ഇന്ന് ചലച്ചിത്ര സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ ഓർമദിനം
മാധവന്റെയും ലക്ഷ്മിയുടെയും ഒമ്പതുമക്കളിൽ ഏഴാമനായി 1943 നവംബർ 9 ആം തിയതി കുളത്തൂപ്പുഴ രവി എന്ന രവീന്ദ്രൻ മാസ്റ്റർ കൊല്ലം കുളത്തൂപ്പുഴയിലാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ നിന്ന് സംഗീതത്തിൽ ബിരുദം നേടിയ അദ്ദേഹം പിന്നണി ഗായകനാകാൻ അവസരം തേടി ചെന്നൈയിലേക്ക് പോയി.
ചെന്നൈയിലെ ആദ്യ കാല ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. ഒരാഴ്ചയോളം പൈപ്പു വെള്ളം മാത്രം കുടിച്ച് കഴിഞ്ഞ അദ്ദേഹത്തിന് സംഗീത സംവിധായകൻ ബാബുരാജാണ് ആദ്യമായി സിനിമയിൽ പാടുവാൻ അവസരം നൽകിയത്. നടൻ സത്യനാണ് ഇദ്ദേഹത്തെ ബാബുരാജിനു പരിചയപ്പെടുത്തിയത്. അങ്ങിനെ അദ്ദേഹം വെള്ളിയാഴ്ച എന്ന ചിത്രത്തിനു വേണ്ടി ആദ്യമായി പിന്നണി ഗായകനായി. പിന്നീട് മുപ്പതോളം സിനിമകളിൽ പാടി. പിന്നെ ഗായകനെന്ന നിലയിൽ അവസരം കുറഞ്ഞതോടെ ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു. 1970 കളിൽ പ്രശസ്തനായിരുന്ന രവികുമാറിനു വേണ്ടി മിക്ക ചിത്രങ്ങളിലും ശബ്ദം നൽകിയത് ഇദേഹമായിരുന്നു.
ഗായകനെന്ന നിലയിൽ നിന്ന് രവീന്ദ്രനെ സംഗീത സംവിധാന രംഗത്തേക്കു വഴി തിരിച്ചു വിട്ടത് യേശുദാസാണ്. രവീന്ദ്രൻ ചിട്ടപ്പെടുത്തിയ ഏതാനും ഗാനങ്ങൾ കേട്ട യേശുദാസ്, അദ്ദേഹത്തെ സംവിധായകൻ ശശികുമാറിന് പരിചയപ്പെടുത്തി. അങ്ങിനെ 1979 ൽ ചൂള എന്ന ചിത്രത്തിനുവേണ്ടി സത്യൻ അന്തിക്കാട് രചിച്ച ‘താരകേ മിഴിയിതളിൽ കണ്ണീരുമായി’ എന്ന ഗാനത്തിനാദ്യമായി അദ്ദേഹം സംഗീതം നൽകി.
തുടർന്ന് മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി ഇരുനൂറിലേറെ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി. 1991 ൽ ഭരതം/2002 ൽ നന്ദനം എന്നീ ചലച്ചിത്രങ്ങളിലൂടെ സംസ്ഥാന പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. അർബുദ ബാധിതനായ അദ്ദേഹം 2005 മാർച്ച് 3 ആം തിയതി ചെന്നൈയിലെ വീട്ടിൽ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു.
ഇന്ന് ഭാവഗായകൻ ജയചന്ദ്രന്റെ ജന്മദിനം
പാലിയത്ത് ജയചന്ദ്രൻ കുട്ടൻ എന്ന പി ജയചന്ദ്രന്‍ 1944 മാർച്ച് 3 ആം തിയതി സംഗീതജ്ഞനായ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി ജനിച്ചു. കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശി ആണ്. കഥകളി, മൃദംഗം ചെണ്ടവായന, പൂരം, പാഠകം ചാക്യാര്‍കൂത്ത് ഇവയോടെല്ലാം കമ്പമുള്ള ഇദ്ദേഹം സ്കൂൾതലത്തിൽ തന്നെ ലളിതസംഗീതത്തിനും, മൃദംഗവാദനത്തിനും നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നു.
1958 ലെ സ്കൂൾ യുവജനോത്സവത്തിൽ ലളിതസംഗീതത്തിനും മൃദംഗത്തിനും ഒന്നാം സമ്മാനം കരസ്ഥമാക്കിയ ജയചന്ദ്രൻ അന്ന് ശാസ്ത്രീയസംഗീതത്തിൽ ഒന്നാം സ്ഥാനക്കാരനായ യേശുദാസുമൊത്ത് യുവജനോത്സവ വേദിയിൽ നടത്തിയ പ്രകടനത്തിന്റെ ചിത്രം പിൽക്കാലത്ത് ഇരുവരും സംഗീതരംഗത്ത് പ്രഗൽഭരായതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് സുവോളജിയിലെ ബിരുദാനന്തരം മദ്രാസിലെത്തിയ ജയചന്ദ്രൻ,ഗായകൻ യേശുദാസിന്റെ സുഹൃത്തായിരുന്ന ജയചന്ദ്രന്റെ ജേഷ്ഠൻ സുധാകരൻ വഴിയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നു വരുന്നത്.
കുഞ്ഞാലിമരയ്ക്കാര്‍ എന്ന പടത്തില്‍ പി ഭാസ്കരന്റെ രചനയായ ‘ഒരു മുല്ലപ്പൂമാലയുമായ് ‘എന്ന ഗാനം ചിദംബര- നാഥിന്റെ സംഗീതത്തില്‍ പാടി. ആ ചിത്രം പുറത്തുവരുന്നതിനിടയില്‍ മദ്രാസില്‍ നടന്ന ഒരു ഗാനമേളയില്‍ ജയചന്ദ്രൻ പാടിയ രണ്ടു പാട്ടുകള്‍ കേട്ട സംവിധായകന്‍ എ വിന്‍സെന്റിന്റെ ശുപാര്‍ശ പ്രകാരം സംഗീത സംവിധായകന്‍ ജി ദേവരാജന്‍ പി ഭാസ്കരന്റെ രചനയായ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്ന ഗാനം കളിത്തോഴന്‍ എന്ന ചിത്രത്തില്‍ പാടിച്ചു. ഈ ചിത്രം 1967 ല്‍ പുറത്തുവരികയും പ്രസ്തുത ഗാനം വളരെ പ്രശസ്തമാകുകയും ചെയ്തു.
അനായാസമായ ആലാപന ശൈലിക്ക് ഉടമയായ ജയചന്ദ്രനെത്തേടി ധാരാളം ബഹുമതികളുമെത്തി. ഗാനങ്ങളുടെ ഭാവമറിഞ്ഞ് പാടുന്നതിൽ പ്രാവീണ്യമുള്ള ജയചന്ദ്രനെ പൊതുവേ ഭാവഗായകൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.1972 ല്‍ പണിതീരാത്തവീട്ടിലെ ‘സുപ്രഭാതം’ എന്ന ഗാനത്തിനും 1988 ല്‍ എം ബി ശ്രീനിവാസന്റെ ‘രാഗം ശ്രീരാഗം’ എന്ന ഗാനത്തിനും മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ശ്രീനാരായണഗുരു എന്ന ചിത്രത്തിലെ ‘ശിവശങ്കര സര്‍വ്വ ശരണ്യ വിഭോ’ എന്ന ഗാനത്തിന് ദേശീയ അവാര്‍ഡും ലഭിച്ചു.
1999 ല്‍ ‘നിറം’ എന്ന ചിത്രത്തിലെ പ്രായം നമ്മില്‍ മോഹം നല്‍കി എന്ന ഗാനത്തിനും തുടർന്ന് 2004ൽ പുറത്തിറങ്ങിയ തിളക്കം എന്ന ചിത്രത്തിലെ “നീയൊരു പുഴയായ്” എന്ന ഗാനത്തിനും മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു. 1985 ലെ മികച്ച പിന്നണി ഗായകനുള്ള കേന്ദ്രസര്‍ക്കാരിന്റെ പുരസ്കാരം ശ്രീനാരായണഗുരു എന്ന ചിത്രത്തിലൂടെ ജയചന്ദ്രന്‍ കരസ്ഥമാക്കി. തമിഴ്നാട് സര്‍ക്കാര്‍ കലാകാരന്‍മാര്‍ക്കു നല്‍കുന്ന ഏറ്റവും വലിയ പുരസ്കാരമായ കലൈമാമണി അവാര്‍ഡ് 1997 ല്‍ നേടി.
“കിഴക്ക് ചീമയിലെ” എന്ന ചിത്രത്തിലെ ഗാനത്തിന് തമിഴ്നാട് സർക്കാരിന്റെ മികച്ച പിന്നണിഗായകനുള്ള അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ആദ്യ സ്വരലയ കൈരളി പുരസ്കാരം 2001ല്‍ നേടിയ അദ്ദേഹം 2008ല്‍ ആദ്യമായി ഹിന്ദി ചിത്രത്തിനു വേണ്ടി ഗാനം ആലപിച്ചു. എ.ആര്‍ റഹ്മാന്റെ സംഗീതത്തില്‍ അല്‍ക്കാ യാഗ്നിക്കിനൊപ്പമായിരുന്നു ഇത്.സിനിമാ അഭിനയത്തിലും ജയചന്ദ്രന്റെ സാന്നിധ്യമുണ്ട്. ഹരിഹരന്റെ “നഖക്ഷതങ്ങളിൽ” വിനീതിന്റെ സുഹൃത്തായ നമ്പൂതിരിയുടെ വേഷം ഉജ്ജ്വലമാക്കി.” കൃഷ്ണപ്പരുന്ത്” എന്ന ചിത്രത്തിലും വേഷമിട്ട ജയചന്ദ്രൻ പാട്ടുകളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഏകദേശം ആയിരത്തിലധികം മലയാള സിനിമാഗാനങ്ങൾ പാടിയിട്ടുള്ള ഇദ്ദേഹം പാടിയിട്ടുള്ള മറ്റ് ഭാഷകൾ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിവയാണ്.
ഓസ്ക്കാർ അവാർഡ് ജേതാവായ ഏ.ആർ റഹ്മാൻ സംഗീതസംവിധാനം നിർവ്വഹിച്ച ആദ്യഗാനം പാടിയതും ജയചന്ദ്രനായിരുന്നു എന്നത് കൗതുകമാണ്. 1975 ൽ പുറത്തിറങ്ങിയ പെൺപട എന്ന ചിത്രത്തിനു വേണ്ടി റഹ്മാന്റെ പിതാവ് ആർ.കെ ശേഖറിന്റെ ഓർക്ക്സ്ട്രയോടൊപ്പമുണ്ടായിരുന്ന മകൻ ദിലീപെന്ന ഒൻപത് വയസ്സുകരന്റെ ഈണമായിരുന്നു “വെള്ളിത്തേൻ കിണ്ണം പോൽ” എന്ന ജയചന്ദ്രന്റെ ഗാനത്തിന് അന്ന് ഗാനരചന നിർവ്വഹിച്ച ഭരണിക്കാവ് ശ്രീകുമാർ ആണ് ഈ വിവരം പിൽക്കാലത്ത് പ്രസിദ്ധപ്പെടുത്തിയത്.
ഭാര്യ ലളിത, മക്കളായ ലക്ഷ്മിയും ദിനനാഥും ഗായകരാണ്. ലക്ഷ്മി ആൽബങ്ങളിലും ദിനനാഥ് മലയാള ചലച്ചിത്രങ്ങളിലും പാടിയീട്ടുമുണ്ട്. മുൻപ് ചെന്നൈയിൽ താമസമാക്കിയ ഇദ്ദേഹമിപ്പോൾ കുടുംബത്തോടൊപ്പം തൃശൂരിലാണ് താമസിക്കുന്നത്.