Ravi Chandran C

ജാതി പറയുന്നതും പറയാത്തതും

 

(1) ‘ജാതി പറയാതിരിക്കുക’ എന്നാല്‍ എന്താണ് അര്‍ത്ഥം? ”ദേ അങ്ങേര് സമൂഹത്തില്‍ ജാതി കുറച്ചൊക്കെ ഉണ്ടെന്ന് സമ്മതിച്ച് കേട്ടോ. പുരോഗതിയുണ്ട്, വൈകാതെ മൊത്തം ജാതിയാണെന്ന് സമ്മതിച്ചുകൊള്ളൂം”-എന്നൊക്കെ തട്ടിവിടുന്നവരെ കണ്ടിട്ടുണ്ട്  സംവരണസാഹിത്യം ബൈനറിപായസമാണ്. നമ്മളും അവരും(We and They) പീഡകരും പീഡിതരും(The Oppressed and the Oppressor) ഉള്ളവനും ഇല്ലാത്തവനും(The Haves and Have nots)… തുടങ്ങി സമൂഹത്തെ പൊതുവില്‍ വിഭജിക്കാന്‍ ഇരവാദി രാഷ്ട്രീയ കുറുക്കനെ സഹായിക്കുന്നതെല്ലാം ജാതിവാദി സംവരണസാഹിത്യത്തിലുണ്ട്. സംവരണം എന്നു കേള്‍ക്കുമ്പോഴേ 80 ശതമാനം നുകരുന്ന സംവരേണ്യരെ വിട്ട് കേവലം ഇരുപത് ശതമാനത്തിന്റെ ഉടമകളായ SC/ST യിലേക്ക് ഓടി ‘മാനവികതാപ്രകാശനവും’ ‘എമ്പതിപ്രകടനവും’ നടത്തുന്നതിന്റെ കാരണവും ഇത്തരം ബൈനറി ഉടായിപ്പുകളുടെ സ്വാധീനമാണ്. ഇതിന് വിധേയമാകുന്ന, സ്വന്തമായി ചിന്തിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് പെട്ടന്ന് ഇതല്ലേ ശരിയെന്ന് തോന്നുന്നതില്‍ തെറ്റുപറയാനാവില്ല. Our brain is a lazy mechanism  ”ജാതി പറയാതിരുന്നാല്‍ ജാതി ഇല്ലാതാകും എന്നാണ് ലോ ലവര് പറയുന്നത്… ലവരൊക്കെ എന്തോരം മണ്ടരാ… ” എന്ന് പറഞ്ഞു തുടങ്ങുന്ന സംവരണസാഹിത്യം കാണുമ്പോള്‍ സദയം ക്ഷമിക്കുക. പരിശീലനം കിട്ടിയരീതിയില്‍ ചിന്തിക്കുന്നവരാണ് ഭൂരിപക്ഷവും. സംവരണസാഹിത്യജീവികളും ഇത്തരം വൈക്കോല് ‍കൊട്ടാരങ്ങളിലിരുന്ന് പുകവലിക്കാന്‍ കൊതിക്കുന്നവരാണ്..

(2) മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയില്‍(1922) ”അല്ലല്ലെന്തു കഥയിതു കഷ്ടമേ! അല്ലലാലങ്ങു ജാതി മറന്നിതോ” എന്ന് മാതംഗി എന്ന ‘ചണ്ഡാലസ്ത്രീ’ ചോദിക്കുമ്പോള്‍ ‘ബുദ്ധഭിക്ഷു’വിന്റെ മറുപടി ”ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി, ചോദിക്കുന്നു നീര്‍ നാവുവരണ്ടഹോ! എന്നാണ്. ഇതാണോ ജാതി പറയുന്നില്ല എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? തീര്‍ച്ചയായും അല്ല. ഇവിടെ ഇരുകൂട്ടരും ജാതി പറയുന്നു, അംഗീകരിക്കുന്നു. ജാതി കെട്ടുകഥയാണെന്ന് പറയുകയോ ജാതിക്കെതിരെ സംസാരിക്കുകയോ ചെയ്യുന്നില്ല. അവിടെ ഒരു പരസ്പര ധാരണ(mutual agreement) കടന്നുവരുന്നുണ്ട്. ദാഹം മൂര്‍ച്ഛിച്ചതിനാല്‍ ജാതി പറയുന്നില്ല എന്ന നിലപാടാണ് ബുദ്ധഭിക്ഷു സ്വീകരിക്കുന്നത്. ദാഹത്തിന് മുന്നില്‍ ‘ജാതിപോലും മറക്കേണ്ടിവരും’ എന്ന സാരം. ഇത് ജാതിവിരുദ്ധ പ്രസ്താവമല്ല. വിശപ്പ് സഹിക്കാതെ വന്നപ്പോള്‍ മോഷ്ടിക്കേണ്ടിവന്നു എന്നു പറയുന്നതുപോലൊരു ജാതിക്കനുകൂലമായ ക്ഷമാപണപ്രസ്താവന മാത്രം.It is an apology for caste system.

(3) ‘ജാതി പറയാതിരിക്കുക’ എന്നാല്‍ വാക്കിലും പ്രവര്‍ത്തിയിലും ചിന്തയിലും ജാതിയെ നിരാകരിക്കുക എന്നാണര്‍ത്ഥം. ജാതിസ്‌കാനറുമായി നടക്കുന്നതും സഹജീവികളെ ജാതിയധിക്ഷേപത്തില്‍ കുളിപ്പിക്കുന്നതും അതിന്റെ വിപരീത പ്രവര്‍ത്തികളാണ്. ജാതി പറയരുത് എന്ന് പറയുന്നതില്‍ ”പറയരുത്”എന്ന വാച്യാര്‍ത്ഥവും പ്രധാനമാണ്. കാരണം ജാതി പറഞ്ഞുണ്ടാക്കുന്ന ഒന്നാണ്. അങ്ങനെയേ അതുണ്ടാവൂ. പറഞ്ഞും പ്രചരിപ്പിച്ചുമാണ് അതിനെ സ്ഥാപനവല്‍ക്കരിക്കുന്നത്, തലമുറകളിലൂടെ കൈമാറുന്നത്. പറഞ്ഞില്ലെങ്കില്‍ അറിയില്ല. നിങ്ങള്‍ ഇന്ന ജാതിയാണെന്ന് അറിഞ്ഞതെങ്ങനെയാണ്? സ്വയം കണ്ടെത്തിയതോ, അതോ ശാസ്ത്രീയ പരിശോധനകള്‍ വഴി തിരിച്ചറിഞ്ഞതോ? അല്ല നിങ്ങളോട് ആരോ പറഞ്ഞതാണ്, മാതാപിതാക്കാളാകാം, സുഹൃത്തുക്കളാകാം….നിങ്ങള്‍ ഇല്ലെന്ന് പറഞ്ഞപ്പോഴും നിങ്ങളെ ബോധ്യപ്പെടുത്തിയതാണത്. ജനിതകമോ ശാരീരകമോ ആയ യാതൊരു തെളിവും ജാതി എന്ന നാലാംകിട കെട്ടുകഥയ്ക്കില്ല. ചാത്തനും മറുതയുംപോലെ അതൊരു അന്ധവിശ്വാസമാണ്. സമൂഹത്തെ ശ്രേണിവല്‍ക്കരിക്കാന്‍ പലതരം നുണകള്‍ ഉപയോഗിക്കാം. ജാതി അത്തരത്തിലൊന്നാണ്.

(4) എല്ലാ അന്ധവിശ്വാസങ്ങളും പറഞ്ഞുപരത്തുവയാണ്. വിശ്വാസികള്‍ ഇല്ലെങ്കില്‍ ദൈവം ചത്തുപോകുമെന്ന് പറയുന്നതുപോലെ ജാതി പറയാന്‍ ആളില്ലെങ്കില്‍ ജാതി ഉണ്ടാകില്ല. ഇനി ജാതിപറച്ചില്‍ എന്നാല്‍ സനാതനസത്യം തുരീയത്തിലൂടെ മനസ്സിലാക്കിയെന്ന ഭാവത്തില്‍ ”ജാതി സമൂഹത്തില്‍ ഉണ്ട് ” എന്നൊരു ടെക്‌സറ്റ് മെസേജ് ജാതിമന്ത്രകാര്യലയത്തിലേക്ക് അയക്കലാണോ? അല്ല. അതൊരു ജാതിപോഷണ പ്രവര്‍ത്തനമാണ്. ജാതിസമൂഹത്തില്‍ ഉള്ളതുകൊണ്ടാണ് ജാതിപറയരുത് എന്ന് പറയുന്നത്. മതം ഉള്ളതുകൊണ്ടാണ് മതം പറയരുതെന്ന് പറയുന്നത്. ഉണ്ടെങ്കിലേ അരുതെന്ന് പറയേണ്ടതുള്ളൂ. അല്ലെങ്കില്‍ അതിന്റെ ആവശ്യമില്ല. ജാതിയുടെ പ്രഭാവം കുറയുമ്പോള്‍ അതാഘോഷിക്കണമെന്ന് പറയുന്നത് അതുകൊണ്ടാണ്. അതല്ലാതെ ജാതിയില്ലെന്ന പറഞ്ഞാല്‍ ജാതിപൊക്കോളും എന്നാണ് ലവര് പറയുന്നത് എന്ന രീതിയിലുള്ള വൈക്കോല്‍പ്പുരദഹനമല്ല.

(5).”അയ്യോ ഞങ്ങള്‍ ജാതിയുടെ ദൂഷ്യവശങ്ങള്‍ ചൂണ്ടിക്കാട്ടി ഉദ്ധരിക്കുകയല്ലേ..?” എന്ന നിഷ്‌കു ചോദ്യം ചോദിക്കുന്നവര്‍ സമൂഹത്തെ കബളിപ്പിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നുണ്ട്. എന്തുകൊണ്ട് ഈ ‘ജാതിപറയല്‍’ പ്രതിലോമകരവും റിഗ്രസീവുമാണെന്ന് പറയുന്നതെന്ന് മനസ്സിലാക്കാന്‍ ഇക്കാലത്ത് വിശേഷിച്ചും യുക്തിവാദികളും മറ്റ് ജാതിവാദികളും നടത്തുന്ന ജാതി പറയല്‍ പ്രവര്‍ത്തനം എന്താണെന്ന് പരിശോധിച്ചാല്‍ മതിയാകും:

a. എല്ലാത്തിലും ജാതികലര്‍ത്തി പൊരിച്ചെടുക്കുക. സംവിധായകന്‍-നടന്‍ വിഷയം പോലെ ഇല്ലാത്ത കാര്യങ്ങളില്‍ പോലും ജാതി ആരോപിച്ച് ജാതിയധിക്ഷേപവും വംശീയവെറിയുമായി പൊതുവിടങ്ങളില്‍‍ കുത്തിമറിയുക, പൊങ്കാല നടത്തുക. ജാതി അനുഭവങ്ങളുടെ വ്യാജനിര്‍മ്മിതികള്‍ പടച്ചുവിടുക. ജാതിമാനങ്ങളില്ലാത്തിടത്തൊക്കെ ജാതി കുത്തിതിരുക. എന്ത് കുറ്റത്തിലും ജാതി കുത്തിതിരുകി കേസെടുക്കുക. ചരിത്രം വാറ്റിയെടുത്ത് ‘മതംമിഥ്യ ജാതിസത്യം’സിദ്ധാന്തം ചമയ്ക്കുക.സംവരണസാഹിത്യനായകരുടെ നിര്‍ലജ്ജമായ വ്യക്തിപൂജയില്‍ അതിരറ്റ് അഭിമാനിക്കുക…..

b. സഹജീവികളുടെ പിറകെ നടന്ന് ജാതിയധിക്ഷേപവും വംശീയവെറിയും ചൊരിയുക. ജാതിവാദം പെരുപ്പിച്ച ചരിത്രം വിളമ്പിവെക്കുക. കുറെ മനുഷ്യര്‍ മുന്‍കാലചെയ്തികളുടെ പേരില്‍ അപകര്‍ഷതയും അധമബോധവുമായി ജീവിക്കണമെന്ന് സമര്‍ത്ഥിക്കുക. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അവര്‍ക്കൊന്നും സാമൂഹ്യബോധമില്ലെന്നോ എമ്പതിയില്ലെന്നോ ജാതി ഉള്ളില്‍ കൊണ്ടു നടക്കുന്നവരാണെന്നോ അധിക്ഷേപിക്കുക, പ്രചരിപ്പിക്കുക….ജാതി അന്ധവിശ്വാസമാണെന്ന് പറയാന്‍ ജാതിയില്‍ ഉയര്‍ന്നവനാകണം എന്ന നിബന്ധന വെക്കുക.

c. നങ്ങേലിക്കഥകള്‍പോലെ യുക്തിവിരുദ്ധവും ചരിത്രവിരുദ്ധവുമായ വ്യാജ നരേറ്റീവുകള്‍ സൃഷ്ടിച്ച് സദാ സമൂഹമധ്യത്തിലേക്ക് ഒഴുക്കിവിടുക…എല്ലാത്തരം സോഷ്യല്‍ ഡിസ്‌കോഴ്‌സുകളും ജാതിയടിസ്ഥാനത്തിലാക്കി വിലക്ഷണമാക്കുക.സമൂഹത്തില്‍ നടക്കുന്ന എന്തിലും മുന്‍പിന്‍നോക്കാതെ ജാതി പൊടിച്ചിട്ട് കാളയുംകയറും കളിക്കുക, പ്രതികളെ നിര്‍മ്മിച്ച് ആസുരമായി വേട്ടയാടുക..

d. പ്രതികാരരാഷ്ട്രീയത്തിന്റെ(revenge politics) സമൃദ്ധമായ ഉപയോഗം. ”പണ്ട് കുറെ സുഖിച്ചതല്ലേ ഇപ്പോള്‍ കുറച്ച നുഭവിക്കാം, കുഴപ്പമൊന്നുമില്ല..” എന്ന നിലപാട്. ജാതിവികാരം കുത്തിയിളക്കുന്ന പ്രസംഗം, പോസ്റ്റുകള്‍, കമന്റുകള്‍, സ്‌ക്രീന്‍ ഷോട്ട് മോഷണം, കേസ്, മഞ്ഞ…ജാതിയുമായി പുലബന്ധമില്ലാത്ത വിഷയളില്‍പോലും ജാതികയറ്റി പൊതുവിടങ്ങളെ മലീമസമാക്കുക..

e. ചെന്നായ് നീതി,ശത്രുവിനെ കണ്ടെത്തല്‍- ”നീ കുഴപ്പമില്ലായിരിക്കാം. പക്ഷെ‍ നിന്റെ പൂര്‍വികര്‍ എന്റെ പൂര്‍വികരെ ദ്രോഹിച്ചിട്ടുണ്ട് …”എന്ന നരേറ്റീവ്. ഹിറ്റ്‌ലര്‍ ജൂതരെയും മുസ്സോളിനി ബോള്‍ഷെവിക്കുകളേയും ശത്രുക്കളായി കണ്ട് സമൂഹത്തെ കറുപ്പിച്ചതുപോലെ തങ്ങളുടെ എല്ലാ ശോച്യാവസ്ഥയ്ക്കും കാരണമായി കുറെ മനുഷ്യരണ്ടായിരുന്നുവെന്നും അവരുടെ പിന്‍ഗാമികള്‍ ആക്രമിക്കപ്പെടണമെന്നും അധിക്ഷേപിക്കപ്പെടണമെന്നും പ്രത്യക്ഷത്തിലും പരോക്ഷത്തിലും പറഞ്ഞുവെക്കുക…

f. ജാതിയില്‍ നിന്ന് മുക്തമാകാന്‍ ശ്രമിക്കുന്നവരോട് പോലും ”അതൊന്നും നടക്കില്ല, ജാതി ഇല്ലെന്ന് പറയുന്നത് കൊണ്ട് മാത്രം ജാതി ഇല്ലാതാകില്ല, അത് നിങ്ങള്‍ക്ക് മറ്റുള്ളവര്‍ കല്‍പ്പിച്ച് തരുന്നതാണ്. നിങ്ങള്‍ക്ക്‌ നിങ്ങളെയോ മറ്റുള്ളവരെയോ നിര്‍മ്മിക്കാനാവില്ല. ഉള്ളതുവെച്ച് ഓടിച്ചുപോകണം, ജാതിചാരിത്ര്യം നശിപ്പിക്കരുത്. നിങ്ങള്‍ ജാതി നിഷേധിച്ചാലും സമര്‍ത്ഥിച്ചാലും ജാതി ഉണ്ടാകും, ഈ സമൂഹത്തിന് അത് വിധിക്കപ്പെട്ടിരിക്കുന്നു…”എന്ന രീതിയിലുള്ള വിലക്ഷണമായ അഭിപ്രായപ്രകടനങ്ങളും നരേറ്റീവുകളും സൃഷ്ടിച്ച് സമൂഹത്തില്‍ വിധിവിശ്വാസവും ആത്മവിശ്വാമില്ലായ്മയും അപകര്‍ഷതാബോധവും വളര്‍ത്തുക.

g. ജാതിചരിത്രം സമൂഹത്തില്‍ കാലുഷ്യവും കറുപ്പും വളര്‍ത്താന്‍ ഉപയോഗിക്കുക. പകയും വെറുപ്പും വിദ്വേഷവും കുത്തിയിളക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ എഴുത്ത്, പ്രഭാഷണം, കുത്തിത്തിരിപ്പ്…ജാതിപരമായ നിര്‍ലജ്ജമായ വിലപേശലുകളും ജാതിയടിസ്ഥാനത്തിള്ള കക്ഷിരാഷ്ട്രീയവും ജാതിനിര്‍മ്മാര്‍ജ്ജനപ്രവര്‍ത്തനമായി വളച്ചൊടിക്കുക.

h. മതംചെയ്യുന്നതുപോലെ സമൂഹത്തെ നല്ലവരും കെട്ടവരുമായി വിഭജിക്കുക. എല്ലാ തിന്മകളുടെയും വിളനിലമായി ഒരു കൂട്ടരുണ്ടെന്നും അവരെ വാചികമായും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും അപഹസിക്കുകയും ചെയ്യുന്നത് പുണ്യംകിട്ടുന്ന പ്രവര്‍ത്തിയാണെന്ന് കരുതി സൈബര്‍ലിഞ്ചിംഗ് മുതല്‍ പോലീസ് കേസും അക്രമവും നീളുന്ന പീഡനമുറ രൂപപെടുത്തുക.

i. ജാതിയും മതവും ഉപേക്ഷിച്ചവരെ പോലും ജാതിപരമായി അധിക്ഷേപിക്കുക. അവരെ കിട്ടിയില്ലെങ്കില്‍ അവരുടെ ബന്ധുക്കളുടെയോ നാട്ടുകാരുടെയോ പേര് പറഞ്ഞ് പിറകെ നടന്ന് കൂക്കി വിളിക്കുക, കൊട്ടിപാടുക, ജാതിയധിക്ഷേപം നടത്തുക.

j. ജാതിനിര്‍മ്മാര്‍ജ്ജനമെന്ന രൂപേണ ജാതിയുടെ സൂചന പേരിലുണ്ടെന്ന് വാദിച്ച് മനുഷ്യരെ പിറകെ ചെന്ന് ആക്രമിക്കുക. ജാതിപറയാതിരുന്നാല്‍ ജാതിപോകുമോ എന്ന ഓട്ട ചോദ്യം ചോദിക്കുന്നവര്‍ തന്നെ ജാതിവാല്‍ പോയാല്‍ ജാതി പോകും എന്ന് സമര്‍ത്ഥിക്കുക. ജാതിവാലുള്ളവരെ അതിന്റെ പേരിലും (ഇം.എം.എസ, പി കൃഷ്ണപിള്ള) അതില്ലാത്തവരെ ജാതിവാല്‍ മാറ്റിയെന്ന് കരുതി ജാതിപോകുമോ(എ.കെ.ജി, മന്നം) എന്നും ചോദിച്ച് ജാതിയധിക്ഷേപം നടത്തുക. ജാതിവാല്‍ വെച്ചാല്‍ കുറ്റം, വെച്ചില്ലെങ്കില്‍ കുറ്റം! മതം മാറിയാല്‍ ജാതി പോകില്ലെന്നും ജാതിയില്‍നിന്ന് രക്ഷപെടാന്‍ മതംമാറണമെന്നും തിരിച്ചുംമറിച്ചും പറയുക!!

(6) ഈ പട്ടിക അനന്തമാണ്. ഇവയില്‍ ഒന്നുപോലും നിഷേധിക്കാനാവില്ല. പത്ത് മിനിറ്റ് കൂടി കിട്ടിയാല്‍ പത്തെണ്ണം കൂടി എഴുതാം. കേരളത്തില്‍ ഇന്ന് ജാതി പറയല്‍ എന്ന പേരില്‍ നടക്കുന്ന വിധ്വംസകപ്രവര്‍ത്തനം ഇതാണ്. ഇവയെല്ലാം ജാതിപോഷണപ്രവര്‍ത്തനമാണ്. ജാതി പോകണമെന്ന നേരിയ ചിന്തപോലും ഇവയ്ക്ക് പിന്നിലില്ല. ഇത് ജാതിനിര്‍മ്മാജനത്തിനോ ഈ സമൂഹത്തെ മെച്ചപ്പെടുത്താനോ ഒട്ടും സഹായകരമല്ലെന്നു മാത്രമല്ല ഈ സമൂഹം അര്‍ഹിക്കാത്ത റിഗ്രസീവ് പ്രവര്‍ത്തനമാണ്. അത് മനുഷ്യത്വവിരുദ്ധം കൂടിയാണ്.

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.