സഹോദരന്‍-സഹോദരി, അമ്മ-മക്കള്‍ ലൈംഗികത തെറ്റാണോ?

824

Ravi Chandran C

സഹോദരന്‍-സഹോദരി, അമ്മ-മക്കള്‍ ലൈംഗികത തെറ്റാണോ? Is incest wrong?

സാമൂഹികപരിണാമത്തിലൂടെ(social evolution) മുന്നോട്ടുപോയ മനുഷ്യന്റെ മതേതര സാമൂഹ്യബോധമാണ് ഇത്തരം ലൈംഗികശീലങ്ങള്‍ ക്രമേണ റദ്ദ് ചെയ്തത്. ഇന്ന് നാം കാണുന്ന തരത്തില്‍ സാധുവായ ലൈംഗികശീലങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത് ഇത്തരം സാമൂഹികപരിണാമത്തിന്റെ ഫലമായാണ്.എന്നാല്‍ സെമറ്റിക്ക് മതവിശ്വാസം അനുസരിച്ച് അഗമ്യഗമനം (incest)സാധുവാണ്. മനുഷ്യരാശിയുടെ ഉത്പത്തിവികാസം തന്നെ ഇത്തരം ബന്ധങ്ങളിലൂടെയാണെന്ന പൊട്ടക്കഥയാണ് ബൈബിളും കുര്‍-ആനും ഉള്‍പ്പെടെയുള്ള സെമറ്റിക്ക് മതസാഹിത്യങ്ങള്‍ മുന്നോട്ടുവെക്കുന്നത്.മതകഥകളും ചരിത്രവും ഉത്‌ഘോഷിക്കുന്നത് മറ്റൊന്നാണെങ്കിലും രക്തബന്ധുക്കളുമായുള്ള ലൈംഗികബന്ധം കുടുംബവ്യവസ്ഥയ്ക്കും സാമൂഹികഭദ്രതയ്ക്കും ഹാനികരമാണെന്നാണ് കണ്ടെത്തിയ മനുഷ്യന്‍ ക്രമേണ അതിനോട് വിട പറയുകയാണുണ്ടായത്. ജനിതകപരമായ കാരണങ്ങള്‍ കൊണ്ടും രക്തബന്ധുക്കള്‍ക്കിടയിലുള്ള ലൈംഗികബന്ധങ്ങള്‍ അഭികാമ്യമമല്ല. മതേതരമായ കാഴ്ചപ്പാട് ഉള്‍ക്കൊണ്ട് താന്‍ താലോലിക്കുന്ന പുസ്തകത്തിന് വിരുദ്ധമായ ലൈംഗിക അച്ചടക്കം സ്വീകരിക്കാന്‍ മതവാദികള്‍ക്കും ബാധ്യതയുണ്ടായെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ചുരുക്കത്തില്‍ ഉറ്റ ബന്ധുക്കള്‍ക്കിടയിലുള്ള ലൈംഗികബന്ധത്തിന് മതസാഹിത്യപരമായി കൃത്യമായ സാധുതയുണ്ട്. എന്നാല്‍ മതേതരമായ കാഴ്ചപ്പാടില്‍ അത് അഭികാമ്യമമല്ല.

2. ഭ്രൂണഹത്യ നൈതികമോ? Is foeticide moral?
കഴിയുമെങ്കില്‍ ഭ്രൂണങ്ങള്‍ നശിപ്പിക്കരുതെന്നാണ് മതേതര കാഴ്ചപ്പാട്. ജീവിക്കുന്നവരെപ്പോലെ തന്നെ ഈ ലോകത്തിന് അവകാശികളാണ് ജനിക്കാനിരിക്കുന്നവരും. പക്ഷെ അമ്മയുടെ ആരോഗ്യം/ജീവന്‍ അപകടത്തിലാവുന്ന സഹചര്യത്തില്‍ ഭ്രൂണഹത്യ അനിവാര്യമായി വന്നേക്കാം. ചിലപ്പോള്‍ സാമ്പത്തികവും സാമൂഹികവുമായ വിപരീത സാഹചര്യങ്ങളും അത്തരം സാഹചര്യം സംജാതമാക്കിയേക്കും. പൊതുവെ ഭ്രൂണഹത്യ നടത്തുന്നത് ഗര്‍ഭത്തിന്റെ ആരംഭഘട്ടത്തിലാണ്. നാഡീവ്യവസ്ഥ പോലും വികസിക്കുന്നതിന് മുമ്പ് നടത്തുന്ന ഇത്തരം ഗര്‍ഭഛിദ്രങ്ങള്‍ തെറ്റല്ല. കാരണം ജീവിച്ചിരിക്കുന്നവരുടെ അവകാശവും പ്രധാനമാണ്. 6-7 ആഴ്ചയാകുമ്പോഴാണ് ഭ്രൂണത്തിലേക്ക് ആത്മാവ് പമ്പ് ചെയ്ത് കയറ്റുന്നതെന്ന് കരുതി ഭ്രൂണഹത്യയെ അംഗീകരിക്കുന്നവരുണ്ട്. വിത്തുകോശ ഗവേഷണത്തിന്റെ കാര്യത്തില്‍ സമാനമായ മതനിലപാടുകള്‍ കാണാറുണ്ട്.
കത്തോലിക്ക ഭ്രൂണങ്ങള്‍ മാത്രം സംരക്ഷിച്ചാല്‍ മതിയെന്ന് കത്തോലിക്കരും മുസഌം ഭ്രൂണങ്ങള്‍ മാത്രം സംരക്ഷിച്ചാല്‍ മതിയെന്നും മുസ്‌ളീങ്ങളും വാദിക്കുന്നത് ഭ്രൂണസ്‌നേഹമല്ല മറിച്ച് മതസ്‌നേഹമാണ്. സ്വമതത്തിലെ അംഗസംഖ്യ നിലനിറുത്തുക/വര്‍ദ്ധിപ്പിക്കുക എന്നതില്‍ കവിഞ്ഞ വിശേഷമൊന്നും അതിലില്ല. മുസ്‌ളീം ഭ്രൂണങ്ങള്‍ നശിപ്പിക്കരുതെന്ന് കത്തോലിക്കന്‍ രംഗത്ത് വരുമ്പോള്‍ മാത്രമേ അത്തരം പ്രതിഷേധങ്ങളില്‍ കഴമ്പുള്ളതായി പരിഗണിക്കാനാവൂ. അപ്പോഴും അടിയന്തര സാഹചര്യങ്ങളില്‍ ഭ്രൂണഹത്യ വേണ്ടി വരും. പ്രകൃതിയില്‍ തന്നെ നിരന്തരം അത് സംഭവിക്കുന്നുണ്ട്. അന്യമതക്കാരന്റെ കഴുത്തറുക്കാം, സ്വഭാവദൂഷ്യമാരോപിച്ച് സ്ത്രീകളെ കല്ലെറിഞ്ഞുകൊല്ലാം, മതത്തിലെ തന്നെ ഭിന്ന ഉപവിഭാഗങ്ങളെ ജീവനോടെ കുഴിച്ചുമൂടാം, മതം വിടുന്നവനെ തൂക്കിക്കൊല്ലാം, മതനിന്ദ നടത്തുന്നവനെ തല്ലിക്കൊല്ലാം… മതഭ്രൂണത്തിന്റെ കാര്യത്തില്‍ മാത്രം അഹിംസ മതിയെന്ന മതശാഠ്യം ഒരിക്കലും മാനിക്കപ്പെടുകയില്ല.

(3) വിവാഹം മതാചാരമാണോ? Is marriage religious?
വിവാഹവും മതവുമായി യാതൊരു ബന്ധവുമില്ല. മതങ്ങള്‍ ഉരുത്തിരിയുന്നതിന് വളരെ മുമ്പ് തന്നെ വിവാഹം ഒരു സാമൂഹ്യസ്ഥാപനം എന്ന നിലയില്‍ ലോകമെമ്പാടും നിലവിലുണ്ട്. അതാത് സ്ഥലങ്ങളില്‍ നിലവിലിരുന്ന വിവാഹചാരങ്ങള്‍ മതം കടംകൊണ്ടിട്ടുണ്ട്. അതായത് വിവാഹത്തെ മതവല്‍ക്കരിക്കുയാണ് മതങ്ങള്‍ ചെയ്തിട്ടുള്ളത്. മതം ഇല്ലെങ്കിലും ഉണ്ടെങ്കിലും സാമൂഹികമായ നിര്‍മ്മിക്കപ്പെടുന്ന ആചാരങ്ങളും ശൈലികളും വരുംതലമുറയിലേക്ക് കൈമാറപ്പെടാം. മതം നിര്‍ബന്ധമായ സമൂഹങ്ങളില്‍ മിക്ക സാമൂഹ്യസ്ഥാപനങ്ങളും മതവല്‍ക്കരിക്കപ്പെടുന്നത് മതത്തിന്റെ ഫാഷിസ്റ്റ് സ്വഭാവം മൂലമാണ്. അതല്ലാതെ വിവാഹം കഴിക്കാനോ അടുത്ത തലമുറയെ ഉത്പ്പാദിപ്പിക്കാനോ മതത്തിന്റെ സഹായം ആവശ്യമില്ല. മതത്തെ തൃപ്തിപ്പെടുത്താതെ, മതത്തിന് കപ്പം കൊടുക്കാതെ ജനനം, വിവാഹം, മരണം തുടങ്ങിയവയൊന്നും നടത്താനാവില്ലെന്ന മതവാശി കാരണം കാലാന്തരത്തില്‍ മതത്തിന് ഇതിലൊക്കെ എന്തോ പങ്കുണ്ടെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നുണ്ട്. ചങ്ങലയില്‍ കിടക്കുന്നവന്‍ കാലാന്തരത്തില്‍ ചങ്ങലയാണ് തന്നെ താങ്ങി നിറുത്തുന്നതെന്ന് ചിന്തിക്കുന്നത് പോലെയേ ഉള്ളുവത്. മതേതരമായ സമൂഹങ്ങളില്‍ വിവാഹം ഉള്‍പ്പെടെയുള്ള എല്ലാ സാമൂഹികസ്ഥാപനങ്ങളും മതേതരമായി കൊണ്ടിരിക്കുന്നത് കാണാം. കുടുംബം എന്ന സാമൂഹകസ്ഥാപനത്തിന് പ്രായോഗികതലത്തില്‍ ചില മേന്മകളും മൂന്‍തൂക്കങ്ങളും ഉള്ളതിനാലാണ് സാമൂഹികപരിണാമത്തിന്റെ ഭിന്ന ഘട്ടങ്ങളില്‍ ക്രമേണ അത് തെരഞ്ഞെടുക്കപ്പെട്ടത്. ശേഷം കുടുംബഭദ്രതയ്ക്ക് ഉതകുന്ന അച്ചടക്കനിയമങ്ങള്‍ ഉരുത്തിരിഞ്ഞു- ഇവിടൊന്നും മതത്തിനും ദൈവത്തിനും പ്രേതത്തിനും യാതൊരു പങ്കുമില്ല.

(4) മതമില്ലാതെ എങ്ങനെ ധാര്‍മ്മികത കൈവരിക്കാനാവൂം? How can one be moral without being religious?
മതവും ധാര്‍മ്മികതയുമായി യാതൊരു ബന്ധവുമില്ലെന്ന് മാത്രമല്ല ശരിയായ ധാര്‍മ്മികത മിക്കപ്പോഴും മതവിരുദ്ധമാകൈവരിക്കണം. ധാര്‍മ്മികത ഉപാധികളില്ലാത്ത അപരസ്‌നേഹത്തില്‍ അധിഷ്ഠിതമാണ്. ധാര്‍മ്മികത ഉണരാന്‍ മതബോധമല്ല മറിച്ച് മാനവികബോധമാണ് കൈവരിക്കേണ്ടത്. മതം മുന്നോട്ടുവെക്കുന്ന ധാര്‍മ്മികത വികലമായ ഒരു തരം കച്ചവടയുക്തിയാണ്. അതായത് ഇന്നത് ചെയ്താല്‍ ഇന്നത് കിട്ടുമെന്ന മോഹപദ്ധതിയാണത്. മതമനുസരിച്ച് നന്മ ചെയ്യുന്നത് സമ്മാനം കൊതിച്ചും തിന്മ ചെയ്യാതിരിക്കേണ്ടത് ശിക്ഷ ഭയന്നുമാണ്. ശിക്ഷയും സമ്മാനവും വ്യാജമാണെങ്കിലും കൊതിപ്പിക്കലും ഭയപ്പെടുത്തലും യാഥാര്‍ത്ഥ്യമാണ്.
പണം കൊടുത്താല്‍ പിതാവിനെ വരെ കൊല്ലാന്‍ മടിക്കാത്ത വാടകക്കൊലയാളിയെപ്പോലെ ദൈവം എന്ന കഥാപാത്രത്തിന്റെ പ്രീതി ലക്ഷ്യമിട്ട് സ്വന്തം മകന്റെ കഴുത്ത് വെട്ടാന്‍ വെമ്പുന്നവനാണ് ഉത്തമഭക്തന്‍! അതേസമയം, ഉപാധികളില്ലാതെ നന്മ ചെയ്യാനാണ് മതേതരവാദി ശ്രമിക്കുന്നത്. നന്മ ചെയ്യുന്നതിന് പ്രത്യേകിച്ച് സമ്മാനമോ ശിക്ഷയോ ആവശ്യമില്ല. കാരണം നന്മ ചെയ്യുന്നതും പറയുന്നതും സഹജീവികള്‍ക്കും തനിക്ക് തന്നെയും ഗുണകരമാണെന്ന് മാനവികവാദി തിരിച്ചറിയുന്നുണ്ട്. ഒരു പൂവിന് സുഗന്ധമെന്ന പോലെ ഉപാധികളില്ലാതെ മതേതരവാദിയുടെ ധാര്‍മ്മികബോധം നിര്‍മ്മിക്കപ്പെടുന്നത് അങ്ങനെയാണ്.
അത്തരമൊരു തിരിച്ചറിവ് മതവിശ്വാസിക്ക് കിട്ടില്ല. അവന് എല്ലാത്തിലും കച്ചവടക്കണ്ണാണ്. ദാനം ചെയ്യുന്നതിലും പാന്റ്‌സിന്റെ ഇറക്കം കുറയ്ക്കുന്നതിലും താടിയുടെ നീളം കൂട്ടുന്നതിലും ശരീരഭാഗം മുറിച്ച് മാറ്റുന്നതിനും പായസം തിളപ്പിക്കുന്നതിനും പട്ടിണി കിടക്കുന്നതിനും അവന്‍ കൂലിയും സമ്മാനവും പ്രതീക്ഷിക്കുന്നു. ഈ ജീര്‍ണ്ണ മാനസികാവസ്ഥയാണ് മതവിശ്വാസിയുടെ ധാര്‍മ്മികതയുടെ മഹിമ ചോര്‍ത്തുന്നത്. നിര്‍മ്മിപ്പെട്ട സാമൂഹിക സാഹചര്യവും മൂല്യവ്യവസ്ഥയും എല്ലാ മതവും നിര്‍ലജ്ജം കടംകൊണ്ടിട്ടുണ്ട്. മതത്തിന് സ്വന്തം നിലയില്‍ മൂല്യങ്ങളോ സംസ്‌ക്കാരമോ നിര്‍മ്മിക്കാനുള്ള ശേഷിയില്ല. കാരണം അത് കേവലമായ ഒരു അന്ധവിശ്വാസം മാത്രമാണ്. Being irreligious may give one a chance to be truly moral. On the other hand religion may evaporate this opportunity
കടംകൊണ്ട, മതബാഹ്യമായ സംസ്‌ക്കാരം തങ്ങളുടേതാണെന്ന് അവകാശപ്പെടുക മാത്രമാണ് ഫലത്തില്‍ മതം ചെയ്യുന്നത്. മാത്രമല്ല ആ സംസ്‌ക്കാരത്തില്‍ കാലികമായി സംഭവിക്കേണ്ട പരിഷ്‌ക്കരണത്തെ തടഞ്ഞ് മനുഷ്യസമൂഹത്തിന്റെ ഉന്നതിയും വികാസവും തളര്‍ത്തിയിടുകയും ചെയ്യുന്നു. ഈ പ്രതിലോമ നിലപാടാണ് മതത്തെ മാനവികതയുടെ മുഖ്യ ശത്രുക്കളില്‍ ഒന്നായി മാറ്റുന്നത്.