ഒരു അന്ധവിശ്വാസം സമൂഹമധ്യത്തില്‍ വെച്ചുകഴിഞ്ഞാല്‍ ബാക്കി പണി വിശ്വാസികള്‍ ചെയ്തുകൊള്ളും

686

രവിചന്ദ്രൻ സി

*ആലുംതണലും*

രവിചന്ദ്രൻ സി
രവിചന്ദ്രൻ സി

(1) ഒരു അന്ധവിശ്വാസം സമൂഹമധ്യത്തില്‍ വെച്ചുകഴിഞ്ഞാല്‍ ബാക്കി പണി വിശ്വാസികള്‍ ചെയ്തുകൊള്ളും. അതൊന്നും തിരിച്ചെടുക്കാനുള്ള കഴിവൊന്നും ഒരു മഹാനുമില്ല. അന്ധവിശ്വാസം എന്താണെന്നല്ല മറിച്ച് അന്ധവിശ്വാസിയുടെ ചിന്താരീതിയാണ് ഇവിടെ പ്രസക്തം. പത്രംതിന്നുന്നവനെ മലംതീറ്റിക്കാനും മൂത്രം കുടിപ്പിക്കാനും സാധിക്കും. എല്ലാം ഒറ്റ ചരക്കാണ്. മുട്ട പൊട്ടിച്ചൊഴിച്ചു കഴിഞ്ഞു. അതിനി വാരിക്കൂട്ടി തോടിനകത്ത് കയറ്റാനാവില്ല. പാടിയ പാട്ടും പോയ വാക്കും തിരിച്ചെടുക്കാനാവുമോ? Crime against society is already done. ഈ വീഡിയോ കാണുമ്പോള്‍ ”അമ്പോറ്റി അച്ചന് ദൈവാനുഗ്രഹമുണ്ടാകട്ടെ”എന്ന് പറഞ്ഞു അനുഗ്രഹിച്ച് കമന്റിടാനേ വിശ്വാസികള്‍ക്ക് സാധിക്കൂ. അത്തരത്തില്‍ പരിശീലനം ലഭിച്ച മസ്തിഷ്‌കമാണ് അവര്‍ക്കുള്ളത്. ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ എന്നൊരു ഉടായിപ്പ് ടി.വി പരിപാടി ഉണ്ടായിരുന്നു. ഇതേ ഫലമാണ് അവയും സൃഷ്ടിച്ചുപോന്നത്-ജനങ്ങളെ കൂടുതല്‍ അന്ധവിശ്വാസികളും മനോരോഗികളുമാക്കുക 

 

(2) അഴിച്ചുവിട്ട അന്ധവിശ്വാസത്തെ തിരിച്ചുപിടിക്കാന്‍ യേശു എന്ന കഥാപാത്രത്തിന് പോലും കഴിഞ്ഞിരുന്നില്ലെന്ന് ബൈബിള്‍ സാക്ഷ്യപെടുത്തുന്നു. Prevention is always better than cure. ബൈബിളില്‍ പറഞ്ഞിരിക്കുന്ന മിറക്കിളുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ പത്രംതീറ്റിക്കല്‍‍ ഒന്നുമല്ല. സമൂഹത്തെ കബളിപ്പിച്ചത് പോകട്ടെ തിരിച്ചുപിടിക്കല്‍ സാഹസം കാട്ടി കൂടുതല്‍ അപമാനിക്കരുത്. കാട്ടുതീ മൂത്രമൊഴിച്ച് കെടുത്താനാവുമോ എന്നായിരിക്കാം ഈ വ്യക്തി ആരായുന്നത്. സത്യത്തില്‍ തീ കെടണമെന്ന് ടിയാന് യാതൊരു താല്പര്യവുമില്ലെന്ന് വ്യക്തമാണ്. ഈ കാട്ടുതീ ആണല്ലോ ഈ വ്യക്തിയെ ഈ നിലയില്‍ എത്തിച്ചത്! ഇക്കാര്യത്തിലൊക്കെ നിഷേധപ്രസ്താവനകള്‍ ആലുംതണലുമാണ്. ജനം ഇനി രഹസ്യമായി തിന്നും. മനുഷ്യരെ വീണ്ടും വിഡ്ഢികളാക്കുന്ന രീതിയില്‍ വീഡിയോ ഇറക്കി നിഷേധം കളിക്കുന്നത് കൊണ്ട് ടിയാന്‍ ഒഴികെ മറ്റാര്‍ക്കും പ്രയോജനമൊന്നുമില്ല. ഈ വ്യക്തിയുടെ പ്രസ്ഥാനത്തിന് അധികപരസ്യവും അധികപ്രാധാന്യവും ഈ വ്യക്തിക്ക് തന്നെ കൂടുതല്‍ പ്രശസ്തിയും കിട്ടും എന്നല്ലാതെ. എന്തിനേറെ, ഈ പോസ്റ്റ് വായിച്ച് പ്രബുദ്ധരായി ആസനഗ്രൂപ്പിന്റെ പത്രം തരപ്പെടുത്തി തിന്നു നോക്കുന്നുവരുണ്ടാകും എന്ന് ഞാന്‍ ഭാവനിയില്‍ കാണുന്നു 

(3) പത്രംതീറ്റിക്കല്‍ ടീമിനെ വല്ലാതങ്ങ്‌ കുറ്റപ്പെടുത്തുന്നതിലും കഥയില്ല. അവര്‍ മറ്റ് സംഘങ്ങളുടെ അത്രയും ബുദ്ധി കാണിച്ചില്ല എന്നുമാത്രം. പെട്ടെന്ന് പിടിക്കപ്പെടുന്ന ഒരു തട്ടിപ്പ് ചെയ്തു എന്ന കുറ്റമേ അവര്‍ ചെയ്തുള്ളൂ. ഇതുപോലുള്ള മിറക്കിളുകള്‍ പ്രത്യക്ഷത്തിലും പരോക്ഷമായും പ്രചരിപ്പിച്ചാണ് തൊട്ടുടുത്ത് മോദി വരെ പൂജിക്കുന്ന ആള്‍ദൈവം നിര്‍മ്മിക്കപ്പെട്ടത്. ഇന്നവര്‍ ഇജ്ജാതി മിറക്കിളുകളെ കുറിച്ച് പറയാറില്ല. പകരം സ്‌നേഹം, ശാന്തി, ദയ, കരുണാകരന്‍… ഇത്യാദി യമണ്ടന്‍-ഉഗാണ്ടന്‍ കാര്യങ്ങള്‍ മാത്രം. വേരുപിടിച്ചു കഴിഞ്ഞാല്‍ പിന്നെ അതൊക്കെ മതി. പെട്ടെന്ന് പിടിക്കപ്പെടുന്ന തട്ടിപ്പുകളും മിറക്കിളുകളുമൊക്കെ ഒഴിവാക്കാം. പത്രം തീറ്റിക്കലുകാര്‍ക്കും അതേ സാധ്യത കാണുന്നു. പേരെടുത്തുകഴിഞ്ഞു. Consolidation phase is over. ഇനി തട്ടിപ്പ് കയ്യൊഴിയുന്നതായി പ്രചരിപ്പിച്ച് കൂടുതല്‍ പേരെടുക്കാം, സ്ഥിതി മെച്ചപ്പെടുത്താം. പത്രം തീറ്റിക്കാത്തവര്‍ ചെയ്തുകൊണ്ടിരിക്കുന്നതും അതിന് അടിപ്പെടാത്ത വിശ്വാസികള്‍ ചെയ്തുകൊണ്ടിരിക്കുന്നതും ഇതേ കാര്യംതന്നെയാണ്. ‘ഞങ്ങള്‍ പത്രം തിന്നുന്നില്ലല്ലോ..’ എന്നൊക്കെ അഭിമാനിക്കുന്ന ഗ്രേഡ് കൂടിയ അന്ധവിശ്വാസികളാണ് നാടിന്റെ അഭിമാനം.

(4) ‘ചൊവ്വാദോഷം’ പ്രശ്‌നമല്ലെന്ന് പറയുന്ന ജ്യോതിഷിക്ക് പണി പോകും. കൃഷ്ണന്‍ ചരിത്രപുരുഷനല്ലെന്ന് പറയുന്ന ഗീതാപ്രാസംഗികന് അടി കിട്ടിയെന്നുംവരാം. അന്ധവിശ്വാസികള്‍ക്ക് വേണ്ടത് തങ്ങളുടെ ചക്കരവിശ്വാസങ്ങള്‍ താലോലിച്ച് സംസാരിക്കുന്നവരെയാണ്. അല്ലെന്നാകില്‍ ആരാ എന്താ എന്നൊന്നും അവര്‍ പരിഗണിക്കില്ല. അതാണ് ‘കൊപേ’ യുടെ(കൊതിപ്പിക്കല്‍+പേടിപ്പിക്കല്‍) ശക്തി. ‘കൊപേ’യുടെ സ്വാധീനത്തില്‍ നിന്ന് മുക്തി നേടണമെങ്കില്‍ ചിന്താശൈലി അട്ടിമറിക്കപ്പെടണം. That is not easy. അന്ധവിശ്വാസിയായ ഒരു മനുഷ്യന്‍ അന്ധവിശ്വാസികളോട് അന്ധവിശ്വാസങ്ങള്‍ ഒഴിവാക്കണമെന്ന് പറയുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ക്കുണ്ടാകുന്ന സന്തോഷമാണ് സന്തോഷം. സത്യത്തില്‍ ടെലിവിഷന്‍ കോമഡി ഷോകളിലാണ് ഇത്തരം വീഡിയോകള്‍ സംപ്രേഷണം ചെയ്യേണ്ടത്.