ഇരുപത്താറു വർഷം തികയുന്നു വിജയനും രാജിയും ഒന്നായിട്ട്, കാലം കടന്നുപോയത് എത്ര വേഗം

170

രവിമേനോൻ

വിജയനും രാജിയ്ക്കും ആശംസകൾ

ഇരുപത്താറു വർഷം തികയുന്നു വിജയനും രാജിയും ഒന്നായിട്ട്. കാലം കടന്നുപോയത് എത്ര വേഗം!വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോയുമായി വിജയൻ കാണാൻ വന്നത് ഇന്നലെയെന്നപോലെ ഓർക്കുന്നു. പ്രണയവും പ്രതീക്ഷയും സ്നേഹവും ആഹ്ളാദവും മിന്നിമറയുന്നുണ്ടായിരുന്നു ആ കണ്ണുകളിൽ. രവിയേട്ടാ, ഇത് ഞാൻ കൊൽക്കത്തേന്ന് രാജിക്ക് വേണ്ടി വാങ്ങിക്കൊണ്ടന്ന സാര്യാണ് ട്ടാ. എങ്ങനേണ്ട്?.''-- നിഷ്കളങ്കമായി വിജയൻറെ ചോദ്യം.ബൂട്ടുകളിൽ അണയാത്ത അഗ്നിയുമായി ഈറ്റപ്പുലിയെ പോലെ എതിർ ഗോൾമുഖങ്ങളിൽ വട്ടം ചുറ്റുന്ന സ്‌ട്രൈക്കറെയല്ല ആ കണ്ണുകളിൽ ഞാൻ കണ്ടത്; പ്രണയലോലനായ ഒരു കാമുകനെയാണ്. നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുമ്പോഴും ഉള്ളിൽ നാട്ടിൻപുറത്തിന്റെ നൈർമ്മല്യം കെടാതെ കാത്തുസൂക്ഷിക്കുന്ന ഗ്രാമീണ കാമുകൻ. ഓർമ്മകളുടെ ആൽബത്തിൽ നിന്ന് വീണ്ടെടുത്ത ആ പഴയ ഫോട്ടോ ഇന്നലെ അയച്ചുകൊടുത്തപ്പോൾ വിജയൻറെ അത്ഭുതം കലർന്ന മറുപടി:രവിയേട്ടാ ഇങ്ങളല്ലാതെ ഇതൊക്കെ വേറെ ആരാ സൂക്ഷിച്ചുവെക്ക്യാ? ഇങ്ങള് ന്റെ ചങ്കാണ് ട്ടാ, ചക്കരക്കുടാണ് ട്ടാ, ബ്രദർ ആണ് ട്ടാ.. ”. ശരിയാണ്. ചില സ്നേഹബന്ധങ്ങൾ അങ്ങനെയാണ്. കാലത്തിനൊത്ത് അവ വളർന്നുകൊണ്ടിരിക്കും. കൊറോണയ്ക്ക് മാത്രമല്ല കൊറോണയേക്കാൾ ഭീതിദമായി സമൂഹത്തിൽ പടർന്നുകൊണ്ടിരിക്കുന്ന വൈറസുകൾക്കൊന്നിനും തൊടാൻ പോലുമാവില്ല അത്തരം ബന്ധങ്ങളെ….ആശംസകൾ, പ്രിയ വിജയനും രാജിക്കും കുടുംബത്തിനും….