ബലിത്വ
(Ravichandran C)
(1) കേരളത്തില്‍ നരബലി! പത്തനംതിട്ട ജില്ലയിലെ മണപ്പുറത്ത് പത്മ, റോസിലി എന്നീ രണ്ട് സ്ത്രീകളെ ‘ഐശ്വര്യ’സിദ്ധിക്കായി ഒരാള്‍ ബലി കൊടുത്തു എന്നൊരു വാര്‍ത്ത പുറത്ത് വന്നിട്ടുണ്ട്. ഹെക്കു കവിയായ ഭഗവല്‍സിംഗും ഭാര്യയും കൊല്ലപെട്ട സ്ത്രീകളെ ബലിക്കായി എത്തിച്ച് കൊടുത്ത ഏജന്റും പിടിയിലായതായി പറയുന്നു. ഭഗവല്‍സിംഗിന്റെ കുടുംബത്തിന്റെ ഐശ്വര്യത്തിനായി പൂജ നടത്തിയെന്നാണ് വാര്‍ത്ത. കൊല്ലപെട്ട സ്ത്രീകള്‍ ഐശ്വര്യം ലക്ഷ്യമിട്ട് ഇയാളെ സമീപിച്ചതാണെന്നും പറയുന്നു. വിശദാംശങ്ങള്‍ വ്യക്തമല്ല. എല്ലാ ഭക്തനും ആവശ്യമുന്നയിക്കുന്ന സ്ഥിരം ഐറ്റമാണ് ഈ ഐശ്വര്യപൂതി.
(2) ഭക്തി എന്നത് പരമാവധി ജീര്‍ണ്ണിച്ച മാനസിക അവസ്ഥയാണ്. പഴുത്തൊലിക്കുന്ന ഭൗതിക ആസക്തിയുടെ ചുരുക്കപ്പേരാണത്. തനിക്ക് നേട്ടവും ഐശ്വര്യവും ഉണ്ടാകാനായി ഭാവനശക്തികളുമായി പറഞ്ഞുറപ്പിക്കുന്ന കരാറും കച്ചവടവുമാണതിന്റെ മുഖ്യ സിലബസ്സ്. നിരുപദ്രവകരം എന്ന് തോന്നിപ്പിക്കുന്ന ആചാരങ്ങള്‍ മുതല്‍ നരബലി വരെ സ്വന്തം ഭൗതിക-മാനസിക നേട്ടത്തിനായി ഭക്തന് നടത്തുന്ന കസര്‍ത്തുകളാണ്. നരബലി കൊലപാതകമാണ്, നിരോധിതമാണ്, കുറ്റകരമാണ്. എന്നാല്‍ ഭക്തി ആധാരമാക്കിയ പല 917 ക്രൈമുകളും വിശുദ്ധമോ വിശിഷ്ടമോ ആയ കാര്യങ്ങളാണ്! ഈ വാര്‍ത്തയില്‍ കാണുന്ന നരബലിക്കാരന്റെ മേല്‍ ബാക്കി അരമുക്കാല്കാല് വിശ്വാസികളും സ്പിരിച്വല്‍ ടീംസും ചേര്‍ന്ന് പൊങ്കാലയാണ്.
(3)”ഭീകരം! മാരകം! ബീഭത്സം! ഈ കേരളത്തിലോ, ഇങ്ങനെയുള്ളവര്‍ ഇപ്പോഴുമുണ്ടോ? ഇത്രയും അന്ധത പാടുണ്ടോ, എന്ത് നാടാണിത്….”
എന്നൊക്കെ ഗ്രേഡ് കൂടിയ വിശ്വാസികളും പത്രമാധ്യമങ്ങളും നിര്‍ദ്ദയം വിലപിച്ച് തളരാന്‍ പോകുന്നു. ചാനലുകളില്‍ ഇന്ന് രാവേറുംവരെ ചന്ദനചര്‍ച്ചിത മഞ്ഞ കളബേരം ഉറപ്പാണ്. ഇത് മറ്റൊരു ആചാരമാണ്, വേറൊരു ആശ്വാസവും. മനസ്സമാധാനം മുതല്‍ ലോകസമാധാനം വരെ, മുലക്കുരു മുതല്‍ മൂലക്കുരു വരെ, കോഴിക്കാല് മുതല്‍ കുഞ്ഞിക്കാല് വരെ ആവശ്യപെട്ട് പ്രാര്‍ത്ഥിച്ച് തിമിര്ക്കുന്നവനും ആചാരജീവിതം നയിച്ച് കീശ കാലിയാക്കുന്നവനും 24×7 ഉന്നയിക്കുന്ന അതേ ആവശ്യങ്ങള്‍ തന്നെയാണ് ഈ നരബലിക്കാരനും മറ്റൊരു ഫോര്‍മാറ്റില്‍ ഉന്നയിക്കുന്നത്. സംഗതി ഒറ്റച്ചരക്കാണ്. കടം കയറാതിരിക്കാന്‍ കിണറ് നികത്തുന്നവനും തൊഴുത്തും ഗേറ്റും മാറ്റി തടസ്സം മാറ്റാന്‍ കൊതിക്കുന്നവനും ഉപയോഗിക്കുന്നത് ഇതേ സോഫ്റ്റ് വെയറാണ്. സെക്രട്ടറിയേറ്റ് മുതല്‍ പോലീസ് സ്റ്റേഷന്‍വരെ, മതസ്യമാര്ക്കറ്റ് മുതല്‍ ഉന്നത കോടതികളില്വരെ ഇത്തരം സാഹസങ്ങള്‍ അരങ്ങേറാറുണ്ട്. ആകെ പ്രശ്നമായിട്ടുള്ളത് അതില്‍ വലിയൊരു ക്രൈം അടങ്ങിയിട്ടുണ്ട് എന്നതാണ്. ഒന്നിലധികം കൊലപാതകങ്ങള്‍! കൊലപാതകങ്ങള്‍ ഒളിക്കാനോ ഒളിപ്പിക്കാനോ സാധിക്കില്ലല്ലോ. അങ്ങനെ നമ്മുടെ സമൂഹം അന്ധവിശ്വാസ വിരുദ്ധ വിചാരണ നടത്താന്‍ പോകുന്നു. അതെപ്പോഴും അങ്ങനെയാണല്ലോ ചോര കണ്ടാലേ നമുക്ക് വെളിവ് വീഴൂ. റോഡപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ട്രാഫിക് നിയമങ്ങളും റോഡ് സുരക്ഷയും നമ്മുടെ ചര്‍ച്ചകളില്‍ വരുന്നത് പോലെയാണത്. അപകടങ്ങളില്ലാത്തപ്പോള് നാമവ ആദരപൂര്‍വം ലംഘിക്കുകയും ചെയ്യും.
(4) ക്രൈം ശിക്ഷക്കപെടണം, തടയപെടണം. അന്ധവിശ്വാസമായാലും അല്ലെങ്കിലും അതാണ് നിയമം. The law will take care of it. പക്ഷെ നരബലിക്കാരനെ ഒരു ‘കെട്ട അന്ധവിശ്വാസി’ ആയി പ്രഖ്യപിച്ച് സ്വയംവീര്‍പ്പിച്ച് ഉറഞ്ഞുതുള്ളാന്‍ ആഗ്രഹിക്കുന്ന അല്പ്പവിശ്വാസികളും മുഴുവിശ്വാസികള്ക്കും ചെറിയ തോതില്‍ ആത്മപരിശോധന നടത്താനുള്ള സുവര്‍ണ്ണാവസരമാണ് കൈവന്നരിക്കുന്നത്. നിങ്ങള്‍ ആര്‍ക്ക് നേരെയാണ് കൈ ചൂണ്ടുന്നത് എന്നൊരു പരിശോധന അനിവാര്യമാണ്. ബൈബിള്കഥയില് ഒരു വിഖ്യാത കഥാപാത്രം പറയുന്നത് പോലെ നിങ്ങളില്‍ കുറ്റം ചെയ്യാത്തവര്‍ കല്ലെറിയാന്‍ മുന്നോട്ട് വരട്ടെ എന്നൊന്നും പറയുന്നില്ല. പക്ഷെ അങ്ങനെ ചെയ്യുന്നവരെ വിലക്കില്ല.
(5) ആവര്‍ത്തിക്കട്ടെ, സമൂഹം ചിന്തിക്കുന്ന രീതി മാറേണ്ടതുണ്ട്. വസ്തുകളും തെളിവും ആധാരമാക്കിയ ഒരു ശാസ്ത്രീയവും ഭൗതികവുമായ ഒരു ലോകവീക്ഷണം അവിടെ സഹായകരമായിരിക്കും. ശാസ്ത്രീയ മനോവൃത്തിയും പരിഷ്കരണമോഹവുമുള്ള ഒരു സമൂഹം വളര്‍ന്നുവരണമെങ്കില്‍ അത്തരം ആശയങ്ങള്‍ക്ക് പ്രാമുഖ്യം ലഭിക്കണം, അത്തരത്തില്‍ ചിന്തിക്കാനുള്ള പരിശീലനം പൗരന്മാര്ക്ക് ലഭിക്കണം. ശാസ്ത്ര-മാനവിക വിഷയങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും നല്‍കാത്ത മാധ്യമങ്ങളൊക്കെ ഇന്ന് യുക്തിബോധംകൊണ്ട് തിളച്ചുമറിയുകയാണ്. മതബലികളും ബലിയാഘോഷങ്ങളും പതപ്പിച്ച് വിടുമ്പോള്‍ കുറ്റംബോധംതോന്നാത്തവര് നാളെ നേരം വെളുക്കുന്നതുവരെ ഞെട്ടലില്‍ ആയിരിക്കും. അന്ധവിശ്വാസങ്ങളുടെ തലപ്പത്തിരുന്ന് നിരങ്ങുമ്പോഴും അന്യനെ നോക്കി അന്ധവിശ്വാസി എന്ന് വിളിക്കാനുള്ള അത്യാഗ്രഹം പ്രശ്നപരിഹാരത്തിന് സഹായകരമല്ല. Go rational all the way