കേരളത്തിലെ വേളി, വലിയമല, വട്ടിയൂര്‍ക്കാവ് എന്നീ ISRO കേന്ദ്രങ്ങളില്‍ 13 റൂട്ട് നമ്പരിലുള്ള ബസ് ഇല്ല, കാര്യമെന്തെന്നു നാസയോട് ചോദിക്കണം

0
255

Ravi Chandran C

ചാലക്കമ്പോളത്തിലെ തേങ്ങ

”തുമ്പയില്‍ റോക്കറ്റ് വിടുന്ന കാലത്ത് ചാലക്കമ്പോളത്തില്‍ തേങ്ങ കിട്ടാത്ത അവസ്ഥയാണ് ..”എന്ന് പല പ്രഭാഷണങ്ങളിലും പറഞ്ഞിട്ടുണ്ട്. സംഗതി ഏറെക്കുറെ ശരിയാണെങ്കില്‍ പറഞ്ഞതു ലേശം കടന്നുപോയി എന്ന് ISRO യുമായി ബന്ധപെട്ട പല സുഹൃത്തുക്കളും എന്നോട് പറഞ്ഞിട്ട്. ശരിയാണ്, അവിടെയുള്ള എല്ലാവരും അങ്ങനെയല്ല. പറഞ്ഞത് ആക്ഷേപഹാസ്യമായി കണ്ടാല്‍മതി. യാഥാര്‍ത്ഥ്യം ഒട്ടും ഭേദമില്ല എന്നത് വേറെ കാര്യം. പതിമൂന്നാം നമ്പര്‍ മുറി ഒഴിവാക്കി എറണാകുളത്ത് ഹൈക്കോടതി കെട്ടിടം നിര്‍മ്മിച്ചതിനെ പിന്നീട് സുപ്രിംകോടതി കുറ്റപ്പെടുത്തിയിരുന്നു. തങ്ങള്‍ക്കതിനുള്ള അവസരം നിഷേധിച്ചതിലുള്ള കലിപ്പിലാണോ സുപ്രീംകോടതി അങ്ങനെ പറഞ്ഞത് എന്നറിയാന്‍ മാര്‍ഗ്ഗമില്ല.

ISRO യുടെ PSLV-C എന്നത് Commercial(C)‍ വിക്ഷേപ പദ്ധതിയാണ്.2019 ഡിസമ്പര്‍ 11 ന് ഐഎസ് ആര്‍ഓ PSLV-C48 വിക്ഷേപിക്കുകയാണ്. ശരിക്കും പറഞ്ഞാല്‍ PSLV-C47! Radar Imaging Satellite (RISAT-2)നെ ഭ്രമണപഥത്തില്‍ എത്തിച്ച PSLV-C12 ന്‌ ശേഷം വരുന്ന അടുത്ത മിഷന്‍ lPSLV-C14 ആണ്. ഓഷ്യാനോഗ്രാഫി പഠനത്തിനായുള്ള ഉപഗ്രഹമാണ് (OCEARSAT-2) ഈ മിഷന്‍ ഭ്രമണപഥത്തില്‍ എത്തിച്ചത്. ഈ രണ്ട് വിക്ഷേപങ്ങള്‍ക്കും ഇടയിലുള്ള lPSLV-C13 കാണാനില്ല. അന്വേഷണം സി.ബി.ഐ ക്ക് വിടാനാവില്ല. കാരണം അവരും ഈ കേസ് എടുത്തേക്കില്ല. ഇത്തരം കേസ് എടുത്താല്‍ തന്നെ മുടിഞ്ഞുപോകുമെന്ന് ഉറപ്പല്ലേ!

കേരളത്തിലെ വേളി, വലിയമല, വട്ടിയൂര്‍ക്കാവ് എന്നീ ISRO കേന്ദ്രങ്ങളില്‍ 13 റൂട്ട് നമ്പരിലുള്ള ബസ് ഇല്ല. സംഗതി പെട്ടെന്ന് മനസ്സിലാകാതിരിക്കാന്‍ ബസ് റൂട്ട് നമ്പരുകള്‍ തുടങ്ങുന്നത് തന്നെ 14 മുതലാണ്. നാസയുടെ ചാന്ദ്രദൗത്യമായ അപ്പോളോ 13 ന്റെ ഭാഗിക പരാജയവും നാസയിലെ പല ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പതിമൂന്നിനോട് ഉണ്ടെന്ന് പറയുന്ന പേടിയുമാണ് തങ്ങളും 13 ഒഴിവാക്കുന്നതെന്ന് പറയുന്ന ISRO ശാസ്ത്രജ്ജരുണ്ട്. നാസയോട് കിട നില്‍ക്കാന്‍ കിട്ടുന്ന അവസരം വേണ്ടെന്ന് വെക്കുന്നത് അന്തസ്സുള്ള പണിയല്ലല്ലോ!

തേങ്ങയടിയും കൂടോത്രവും തിരുപ്പതിയുമായി നടക്കുന്നവര്‍ 13 നെ പേടിക്കുന്നത് (Triskaidekaphobia) എന്തിനാണെന്നൊന്നും ചോദിക്കരുത്. പതിമൂന്ന് ഒരു വിദേശ Semitic അന്ധവിശ്വാസം ആയിരിക്കാം. അറിഞ്ഞസ്ഥിതിക്ക് ഒന്നും വിടാനാവില്ല. എല്ലാ അന്ധവിശ്വാസികളും അന്യരുടെ അന്ധവിശ്വാസങ്ങളെ മാനിക്കാന്‍ ബാദ്ധ്യസ്ഥരാണ്. അങ്ങനെയാണ് അവരുടെ മസ്തിഷ്‌കം പരുവപെട്ടിട്ടുള്ളത്. മതസൗഹാര്‍ദ്ദംപോലുള്ള ചില ആശ്വാസപദ്ധതികളുടെ ഒരു പ്രേരണ അന്യരുടെ അന്ധവിശ്വാസങ്ങളെ കുറിച്ചുള്ള ഭയം തന്നെയാണ്. അന്യന്റെ വിശ്വാസം അന്ധവിശ്വാസം. പക്ഷെ എല്ലാ അന്ധവിശ്വാസങ്ങളും ഗൗരവത്തോടെ കാണാതിരിക്കാന്‍ അന്ധവിശ്വാസങ്ങള്‍ക്ക് വഴങ്ങുന്ന മസ്തിഷ്‌കത്തിന് കഴിയില്ല. അതല്ലെങ്കില്‍ അത്രമാത്രം സ്വമതാന്ധതയും തിമിരവും വേരൂന്നണം.