്രത്തിലെ ഓരോ സൂചനയും മനുഷ്യഹൃദയത്തെ ആർ‍ദ്രമാക്കുന്നതാണ്. സൂര്യന്റെ ആ രൂപം ശ്രേഷ്ഠമാകുന്നു. കാറ്റ് മധുരമായി വീശുന്നു. പുഴകൾ‍ മനോഹരമായി ഒഴുകുന്നു. ഈ ഔഷധികൾ‍ നമുക്ക് മധുരങ്ങളാകട്ടെ എന്ന പ്രാർ‍ത്ഥനയോടെ മിഥുനങ്ങൾ‍‍ ക്രീഡാഗേഹത്തിലേക്ക് കടക്കുന്നു. ദാമ്പത്യരഹസ്യത്തെ മധുരിമമായാണ് ഋഷി വെളിവാക്കുന്നത്. ആത്മസംബന്ധിയാണ് മധു. സുഖദുഃഖങ്ങൾ‍‍ ഒഴിഞ്ഞിരിക്കുമ്പോഴാണ് ജീവിതം മധുരതരമാകുന്നത്. മാധുര്യത്തിനൊപ്പം ബുദ്ധിയും ആർ‍ദ്രതയും ഓജസ്സും രതിക്രീഡയിൽ‍ ഒന്നിക്കുന്നതായി ഉപനിഷത്ത് വ്യക്തമാക്കുന്നു.

യാഗം ചെയ്യുന്നവൻ‍‍ ഏതെല്ലാം ലോകങ്ങൾ‍ പ്രാപിക്കുന്നുവോ അതെല്ലാം സൂക്ഷ്മമായി അറിഞ്ഞ് മൈഥുനം ചെയ്യുന്നവനും ലഭ്യമാകുമെന്ന് ശങ്കരാചാര്യർ‍ പറയുന്നു.

“പുളകമാർന്നേതുകമിതാക്കന്മാരാൽ
പരിചോടെ ചുംബനം ചെയ്യപ്പെട്ടുവോ
അവരാകുന്നിതേ ! സുകൃതശാലികൾ
അവർക്കാക്കല്ലയോ അമൃതം കൈവന്നു!
അമൃതത്തിന്നായേ, മിമൂഢർ ദേവന്മാർ
വൃഥാവിൽ പാലാഴിമഥനം ചെയ്കയായ് !!”

ഇക്കാര്യത്തിൽ, ഈ ശ്ളോകം മുമ്പൊരിക്കൽ നമ്മൾ വിശകലനം ചെയ്തതുമാണ്.

അറിഞ്ഞാണ് മൈഥുനം ചെയ്യേണ്ടത്., അജ്ഞാനിയായല്ല. സംഭോഗം ചെയ്യുമ്പോൾ‍ സോമരസത്തെ പിഴിഞ്ഞെടുക്കുന്നതുപോലെ പുരുഷന്റെ വൃഷണത്തിൽ‍ നിന്നും സ്ത്രീയോനിയുടെ രണ്ടുവശത്തുമുള്ള മാംസളഭാഗവും കൃസരികളും ശക്തമായ സമ്മര്‍ദ്ദം ശിശ്‌നികയിലുണ്ടാക്കുകയാൽ‍ സോമരസംപോലെ പുരുഷന്റെ രേതസ്സ് സ്ത്രീയോനിയിലേക്കു നിർഗ്ഗമിക്കുന്നു. കാമാർ‍ത്തയായ സ്ത്രീക്ക് പുരുഷനേക്കാൾ‍ രത്യാവേശം ഏറിയിരിക്കുമെങ്കിലും അവളെ തന്റെ സന്താനോല്‍പ്പാദനത്തിനുള്ള യജ്ഞവേദിയായികരുതി, സൃഷ്ട്യുന്മുഖമായ ഇച്ഛയോടുകൂടി വേണം സുരതക്രിയ നിർ‍വഹിക്കാനെന്നും ഉപനിഷത്ത് അനുശാസിക്കുന്നു.

സൃഷ്ടിയും സൗന്ദര്യവും ആനന്ദവും സമ്മേളിക്കുന്നതാണ് സുരതക്രിയയെന്നായിരുന്നു ആചാര്യന്മാരുടെ കാഴ്ചപ്പാട്. മൈഥുനത്തെ സ്തുതിക്കുന്നതും അതിന്റെ വിധിപ്രയോഗങ്ങൾ‍ വിശദമാക്കുന്നതും അതിലെ കാമാതുരതയെ നിർ‍ണ്ണയിക്കുന്നതുമായ നിരവധി മന്ത്രങ്ങളാല്‍ സമ്പന്നമാണ് വേദം. മൈഥുനത്തെ കേവലം വിനോദമായല്ല ഭാരതീയാചാര്യന്മാര്‍ പരിഗണിച്ചിരുന്നത്.

ഒരു പുരുഷനിൽ‍ ശരീരത്തിന്റെയും മനസ്സിന്റെയും ജീവാംശങ്ങളായി എന്തെല്ലാമിരിക്കുന്നുവോ, അതിനെയെല്ലാം ആവാഹിച്ച് ശുക്ലത്തിലേക്ക് കൊണ്ടുവന്നാണ് അവന്‍ അതിനെ സ്ത്രീയോനിയിൽ‍ നിക്ഷേപിക്കുന്നത്. അതുപോലെ തന്നെ സ്ത്രീയിലും ജന്മാന്തരങ്ങളായി അവള്‍ സ്വാംശീകരിച്ചിട്ടുള്ള സകല സുകൃതങ്ങളുടെയും സാരാംശത്തെയാണ് അവൾ‍ തന്റെ അണ്ഡത്തിൽ‍ ആവാഹിച്ചു വയ്ക്കുന്നത്. രേതസ്സും രക്തവും കലരുന്ന സുരതക്രിയയിൽ‍ സ്ത്രീ സംക്ഷേപിച്ചുവച്ചിരിക്കുന്ന സർ‍വ്വസുകൃതങ്ങളെയുമാണ് പുരുഷന്‍ അവന്റെ ജനനേന്ദ്രിയത്തിലേക്കു സ്വീകരിക്കുന്നത്.

മൈഥുനത്തെ ശാസ്ത്രയുക്തമായാണ് പൂർ‍വ്വികർ‍ അഭ്യസിച്ചിരുന്നത്. സംയോഗത്തിന് ഏർ‍പ്പെടുന്നതിന് എത്രയോ മുമ്പുതന്നെ, സമാനമായ പരിശീലനമെന്നോണം ശുദ്ധമായ പാലിനെയും, എള്ളെണ്ണയെയും ജനനേന്ദ്രിയത്താൽ‍ വലിച്ചെടുക്കുന്നതിനും മറ്റും താന്ത്രികന്മാർ‍ പരിശീലിച്ചിരുന്നു. മൈഥുനത്തിന് ആർ‍ജ്ജവമേകുവാനായി ആസനങ്ങളും ബന്ധങ്ങളും മുദ്രകളും പുരുഷനും സ്ത്രീയും അഭ്യസിച്ചിരുന്നു. ഇതൊന്നുമറിയാതെ സംഭോഗം ചെയ്യുന്നവൻ‍ ദ്രുതസ്ഖലിതനും ക്ഷീണിതനുമാകുകയും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ‍ സഫലമാക്കപ്പെടാതിരിക്കുകയും ചെയ്യുന്നു.

ശാസ്ത്രവിധി പ്രകാരമല്ലാതെ മൈഥുനം ചെയ്താലുള്ള അപകടങ്ങളെക്കുറിച്ച് ഉപനിഷത്ത് താക്കീത് നല്‍കുന്നുണ്ട്. ‘മരണധർ‍മ്മത്തോടുകൂടിയവരും നാമംകൊണ്ടുമാത്രം ബ്രാഹ്മണരും ആയി അനേകംപേരുണ്ട്. മൈഥുനവിജ്ഞാനത്തെക്കുറിച്ച് അറിയാതെതന്നെ അവര്‍ മൈഥുനകർ‍മ്മത്തിൽ‍ ആസക്തിപൂർ‍വ്വം പ്രവർ‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അവർ‍ പരലോകത്തിൽ‍ നിന്നും ഭ്രഷ്ടരായിപ്പോകുന്നു’ (ബൃഹദാരണ്യകോപനിഷത്ത്). തത്വദീക്ഷയില്ലാതെ കാമാതുരരായി സംഭോഗം ചെയ്യുന്നതിന്റെ ദോഷമാണിവിടെ സൂചിപ്പിക്കപ്പെടുന്നത്. സംഭോഗം മനുഷ്യന്റെ ആനന്ദാനുഭവങ്ങളിൽ‍ അദ്വിതീയം എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ടെങ്കിലും മൈഥുനവിജ്ഞാനത്തെപ്പറ്റി ഒന്നുമറിയാത്തവൻ‍ അതിലേർ‍പ്പെട്ടാൽ‍ അവന്‍ വീര്യം നഷ്ടപ്പെട്ട് അകാലമരണത്തെ പ്രാപിക്കുകയാണു ചെയ്യുന്നത്.

പഞ്ചേന്ദ്രിയങ്ങളെയും അന്തഃകരണത്തെയും യോഗയുക്തമാക്കി അനുഷ്ഠിക്കേണ്ട് അതീവ ദിവ്യമായ ഒരു യജ്ഞമായ മൈഥുനത്തെ ക്ഷണികമാത്ര സുഖദായകമായ ഒരു നേരമ്പോക്കാക്കി അധഃപതിപ്പിക്കരുതെന്നാണ് പൂർ‍വ്വസൂരികൾ‍ നമുക്കു നൽ‍കുന്ന താക്കീത്. പാവകനെപ്പോലെ ഒരേസമയം എന്തിനെയും ഭസ്മീകരിക്കാനും ശുദ്ധീകരിക്കാനും കഴിയുന്ന വിസ്‌ഫോടനാത്മക ശക്തിയാർ‍ന്ന ഒരു പ്രതിഭാസമാണ് ലൈംഗികത. ആണവോർ‍ജ്ജം പോലെ നന്മയ്ക്കായും തിന്മയ്ക്കായും അത് ഉപയുക്തമാക്കാം.

ഭയപ്പെടുമ്പോൾ എണീറ്റു നിൽക്കുകയും അതിനാൽ തൻ്റെ ജോലി എളുപ്പമാകുകയും ചെയ്യുമെന്നതിനാൽ, ചുരുണ്ടകട്ടി മുടിയുള്ള കുട്ടിയോടുമാത്രം പേടിപ്പെടുത്തുന്ന കഥകൾ പറയുന്ന ക്ഷുരകൻ്റെ കഥപോലെ, സ്ത്രീ വികാരവതിയായാൽ ഇറുക്കം കുറയുമെന്നതിനാൽ അവളുണരും മുമ്പേ പ്രവേശിച്ച് അവളുടെ ആന്തരിക ചർമ്മത്തിൽ വൃണങ്ങൾ തീർത്തായാലും സ്വന്തം സുഖം തേടുന്ന പുരുഷകേസരികൾ ഉപനിഷത്തുകളിലെ ഋഷികളിൽ നിന്നും വളരെയധികം പഠിക്കുവാനുണ്ട്.

രതിനിർവൃതിയുടെ അവകാശം സ്ത്രീയ്ക്കും പുരുഷനും തുല്യമാണെന്ന് ഉപനിഷത്തുകൾ ഉദ്ഘോഷിക്കുന്നു..’

Advertisements