തികഞ്ഞ മതേതരവാദിയും പന്നിയിറച്ചി ഇഷ്ടമുള്ള ആളുമായിരുന്ന മുഹമ്മദ് അലി ജിന്ന മതവാദി ആയതെങ്ങനെ ?

129

തികഞ്ഞ മതേതരവാദിയും പന്നിയിറച്ചി ഇഷ്ടമുള്ള ആളുമായ മുഹമ്മദ് അലി ജിന്ന മതവാദി ആയതെങ്ങനെ ? ജിന്നയുടെ ഇടപെടലുകൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ചെലുത്തിയ സ്വാധീനങ്ങളും ദുരന്തങ്ങളും എന്തായിരുന്നു ? രവിചന്ദ്രൻ സി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വായിക്കാം

കേറി വാടാ മക്കളെ
(Ravichandran C)

ആരായിരുന്നു ജിന്ന? ജിന്ന ജനിച്ചത് ഇന്നത്തെ നമ്മുടെ ഗുജറാത്തിന്റെ ഭാഗമായിരുന്ന ഒരു സ്ഥലത്താണ്. അവിടെ നിന്നാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ സിന്ധിലെക്ക് പോകുന്നത്. കറാച്ചിയിലാണ് ജിന്ന വളരുന്നത്. പിതാവ് ധനികനായിരുന്നു, വ്യാപാരിയായിരുന്നു. എക്‌സ്‌പോര്‍ട്ട് കമ്പനി നടത്തിയിരുന്നു. പിന്നീട് അതിന്റ ലാഭവുമായി ബാങ്കിങ് മേഖലയിലേക്ക് പോയി. പതിനാറാമത്തെ വയസില്‍ ഇംഗ്ലണ്ടില്‍ പോയി, നിയമം പഠിക്കാന്‍. അദ്ദേഹത്തിന് ഒരു ബാലികാവധു ഉണ്ടായിരുന്നു. പഠനം കഴിഞ്ഞു തിരിച്ചുവന്നപ്പോള്‍ അവര്‍ മരിച്ചു, കൂടാതെ സന്തം അമ്മയും മരിച്ചുപോയി.
‘രണ്ടു വക്കീലന്മാര്‍ തമ്മിലുള്ള ലഹള’എന്നാണ് പലരും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ വിശേഷിപ്പിച്ചത്. ജിന്നയും ഗാന്ധിയുമാണ് ആ വക്കീലന്‍മാര്‍. മൂന്നാമത്തെയാളും(നെഹ്‌റു) വക്കീലായിരുന്നു. പ്രാക്റ്റീസ് ചെയ്തില്ല എന്നേയുള്ളൂ. ഗാന്ധിജിയും നെഹ്രുവും ഇംഗ്ലണ്ടില്‍ പോയി, ഇരുവരും വക്കീല്‍ പരീക്ഷ പാസ്സായിട്ടുണ്ട്..

Azadi Of The Hindu Qaum | Outlook India Magazine1906 ലാണ് ജിന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. അദ്ദേഹത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവേശിപ്പിക്കുന്നത് കോണ്‍ഗ്രസുകാരാണ്. 1913 ലാണ് ജിന്ന മുസ്‌ളിം ലീഗില്‍ ചേരുന്നത്. 1913 മുതല്‍ 20 വരെയുള്ള കാലഘട്ടത്തില്‍ ഒരേ സമയം കോണ്‍ഗ്രസിലും മുസ്‌ളിം ലീഗിലും അദ്ദേഹം അംഗമായിരുന്നു. 1915 ലാണ് ഗാന്ധിജി വരുന്നത്. ഗാന്ധിജി ഇന്ത്യയിലേക്ക് വരുമ്പോള്‍ പുതുമുഖമാണ്. പക്ഷെ, ഗാന്ധിജിക്ക് തെക്കേ ആഫ്രിക്കയിലെ പ്രവര്‍ത്തനപാരമ്പര്യമൊക്കെയുണ്ട്. എന്നാലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപ്പോഴേക്കും ജിന്ന ഒരു ഘടകമായി കഴിഞ്ഞിരുന്നു. കാരണം, 1909 ല്‍ മുസ്‌ളിംലീഗ് സെപ്പറേറ്റ് ഇലക്‌ട്രേറ്റ് നേടിയെടുക്കുന്നു. എന്താണ് സെപ്പറേറ്റ് ഇലക്ട്രേറ്റ് എന്ന് നിങ്ങള്‍ക്കറിയാം. രാജ്യത്തെ മൊത്തം നിയോജക മണ്ഡലങ്ങളില്‍ ഓരോരോ മതങ്ങള്‍ക്കായിട്ട് സംവരണം ചെയ്തു വയ്ക്കുകയും അവിടെ ആ മതത്തില്‍ പെട്ടവര്‍ ആ മതത്തില്‍ പെട്ടവരെ മാത്രം തിരഞ്ഞെടുക്കുകയും ചെയ്യുന്ന ഒരു സമ്പ്രദായമാണത്. മുസ്‌ളിം ഇലക്‌ട്രേറ്റ്, സിഖ് ഇലക്‌ട്രേറ്റ്, ഇങ്ങനെ ഓരോരോ ഇലക്‌ട്രേറ്റുകള്‍ … അന്ന് വളരെ സ്വാധ്വീനമുള്ള മുസ്‌ളിം നേതാവ് കൂടിയാണ് ജിന്ന. പക്ഷെ, ജിന്ന അതിനെ ചോദ്യം ചെയ്തു. ഇതെന്തു പരിപാടിയാണ്? മുസ്ലീങ്ങള്‍ക്ക് പ്രത്യേക മണ്ഡലം! മുസ്ലീങ്ങള്‍ മുസ്‌ളീങ്ങള്‍ക്ക് മാത്രം വോട്ട് ചെയ്യുന്നത് ശരിയല്ല എന്ന് ആഗാഖാനോട് പറഞ്ഞ ആളാണ് ജിന്ന.

Pakistan founder Quaid-e-Azam Mohammed Ali Jinnah — a true statesman | Arab Newsനിങ്ങള്‍ക്കറിയാം, 1920 ല്‍ നിസ്സഹകരണപ്രസ്ഥാനം നാഗ്പൂര്‍ കോണ്‍ഗ്രസ്സില്‍ പ്രഖ്യാപിക്കുമ്പോള്‍ ഗാന്ധിജിയെ എതിര്‍ക്കുകയാണ് ജിന്ന. ”നിങ്ങള്‍ ഈ ചെയ്യുന്നത് ശരിയല്ല. നിയമപരമായി നോക്കുമ്പോള്‍, നിയമവിരുദ്ധസമരം ശരിയല്ല. നിയമം പാലിച്ചുകൊണ്ടാവണം സമരങ്ങള്‍. അതാണ് ജനാധിപത്യത്തിന്റെ അന്തസത്ത. അതാണ് ഞാന്‍ ഇംഗ്ലണ്ടില്‍ നിന്നും പഠിച്ചത്…”-അദ്ദേഹം ഗാന്ധിയോട് പറയുന്നു. പക്ഷെ, ജിന്നയെ ആ സമ്മേളനത്തില്‍ നിന്ന് കൂകി ഇറക്കി വിടുകയാണുണ്ടായത്.
ഒരു പക്ഷെ, നിങ്ങള്‍ വിശ്വസിച്ചേക്കില്ല, ജിന്ന ഏറ്റവും കൂടുതല്‍ എതിര്‍ത്തത് ഖിലാഫത്ത് പ്രസ്ഥാനത്തെയായിരുന്നു.. തുര്‍ക്കിയിലെ ഖിലാഫത്ത് തുര്‍ക്കി സുല്‍ത്താനെ പുന:പ്രതിഷ്ഠിക്കാനായി ലോകമെമ്പാടുമുള്ള സുന്നി മുസ്ലീങ്ങളുടെ സമരം ഇന്ത്യയിലും വേണം, അല്ലെങ്കില്‍ ആ സമരത്തെ ഇന്ത്യയിലും പ്രോത്സാഹിപ്പിക്കണം എന്ന് ഗാന്ധിജി തീരുമാനിക്കുന്നതിന്റെ ഫലമായിട്ടാണ് ഖിലാഫത്ത് പ്രസ്ഥാനം ഇന്ത്യയില്‍ ശക്തിപെടുന്നത്. അതായത് തുര്‍ക്കി ഖലീഫയെ പുനഃപ്രതിഷ്ഠിക്കാന്‍ ഇന്ത്യയില്‍ സമരം ചെയ്യുക! ഇന്ത്യയിലെ പ്രധാനസമരം ബ്രിട്ടീഷുകാര്‍ക്കെതിരെയാണ്. അതിന്റെ കൂടെ മുസ്ലീങ്ങളെ കൂടെ കൂട്ടുക. ഒരു വഴിക്ക് പോവുകയല്ലേ? അവര്‍ കൂടി ഇരുന്നുകൊള്ളട്ടെ എന്നു പറയുന്നപോലെ-അതാണ് ഗാന്ധി ചിന്തിച്ചത്.

ഖിലാഫത്ത് സമരത്തെ ഏറ്റവും കൂടുതല്‍ ശക്തമായി എതിര്‍ത്തത് ജിന്നയാണ്.”നിങ്ങള്‍ എന്താണ് ഈ കാണിക്കുന്നത്?” ഗാന്ധിയോട് ജിന്ന ചോദിച്ചു. ഇത് വര്‍ഗ്ഗീയരാഷ്ട്രീയമാണ്. ഇതൊരിക്കലും യോജിച്ച കാര്യമല്ല എന്നാണ് ജിന്ന പറഞ്ഞത്. ജിന്ന നോക്കുമ്പോള്‍ ഗാന്ധിജി വര്‍ഗീയരാഷ്ട്രീയം കളിച്ച് ജനകീയനാകുന്നു, ജനഹൃദയം കവരുന്നു,സ്വീകാര്യത വര്‍ധിപ്പിക്കുന്നു… ജിന്ന ആകെ നിരാശനായി. അപമാനിതനായി ഇന്ത്യ വിട്ട് ഇംഗ്ലണ്ടിലേക്ക് തിരിച്ചു പോയി.
അവിടെ വീണ്ടും പഠനം തുടരുന്നു, പ്രാക്റ്റീസ് ചെയ്യുന്നു. നല്ല വക്കീലായിരുന്നു അദ്ദേഹം. ഗാന്ധിജി വക്കീലായിട്ടും പ്രകടനം മോശമായിരുന്നു. അങ്ങനെ പറയാന്‍ പാടുണ്ടോ എന്നെനിക്കറിയില്ല. അദ്ദേഹം നല്ലൊരു വക്കീല്‍ ആയിരുന്നില്ല എന്നതാണ് വസ്തുത. എല്ലാ കഴിവുകളും എല്ലാവര്‍ക്കും ഉണ്ടാവണമെന്നില്ലല്ലോ…ഒരു വസ്തുത ഞാന്‍ പറഞ്ഞുവെന്നേയുള്ളൂ. പക്ഷെ ജിന്ന അങ്ങനെയായിരുന്നില്ല. 1906 ല്‍ ബാലഗംഗാധര തിലകന്‍ കേസില്‍പ്പെടുന്നു. രാജ്യദ്രോഹക്കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തുന്നത്. ആ കേസ് വാദിക്കുന്നത് ജിന്നയാണ്. തിലകനെ ജിന്ന രക്ഷിച്ചു. 1916 ല്‍ വീണ്ടും തിലകനെതിരെ കേസ് വന്നു. അപ്പോഴും വാദിക്കുന്നത് ജിന്നയാണ്. രണ്ടു തവണ തിലകനെ ജിന്ന പിന്തുണയ്ക്കുന്നു. 1916 ല്‍ ജിന്ന രക്ഷിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ അദ്ദേഹത്തെ ആന്‍ഡമാന്‍ ദ്വീപിലേക്ക് നാടുകടത്തിയേനെ.

1916 ലെ ലക്‌നൗ ഉടമ്പടി… മുസ്‌ലിം ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും ഒത്തൊരുമിച്ചുള്ള യോഗത്തിലാണ് ലക്‌നൗ ഉടമ്പടി. അതില്‍ ഒരു പ്രതിനിധി ജിന്നയാണ്. ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ അംബാസഡര്‍ ആണ് ജിന്ന എന്ന് സരോജനി നായിഡു പറഞ്ഞിട്ടുണ്ട്. ഏതാണ്ട് സമാനമായി ഗോപാലകൃഷ്ണ ഗോഖലെയും പറഞ്ഞിട്ടുണ്ട്. ജിന്ന പഠിച്ചത് ദാദാഭായ് നവറോജി എന്ന ആദ്യത്തെ ഇന്ത്യക്കാരനായ ബ്രിട്ടീഷ് പാര്‍ലമെന്റേറിയന്റെ സെക്രട്ടറി ആയിട്ടാണ്. അവിടെ നിന്ന് ബ്രിട്ടീഷ് പാര്‍ലമെന്ററി സിസ്റ്റമൊക്കെ പഠിച്ചിട്ടാണ് അദ്ദേഹം ഇന്ത്യയിലേക്ക് വരുന്നത്. ഇവിടെ വന്നുനോക്കുമ്പോള്‍ ഗാന്ധിജി ഖിലാഫത്തുമായിട്ടു കളിക്കുന്നു..! മുസ്ലീങ്ങളെ പ്രീതിപ്പെടുത്തല്‍ തുടങ്ങിയ കലാപരിപാടികള്‍..ഇതാണോ മതേതരത്വം?! മതേതരവാദിയായിരുന്ന ജിന്ന ന്യായമായും സംശയിച്ചു.

ഞാനൊരു ഉദാഹരണം പറയാം. 1920 ല്‍ ജിന്നയോട് ആളുകള്‍ പറഞ്ഞു, നിങ്ങള്‍ ഇങ്ങനെ മുസ്‌ളീങ്ങളുടെ കാര്യമൊക്കെ കളഞ്ഞിട്ട് മതേതരത്വം എന്നൊക്കെ പറഞ്ഞു നടന്നാല്‍ മുസ്ലീങ്ങളുടെ കാര്യം കഷ്ടമാകും. നമ്മള്‍ വേറൊരു സ്വത്വമാണ്..ഹിന്ദുക്കള്‍ നമ്മളെ കീഴ്‌പ്പെടുത്തും.. ഇതിന്റെ മറുപടിയായി ജിന്നയുടെ പ്രസിദ്ധമായ ഒരു പ്രസ്താവനയുണ്ട്. ഇന്ന് പലരും ഉന്നയിക്കാറുള്ള ഒന്ന്്. അദ്ദേഹം പറയുന്നു: ”നിങ്ങളെ ഭയപ്പെടുത്താന്‍, നിങ്ങളെ ഭ്രമിപ്പിക്കാന്‍, ആളുകള്‍ പറഞ്ഞു വയ്ക്കുന്ന ഒരു കള്ളക്കഥയാണ് ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ കഴിയുകയില്ല എന്നുള്ളത്. ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ചു നിന്നെങ്കില്‍ മാത്രമേ സ്വയംഭരണം നേടിയെടുക്കാന്‍ കഴിയൂ, ബ്രിട്ടീഷുകാര്‍ക്കെതിരേ പൊരുതാന്‍ കഴിയൂ..”

ഇത് അദ്ദേഹം മുസ്‌ളീങ്ങളോട് പറയുന്നതാണ്. നിങ്ങള്‍ ഇതും പറഞ്ഞു നടക്കരുത് എന്നര്‍ത്ഥം. ജിന്ന പൂര്‍ണമായ ഒരു മതേതര വാദിയായിരുന്നു. ഗാന്ധിയന്‍ രാഷ്ട്രീയത്തിനും അദ്ദേഹം എതിരായിരുന്നു…രാഷ്ട്രീയത്തില്‍ മതം കലര്‍ത്തുന്നതില്‍ അദ്ദേഹം എതിരായിരുന്നു. ലണ്ടനില്‍ അദ്ദേഹം നിയമരംഗത്ത് നന്നായി പ്രവര്‍ത്തിച്ചു. നാട്ടില്‍ തിരിച്ചുവന്ന് രണ്ടാമത് വിവാഹം കഴിച്ചത് ഒരു പാഴ്‌സി സ്ത്രീയെ ആയിരുന്നു. പേര് റത്തന്‍ബായി. സുന്ദരിയായ ഒരു സ്ത്രീ… ഇരുപത്തിയൊമ്പതാം വയസ്സില്‍ മരിച്ചു. അവര്‍ തമ്മില്‍ നല്ല പ്രായവ്യത്യാസമുണ്ടായിരുന്നു. പാഴ്‌സിയായ അവരെ പിന്നീട് ഇസ്‌ളാമിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചു. എങ്കിലും വിവാഹംകഴിക്കാന്‍ ജിന്നയും രത്തന്‍ബായിയും ഒളിച്ചോടുകയായിരുന്നു. ജിന്ന വിരസ മനോഭാവമുള്ള ഒരു മനുഷ്യനായിരുന്നെന്നാണ് എല്ലാവരും പറയുന്നത്. എന്നാലും അത്യാവശ്യം കാല്പനിക മനോവൃത്തിയുള്ള ആളായിരുന്നു എന്നുറപ്പ്.അദ്ദഹേ, ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച ഹൃദയവിശാലതയുള്ള ആളായിരുന്നു, മതേതര വാദിയായിരുന്നു, ദേശീയവാദിയായിരുന്നു. ആദ്യകാലഘട്ടങ്ങളില്‍. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല.

1930 കളില്‍ ജിന്ന പൊതു ജീവിതത്തിലേക്ക് വന്നു. അപ്പോഴേക്കും അദ്ദേഹത്തിന്റെ നിലപാടുകളില്‍ അസാധാരണമായ മാറ്റം സംഭവിച്ചിരുന്നു. മുസ്ലീങ്ങളുടെ ഉടമസ്ഥാവകാശം തനിക്കാണെന്ന മട്ടില്‍ സംസാരിക്കാന്‍ തുടങ്ങി, ഒരു ‘മുസ്‌ളിം ഗാന്ധി’യായി മാറി. അതുവരെ മതത്തെ രാഷ്ട്രീയത്തില്‍ പെടുത്തരുതെന്ന നിലപാടുണ്ടായിരുന്ന ഒരു മനുഷ്യന്റെ നിലപാട് മാറ്റം!
ഈ ചിത്രം നോക്കുക* 1939 ല്‍ ആണ് ഗാന്ധി മുഹമ്മദലി ജിന്നയുടെ വീട്ടില്‍ എത്തുന്നത്. ഇത് കണ്ടുകഴിഞ്ഞാല്‍ അഞ്ഞൂറാന്‍ ‘കേറി വാടാ മക്കളെ’…എന്ന് പറയുന്നത് പോലെ തോന്നും. ഗാന്ധിജിയും ജിന്നയും തമ്മില്‍ ഒരു മാതിരി ഒത്തു പോകുമായിരുന്നു. ഗാന്ധിജിക്ക് ആരുമായിട്ടും യോജിച്ചു പോകാന്‍ കഴിയും. പക്ഷെ പട്ടേലുമായും നെഹ്രുവുമായും യോജിച്ചു പോകാന്‍ ജിന്നയ്ക്ക് കഴിയുമായിരുന്നില്ല.

Pakistan observes 143rd birthday of country's founderഗാന്ധിജി 1948 ജനുവരി മുപ്പതിന് മരിക്കുന്നു. അന്ന് നാല് ദിവസത്തിന് ശേഷം പാകിസ്ഥാന്റെ പാര്‍ലമെന്റില്‍ ജിന്ന നടത്തിയ പ്രസംഗത്തില്‍ ”ഹിന്ദുസമുദായം നിര്‍മ്മിച്ച മഹാന്മാരില്‍ ഒരാള്‍”എന്നാണു ഗാന്ധിജിയെ വിശേഷിപ്പിച്ചത്. 1930 ന് ശേഷം കോണ്‍ഗ്രസ് നേതാക്കളെയെല്ലാം ഹിന്ദു നേതാക്കളായിട്ടാണ് ജിന്ന കണ്ടത്. ഞാന്‍ മുസ്‌ളിം നേതാവ്-നിങ്ങളെല്ലാം ഹിന്ദു നേതാക്കള്‍!..അത്രേയുള്ളൂ! ഈ നിലപാടില്‍ നിന്നും വ്യതിചലിക്കാന്‍ ജിന്ന തയ്യാറായിരുന്നില്ല. ജിന്ന അടി മുടി മാറിക്കഴിഞ്ഞിരുന്നു. അദ്ദേഹം കോട്ടും സ്യൂട്ടുമൊക്കെ ഇട്ടുകൊണ്ടാണ് നടന്നിരുന്നത്. ബ്രിട്ടീഷുകാരെപ്പോലെ ടൈ ഒക്കെ കെട്ടി നടന്ന ആള്‍. 1930 ന് ശേഷം മുസ്‌ളിംവാദി ആകാന്‍ തീരുമാനിച്ചതിനുശേഷം തലയില്‍ തൊപ്പിയൊക്കെ വച്ച്, പൈജാമ്മ, കുര്‍ത്ത അങ്ങനെയൊക്കെയായി…എന്നാലും അദ്ദേഹം അപ്പോഴും മദ്യപിക്കുമായിരുന്നു, പന്നിയിറച്ചി കഴിക്കുമായിരുന്നു. ഇത് പലരും പറയാറുണ്ട്. അമിതമായി പുകവലിക്കുന്ന ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു. പുകവലി ശീലം കാരണം ക്ഷയരോഗം പിടിപെട്ടാണ് അദ്ദേഹം മരിക്കുന്നതും.

മരിക്കുന്നത് ശരിക്കും ശ്വാസകോശ അര്‍ബുദം കാരണമാണ്. പക്ഷെ ക്ഷയ രോഗ ബാധിതനായിരുന്നു. എപ്പോഴും മരിക്കാവുന്ന ഒരാവസ്ഥയിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മുഖം കണ്ടുകഴിഞ്ഞാല്‍ നമുക്കറിയാം. രോഗബാധിതനായിരുന്നുവെന്ന്, സന്തോഷം വിരളമായിരുന്നു. നെഹ്രുവിനു ഒരിക്കലും ജിന്നയെ സഹിക്കാന്‍ കഴിയുമായിരുന്നില്ല. ”ജിന്നയെ ഒഴിവാക്കുന്നതിനും ഇന്ത്യയുടെ പുരോഗതിയില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ജിന്നയുടെ മതിഭ്രമവും ധാര്‍ഷ്ട്യവും ബാധിച്ച തലയെ അതിനു അനുവദിക്കാതിരിക്കുന്നതിനും പാകിസ്ഥാന്‍ ഉണ്ടാകുന്നതോ അല്ലെങ്കില്‍ ഒന്നുമില്ലാതിരിക്കുന്നതോ ആയിരിക്കും നല്ലതെന്ന് സ്വാഭാവികമായിട്ടും ഞാന്‍ ചിന്തിക്കുന്നു.”-എന്നാണ് നെഹ്‌റു എഴുതിയത്.

ജിന്നയുടെ പ്രവര്‍ത്തനം കൊണ്ട് ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് ആത്യന്തികമായി ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കായിരിക്കുമെന്ന് ചിന്തിക്കാതിരിക്കാന്‍ തനിക്ക് കഴിയുന്നില്ലെന്നും നെഹ്‌റു എഴുതിയിട്ടുണ്ട്.ജിന്നയും നെഹ്രുവും തമ്മിലുള്ള ഒരു തര്‍ക്കത്തെക്കുറിച്ച് കപില്‍ കോമ റെഡ്ഡി ഒരു ലേഖനത്തില്‍ പറയുന്നുണ്ട്. ഇന്ത്യ നശിച്ചാലും വേണ്ടില്ല-മുറിച്ചാലും വേണ്ടില്ല, എങ്ങനെയും പാകിസ്ഥാന്‍ വേണമെന്ന നിലയിലേക്ക് ജിന്ന മാറി. പക്ഷെ അത് എന്ത് തരത്തിലുള്ള പാകിസ്ഥാനാണെന്ന് ജിന്നയ്ക്ക് പോലും അറിയില്ല. അതാണ് രസം! പാകിസ്ഥാന്‍ എങ്ങനെയുള്ളതായിരിക്കണമെന്ന കാര്യത്തില്‍ ജിന്നയ്ക്ക് വ്യക്തതയില്ലായിരുന്നു. എങ്ങനെയായിരിക്കണം അവിടത്തെ സംവിധാനങ്ങള്‍? എങ്ങനെയുള്ളതായിരിക്കണം അവിടത്തെ നിയമങ്ങള്‍ ? സ്വയംഭരണ സഭയാണോ വേണ്ടത്, റിപ്പബ്ലിക്കിന് ഉള്ളിലായിരിക്കണമോ പുറത്തായിരിക്കണമോ എന്നൊക്കെയുള്ള കാര്യങ്ങളെക്കുറിച്ച് ഒന്നുമറിയില്ല. പക്ഷെ, പാകിസ്ഥാന്‍ വേണം! ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരുമിച്ചു ജീവിക്കാന്‍ കഴിയില്ല…ഇതാണ് ആശയം!

എന്നിട്ട് എന്താണ് സംഭവിച്ചത്?
പാകിസ്ഥാനില്‍ പോയതിനേക്കാള്‍ മുസ്ലീങ്ങള്‍ അപ്പോള്‍ തന്നെ ഇന്ത്യയിലുണ്ട്. പാകിസ്ഥാനില്‍ പോയ മുസ്ലീങ്ങള്‍ ഒരുമിച്ചു നിന്നോ? അവരും ഭിന്നിച്ചു. ദ്വിരാഷ്ട്ര വാദത്തിന്റെ പ്രയോജനത്തെകുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ഇവര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഒരിക്കല്‍ ജിന്ന നെഹ്രുവിനോട് പറഞ്ഞു:
”നിങ്ങള്‍ നിങ്ങളുടെ സ്വന്തം ആളുകളായ ഹിന്ദുക്കളെ അഭിവൃദ്ധിപ്പെടുത്തിയാല്‍ മതി.”
നെഹ്രുവിന് ഇതൊരു വലിയ ആക്ഷേപമായി തോന്നി. ഹിന്ദു, മുസ്ലിം എന്നൊക്കെയുള്ള മതപരമായ കാഴ്ചപ്പാടില്‍ അല്ലാതെ മനുഷ്യരെ കാണുന്ന, ഉയര്‍ന്ന മാനവികബോധമുള്ള ഒരു വിശ്വപൗരനാണ് നെഹ്‌റു. അങ്ങനെയുള്ള നെഹ്രുവിനോടാണ് ജിന്ന മതപരമായ വേര്‍തിരിവോടെ സംസാരിക്കുന്നത്. നെഹ്‌റുവിന് കലശലായ ദേഷ്യം തോന്നി. ജിന്നയോടുള്ള പ്രതികരണം ഇങ്ങനെയായിരുന്നു:
”മതപരമോ ജാതിയമോ ആയ ചായ്‌വോടെയല്ല ഞാന്‍ ചിന്തിക്കുന്നത്. എല്ലാ ഇന്ത്യക്കാരെയും ഒന്നായിട്ടാണ് ഞാന്‍ ‘എന്റെ ആളുകള്‍’ എന്ന് ചിന്തിക്കുന്നത്.”

എന്റെ ആളുകള്‍ എന്ന ഹിന്ദുക്കളോ മുസ്‌ളീങ്ങളോ മാത്രമല്ല എല്ലാവരുമാണ് എന്നാണ് നെഹ്രു പറഞ്ഞത്. മതബോധമില്ലാതെ മതേതരമായി ചിന്തിക്കുന്ന ഒരാളെ മതവാദിയായി മുദ്രകുത്തിയാല്‍ അതയാള്‍ക്ക് അങ്ങേയറ്റത്തെ അപമാനമാണ്. എല്ലാം മതപരമായി കാണാന്‍ ജിന്ന തീരുമാനിക്കുന്നു..മതേതരമായി നിന്നിട്ട് ഒരു ഗുണവുമില്ല. അതുകൊണ്ടു മതപ്രീണനം തന്നെ നടത്താന്‍ ജിന്ന തീരുമാനിക്കുന്നു. ഗാന്ധിയുടെ മതപ്രീണന കാര്‍ഡ് തന്നെയാണ് ജിന്ന കളിച്ചതും. ഗാന്ധിയെ കുറ്റം പറയുന്നതല്ല. ആ കാര്‍ഡ് മോശമാണ്…ആ സമീപനം മോശമാണ്. ഗാന്ധി നല്ല മനുഷ്യനായിരിക്കും, മഹാനായിരിക്കും. പക്ഷെ, ആ കാര്‍ഡ് വളരെ മോശമാണ്. ആ കാര്‍ഡാണ് മതരാഷ്ട്രീയം!

(From പുറത്തെറിയപെട്ട പൈലറ്റ്, Presentation dated 2.2.2020)
***കോട്ടയം ഡോണ്‍ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന വെടിയേറ്റ വന്‍മരം എന്ന പുസ്തകത്തില്‍ നിന്നും. വെടിയേറ്റ വന്‍മരം(https://www.youtube.com/watch?v=t1tsCXQmOWI) പുറത്തെറിയപെട്ട പൈലറ്റ് (https://www.youtube.com/watch?v=Sa5aU95tNBQ) എന്നീ രണ്ട് പ്രഭാഷണങ്ങളാണ് ഈ ഈ പുസ്തകത്തിലൂടെ ഡോണ്‍ ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്)