മതവികാരവും ജാതിവികാരവുംപോലെ പലര്‍ക്കും ചൂഷണംചെയ്യാനും സ്വയംവീര്‍പ്പിക്കാനും ഉപകരിക്കുന്നതാണ് ഭാഷാവികാരവും

0
251

എഴുതിയത്  : Ravi Chandran C

ദി ചക്കര ഭാഷ

ഇന്ന് ലോകത്തുള്ള ഏത് ഭാഷയുടെയും നിര്‍മ്മാണവസ്തുക്കള്‍ അന്യഭാഷാ പദങ്ങളും ശബ്ദങ്ങളുമാണ്. ആദിഭാഷകള്‍ പോലും അക്കാര്യത്തില്‍ ഏറെ വ്യത്യസ്തമല്ല. ഇംഗ്ലിഷ്‌ വളര്‍ന്നത് അന്യഭാഷാ പദങ്ങള്‍ ഉദാരമായി കടംകൊണ്ടാണ്. നമ്മുടേത് നല്ലതാണ് എന്നതല്ല നല്ലതെല്ലാം നമ്മുടേതാവണം എന്ന തിരിച്ചറിവാണ് സംസ്‌കൃതികളെ നിയന്ത്രിക്കേണ്ടത്. ഭാഷയ്ക്ക് വേണ്ടി ജീവിക്കുക, ഭാഷയ്ക്ക് വേണ്ടി മരിക്കുക എന്നൊക്കെ പറയുന്നത് വികലമായ ആശയങ്ങളാണ്.

ഭാഷാപരമായ ശുദ്ധിബോധവും മഹിമവാദവുമൊക്കെ പലപ്പോഴും സമഗ്രാധിപത്യ രാഷ്ട്രീയത്തിന്റെ സമവാക്യങ്ങളായി മാറാറുണ്ട്. മനുഷ്യരെ പോലെ തന്നെ ഭാഷകളും കലരണം, അവാന്തരങ്ങള്‍ ഉരുത്തിരിയണം, പരസ്പരം കൊടുക്കണം, എടുക്കണം… മനുഷ്യരാശി മുന്നേറിയത് അങ്ങനെയാണ്. ഭാഷാപരമായ സ്വത്വ സങ്കല്‍പ്പങ്ങളും
സങ്കുചിതവാദങ്ങളും അഭിമാനബോധങ്ങളും മായിക്കപ്പെടണം. ഭാഷ ആശസംവേദനത്തിനുള്ള ഉപാധി എന്ന നിലയില്‍ പരിഗണിക്കണം. ഭാഷ ഒരു ‘വികാരം’ ആകുമ്പോള്‍ വികാരികള്‍ക്ക്‌ മുറിവേല്‍ക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. അന്യധീനവല്‍ക്കരണവും ഇരവാദവും അമിതാഭിമാനബോധവും അവിടെ പൂത്തുലയും.

Image may contain: one or more people and textഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ നിര്‍മ്മിക്കുകയെന്നത് എളുപ്പമായിട്ട് തോന്നാം. പക്ഷെ ഭാഷാന്യൂനപക്ഷങ്ങളുടെ പ്രശ്‌നം അവിടെ കടന്നുവരും വരും. ഒരു ഭാഷ സംസാരിക്കുന്ന വ്യത്യസ്ത രാജ്യങ്ങളുണ്ട്. ബംഗ്ലാദേശിലും പശ്ചിമബംഗാളിലും സംസാരിക്കുന്നത് ബംഗാളിയാണ്; മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ഹിന്ദി സംസാരിക്കുന്നു. പ്രാദേശികവ്യതിയാനങ്ങളുടെ കാര്യമാണെങ്കില്‍ പറയാനുമില്ല. ഭൂമിശാസ്ത്രപരവും സാമ്പത്തികവും രാഷ്ട്രീയവുമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ദേശങ്ങളും സംസ്ഥാനങ്ങളും രൂപംകൊള്ളുന്നതാണ് അവയുടെ സ്ഥിരതയ്ക്ക് നല്ലത്.

ഭാഷകള്‍ക്ക് ജനിമൃതികളുണ്ടെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഉണ്ടായ ഭാഷകളെല്ലാം സംരക്ഷിക്കുന്ന ജോലി ഏറ്റെടുക്കുമ്പോള്‍ പുതിയ ഭാഷകള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ ദുര്‍ബലപ്പെടുത്തുക കൂടിയാണ്. കമ്പ്യൂട്ടര്‍ രംഗത്ത് മാത്രമാണ് ഇപ്പോള്‍ പുതിയ ഭാഷകള്‍ ഉണ്ടാകുന്നത്. ഓരോന്നും പഴയവയെക്കാള്‍ മികച്ചവ ആകുന്നതിന്റെ കാരണവും മറ്റൊന്നല്ല. കാലം മാറുന്നതനുസരിച്ച് പരിഷ്‌കാരങ്ങള്‍ ഭാഷകളിലും സംഭവിക്കണം.

ഭാഷ നശിച്ചാല്‍ സംസ്‌കാരം നശിച്ചു എന്ന വാദത്തില്‍ കഴമ്പില്ല. ഭാഷ ചിന്തകളുടെ പുറംപൊതി മാത്രമാണ്. മനുഷ്യന്‍ കുടിവെള്ളം വേണമെന്ന ആവശ്യം പതിനായിരക്കണക്കിന് വര്‍ഷങ്ങളായി ഉന്നയിച്ചുണ്ട്. അതെല്ലാം ഒരേ വായ്‌മൊഴി ഭാഷയില്‍ ആയിരുന്നില്ല. ഭാഷ വികസിക്കുന്നതിന് മുമ്പും അവന്‍ കുടിവെള്ളം ചോദിച്ച് വാങ്ങിയിട്ടുണ്ട്, നന്ദി പറഞ്ഞിട്ടുണ്ട്. വായ്‌മൊഴിയും ലിഖിതങ്ങളും വരുന്നത് പിന്നീടാണ്. രാജ്യം മുഴുവന്‍ ഒരു ഭാഷ വന്നാല്‍ ദേശീയത പുഷ്ടപെടും രാജ്യം ശക്തിപെടും എന്നൊക്കെയുള്ള വാദം തരംതാണതും പ്രതിലോമകരവുമാണ്. അത്തരം ദേശീയതാനിര്‍മ്മാണങ്ങള്‍ അപകടകരമാണ്.

മനുഷ്യര്‍ വ്യത്യസ്ത ഭാഷ സംസാരിക്കുമ്പോള്‍ ഭാഷാവെറിയരും ജാതി-മത വെറിയരും സംസാരിക്കുന്നത് ഒരേ ഭാഷയാണ്. ഒരേ ഭാഷ സംസാരിക്കുന്നവര്‍ ഒരു രാജ്യമായും നില്‍ക്കുമെന്നത് കേവലമായ ലളിതവല്‍ക്കരണമാണ്. വസ്തുതകളുമായി അതിന് ബന്ധമില്ല. ബംഗാളി സംസാരിക്കുന്നവരെ മതം പശ്ചിമബംഗാളും ബംഗ്ലാദേശുമായി വിഭജിച്ചപ്പോള്‍ മതം യോജിപ്പിച്ച പാകിസ്ഥാനെ ഭാഷ വിഭജിച്ച് പാകിസ്ഥാനും ബംഗ്ലാദേശുമാക്കി മാറ്റി. മതവികാരവും ജാതിവികാരവുംപോലെ പലര്‍ക്കും ചൂഷണംചെയ്യാനും സ്വയംവീര്‍പ്പിക്കാനും ഉപകരിക്കുന്ന ഒന്നാണ് ഭാഷാവികാരവും. ഭാഷാവിദ്യാര്‍ത്ഥികളാകുക, വികാരി ആകാതിരിക്കുക. എല്ലാം പഠിക്കുക, സ്വായത്തമാക്കുക. എന്റെ ചക്കരഭാഷ, എന്റെ ചക്കര മതം, എന്റെ ചക്കര ജാതി… എന്നൊക്കെയുള്ള പുലമ്പലുകള്‍ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ പിന്നോക്ക സാഹിത്യമാണ്.