ആരാധനാലയങ്ങളിലെ കോളാമ്പികളിലൂടെ ഓരിയിടുന്നവർ

547

Ravi Chandran C എഴുതുന്നു 

രാജവെമ്പാല

(1) ജോഷ്വായും കൂട്ടരും ഒച്ചവെച്ച് ജെറിക്കോ പട്ടണത്തിന്റെ ചുറ്റുമതില്‍ തകര്‍ത്തുകളഞ്ഞെന്ന കഥ ബൈബിളിലുണ്ട്. അതിശയോക്തിയെങ്കിലും ശബ്ദഭീകരത സൃഷ്ടിച്ചാല്‍ അങ്ങനെയൊക്കെ സംഭവിക്കാം എന്ന ധാരണയോ ഭാവനയോ മതവിശ്വാസികള്‍ക്ക് പണ്ടേയുണ്ട് എന്നര്‍ത്ഥം. ഈ തിരിച്ചറിവ് ആധുനിക ഭക്തശിരോമണീസ് പ്രകടിപ്പിക്കുന്നില്ലെന്നതാണ് ഖേദകരം. ആരാധനാലയങ്ങളിലെ ശബ്ദഭീകരതമൂലം പീഡനം അനുഭവിക്കുന്ന മനുഷ്യരോളം സഹിക്കുന്നവര്‍ വേറെയുണ്ടാവില്ല. ഒരു ചെറിയ ക്ഷേത്രം-അറുപത് ദിവസത്തെ പരായണം-പീരങ്കികള്‍ പോലെ നിരന്നുനില്‍ക്കുന്ന കോളാമ്പികള്‍ എന്നറിയപ്പെടുന്ന ലൗഡ് സ്പീക്കറുകള്‍…. എങ്ങനെയുണ്ട്?!

Ravi Chandran C
Ravi Chandran C

(2) ഇത് ‍ ഒറ്റപ്പെട്ട സംഭവമല്ല. അറുപത് ദിവസവും ഏതെങ്കിലും മതകോവിദന്‍ വന്നിരുന്നു പുരാണപാരായണവും ബാക്കി സ്വന്തം വിവരക്കേടും ഉച്ചത്തില്‍ വിളിച്ചുകൂവുന്നു. തൊട്ടടുത്തുള്ള വീടുകളില്‍ ഉള്ളവര്‍ക്ക് പരസ്പരം സംസാരിക്കാനോ ഫോണ്‍ ചെയ്യാനോ ടി.വി കാണാനോ സാധിക്കാത്ത അവസ്ഥ. രോഗികളുടെ കാര്യം പറയുകയുംവേണ്ട. പരാതിപ്പെട്ടാല്‍ ഒറ്റപ്പെടും, വിശ്വാസമില്ലെന്ന കുറ്റം, ആര്‍ക്കുമില്ലാത്ത പ്രശ്‌നം നിനക്കെന്താ എന്ന ചോദ്യം തുടങ്ങി മാനസികമായി എന്തോ പ്രശ്‌നം ഉള്ളതുകൊണ്ടാണ് എതിര്‍ക്കുന്നതെന്ന പ്രചരണംവരെ പൊടിപൊടിക്കും. പരായണക്കാരന്‍ പരാതിയുടെ വിവരംകൂടി ചേര്‍ത്ത് അടുത്ത ദിവസത്തെ സുഭാഷിതം കൊഴുപ്പിക്കും. തത്വചിന്ത, മൂല്യബോധനം, മതപരിശീലനം… എന്നൊക്കെയാണ് ഈ പരദൂഷണത്തിന്റെ വട്ടപേരുകള്‍.

(3) എന്തുകൊണ്ടാണ് ഒരാള്‍ മാത്രം പ്രതികരിക്കുന്നത്? ഉത്തരം ലളിതം- ബൗദ്ധികവും വൈകാരികവുമായ സത്യസന്ധത അപൂര്‍വമാണ്. പ്രശ്‌നമില്ലാത്തതുകൊണ്ടല്ല മറിച്ച് അനന്തര ഫലങ്ങള്‍ ഭയന്ന് മറ്റുള്ളവര്‍ മൗനംപാലിക്കുകയാണ്. ഊരിപ്പിടിച്ച കത്തിക്കു മുന്നില്‍ അനുസരണ കാട്ടുന്നതുപോലെയാണത്. കോളാമ്പിയുടെ ഇരമ്പലില്ലെങ്കില്‍ ഭക്തിക്ക് ഒരു ഗുമ്മു കിട്ടില്ലെന്ന് കരുതുന്നവരുണ്ട്. അക്കൂട്ടരെ പറഞ്ഞുമനസ്സിലാക്കുക എളുപ്പമല്ല. മൈക്കും കോളാമ്പിയും വരുന്നതിന് മുമ്പ് ആരാധാനാലയങ്ങള്‍ ശബ്ദമലിനീകരണം ഇല്ലാതെയാണ് അന്ധവിശ്വാസപ്രചരണം നടത്തിയിരുന്നത്. പാരമ്പര്യം, പൈതൃകം, ചരിത്രം, ഭൂതകാലം എന്നിവയിലൊക്കെ വല്ലാതെ അഭിമാനംകൊള്ളുന്ന ഭക്തജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ മാത്രം യൂറോപ്യന്‍ ആധുനികതയോടും ചൈനീസ് കണ്ടുപിടുത്തങ്ങളോടുമാണ് അഭിനിവേശം. ആചാരസംരക്ഷണത്തിന്റെ പേരില്‍ പ്രാകൃതമായവ പോലും പ്രാണന്‍ കളഞ്ഞും സംരക്ഷിക്കുമെന്ന് വീമ്പിളക്കുന്ന ടീമുകളൊന്നും മഹത്തായ ഭൂതകാലത്ത് നടത്തിയിരുന്ന ഈ നിശ്ബദപ്രചരണം നിലനിര്‍ത്തണമെന്നോ തിരികെ കൊണ്ടുവരണമെന്നോ വാദിക്കുന്നില്ല.

(4) ശബ്ദമലിനീകരണം സംബന്ധിച്ച് ഒരു പ്രാകൃത ജനതയുടെ അവബോധം പോലുമില്ലാതെയാണ് നമ്മുടെ സമൂഹം മുന്നോട്ടുപോകുന്നത്. അന്തരീക്ഷ വായുവിലുണ്ടാകുന്ന ശബ്ദതരംഗങ്ങള്‍ കര്‍ണ്ണപുടങ്ങളില്‍ തട്ടിയുണ്ടാക്കുന്ന കമ്പനങ്ങള്‍ ഡീകോഡ് ചെയ്താണ് നാം ശബ്ദം കേള്‍ക്കുന്നത്. ലളിതമായി പറഞ്ഞാല്‍ വായു ചെവിയിലേക്ക് അടിച്ചു കയറുകയാണ്. വളരെ നേര്‍ത്ത സ്തരങ്ങളിലാണ് ഈ തരംഗങ്ങള്‍ ചെന്നിടിക്കുന്നത്. അവയുടെ ആവൃത്തിയും തീവ്രതയും വ്യത്യാസപെടുന്നതനുസരിച്ച് ശബ്ദവ്യതിയാനം ഉണ്ടാകുന്നു. കടുത്ത ശബ്ദങ്ങള്‍ സ്വീകരണികളിലെ കോശങ്ങള്‍ക്ക് ക്ഷതമുണ്ടാക്കുകയോ നശിപ്പിക്കുകയോ ചെയ്യാം. സംശയമുണ്ടെങ്കില്‍ ചെവിയിലേക്ക് ഊതി നോക്കിപ്പിച്ചാല്‍ മതി. ‘ചെവിക്കല്ല് ‘ അടിച്ചുപോയതുപോലെ തോന്നും.

(4) തുളച്ചുകയറുന്ന നിരവധി ശബ്ദങ്ങള്‍ക്ക് അടിപെട്ട് ഉണ്ടായിരുന്ന ശ്രവണശേഷിയുടെ ഒരളവ് നഷ്ടപെട്ടാണ് നാം ജീവിക്കുന്നത്. ക്രമമായ ശോഷണമായതിനാല്‍ ശ്രവണശേഷി കുറഞ്ഞതായി തോന്നുന്നില്ല എന്നതാണ് വാസ്തവം. ശ്രവണശേഷി തകരാറിലാകുന്നത് മാത്രമല്ല ശബ്ദമലിനീകരണം കൊണ്ടുണ്ടാകുന്ന ദൂഷ്യങ്ങള്‍. അത് മാനസികവും ശാരീരികവുമായ പലതരം വിഷമതകള്‍ വ്യക്തിക്കുണ്ടാക്കുന്നു. സാമൂഹികജീവിതത്തെ തടസ്സപ്പെടുത്തുന്നു. ശബ്ദമുഖരിതമായ അന്തരീക്ഷം പലതരം കുറ്റകൃത്യങ്ങളുടെ നിര്‍വഹണത്തിനും അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കിയെന്നുംവരാം.

(5) ആരാധനാലയങ്ങള്‍ ഉള്‍പ്പടെയുള്ള കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്ന ശബ്ദമലിനീകരണം വിലക്കുന്ന നിരവധി കോടതി ഉത്തരവുകള്‍ നിലവിലുണ്ട്. എല്ലാത്തിനും പുല്ലുവിലയാണ് ഭക്തരും അധികാരകേന്ദ്രങ്ങളും നല്‍കുന്നത്. നിയമം ഇല്ലാത്തതല്ല, നടപ്പിലാക്കാത്തതാണ് പ്രശ്‌നം. മതത്തെ സംബന്ധിച്ച് ഏറെക്കുറെ എല്ലാകാര്യങ്ങളിലും അനുവര്‍ത്തിക്കപ്പെടുന്ന പൊതുസമവാക്യമാണിത്. സര്‍വപ്രതാപികളായ അധികാരകേന്ദ്രങ്ങളോ ആരെയും കൂസാത്ത മാധ്യമങ്ങളോ ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ ശബ്ദിക്കില്ല. രാഷ്ട്രീയപാര്‍ട്ടികളും സാംസ്‌കാരികനായകരും ഇടപെടില്ല. ശബ്ദപീഡ സഹിക്കുന്നവരും തികഞ്ഞ ഔദാര്യബോധത്തോടെ മൗനംപാലിക്കും, നല്ല പിള്ള ചമഞ്ഞ് പീഡകര്‍ക്കൊപ്പം ചേരും. ചുരുക്കത്തില്‍ എല്ലാവരും ഭയന്നു പിന്‍മാറുന്ന രാജവെമ്പാലയാണിത്. പോലീസില്‍ പരാതിപെട്ടാല്‍ അനുമതി വാങ്ങിയിട്ടാണ് ചെയ്യുന്നതെന്ന് പറഞ്ഞ് തടിതപ്പും. എന്ത് അനുമതി? മതത്തെ ഭയക്കാന്‍ പോലീസിനും അവകാശം ഉണ്ടെന്ന് വാദം അംഗീകരിച്ചുകൊണ്ടുതന്നെ ചോദിക്കട്ടെ, കൊടുക്കാന്‍ അധികാരമുള്ള അനുമതി തന്നെയാണോ നല്‍കുന്നത്?

(6) ആരാധനാലയങ്ങളിലെ ശബ്ദമാലിന്യത്തെ കുറിച്ച് പരാതിപ്പെടുന്നവര്‍ക്ക് എതിരെ തിരിയുന്ന ഗ്രേഡ് കൂടിയ ഭക്തരില്‍ പലരും അതിലും നിസ്സാരമായ ഒച്ചപോലും സ്വന്തം ജീവിതത്തില്‍ സഹിക്കാറില്ലെന്നതാണ് അതിശയകരം. വീട്ടില്‍ ആരെങ്കിലും ഉച്ചത്തില്‍ സംസാരിച്ചാല്‍, ബസ്സിലോ ട്രെയിനിലോ ചുറ്റുമുള്ളവര്‍ സംസാരിച്ചാല്‍, പാട്ട് വെച്ചാല്‍, ഫോണില്‍ സംസാരിച്ചാല്‍ തുള്ളിതിമര്‍ക്കുന്ന ജന്മങ്ങള്‍ തന്നെ ആരാധനാലയങ്ങളില്‍ പോയി കോളാമ്പി പാരായണം നടത്തി ജനത്തിന്റെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കും. സ്വന്തം വിസര്‍ജ്യം സുഗന്ധഭരിതം, ബാക്കിയുള്ളവരുടേത് ദുര്‍ഗന്ധപൂരിതം എന്ന് ചിന്തിക്കാനുള്ള പരിശീലനമാണ് മതങ്ങള്‍ ബാല്യംമുതലേ ഭക്തജനത്തിന് നല്‍കുന്നത്. അമ്പലത്തിലെ ശബ്ദഭീകരത പാല്‍പ്പായസമായിട്ട് തോന്നുന്നവന് ബാങ്കുവിളി ഓരിയിടലാകുന്നത് അങ്ങനെയാണ്. സഹിക്കാനാവാത്ത കാര്യം ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ക്കും സമാനമായ പീഡനം അനുഭവിക്കേണ്ടി വരുന്നു എന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതി. സ്വയം വിഴുങ്ങാനാവാത്തത് അന്യന്റെ വായില്‍ കുത്തിതിരുകരുത്. അത് നിരോധിച്ചിട്ട് ഇത് നിരോധിക്കൂ എന്ന വാദത്തിലൂടെ സ്വന്തം ശ്രവണശേഷിയും മാനസികാരോഗ്യവും നശിപ്പിക്കുന്നത് വിചിത്രമാണ്. കണ്ണുകള്‍ വിറ്റ് ചിത്രം വാങ്ങുന്നവരെ കുറിച്ച് എന്തു പറയാന്‍?!

(7) ഒന്നോ രണ്ടോ ദിവസത്തെ ശബ്ദഭീകരതപോലും സഹിക്കാന്‍ മിക്കവര്‍ക്കും സാധിക്കില്ല. അപ്പോഴാണ് ന്യൂ ജനറേഷന്‍ ആചാരങ്ങളും പരായണങ്ങളും മാസങ്ങള്‍ നീളുന്നത്. അക്കാലത്ത് ചൂറ്റുപാടുമുള്ളവര്‍ പരസ്പര ആശയവിനിമയം പോലും നിഷേധിക്കപ്പെട്ട് പ്രകമ്പനംകൊണ്ട് തരിച്ചുനില്‍ക്കണം എന്നാണ് അമ്മിഞ്ഞവാദം. അലമുറയിട്ട് ആളെക്കൂട്ടുകയാണ്. അടുത്ത അമ്പലത്തില്‍ ഒച്ചകേട്ട് ആളുകൂടിയത്രെ! ഹര്‍ത്താലാചാരസമയത്ത് പാല്‍, പത്രം തുടങ്ങിയ ഇനങ്ങള്‍ ഒഴിവാക്കുന്ന ഔദാര്യപ്രകടനത്തെ മനസ്സില്‍ സ്മരിച്ച്‌ ”പരീക്ഷസമയത്തെങ്കിലും കോളാമ്പി ഒഴിവാക്കി തരുമോ?” എന്നൊക്കെ കെഞ്ചുന്നവരുണ്ട്!

(8) ഈ പ്രാകൃതചിന്തയെ കായികമായി നേരിടാനാവില്ല. എന്തിലും വ്രണപെട്ടതായി അഭിനയിക്കാനുള്ള അവകാശം മതവിശ്വാസികള്‍ക്കുള്ളപ്പോള്‍ വിശേഷിച്ചും. ഭക്തര്‍ക്കാര്‍ക്കും ഇതൊന്നും മനസ്സിലാകാത്തത് കൊണ്ടാണ് ഇങ്ങനെ എന്ന് കരുതരുത്. മതകാര്യത്തിലൊഴികെ ബാക്കിയെല്ലായിടത്തും ഉന്നത യുക്തിയും സാമൂഹ്യബോധവും പ്രയോഗിക്കുന്നവര്‍ അവരിലേറെയുണ്ട്. ഒരു അമ്പലക്കമ്മറ്റിയിലോ പള്ളിക്കമ്മറ്റിയിലോ ഉള്ള പത്തുപേരില്‍ ഒന്നു രണ്ടുപേര്‍ക്ക് നേരംവെളുത്താല്‍ ക്രമേണ ഇതിനൊക്കെ ഒരു മാറ്റംവന്നേക്കാം. പക്ഷെ അവിടെയും ഒറ്റപ്പെടല്‍ ഭയക്കേണ്ടിവരും. പക്ഷെ തുടക്കം അങ്ങനെയാവണം. അത്തരമൊരു അവബോധനിര്‍മ്മാണം നടക്കണം. ഒരു പഞ്ചായത്ത് വാര്‍ഡില്‍ തന്നെ ശരാശരി 10-15 ആരാധാനലയങ്ങള്‍ ഉണ്ടെന്നറിയുമ്പോഴാണ് ഈ ശബ്ദഭീകരതയുടെ ആഴമറിയാനാവുക. ഈ ആരവവും അട്ടഹാസങ്ങളും സമൂഹം നേരിടുന്ന ഏറ്റവുംവലിയ മനുഷ്യാവകാശ പ്രശ്‌നമായി മാറിയിരിക്കുന്നു. പരാതി ബധിരകര്‍ണ്ണങ്ങളിലാണ് പതിക്കുന്നത് എന്നൊരു പ്രയോഗമുണ്ട്. ശബ്ദഭീകരതയുടെ കാര്യത്തില്‍ അത് അക്ഷരാര്‍ത്ഥത്തില്‍ വാസ്തവമാണ്. കേള്‍ക്കുന്നുണ്ടോ?